ലിബറലിസം: സമൂഹത്തെ വഴി തെറ്റിക്കുന്ന വിധം | ഹാഫിള് സിയാദ് സൈനുദ്ദീൻ നീലേശ്വരം
സ്വന്തം യുക്തിയിൽ ശരിയായി തോന്നുന്നത് നല്ലതായും, തെറ്റായി തോന്നുന്നത് മോശമായും കാണുന്നവരാണ് ലിബറൽ വാദികൾ.മനുഷ്യരുടെ മേൽ നിയന്ത്രണങ്ങൾ പാടില്ലെന്നും അവർ സ്വതന്ത്രരായി ജീവിക്കണമെന്നുമാണ് അവരുടെ അടിസ്ഥാന വാദം.ഈ ആശയമനുസരിച്ച് സമൂഹവും രാജ്യവുമെല്ലാം നിർണയിക്കുന്ന നിയന്ത്രണങ്ങളവർക്ക് തെറ്റായിരിക്കും.
ഇസ്ലാം വിശ്വാസികളുടെ നിഖില മേഖലകളിലും ഇടപെടാറുണ്ട്. അവയൊക്കെ മനുഷ്യ നന്മയ്ക്ക് വേണ്ടി മാത്രമാണ്.ഇസ്ലാമിൻറെ നിയന്ത്രണം മനുഷ്യൻ്റെ അവകാശങ്ങൾ സംരക്ഷിക്കാനും സുരക്ഷിതത്വം ഉറപ്പുവരുത്താനും വേണ്ടിയാണ്. അവരുടെ സ്വാതന്ത്ര്യം നിശേധിക്കാനോ ഒതുക്കിക്കെട്ടാനോ വേണ്ടിയുള്ളതല്ല.നിയന്ത്രണങ്ങൾ അനിവാര്യമായ കാര്യങ്ങളെ പോലും ലിബറലിസം തെറ്റായി വ്യാഖ്യാനിക്കുന്നതും, മുസ്ലിം നാമധാരികൾ ഇസ്ലാമിനെ നിയന്ത്രണങ്ങളുടെ മതമായി മാത്രം ചിത്രീകരിക്കുന്നതും ഖേദകരമാണ്.
ലിബറലിസം കത്തിയാളുന്നിടത്തെല്ലാം കുടുംബ ബന്ധങ്ങൾ തകരുകയും,ലഹരി വസ്തുക്കൾക്കടിമപെട്ട് സാമൂഹിക ചിന്ത ദുർബലമാവുകയും, സ്ത്രീപീഡനങ്ങൾ വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. ഈയടുത്ത് ചർച്ചയായ കപ്പിൾ സ്വാപ്പിംഗ് അഥവാ ഭാര്യമാരെ പരസ്പരം കൈമാറൽ, ലിവിംങ് ടുഗദർ അഥവാ കല്യാണത്തിന് മുമ്പ് കാമുകി കാമുകന്മാർ ഒരുമിച്ച് താമസിക്കുക തുടങ്ങിയവയെല്ലാം ലിബറലിസമൂർച്ച വളർന്നതിൻ്റെ അനന്തര ഫലമാണ്.
മനുഷ്യനെ സംബന്ധിച്ച് അവൻ വിശ്വാസിയായിരിക്കും. ആ വിശ്വാസധാര സത്യമോ പിഴച്ചതോ ആവാം.ഏതായാലും തൻ്റെ സുഖദുഃഖങ്ങളെല്ലാം ദൈവത്തിലർപ്പിതമായിരിക്കും.മുസ്ലിമീങ്ങൾ ഏക ദെെവത്തിൽ ഭരമേൽപിക്കുന്നതിനാലുണ്ടാവുന്ന സമാധാനവും, ശാന്തിയും, സൗന്ദര്യവും നിരീശ്വര ലിബറൽ വാദികൾക്ക് മനസിലാക്കാൻ സാധിക്കില്ല. അവർ മതങ്ങളും നിയമങ്ങളുമൊന്നുമില്ലാതെ സ്വതീരുമാനത്തിൽ സ്വതന്ത്രരായി ജീവിക്കുന്നവരാണ്. അതിനാൽ അവരുടെ ചിന്താഗതിക്കനുസരിച്ച് വ്യഭിചാരം തെറ്റായി കാണണമെന്നില്ല. ഉഭയ സമ്മതത്തോടെ ഇഷ്ടമുള്ളവരോട് ഏത് രീതിയിൽ സഹവസിക്കുന്നതും മോശമായി തോന്നില്ല.മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപയോഗം അധർമമാണെന്ന് തിരിച്ചറിയില്ല. ഇങ്ങനെ തുടങ്ങി ധാരാളം ഹീനമായ നീക്കത്തിലൂടെയും ചിന്തയിലൂടെയുമാണ് ലിബറൽ വാദികൾ കടന്നു പോകുന്നത്.
ഇതിനൊക്കെ കാരണമാകുന്നത് കാമ്പസുകളിലെ ആശയ പാപരത്വവും, അനിയന്ത്രിതമായ ആൺ പെൺ സൗഹൃദങ്ങളും, അതിരുവിട്ട സോഷ്യൽ മീഡിയ ബന്ധങ്ങളുമൊക്കെയാണ്.ഓൺലെെൻ സൗഹൃതങ്ങളിൽ തുടങ്ങി സ്വബോധമില്ലാതെ കാമദാഹികളുടെ കൈകളിലെത്തിപ്പെടുന്ന നിഷ്കളങ്കർ നിരവധിയാണ്.ക്ലബ്ബ് ഹൗസ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ആപ്പുകൾ സമൂഹത്തെ വഴിതെറ്റിക്കാൻ കാരണമാവുന്നുണ്ട്.
എത്തിപ്പെടാവുന്ന വിപത്തുകളിൽ കൃത്യമായ അവബോധം നൽകിയും, ടീനേജ് പ്രായക്കാർക്ക് ഇസ്ലാമിക് മോഡൽ ധാർമിക വിജ്ഞാനം നൽകിയുമൊക്കെയാണ് ഇതിനെയൊക്കെ പ്രതിരോധിക്കേണ്ടത്. അല്ലെങ്കിൽ ലിബറലിസത്തിൻ്റെ കരാളഹസ്തങ്ങളിൽ ധർമബോധം നഷ്ടപ്പെട്ട് അധഃപതിച്ചൊരു സമൂഹമുണ്ടാവുമെന്നതിൽ സംശയമില്ല.
Post a Comment