Followers

ഹിജാബ്: മനസ്സിന് മേൽ മറയിടുമ്പോൾ! |HAFIZ HABEEB INDIANOOR







"നബിയേ, അങ്ങയുടെ ഭാര്യമാരോടും പെൺമക്കളോടും വിശ്വാസികളുടെ സ്ത്രീകളോടും അങ്ങ് പറയുക: ശരീരം മുഴുവൻ മറക്കുന്ന വസ്ത്രം അവർ താഴ്ത്തിയിടട്ടെ. അത് അവർ (പതിവ്രതകളാണെന്ന് ) അറിയപ്പെടാനും അതുവഴി ശല്യം ചെയ്യപ്പെടാതിരിക്കാനുമാണ്. അല്ലാഹു കരുണാവാരിധിയും പാപം പൊറുക്കുന്നവനുമാണ്."(അൽ അഹ്സാബ് -59)ഇസ്ലാമിലെ സ്ത്രീയുടെ മേലുള്ള ആദ്യ ഹിജാബിൻ്റെ വാഖ്യങ്ങളാണിവ. ഇതിൽ നമുക്ക് പഠിക്കാനേറെയുണ്ട്. പതിവ് തെറ്റാതെയുള്ള സ്റ്റാറ്റസുകളുടെ ലോകത്ത് നമ്മിൽ നിന്നും പടിയിറങ്ങി പോകുന്ന ചിലതുണ്ട്. "അവർ അവരുടെ വസ്ത്രം താഴ്ത്തി ഇടട്ടെ, അവർ പതിവ്രതകൾ ആണെന്ന് അറിയപ്പെടാൻ" എന്നുള്ളതിൽ നമുക്ക് നൽകുന്ന പാഠം, തീർച്ചയായും ഒരുവളുടെ ഹിജാബ് അവളുടെ ഔന്നിത്യത്തിൻ്റെ മുഖമുദ്ര ആകേണ്ടതുണ്ട് എന്നതാണ്. ഇന്ന് ഹിജാബ് ഫാഷനുകളുടെ പുതപ്പാണ്. ഇത് പലപ്പോഴും മറ്റുള്ളവർക്ക് മുമ്പിൽ അതിൻ്റെ പവിത്രതയെ പോറലേൽപ്പിക്കുന്നു. ഇന്നിൻ്റെ കാലത്തെ പേക്കൂത്തുകൾക്കും, പേടിപ്പെടുത്തുന്ന വാർത്തകൾക്കും നടുവിൽ നിന്ന് നമുക്ക് ഇസ്ലാം എന്തിന് ഹിജാബ് നിർബന്ധമാക്കി എന്നതിനെ കുറിച്ച് വായിക്കാം.അപ്പോൾ അതിൻ്റെ തർക്കങ്ങളില്ലാത്ത സത്യങ്ങളെ നമുക്ക് തിരിച്ചറിയാനാകും.ഇരുമ്പും കാന്തവും എങ്ങനെയാണോ അത് പോലെയാണ് സ്ത്രീയും പുരുഷനും, അവർ പരസ്പരം ആകർഷിക്കും ഒരു പരിധിക്കപ്പുറം അടുത്താൽ ഒട്ടിപ്പിടിക്കും. ഇല മുള്ളിൽ വീണാലും, മുള്ള് ഇലയിൽ വീണാലും മുള്ളിന് ഖേദിക്കേണ്ടി വരാറില്ല. ഈ അവസ്ഥ തന്നെയാണ് സ്ത്രീകളുടെ കാര്യത്തിലും. അഴിഞ്ഞാട്ടങ്ങളിൽ ആർമാദിക്കുമ്പോൾ, അദബിൻ്റെ അരികുകൾ മറക്കുമ്പോൾ, നഷ്ടം സ്ത്രീക്ക് തന്നെയാണ്. അതിനാൽ കൂടുതൽ ജാഗ്രത സ്ത്രീക്ക് വേണം.ഇത് തന്നെ മതി മനസ്സിലാക്കുന്നവർക്ക്.സ്ത്രീയുടെ സ്വയം സുരക്ഷക്ക് വേണ്ടിയുള്ള ഹിജാബ് ഒരിക്കലും അഴിഞ്ഞാട്ടങ്ങൾക്കുള്ള ആയുധമാക്കാതിരിക്കുക. ആളെ തിരിച്ചറിയാനുള്ള ഒരു നോട്ടത്തിനപ്പുറം അന്യ സ്ത്രീപുരുഷ ദർശനം അല്ലാഹു വിലക്കിയിട്ടുണ്ട്. അവർ ഒറ്റക്കാവലിനെ മതം ഹറാമാക്കിയിട്ടുണ്ട്. എന്നിരിക്കെ ഹിജാബ് ഇട്ട് അന്യ പുരുഷനൊപ്പമുള്ള റോന്ത് ചുറ്റൽ എതിർക്കപ്പെടേണ്ടത് തന്നെ.

  ഇസ്ലാമിലെ ആദ്യ ഹിജാബ് സൂക്തം വന്നതിനു ശേഷം ഹിജാബില്ലാതെ കാണപ്പെടാതിരുന്ന സ്വഹാബി വനിതമാർക്കിടയിൽ സ്ത്രീയുടെ സ്ഥാനം ചിന്തിക്കേണ്ടതുണ്ട്.മൂന്ന് ഘട്ടങ്ങളിലായി ഇറങ്ങിയ ഹിജാബ് കൽപനയിൽ, ഒരേ വേദിയിലെ സ്ത്രീപുരുഷ സംഗമ നിരോധനമാണ് രണ്ടാമത്തേത്."നിങ്ങൾ അവരോട് വല്ല ചരക്കുകളും ചോദിക്കുകയാണെങ്കിൽ ഒരു മറക്ക് പിന്നിൽ നിന്നു ചോദിക്കുക" എന്ന ആയത്തിലൂടെ ആണ് ഇത് നടപ്പാക്കിയത്.അങ്ങനെ വരുമ്പോൾ നമ്മുടെ പൊതുവേദികളിലെയും, ചില മതപ്രസംഗ വേദികളിൽ പോലും തൊട്ടുരുമ്മിയുള്ള സ്ത്രീ സാന്നിധ്യം തീർത്തും വേദനാജനകം തന്നെ. എന്നാൽ രോഗ ചികിത്സ, അറിവ് സമ്പാദനം എന്നിവയെ ഇസ്ലാം തടയുന്നുമില്ല എന്നതിനാൽ ഇസ്ലാമിൻ്റെ വിമർശകരുടെ കൂരമ്പുകൾക്ക് പഴുതില്ല.അനാവശ്യ ഒരുങ്ങി പുറപ്പെടലിനെ നിരുത്സാഹപ്പെടുത്തിയുള്ള മൂന്നാം ഘട്ടവും പൂർത്തിയാകുമ്പോൾ, നമ്മുടെ ഇടയിൽ വർദ്ധിച്ചു വരുന്ന ആഭാസകരമായ പരസ്ത്രീ പുരുഷ യാത്രകൾ വലിയ വിപത്തുകൾക്കുള്ള ഹേതുവാകും എന്ന് നാം ഭയപ്പെടേണ്ടതുണ്ട്. മത നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള നമ്മുടെ തരുണി മണികളുടെ സംസ്കാരം എവിടെ നിന്ന് വന്നു. അതിൻ്റെ ബലത്തിൽ ഇസ്ലാം വിരോധികൾ ഇസ്ലാമിനെയും അതിൻ്റെ വാക്താക്കളെയും പരിഹസിക്കുമ്പോൾ, ഓർക്കുക! നിങ്ങളായിരിക്കും നാളെ അതിനുത്തരം പറയേണ്ടി വരിക.




#MARKAZ #PARAPPALI #ANNABA #QURAN 

No comments