Followers

മദീനാ ചാർട്ടർ: മാനവികതയുടെ ഭരണഘടന | ഹാഫിള് മിസ്ഹബ് പിലാക്കൽ


 അഖബ കുന്നിൻ ചെരുവിൽ അന്ന് 73 പേരുണ്ടായിരുന്നു. യസ്രിബിൽ നിന്ന് ഹജ്ജിനായി മക്കയിലെത്തിയവർ. പ്രവാചകരോടൊത്തുള്ള സമാഗമം കൂടി അവരുടെ ഉദ്ദേശ്യമായിരുന്നു. കഴിഞ്ഞ വർഷം അവരിൽ ചിലർ ഇതേ സമയത്ത് ഇവിടെ വെച്ച് തന്നെ പ്രവാചകരുമായി സന്ധിച്ചിട്ടുണ്ട്. അതിന്റെ ബാക്കി പത്രം കൂടിയാണീ കൂടിക്കാഴ്ച. പിതൃവ്യൻ അബ്ബാസിൻ്റെ സാന്നിധ്യത്തിൽ അവർ മുത്ത് നബിﷺയോട് സംസാരിച്ചു. തിരുനബിയോർക്കും അനുചരർക്കും യസ്രിബിലേക്ക് ക്ഷണം ലഭിച്ചു. എല്ലാവിധ സംരക്ഷണവും നൽകാം. സഹോദര പുത്രൻ്റെ കാര്യത്തിൽ അബ്ബാസ് ഇടപെട്ടു. യസ്രിബുകാരോട് പ്രവാചകന്റെ മഹത്വവും നൽകിയ വാഗ്ദാനത്തിൻ്റെ ഗൗരവ സ്വഭാവവും ഓർമിപ്പിച്ചു. യസ്രിബുകാർ ഉറച്ച് തന്നെ. അവർ ഇസ്‌ലാം എന്ന ആശയത്തെ സൽക്കരിക്കുകയാണ്. പ്രവാചകർ അനുയായികൾക്ക് സമ്മതം നൽകി. വിശ്വാസ സംരക്ഷണത്തിനായി അവർ മക്ക വിട്ടു, അതോടൊപ്പമുള്ള സർവതും. വിശ്വാസം മാത്രമുണ്ട് കൈമുതലായി. കൈപ്പോട് മധുരം ചേർന്ന് തീക്ഷ്ണാനുഭവം, ഹിജ്റ-മുഹാജിറുകൾ. അവർ യസ്രിബിലെത്തി.

സ്വഹാബത് മക്ക വിട്ടെങ്കിലും അല്ലാഹുവിന്റെ പ്രത്യേക അനുമതിക്കായി കാത്തിരിക്കുകയായിരുന്നു ഹബീബ് ﷺ. അനുമതി ലഭിച്ചതിൽ പിന്നെ സിദ്ദീഖോരുമൊത്തുള്ള യാത്ര. ദീർഘമായ യാത്രയ്ക്ക് ശേഷം യസ്രിബിലേക് പ്രവേശിക്കും മുൻപ് തൊട്ടടുത്ത ഖുബായിൽ വിശ്രമിക്കാനിറങ്ങി ഹബീബ് ﷺ.

ഇനിയാണ് യസ്രിരിബിലേക്കുള്ള യാത്ര, ദിവസങ്ങൾ ഏറെയായി പ്രവാചകരെയും കാത്തിരിക്കുകയാണ് യസ്രിബ് നിവാസികളും മുഹാജിറുകളും. ത്വലഅൽ ബദ്റു അലൈനാ... പ്രവാചകരുടെ വാഹനം അബു അയ്യൂബുൽ അൻസാരിയുടെ വീട്ടുമുറ്റത്ത് മുട്ടുകുത്തി. യസ്രിരിബിൻ്റെ നേതൃസ്ഥാനം തിരുനബിയിൽ വന്ന് ചേർന്നിരിക്കുന്നു. യസ്രിബ് പിന്നീട് ഒരിക്കലും അങ്ങനെ അറിയപ്പെട്ടില്ല. ആ നാട് മുത്ത് നബിയിലേക്ക് ചേർന്നു. പ്രവാചക നഗരം എന്നറിയപ്പെട്ടു.

മദീന, നബി ﷺ ആരംഭിക്കുകയാണ്. സുരക്ഷിതമായ ഒരിടത്ത് എത്തിച്ചേർന്നിരിക്കുന്നു. ഈ സുരക്ഷിതത്വം നിലനിർത്തണം, കൂടുതൽ ഇടങ്ങളിലേക്ക് പകരുകയും. 

അവിടുന്ന് ഒരു രാഷ്ട്രത്തെ നിർമ്മിക്കുകയാണ്, ഒരു സമൂഹത്തെയും.

സ്വഹീഫതു മദീന അഥവാ മദീനാ ചാർട്ടർ

ലോകത്ത് പ്രഥമ ഭരണഘടനകളിൽ ഒന്നും ശേഷം വന്ന അനേകം ഭരണഘടനകൾക്കും നിയമസംഹിതകൾക്കും മൂലമാതൃക സ്വീകരിച്ചിട്ടുള്ളതുമായ ഒന്നാണ് മദീനാ ചാർട്ടർ. ലോകത്തിനു മുൻപരിചയം ഇല്ലാത്ത സംവിധാനങ്ങളുടെയാണ് പ്രവാചകർ തന്റെ മദീന രാഷ്ട്രം സ്ഥാപിച്ചത്. കൃത്യമായ ഒരു നിയമസംഹിത നിർമ്മിക്കുകയാണ് പ്രവാചകന്‍ അതിനായി ആദ്യം ചെയ്തത്.  മതത്തിൻറെ മൂല്യങ്ങളിൽ അധിഷ്ഠിതമായി തന്നെ മാനവ സൗഹാർദ്ദവും അഖണ്ഡ രാഷ്ട്രവും ധാർമികതയുടെ സംസ്ഥാപനവും എല്ലാം മദീനാ ചാർട്ടർ സാധ്യമാക്കി. 

ഔസ്,ഖസ്റജ് എന്നിങ്ങനെ പ്രബലരായ രണ്ടു ഗോത്രങ്ങൾ. മദീനയിലെ ആദിമ നിവാസികൾ. ബനൂ ഖുറൈള,ബനൂ നളീർ,ബനൂ ഖൈനുഖാഅ് എന്നിങ്ങനെ കുടിയേറ്റക്കാരായ മൂന്ന് ജൂത ഗോത്രങ്ങൾ. ഇപ്പോൾ പലായനം ചെയ്തെത്തിയ മുഹാജിറുകളായ മുസ്ലിംകളും. അൻസാരികളും. ഇവരാണ് മദീനയിലെ പൗരൻമാർ. ഇവരെ മദീനക്കാർ ആക്കി ഒറ്റ സമൂഹം ആക്കി നിലനിർത്തുക എന്നതായിരുന്നു പ്രഥമ ദൗത്യം.

ആഭ്യന്തരമായി മദീന എന്ന രാഷ്ട്രത്തിൻറെ സുരക്ഷയെ മുൻനിർത്തിയാണ് മദീന ചാർട്ടർ സ്ഥാപിതമായത്. ഔസ്, ഖസ്റജ്, ജൂത ഗോത്രങ്ങൾ, മുഹാജിറുകൾ എല്ലാവരെയും ഒറ്റ സമൂഹമാക്കി പ്രഖ്യാപിച്ചു. മദീനയുടെ ശത്രു, എല്ലാവരുടെയും പൊതു ശത്രുവായിരിക്കുമെന്നും, ഏതെങ്കിലും ഒരു വിഭാഗത്തിനെതിരെ ശത്രുവിനെ സഹായിക്കൽ രാജ്യദ്രോഹമായി കണക്കാക്കുകയും ചെയ്യുന്നുണ്ട്.  മദീനയിലെ വിഭാഗങ്ങൾക്കിടയിൽ പരസ്പരമോ, ഏതെങ്കിലും ഒരു വിഭാഗത്തിന്റെ സഖ്യ കക്ഷികൾക്കു നേരെയോ ഒരാളും യുദ്ധത്തിൽ ഏർപ്പെടാനോ ശത്രുവിനെ സഹായിക്കാനോ പാടില്ല എന്നും പ്രവാചകർ വ്യവസ്ഥ ചെയ്തു. ഇതുവഴി മദീന എന്ന രാഷ്ട്രത്തെ സുരക്ഷിതമാക്കാനും രാഷ്ട്രത്തെ കെട്ടുറപ്പോടെ നിലനിർത്താനും സാധിച്ചു.

പ്രതിരോധ മേഖലയിൽ സർവ്വസമായിരുന്നു സ്വഹീഫതു മദീന. ശത്രുവിനെതിരെ ഒറ്റക്കെട്ട് എന്നതിനപ്പുറം യുദ്ധത്തടവുകാരോടുള്ള സമീപന രീതിയിൽ ഓരോ ഗോത്രങ്ങൾക്കും അവരവരുടേതായ വ്യവസ്ഥകൾ തുടരാൻ അനുമതി നൽകി. പ്രതിരോധ സമരങ്ങളുടെ ചെലവുകളിലേക്ക് എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തി. മുസ്ലിങ്ങളുടെതിനു തുല്യമായ സാമ്പത്തികവും, നിയമപരവും, സാമൂഹികവുമായ സമത്വം ഇതര വിഭാഗങ്ങൾക്കും ഉറപ്പ് നൽകി. 

ഇസ്ലാം വിശ്വാസത്തെ പോലെ തന്നെ ഇതര മതസ്ഥർക്ക് അവരുടേതായ വിശ്വാസം വച്ചുപുലർത്തുന്നതിനും മദീന ചാർട്ടർ അനുമതി നൽകുന്നു. അഴിമതി അനീതി വഞ്ചന തുടങ്ങിയവ പ്രോത്സാഹിപ്പിക്കരുതെന്നും സ്ത്രീകളുടെ സംരക്ഷണം അവരുടെ രക്ഷിതാവിന്റെ അനുമതിയോടെ വേണമെന്നും പ്രവാചകർ പ്രഖ്യാപിച്ചു. 

 മദീന ചാർട്ടറിന്റെ അധികാര കേന്ദ്രം മുത്ത് നബിയായിരുന്നു. ആഭ്യന്തരവും, വൈദേശികവുമായ നിയമങ്ങളും അതോടൊപ്പം തന്നെ വ്യക്തിപരവും സാമൂഹികവുമായ ജീവിതക്രമങ്ങളും സമന്വയിച്ചുകൊണ്ടുള്ളതായിരുന്നു പ്രവാചകരാഷ്ട്രത്തിൻ്റെ ഭരണഘടന. പ്രവാചകത്വത്തിന്റെ ഗാംഭീര്യവും മാനവികതയുടെ മൂല്യങ്ങളെയും ഒരേസമയം ആ നിയമസംഹിത ഉൾവഹിച്ചിരുന്നു. 

അക്കാലത്ത് ഇതര രാഷ്ട്രങ്ങൾക്കില്ലാതിരുന്നതും എന്നാൽ മദീനതുന്നബി യെ ഒരു സമ്പൂർണ്ണ റിപ്പബ്ലിക്കായി അംഗീകരിക്കുവാൻ ഇതര രാഷ്ട്രങ്ങളെ നിർബന്ധിതരാക്കുകയും ചെയ്തു മദീനാ ചാർട്ടർ. ഒരു രാഷ്ട്രത്തിന്റെ ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം, സാമൂഹ്യക്ഷേമം, സാമ്പത്തികം, നിയമനിർവഹണം, തുടങ്ങി സകലമാന വകുപ്പുകളുടെയും ഏകീകൃത രൂപമായി ആ ഉടമ്പടി മാറി. 

പിൽക്കാലത്ത് വന്ന അനേകം നിയമസംഹിതകൾക്ക് അതൊരു ചൂണ്ടുപലകയുമായി.

അമേരിക്കയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾക്കും, പഞ്ചശീല തത്വങ്ങളുടേയും ചേരി ചേരാനയങ്ങളുടെയുമെല്ലാം നൂറ്റാണ്ടുകൾക്ക് മുമ്പാണിതന്നോർക്കണം.  ഈ ഭരണഘടനയാണ് മദീനയെ കെട്ടുറപ്പുള്ള രാഷ്ട്രമാക്കി മാറ്റിയത്. 

ഏതൊരു രാഷ്ട്രത്തിന്റെയും നിലനിൽപ്പ് അരാഷ്ട്രത്തിന്റെ ഐക്യം, അഖണ്ഡത, സുരക്ഷ, നിയമ-നീതി നിർവഹണങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണെന്ന് പ്രവാചക രാഷ്ട്രം ആധുനിക സമൂഹത്തെ പഠിപ്പിക്കുന്നു. പുതിയകാലത്തെ ഭരണാധികാരികൾക്കും രാഷ്ട്രത്തലവൻ മാർക്കും നിയമ നിർമ്മാതാക്കൾക്കെല്ലാം സ്വഹ്വീഫതു മദീന ചരിത്രത്തിൽ നിന്നുള്ള ഒരു പാഠപുസ്തകമായി നിലനിൽക്കുന്നു.

No comments