സൂറതുൽ മുൽക് : ഖബറിലേക്കൊരു കൂട്ട് | HAFIZ MUBASHIR CHALIYAM
സൂറതുൽ മുൽക് : ഖബറിലേക്കൊരു കൂട്ട്
പരിശുദ്ധ ഖുര്‍ആനിലെ ഓരോ ആയത്തുകളും അല്ലാഹുവില്‍ നിന്നുള്ള വചനങ്ങളാണ്. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് അതി മഹത്തായ ഇബാദത്താണ്. ഖുര്‍ആന്‍ ഉള്‍ക്കൊണ്ടുജീവിക്കുവാന്‍ ബാധ്യസ്ഥനായതുപോലെ ഖുര്‍ആന്‍ പാരായണം ചെയ്ത് അള്ളാഹുവിന്റെ പ്രീതി കരസ്ഥമാക്കാനും അള്ളാഹുകല്‍പിക്കുന്നുണ്ട്.വിശുദ്ധഖുര്‍ആനിനോടുള്ള നമ്മുടെ കടമ പഠിക്കലും പാരായണം ചെയ്യലുമാണ്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ വിശുദ്ധഖുര്‍ആനിന്റെ അര്‍ഥങ്ങളുടെയും ആശയങ്ങളുടെയും ആഴങ്ങള്‍ പഠിക്കുന്നതില്‍ വ്യാപൃതരാവാന്‍ കഴിയുന്നില്ലെങ്കില്‍ അത് പാരായണം ചെയ്യാനുള്ള സമയമെങ്കിലും കണ്ടത്തിയിരിക്കണം വിശ്വാസി സമൂഹം.നിന്നുകൊണ്ടുള്ള നിസ്‌കാരത്തിലെ ഖുര്‍ആന്‍ പാരായണത്തിന് ഒരു ‘ഹര്‍ഫി’ ന് നൂറു വീതം നന്മകളാണ് പ്രതിഫലം നല്‍കപ്പെടുന്നത്. ഇരുന്നുകൊണ്ടുള്ള നിസ്‌കാരത്തിലെ ഓത്താെണങ്കില്‍ ഓരോ ഹര്‍ഫിനും 50 വീതം നന്മകളും സാധാരണ വുളൂഅ് ചെയ്തുകൊണ്ടുള്ള ഓത്തിന് 25 നന്മകളും വുളൂഅ് ഇല്ലാതെ ഓതിയാല്‍ ഒരു ഹര്‍ഫിന് 10 നന്മവീതവും നല്‍കപ്പെടും.ഒരോ വിശ്വാസിയും ജീവിതത്തിൽ പാരായണം ചെയ്യൽ പതിവാക്കേണ്ടതായ പല ആയത്തുകളേയും സൂറത്തുകളേയും പണ്ഡിതന്മാർ പഠിപ്പിച്ചു തന്നിട്ടുണ്ട്. അത് പാരായണം ചെയ്യുന്നതിലൂടെ ലഭിക്കുന്ന ഭൗതികവും പാരത്രികവുമായ നിരവധി പ്രയോജനങ്ങള്‍ നമുക്ക് കിതാബുകളിലൂടെ ഗ്രഹിക്കാവുന്നതാണ്. പാരായണം ചെയ്യുന്ന വ്യക്തിക്കു പുറമേ കേള്‍ക്കുന്നവനും പാരായണം ചെയ്യപ്പെടുന്ന സ്ഥലങ്ങളിലും അത് ലഭിക്കുമെന്നത് വിശുദ്ധ ഖുര്‍ആനിന്റെ വളരെ വലിയ സവിശേഷതയാണ്. ദിനേനെ ഓതേണ്ടതായ വിശുദ്ധ ഖുർആനിലെ ഒരു അധ്യായമാണ് സൂറത്തുൽ മുൽക്ക്. അത് പതിവാക്കുന്നവർക്ക് ലഭിക്കുന്ന മഹത്വങ്ങളും പ്രതിഫലങ്ങളും അനവധി യാണ്.വിശുദ്ധ ഖുര്‍ആനിലെ 67-ാം അധ്യായമായ തബാറക എന്ന പേരില്‍ അറിയപ്പെടുന്ന ഈ സൂറത്തിന് ചില പ്രത്യേകമായ സവിശേഷതകള്‍ ഉണ്ടെന്ന് നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്. 30 ആയത്തുകള്‍ ഉള്‍ക്കൊള്ളുന്ന ഈ അധ്യായത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഖബ്‌റിലെ ശിക്ഷയില്‍ നിന്നും രക്ഷയായിത്തീരും എന്നതാണ്. പാപമോചനവും അന്ത്യദിനത്തിലെ രക്ഷയും ശുപാര്‍ശയും ഇതിന്റെ മറ്റു സവിശേഷതകളാണ്. അല്ലാഹുവിന്‍റെ മഹത്വം സംസ്ഥാപിക്കൽ, അതിന് ആവശ്യമായ പ്രപഞ്ച ദൃഷ്ടാന്തങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കൽ, സത്യനിഷേധികളുടെ ദാരുണമായ അന്ത്യം ,ഏകദൈവവിശ്വാസത്തെ മനുഷ്യ മനസ്സില്‍ ശക്തമായി ഊട്ടിയുറപ്പിക്കൽ, മരണാനന്തരം വരാനിരിക്കുന്ന ഭയാനക ദിനങ്ങളെ കുറിച്ച മുന്നറിയിപ്പ് നല്‍കൽ തുടങ്ങിയവയാണ് ഈ അധ്യായത്തിലെ മുഖ്യ പ്രതിപാദ്യ വിഷയം .മനുഷ്യരില്‍ ആരാണ് ഏറ്റവും മികവാര്‍ന്ന രീതിയില്‍ പ്രവൃത്തിക്കുന്നതെന്ന് പരീക്ഷിക്കുവാനാണ് ജീവിതവും മരണവും സൃഷ്ടിച്ചിട്ടുള്ളതെന്ന ആമുഖത്തോടെയാണ് അധ്യായം ആരംഭിക്കുന്നത്.തുടര്‍ന്ന് വരുന്ന ആയത്തകളെല്ലാം നമ്മുടെ ചിന്തകളെ സൃഷ്ടാവിന്‍റെ മഹത്തായ ദൃഷ്ടാന്തങ്ങളിലേക്ക് ആനയിപ്പിക്കുന്നു. അചഞ്ചലമായ ദൈവവശ്വാസം മനസ്സില്‍ രൂഡമൂലമാവാനും സൂറത്തുല്‍ മുല്‍ക് നമ്മെ സഹായിക്കും. ഇത്കൊണ്ടാവാം ഈ സൂറത്തിന് അല്ലാഹുവിങ്കല്‍ പ്രത്യേക പദവി ലഭിക്കാന്‍ കാരണം.
ഈ അധ്യായത്തിന് സൂറത്തുൽ വാഖിയ ,മുൻജിയ ,മാനിഅ: , മുജാദല , എന്നിങ്ങനെ എട്ടോളം നാമങ്ങൾ ഉണ്ട് . ഇതിൽ 30 ആയത്തുകളും മുന്നൂറ്റിമുപ്പത്തിമൂന്ന് വാക്കുകളും ആയിരത്തി മുന്നൂറ്റി ഇരുപത്തി ഒന്ന് അക്ഷരങ്ങളുമാണുള്ളത്. ഇത് ഓതുന്നവർക്ക് ലഭിക്കുന്ന മഹത്വങ്ങളും പ്രതിഫലങ്ങളും വിളിച്ചോതുന്ന ധാരാളം ഹദീസുകളും പണ്ഡിത വചനങ്ങളുമുണ്ട് . ഒരിക്കെ നബി തങ്ങൾ അനുചരരോട് പറഞ്ഞു.നബി "ഖുര്‍ആനില്‍ 30 ആയത്തുകളുള്ള ഒരു സൂറത്ത് ഉണ്ട്. അത് പാരായണം ചെയ്യുന്നവര്‍ക്ക് പാപമോചനം കിട്ടുന്നതുവരെ അത് ശുപാര്‍ശ ചെയ്യുന്നതായിരിക്കും. അത് തബാറക എന്ന് പറയുന്ന സൂറത്താണ്."
ജാബിറില്‍(റ) നിന്നും നിവേദനം.അദ്ദേഹം പറഞ്ഞു:" സൂറത്തുസ്സജദയും സൂറത്തുല്‍ മുല്‍ക്കും പാരായണം ചെയ്യാതെ നബി(സ്വ) ഉറങ്ങാറുണ്ടായിരുന്നില്ല." ഇമാം ഖുര്‍ത്വുബി റിപ്പോര്‍ട്ട് ചെയ്യുന്നു... ദിവസവും സൂറത്തുൽ മുൽക് പാരായണം ചെയ്യുന്ന വ്യക്തിക്ക് ഒരു ഫിത്നയും ബാധിക്കുകയില്ല.സ്വഹാബിവര്യരിൽ പ്രമുഖരായ അബ്ദുള്ളാഹി ബിൻ മസ് ഊദ് തങ്ങൾ പറയുന്നു. " ഒരു മയ്യിത്തിനെ ഖബ് റിൽ വെച്ചാൽ അയാൾ തബാറക സൂറത്ത് ഓതിയിരുന്നവനാണെങ്കിൽ ഈ സൂറത്തിനെ അവിടെ കൊണ്ട് വരപ്പെടുകയും ഇയാൾ എന്നെ പാരായണം ചെയ്തിരുന്നവനാണ് അവനെ ശിക്ഷിക്കാൻ ഒരു മാർഗ്ഗവുമില്ല എന്ന് പറയുകയും ചെയ്യും". മഹാനവറുകളിൽ നിന്നുള്ള മറ്റൊരു റിപ്പോർട്ടിൽ കാണാം " ആരെങ്കിലും എല്ലാ രാത്രിയിലും തബാറക്കല്ലദീ ബി യദിബില്‍ മുല്‍ക് - എന്നസൂറ: പാരായണം ചെയ്താല്‍ ഖബ്റിലെ ശിക്ഷയില്‍ നിന്ന് അല്ലാഹു അവ൪ക്ക് രക്ഷ നല്‍കുന്നതാണ്. നബിയുടെ(സ്വ) കാലത്ത് ഞങ്ങള്‍ ഈ സൂറത്തിന് അല്‍ മാനിഅ എന്ന പേര് നല്‍കിയിരുന്നു. ഇത് അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ഒരു സൂറ: ആണ്. ഇത് രാത്രിയില്‍ പാരായണം ചെയ്യുന്ന ആളുകള്‍ ഏറെ പുണ്യങ്ങള്‍ക്ക് അർഹരാണ്. അബ്ബാസ് (റ) വിൽ നിന്ന് ഇമാം തുർമുദി റിപ്പോർട്ട് ചെയ്യുന്നു. ഒരു സ്വഹാബി യാത്രക്കിടയിൽ ഒരു സ്ഥലത്ത് (അവിടെ ഖബ്റുണ്ടെന്നറിയാതെ ) വിശ്രമത്തിനായി തമ്പുണ്ടാക്കി.യഥാർത്ഥത്തിൽ അത് ഒരു നല്ല മനുഷ്യന്റെ ഖബ് റായിരുന്നു.അതിൽ നിന്ന് സൂറത്തുൽ മുൽക്ക് മുഴുവനായി പാരായണം ചെയ്യുന്നത് അദ്ദേഹം കേട്ടു.അങ്ങനെ ആ സ്വഹാബി നബിയുടെ അടുത്ത് വന്ന് ഈ സംഭവം വിശദീകരിച്ചു അപ്പോൾ തിരുനബി പറഞ്ഞു ഈ അദ്ധ്യായം ഖബ്‌റിന്റെ ശിക്ഷയിൽ നിന്ന് അത് ഓതുന്നവരെ രക്ഷിക്കുന്നതാണ്.ഇബ്‌നു മസ്ഊദ് (റ) പറയുന്നു: ”ഖബ്‌റിനുള്ളില്‍ കിടക്കുന്ന മനുഷ്യന്റെ കാല്‍പാദത്തിന്റെ പരിസരത്തുകൂടി അല്ലാഹുവിന്റെ ശിക്ഷകള്‍ വരുമ്പോള്‍ പാദങ്ങള്‍ പറയും എന്റെ അരികിലൂടെ വരാന്‍ വഴിയില്ല. കാരണം, അദ്ദേഹം സൂറത്തുല്‍ മുല്‍ക് ഓതിയിരുന്നവനാണ്. ശേഷം നെഞ്ചിന്റെയോ വയറിന്റെയോ ഭാഗത്തുകൂടെ ശിക്ഷകള്‍ വരുമ്പോള്‍ ഇതിലൂടെ വരുവാന്‍ നിനക്ക് സാധിക്കില്ല. കാരണം സൂറത്തുല്‍ മുല്‍ക് ഇദ്ദേഹം ഓതിയിരുന്നുവെന്ന് അവ പറയും. ശേഷം ശിരസ്സിന്റെ ഭാഗത്തുകൂടെ വരുമ്പോള്‍ എന്റെ ഭാഗത്തുകൂടിയും വരാന്‍ നിനക്ക് സാധിക്കില്ല. കാരണം ഇദ്ദേഹം സൂറത്തുല്‍ മുല്‍ക് പാരായണം ചെയ്യുന്നവനായിരുന്നുവെന്ന് ശിരസ്സും പ്രതികരിക്കും. ഈ സൂറത്ത് ഖബ്‌റിലെ ശിക്ഷയെ തടയുന്നതാണ്. തൗറാത്തില്‍ ഇതിന്റെ പേര് സൂറത്തുല്‍ മുല്‍ക് എന്നാണ്. ആരെങ്കിലും ഒരു രാത്രി ഇത് പാരായണം ചെയ്താല്‍ അവനു ധാരാളം പ്രതിഫലം നേടാവുന്നതാണ് " . ചുരുക്കി പറഞ്ഞാൽ സൂറത്തുൽ മുൽക്ക് പാരായണം ചെയ്യുന്ന വ്യക്തിക്ക് ഖബ്‌റിന്റെ ശിക്ഷയില്‍ നിന്ന് മോചനവും പാപ സുരക്ഷിതത്വവും ലഭിക്കുന്നു. മാത്രമല്ല ഈ അധ്യായം സ്വർഗത്തിലെത്തും വരെ പാരായണക്കാരനു വേണ്ടി വാദിക്കുകയും റബ്ബിന്റെ മുമ്പില്‍ പാരായണക്കാരനു വേണ്ടി പക്ഷം ചേരുന്നു. ഇത് പതിവാക്കുന്നവന് ജനസ്വാധീനവും അധികാരവും ഉണ്ടാവുന്നു. സാമ്പത്തിക അഭിവൃദ്ധിയും കൈവരുന്നു.
സൂറത്തുൽ മുൽക് മനപ്പാഠമാക്കൽ
നിരവധി പോരിശകൾ ഉള്ളുതുകൊണ്ടുതന്നെ സൂറത്തുൽ മുൽക്ക് മനപ്പാഠമാക്കൽ പ്രതേകം പുണ്യമുള്ള കാര്യമാണ്. അത് മനപാഠമാകുന്ന വർക്ക് ലഭിക്കുന്ന മഹത്വങ്ങളും പ്രതിഫലങ്ങളും അനവധിയാണ്. ഇതിന് നബിതങ്ങൾ പ്രത്യേകം പ്രോത്സാഹനവും നൽകിയിട്ടുണ്ട്.
ഇബ്നു അബ്ബാസ് തങ്ങളിൽ നിന്നും നിവേദനം . നബിതങ്ങൾ പറഞ്ഞു. " എൻറെ സമുദായത്തിലെ എല്ലാ വ്യക്തികളുടെയും ഹൃദയത്തിൽ ഈ സൂറത്ത് ഉണ്ടാവണമെന്ന് ഞാൻ ആശിക്കുന്നു . ഒരിക്കെ
ഇബ്നു അബ്ബാസ് (റ) തൻറെ ശിഷ്യന്മാരിൽ ഒരാളോട് പറഞ്ഞു . നീ സൂറത്തുൽ മുൽക്ക് പതിവാക്കുകയും മനപ്പാഠമാക്കുകയും ചെയ്യുക . അത് വീട്ട്കാർക്കും സ്നേഹിതർക്കും പഠിപ്പിക്കുകയും ചെയ്യുക കാരണം ഖബർ ശിക്ഷ തടയുന്ന സൂറത്ത് ആണത് പതിവാക്കുന്നവർക്കായി അല്ലാഹുവിൻറെ മുമ്പിൽ വാദിക്കും സ്വർഗ്ഗ പ്രവേശനത്തിനായി ശുപാർശ പറയുകയും ചെയ്യും അത് മനപ്പാഠം ഉള്ളവനെ നരകത്തിൽ നിന്ന് മോചിപ്പിക്കാനു അള്ളാഹുവിനോട് ആവശ്യപ്പെടുകയും ചെയ്യും .
✍🏻ഹാഫിസ് മുബഷിർ ചാലിയം
Post a Comment