Followers

"ആയാറാം ഗയാറാം" ലക്ഷ്യം മറന്ന രാഷ്ട്രീയം. | ഹാഫിള് മുഹമ്മദ്‌ ജുനൈദ് തലപ്പുഴ

         

"ആയാറാം ഗയാറാം" ഇതെവിടെയെങ്കിലും കേട്ടിരുന്നോ...? അതെ കേൾക്കാതിരിക്കാൻ സാധ്യതയില്ല. ഇതൊരു രാഷ്ട്രീയ പ്രയോഗമാണ്. നമ്മുടെ ജനാതിപത്യ രാജ്യത്ത് ഇതൊരു സ്ഥിരം പല്ലവിയാണ്. ഈ പ്രയോഗം രൂപം കൊണ്ടത് 1967 ൽ ഹരിയാനയിലായിരുന്നു. നമുക്കതിലേക്ക് വരാം...

                              ഇന്ത്യ പോലെയുള്ള ഒരു രാജ്യം ജനാതിപത്യ രാജ്യമായതുകൊണ്ട് രാഷ്ട്രീയത്തിന് വലിയ പ്രാധാന്യം ഓരോ പൗരന്മാരും നൽകുന്നുണ്ട്. ഏതൊരു പൗരനും വളരെ വിലപ്പെട്ടതാണ് തന്റെ വോട്ടവകാശം.തങ്ങളുടെ രാജ്യത്തിനും ജനങ്ങൾക്കും ഉപകാരമുള്ള ഒരു വ്യക്തിയെ അതല്ലെങ്കിൽ ഒരു പാർട്ടിയെ അധികാരത്തിലെത്തിക്കുന്നതിൽ ഓരോരുത്തർക്കും വലിയ പങ്കുണ്ട്. അധികാരം കിട്ടിയാൽ തങ്ങൾക്കാകുന്ന രൂപത്തിൽ അല്ലെങ്കിൽ അതിനേക്കാളുപരി ജനങ്ങളെ സേവിക്കുന്ന പല അധികാരികളുമുണ്ട്. എന്നിരുന്നാലും ഈയടുത്തകാലത്തായി അങ്ങനെയുള്ളവർ നമ്മുടെ രാജ്യത്ത് ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത്തരത്തിൽ ഒരു സംശയത്തെ ശരിപ്പെടുത്തുന്നതിൽനിന്ന് വന്നതാണ് "ആയാറാം ഗയാറാം".

                             മണിക്കൂറുകൾക്കിടയിൽ പലതവണ പാർട്ടി മാറിയ ഗയാലാൽ എന്ന സ്വതന്ത്ര അംഗത്തിലൂടെയാണ് അതുണ്ടായത്. സമ്പത്തിനും അധികാരത്തിനും വേണ്ടി എന്തും ചെയ്യാമെന്ന രീതിയിൽ രാഷ്ട്രീയ പ്രവർത്തനം ഇന്ന് മാറിയിരിക്കുന്നു. ഗയാലാൽ എന്ന വ്യക്തി നിയമസഭയിലെത്തിയത് സ്വാതന്ത്ര അംഗമായിട്ടാണ്. അദ്ദേഹം ആദ്യം കോൺഗ്രസ്സിലും തൊട്ടുപിന്നാലെ ഹരിയാനയിലെ യുനൈറ്റഡ് ഫ്രണ്ട് എന്ന പാർട്ടിയിലേക്ക് കൂറുമാറി. എന്നാൽ അവിടെനിന്ന് വീണ്ടും കോൺഗ്രസ്സിൽ തിരിച്ചെത്തിയ അദ്ദേഹം ഒമ്പതാം മണിക്കൂറിൽ യുനൈറ്റഡ് ഫ്രണ്ടിലെത്തി. രണ്ട് മണിക്കൂർ തികയും മുമ്പ് വീണ്ടും കോൺഗ്രസ്സിൽ തിരിച്ചെത്തിയ അദ്ദേഹത്തെ ചൂണ്ടി കോൺഗ്രസ്സ് നേതാവ് റാവു ബീരെന്ദ്ര സിങ് പറഞ്ഞു : "ആയാറാം ഗയാറാം ". ഈയൊരു പ്രയോഗം പിന്നീട് കർണാടക, അരുണാചൽ പ്രദേശ്, ഗോവ, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഭരണക്കൊതിക്കാരണം കൂടുവിട്ടും കൂറുമാറിയും രാഷ്ട്രീയനേതാക്കന്മാർ പോയപ്പോൾ ഓർമിപ്പിക്കപ്പെട്ടു.

                       യഥാർത്ഥത്തിൽ എന്താണ് രാഷ്ട്രീയം? രാഷ്ട്രീയപ്രവർത്തനം എന്നാൽ എന്താണ്...? ഇതിനെക്കുറിച്ച് പലരോടും ചോദിച്ചാൽ സർവ്വസാധാരണയായി നാം കേൾക്കുന്ന പലതുമാവാം മറുപടിയുണ്ടാവുക. രാഷ്ട്രീയനേതാക്കന്മാരും തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് അധികാരത്തിലെത്തുന്നവരും രാഷ്ട്രീയം ഒരുതരം പൊതുജനസേവനമാണെന്ന് വാദിച്ചേക്കാം. മറ്റുചിലർ രാഷ്ട്രീയത്തെ ഓരോരുത്തർക്കും അവരുടെ ആഗ്രഹങ്ങൾ നിറവേറ്റാനും താല്പര്യങ്ങൾ സംരക്ഷിക്കാനും വേണ്ടി നടത്തുന്ന ഗൂഢാലോചന, വഞ്ചന തുടങ്ങിയവയുമായി ബന്ധപ്പെടുത്തുന്നു. ചിലർ രാഷ്ട്രീയക്കാർ എന്താണോ ചെയ്യുന്നത് അതിനെ രാഷ്ട്രീയം എന്ന് പറയുന്നു. എന്നാൽ യഥാർത്ഥത്തിൽ വിപുലമായ അർത്ഥതലങ്ങളുള്ള ഒന്നാണ് രാഷ്ട്രീയം. സാധ്യമായ രീതിയിൽ ഒരു സമൂഹത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് അവരുടെ ക്ഷേമം ലക്ഷ്യം വെച്ച് അവസാനിക്കാത്തതായ ഒരു പ്രവർത്തനമാണ് രാഷ്ട്രീയം. ഈ പറഞ്ഞതിൽ നിന്നും മനസിലാക്കാം... ഇന്ന് നമ്മുടെ രാജ്യത്ത് രാഷ്ട്രീയക്കാർ പ്രവർത്തിക്കുന്നത് ഈയൊരു ലക്ഷ്യപൂർത്തീകരണത്തിനാണോ..? ജനങ്ങൾ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ച് ഒരു നേതാവിനെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത് വെറുതെ നോക്കിയിരിക്കാനോ അല്ലെങ്കിൽ കൊടുംവഞ്ചകനാകാനോ അല്ല. തങ്ങൾ വിശ്വസിക്കുന്ന അതെല്ലെങ്കിൽ അംഗീകരിക്കുന്ന ഒരു പാർട്ടിയിൽ മത്സരിക്കുകയും അതിനാൽ തന്നെ വോട്ട് ചെയ്ത് വിജയിപ്പിക്കുകയും ചെയ്ത ഒരു രാഷ്ട്രീയ നേതാവ് ചിലരുടെ താല്പര്യത്തിനനുസരിച്ചും അധികാരക്കൊതിയും അക്കരപ്പച്ചയും കാരണം ഇരിപ്പുറക്കാതെ കൂറുമാറുന്നവർ ഒരു പാർട്ടിയെ മാത്രമല്ല വഞ്ചിക്കുന്നത്. തന്നെ വിശ്വസിച്ച് ഏല്പിച്ച് നേതൃത്വം വാങ്ങിനൽകിയ ജനങ്ങളെകൂടിയാണ്. ചിലരുടെ കൂറുമാറ്റം ഒരു സർക്കാരിനെ തന്നെ നിലം പൊത്തിക്കാൻ കാരണമാകുന്നു. താൻ നിലകൊള്ളുന്ന പാർട്ടിയോ മറ്റോ ചില അരുതായ്മകൾക്ക് കൂട്ട് നിൽക്കുമ്പോൾ "ഈയൊരു ജനവിരുദ്ധമായ നടപടിക്ക് ഞാൻ കൂട്ട് നിൽക്കില്ല " എന്ന് പറഞ്ഞ് കൂറുമാറുന്നവരുണ്ട്. അവരെ നമുക്ക് അംഗീകരിക്കാം. അതല്ലാതെ സ്വന്തം താല്പര്യങ്ങളെ മാത്രം കണക്കിലെടുത്ത് കൂടുവിടുന്നവർ എത്ര ജനാതിപത്യവിരുദ്ധമായാണ് പെരുമാറുന്നത്. ജനങ്ങളുടെ ക്ഷേമം ലക്ഷ്യം വെച്ച് നല്ല രീതിയിൽ മുന്നോട്ട് പോയികൊണ്ടിരിക്കുന്ന സർക്കാർ ഒരൊറ്റ വ്യക്തിയുടെ കൂറുമാറ്റം കാരണം തകരുമ്പോൾ എത്രയെത്ര വികസനങ്ങളും ക്ഷേമപ്രവർത്തനങ്ങളുമാണ് നിന്നുപോകുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഈയൊരു കൂറുമാറ്റ പ്രവണത അൽപം കൂടുതലാണെന്ന് തന്നെ പറയാം.

                      രാഷ്ട്രീയ പ്രവർത്തനത്തിലേക്കിറങ്ങുന്നവർ കൃത്യമായി രാഷ്ട്രീയം പഠിക്കുക എന്നത് അത്യാവശ്യമാണ്. രാഷ്ട്രീയത്തെക്കുറിച്ചും രാഷ്ട്രീയസിദ്ധാന്തങ്ങളെ കുറിച്ചുമൊക്കെ പഠിക്കേണ്ടത് അനിവാര്യം തന്നെയാണ്.

രാഷ്ട്രീയം നമ്മെ പാമ്പ് ചുറ്റികിടക്കും പോലെ കിടക്കുകയാണെന്നും അതിനോട് നാം മല്ലടിക്കുകയല്ലാതെ മറ്റു പോംവഴി ഇല്ലെന്നും ഒരിക്കൽ മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയപ്രവർത്തനത്തിലേർപ്പെടുന്നവർ സ്വന്തം താല്പര്യങ്ങൾക്ക് മാത്രം വിലകൊടുക്കാതെ ജനങ്ങളുടെ ക്ഷേമത്തെപ്പറ്റിയും അവർക്ക് ചെയ്തുകൊടുക്കേണ്ട കടമകളെ കുറിച്ചും സദാസമയവും ബോധവാന്മാരായിരിക്കണം. അതിനനുസരിച്ചു തന്റെ പ്രവർത്തനങ്ങൾക്ക് മൂർച്ച കൂട്ടുകയും വേണം. അപ്പോഴാണ് ഒരു യഥാർത്ഥ രാഷ്ട്രീയ പ്രവർത്തകനാകുന്നതും ഒരു നല്ല ജനാതിപത്യത്തിന്റെ ഭാഗവാക്കാകുന്നതും. ഓരോ രാഷ്ട്രീയ പ്രവർത്തകനും അതിന് സാധിക്കട്ടെ...