Followers

വഴിയോരം | HAFIZ UNAIS NADAPURAM




പതിവ് പോലെ ശുകൂർ കോളെജിൽ നിന്നും മടങ്ങി വരുന്ന സമയം, വഴിയിൽ വെച്ച് മദ്രസയിലെ ഉസ്താദിനെ കാണാനിടയായി. അപ്രതീക്ഷിതമായ ആ കണ്ടുമുട്ടലിൽ മദ്രസ പഠന കാലവും പഴയ ഓർമകളും ശുക്കൂറിൻ്റെ മനസ്സിലൂടെ മിന്നി മറഞ്ഞു.ചെറു പ്രായത്തിൽ തന്നെ വളരെയധികം സ്നേഹിക്കുകയും കഷ്ടപ്പെട്ട് പഠിപ്പിക്കുകയും ചെയ്തിരുന്നു ഉസ്താദ്.ശുകൂർ ഉസ്താദിനോട് സലാം പറഞ്ഞു ആലിംഗനം ചെയ്തു.പരസ്പരം സുഖവിവരങ്ങൾ അന്വേഷിച്ചു.സംസാരത്തിനിടെ ശുകൂർ ചോദിച്ചു: ഉസ്താദേ..എപ്പോഴാണ് റമളാൻ?ഇനി കുറച്ചു ദിവസമാണ് ഉള്ളത് എന്ന് കേട്ടല്ലോ..

ആഹ് ഇനി കുറച്ചു ദിവസങ്ങൾ മാത്രമേ ഉള്ളൂ.ഉസ്താദ് മറുപടി പറഞ്ഞു. കൂടെ ഉസ്താദിൻ്റെ ചോദ്യം:എന്തേ ഇപ്പൊൾ ഇങ്ങനെ ഒരു ചോദ്യം?

ശുകൂർ:അത് പിന്നെ ഞങ്ങളുടെ ക്ലാസിൽ ദിവസവും സമകാലിക വിഷയവുമായി ബന്ധപ്പെട്ട് ചർച്ചയും വാദങ്ങളും ഒക്കെ ഉണ്ടാവാറുണ്ട്.ഇന്നത്തെ ചർച്ച നോമ്പിനെ കുറിച്ചായിരുന്നു അത് കൊണ്ട് ചോദിച്ചതാണ്. അത് മാത്രമല്ല ഉസ്താദേ ഞങ്ങളുടെ കൂട്ടത്തിൽ അധികപേരും മദ്രസ വിദ്യാഭ്യാസം കുറഞ്ഞവരും, ലിബറൽ ചിന്താഗതിയുള്ള വരും, പുത്തൻ ആശയ ക്കാരും അടങ്ങിയ കൂട്ടുകെട്ടാണ്. അത്തരക്കാരുടെ ചില സംശയങ്ങൾക്ക് എനിക്ക് മറുപടി നൽകാൻ കഴിയുന്നില്ല. ഞാനൊരു സുന്നി വിദ്യാർത്ഥി ആയതിനാൽ ചില സംശയങ്ങൾ എൻ്റെ മറുപടിയെ ലക്ഷ്യംവെച്ചാണ് ചോദിക്കാറുള്ളത്. പലതിനും എനിക്ക് ഉത്തരം കണ്ടെത്താൻ കഴിഞ്ഞു. എങ്കിലും ചില ചോദ്യങ്ങൾ ബാക്കിയാണ്. ഉസ്താദ് എന്നെ ഒന്ന് സഹായിക്കാമോ?

ഉസ്താദ്:അതിനെന്താ... ഇന്ന് നിൻ്റെ സംശയങ്ങൾ തീർത്തിട്ടേ ഞാൻ പോകുന്നുള്ളൂ. ശുക്കൂർ തൻ്റെ ചോദ്യങ്ങളോരോന്നായി ചോദിക്കാൻ തുടങ്ങി.മുത്ത് നബി(ﷺ) യുടെ കാലത്ത് 20 റക്അത്ത് തറാവീഹ് ജമാഅത്തായി നിസ്കരിച്ചില്ല എന്നൊക്കെ പറയുന്നുണ്ടല്ലോ. എന്താണ് അതിൻറെ യാഥാർത്ഥ്യം?

ഉസ്താദ്: നബിതങ്ങൾ(ﷺ) ആകെ മൂന്നു ദിവസമാണ് ജമാഅത്തായി തറാവീഹ് നിസ്കരിച്ചത്. നാലാംദിവസം തങ്ങൾ വന്നില്ല. നിസ്കരിക്കാനുള്ള നിങ്ങളുടെ ആവേശം കണ്ട് അള്ളാഹു ഈ നിസ്കാരം നിങ്ങളുടെ മേൽ നിർബന്ധമാക്കിയാൽ അത് നിങ്ങൾക്ക് ബുദ്ധിമുട്ടാവും എന്ന് ഞാൻ ഭയന്നു എന്നാണ് മുത്ത് നബി(ﷺ) അതിന് കാരണമായി പറഞ്ഞത്. പിന്നീട് ഉമർ(റ)ൻ്റെ കാലത്താണ് തറാവീഹ് 20 റകഅത് ആയി നിസ്കരിച്ചത്. അവരുടെ കാലത്താണ് പ്രത്യേകമായ ഈ രൂപത്തിന് തുടക്കം കുറിച്ചത്. ഉമർ(റ)വിനെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ടവരാണ് അവർ. അതുപോലെതന്നെ നബി തങ്ങളുടെ(ﷺ) കൂടെ സഹവസിക്കുകയും മുത്തുനബിയെ(ﷺ) അറിയേണ്ടത് പോലെ അറിയുകയും ചെയ്തവരാണ് സ്വഹാബികൾ. എൻ്റെ അനുചരർ നക്ഷത്ര തുല്യരാണെന്നും നിങ്ങൾ അവരിൽ ആരെ പിന്തുടർന്നാലും സന്മാർഗം സിദ്ധിച്ചവരാകും എന്നാണ് മുത്തുനബി(ﷺ) സ്വഹാബത്തിനെ കുറിച്ച് പറഞ്ഞത്. ഉമർ(റ) ൻ്റെ കാലത്ത് സ്വഹാബികൾ ഇരുപത് റക്അത്ത് തറാവീഹ് നിസ്കരിച്ചിരുന്നു. എന്ന് ബൈഹഖി ഇമാം സ്വഹീഹായ ഹദീസായി ഉദ്ധരിക്കുന്നുണ്ട് (2/496 السنن الكبرى البيهقي).സ്വഹാബാക്കൾ ഒരിക്കലും നബിതങ്ങൾക്ക്(ﷺ) എതിരാവുന്ന ഒരു കാര്യത്തിലും ഏർപ്പെടുകയില്ല എന്നത് ഉറപ്പാണല്ലോ? ഈ രീതിയിൽ ഉറപ്പായ തറാവീഹ് വിഷയത്തിൽ വിശ്വാസികൾക്കിടയിൽ തെറ്റിദ്ധാരണ പരത്തിയത് പുത്തനാശയക്കാരാണ്. എന്നാൽ അവരുടെ തന്നെ നേതാവായ ഇബ്നു അബ്ദുൽ വഹാബ് തൻ്റെ മുഖ്ത്വസറുൽ ഇൻസാഫ് എന്ന കിത്താബിൽ തറാവീഹ് ചർച്ച ചെയ്യുന്ന ഭാഗത്ത് ഇരുപത് റക്അത്തിൽ ചുരുങ്ങിയതായി അറിയപ്പെട്ട നാല് മദ്ഹബുകളിൽ ഒന്നിൽ പോലും കണ്ടതായി പരിചയപ്പെടുത്തിയിട്ടില്ല. പിന്നെ ഇവർ തെളിവുപിടിക്കുന്നത് സുയൂത്വി ഇമാമിൻ്റെ"الحاوي للفتاوى" എന്ന കിതാബിൽ തറാവീഹിനെക്കുറിച്ചുള്ള അതുമായി ബന്ധപ്പെട്ട ചർച്ചയിൽ "...ما كان يزيد " എന്ന ഹദീസൊക്കെ കൊണ്ടുവരുന്നുണ്ട്. ഈ ചർച്ചയെ അടിസ്ഥാനപ്പെടുത്തി എട്ട് റക്അത്ത് തറാവീഹും മൂന്ന് റക്അത്ത് വിത്റും എന്ന രൂപത്തിൽ പുത്തനാശയക്കാർ തെളിവുപിടിക്കുന്നു. എന്നാൽ സുയൂത്വി ഇമാം തന്നെ അവരുടെ ശർഹു തൻബീഹിൽ തറാവീഹ് ഇരുപത് റക്അത്ത് തന്നെയാണ് എന്ന് വളരെ വ്യക്തമാക്കി പറയുന്നുണ്ട്.യഥാർത്ഥത്തിൽ സ്വഹീഹുൽ ബുഖാരിയിൽ ഈ ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്.തങ്ങൾ റമളാനിലും അല്ലാത്തപ്പോഴും പതിനൊന്ന് റക്അത്തിനേകാൾ അധികരിപ്പിച്ചിട്ടില്ല (صحيح البخاري). ഈ ഹദീസ് കൊണ്ടുള്ള ഉദ്ദേശ്യം വിത്റ് നിസ്കാരം ആണെന്ന് ബുഖാരിയുടെ വിശ്വപ്രസിദ്ധ വിശദീകരണമായ "ارشاد السارية" യിൽ ഇമാം ഖസ്ത്വല്ലാനി വിശദീകരിച്ചത് കാണാം.

ശുകൂർ: അതു പോലെ തറാവീഹിൻ്റെ ഇടയിൽ നമ്മൾ ദിക്റ് ചൊല്ലാറുണ്ടല്ലോ.. പല നാടുകളിലും പല രീതിയിൽ കാണപ്പെടുന്നു.ഇത് നബി ചര്യയിൽ പെട്ടതാണോ?

ഉസ്താദ്: തറാവീഹ് എന്നത് ദൈർഘ്യമുള്ള നിസ്കാരമാണല്ലോ, സ്വഹാബാക്കൾ തറാവീഹ് വളരെ നീട്ടി നിസ്കരിക്കുകയും ഇടയിൽ റാഹത്ത് എടുക്കുകയും ചെയ്തിരുന്നു. സ്വലാത്തിനെ സംബന്ധിച്ചെടുത്തോളം ഏതൊരു നല്ല സാഹചര്യത്തിലും സ്വലാത്ത് ചൊല്ലൽ വളരെ പുണ്യമുള്ള കാര്യമാണ്. സ്വലാത്ത് ചൊല്ലാൻ മടിക്കുന്നവനാണ് ലോകത്തിലെ ഏറ്റവും വലിയ പിശുക്കനെന്ന് നബിതങ്ങൾ(ﷺ) പഠിപ്പിച്ചിട്ടുണ്ട്. മാത്രമല്ല ആരെങ്കിലും ഒരു മജ്‌ലിസിൽ സംബന്ധിക്കുകയും അല്ലാഹുവിനെ ഓർക്കാതെയും സ്വലാത്ത് ചൊല്ലാതെയും അവിടെ നിന്ന് എഴുനേൽക്കുകയും ചെയ്താൽ ആ മജ്‌ലിസ് അവൻ്റെ ഖേദവും പരാചയവും ആയിരിക്കും (157/الفتاوى الكبرى). അതുകൊണ്ടുതന്നെ നമ്മുടെ നാടുകളിൽ പള്ളികളിൽ അഞ്ചു വഖ്ത്ത് നിസ്കാര ശേഷം സ്വലാത്ത് ചൊല്ലി പിരിയുന്നത് കാണാൻ കഴിയും. അവിടെ അങ്ങനെ ഒരു സ്വലാത്ത് ചൊല്ലൽ വാരിദായി വന്നതല്ല. എങ്കിലും ചൊല്ലിയാൽ അതിൻ്റെ ഗുണം ലഭിക്കും. എന്നതുപോലെ തറാവീഹിൻ്റെ ഇടയിൽ ഇരിക്കുന്ന സമയത്ത് സ്വലാത്ത് ചൊല്ലിയാൽ അതിനുള്ള പുണ്യം ലഭിക്കുകയും അതിലുപരി ശരീരത്തിന് ഉന്മേഷം ലഭിക്കുന്നതിനും കാരണമാവും. ഇത്തരത്തിൽ പ്രതിഫലം ലഭിക്കുന്ന ഒരു കാര്യത്തെ ബിദ്അത്തായി ചിത്രീകരിക്കാൻ പാടില്ല.

ശുകൂർ: സുബ്ഹിൻ്റെ ശേഷവും അത്താഴം കഴിക്കാമെന്ന് പുത്തൻ പ്രസ്ഥാനക്കാർക്ക് വാദമുണ്ടല്ലോ? അങ്ങനെ ഒരു രീതി ഇസ്ലാമിൽ ഉണ്ടോ?

ഉസ്താദ്: പാത്രം കൈയിലിരിക്കെ നിങ്ങളിൽ ആരെങ്കിലും ബാങ്ക് കേട്ടാൽ തൻ്റെ ആവശ്യം കഴിയുന്നത് വരെ അവനത് വെക്കേണ്ടതില്ല (136/1 ابو داود) എന്ന ഹദീസാണ് അവർ തെളിവായി ഉദ്ധരിക്കാറുള്ളത്. വാസ്തവത്തിൽ ഈ ഹദീസിൽ റമളാൻ മാസം എന്നോ സുബ്ഹി അത്താഴമെന്നോ പറഞ്ഞിട്ടില്ല. അതെല്ലാം അവരുടെ ഊഹം മാത്രമാണ്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആവശ്യം പൂർത്തീകരിക്കുന്നതിന് മുമ്പ് പള്ളിയിൽ പോകേണ്ടതില്ല എന്നതാണ് യഥാർത്ഥത്തിൽ ഉദ്ദേശം. ഖുർആൻ പറയുന്നു: സുബ്ഹി വരെ നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക രാത്രി വരെ നോമ്പ് പൂർത്തിയാക്കുക (2/187).

ശുകൂർ: ഉസ്താദേ പലരും ഇത്തരത്തിലുള്ള സംശയങ്ങളിൽ പെട്ട് തെറ്റായ ആശയ വഴികളിൽ ചെന്നു ചാടുന്നുണ്ട്. എന്നെ പോലോത്ത ഒരുപാട് ചെറുപ്പക്കാർ പുത്തനാശയക്കാരുടെ കെണി വലകളിൽ പെട്ടുപോകുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളുടെ അമിത ഉപയോഗം കാരണം ആളുകളിൽ മതബോധം നഷ്ടപ്പെടുകയും പലരുടെയും ജീവിതം പോലും തകർന്നു പോവുന്നുണ്ട്. ഇതിൽ നിന്നും മുക്തി നേടാൻ എന്താണ് ശ്രദ്ധിക്കേണ്ടത്? 

ഉസ്താദ്: ഇക്കാലത്ത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണിത്. നമ്മളാദ്യം അല്ലാഹുവിലുള്ള വിശ്വാസം ദൃഢമാക്കണം. ദൈനംദിനം നാം ചെയ്യേണ്ട ഇബാദത്തുകൾ കൃത്യമായി മുടങ്ങാതെ നിർവ്വഹിക്കണം, അറിയാത്ത കാര്യങ്ങൾ സമൂഹം അംഗീകരിക്കുന്ന പണ്ഡിതരിൽ നിന്നും പഠിച്ച് മനസ്സിലാക്കണം, ഹിദായത്ത് അടിയുറച്ചു നിൽക്കാൻ എപ്പോഴും അല്ലാഹുവിനോട് ദുആയിരക്കണം, അല്ലാഹു നമ്മെ വഴികേടിലാക്കില്ല. ഇന്നത്തെ തലമുറ ലിബറൽ ആശയങ്ങൾക്ക് വഴി പെട്ടുപോകുന്ന അവസ്ഥ വല്ലാതെ വർദ്ധിച്ചിരിക്കുകയാണ്. മതമാണ് സ്വാതന്ത്ര്യം എന്നും സുരക്ഷ എന്നും നിമിഷങ്ങൾകൊണ്ട് അവർ മറന്നു പോവുകയാണ്. അവസാനം മതമില്ലാത്തവരായി മാറുന്നു... അള്ളാഹു കാക്കട്ടെ.

ദീനിനെ കുറിച്ച് മതിയായ അറിവ് ഇല്ലാത്തത് കൊണ്ടാണ് ഇത്തരം ചതിക്കുഴിയിൽ പെട്ടുപോവുന്നത്. അതിനാൽ ഇസ്ലാമിനെ നന്നായി അറിയാൻ ശ്രമിക്കണം. അനാവശ്യ ചർച്ചകളിലും മറ്റും ഇടപെട്ട് നമ്മുടെ വിലപ്പെട്ട സമയത്തെ നശിപ്പിക്കരുത്. ഇൻ്റർനെറ്റ് ഉപയോഗത്തിൽ മിതത്വം പാലിക്കുക, നല്ല ജീവിതം നയിക്കാൻ പരമാവധി ശ്രമിക്കുക.

ശുകൂർ: സംസാരിച്ചു നിന്നു സമയം പോയതറിഞ്ഞില്ല ഉസ്താദ് പള്ളിയിലേക്ക് പോവുകയാവുമല്ലേ..?

ഉസ്താദ്: ഹാ.. പള്ളിയിലേക്കാണ്. ഏതായാലും സമയം വെറുതെയായില്ല. അല്പം അറിവുകൾ പങ്കുവെക്കാനായല്ലോ. ഇൻഷാ അള്ളാഹ് നമുക്ക് പിന്നീട് കാണാം...

ഇരുവരും പരസ്പരം സലാം പറഞ്ഞ് പിരിഞ്ഞു. ശുക്കൂർ മനസാലെ അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് മുന്നോട്ടു നടന്നു..!



No comments