ഖുർആനിലൂടെ തിരുദൂതരിലേക്ക് | HAFIZ SINAN PERABRA
മാനവികതയുടെ സമ്പൂർണ്ണ ഐശ്വര്യമായാണ് തിരുദൂതർ ഈ ഭൂമിയിലേക്ക് കടന്നുവന്നത്. മുഹമ്മദ് എന്ന പ്രവാചകരെ കുറിച്ചുള്ള കാവ്യങ്ങൾ വിപണികളിൽ ഒട്ടേറെ സുലഭമാണ്. എന്നാൽ തിരുദൂതരുടെ ജീവിതവും സ്വഭാവ വൈഭവവും മറ്റെന്തി നെക്കാളും മനോഹാരിത തുളുമ്പുന്നതാണെന്ന് ലോകർ മനസ്സിലാക്കിയത് ഖുർആനിലൂടെയാണ്. ലോക മുസ്ലിം സമൂഹത്തിന്റെ നേതാവായ മുത്ത് നബി മുഹമ്മദ് (സ്വ) യെ കുറിച്ച് ഇസ്ലാമിന് പുറത്തുള്ള അമുസ്ലിം സഹോദരങ്ങൾ പോലും ഏറെ വർണ്ണിച്ച് എഴുതിയിരിക്കുന്നു എന്നതും ഈ സന്ദർഭത്തിൽ ഏറെ ശ്രദ്ധേയമാണ്.ലോകത്ത് ഇന്നേവരെ മറ്റൊരു വ്യക്തിത്വത്തിന്റെ പേരിലും ഇത്രയേറെ കാവ്യ കീർത്തനങ്ങളോ ലേഖനങ്ങളോ രചിക്കപ്പെട്ടിട്ടില്ല.ജീവിതത്തിലെ അനർഘനിമിഷങ്ങളിൽ മുൻപോട്ട് പോവാൻ കഴിയാതെ വഴിമുട്ടി നിൽക്കുന്ന ഏതൊരു വ്യക്തിക്കും സംശയലേശമന്യേ പിന്തുടരാകുന്ന സമഗ്ര വ്യക്തിത്വമാണ് ത്വാഹ റസൂലുള്ളാഹി (സ്വ) തങ്ങൾ.
" ഒരു നബി ചരിത്ര പുസ്തകം വായിച്ചു തീർന്നപ്പോൾ അതിലെ പേജുകൾ തീർന്നു പോയല്ലോ എന്ന് സങ്കടപ്പെട്ട് ഞാൻ കരഞ്ഞുപോയി". മഹാത്മാഗാന്ധിജി ഒരിക്കൽ തന്റെ പ്രസംഗത്തിനിടയിൽ പറഞ്ഞ വാക്കുകളാണിവ. ഒരു മതത്തിന്റെ പ്രവാചകനെക്കുറിച്ച് ആ മതത്തിന് പുറത്തുള്ള ഒരാൾ വർണ്ണിക്കുമ്പോൾ അത് മറ്റു വർണ്ണനകളിൽ നിന്നും ഏറെ ശ്രദ്ധേയമാകുന്നു. സ്വന്തം ജീവിതം കൊണ്ട് മാത്രം ലോകത്തെ അജ്ഞതയുടെയും അരാജകത്വത്തിന്റെയും പടുകുഴിയിൽ നിന്ന് പ്രകാശപൂരിതമായ അനന്ത സമൃദ്ധിയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ തിരുദൂതർക്ക് മാത്രമേ ഇത്തരം ഒരു പദവി അലങ്കരിക്കാനാവൂ...
1978ല്‍ അമേരിക്കൻ എഴുത്തുകാരനും ജ്യോതിശാസ്ത്രജ്ഞനുമായ മൈക്കൽ എച്ച് ഹർട്ടിന്റെ 'the 100A ranking of the most influential person in history ' എന്ന ഗ്രന്ഥം പുറത്തിറങ്ങുകയുണ്ടായി. ചരിത്രത്തിൽ വിപ്ലവ താളുകൾ സൃഷ്ടിച്ച നൂറ് വ്യക്തികളിൽ ഒന്നാമതായി അദ്ദേഹം എണ്ണിയത് തിരുനബി ത്വാഹാ റസൂലുള്ളാഹിയെയാണ് (സ്വ). അമേരിക്ക എന്ന വികസ്വര രാജ്യത്താണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. ക്രിസ്ത്യാനികൾ കൂടുതലുള്ള ഈ രാജ്യത്ത് യേശുക്രിസ്തുവിനെ മൂന്നാമതാക്കി തിരുനബിയെ ഒന്നാം സ്ഥാനത്ത് നിർത്തിയതിനെ തുടർന്ന് ഒട്ടേറെ വിവാദങ്ങൾ ഉയർന്നുവന്നിരുന്നു. അതിനു മറുപടിയായി പുസ്തകം പ്രസിദ്ധീകരിച്ചവർ മുന്നോട്ടുവെച്ച ആശയവാദങ്ങൾ തിരുനബിയുടെ പരിശുദ്ധിയും ഔന്നിത്യവും വ്യക്തമാക്കുന്നതായിരുന്നു.ഇതു കാരണമായി ഒട്ടേറെ വ്യക്തികൾ ഇസ്ലാമിലേക്ക് വരികയുണ്ടായി.
നല്ലൊരു നേതാവ് എന്നതിലുപരി ഏതൊരു സന്ദർഭത്തിലും നീതിപുലർത്തുക എന്നത് പ്രവാചകരെ എല്ലാത്തിൽ നിന്നും വ്യത്യസ്തരാക്കുന്നു.ബദർ യുദ്ധ ദിവസം സവാദ്(റ) വിനുണ്ടായ അനുഭവം ഇവിടെ ശ്രദ്ധേയമാണ്. അന്നേദിവസം സ്വഹാബി വര്യന്മാർ യുദ്ധത്തിനായി തയ്യാറായി നിൽക്കുകയാണ്.313 സ്വഹാബികൾക്കിടയിൽ അവരുടെ നേതാവായ തിരുദൂതരും ഉണ്ട്. പടയാളികളുടെ അണി നേരെയാക്കുകയാണ് അദ്ദേഹം.കയ്യിൽ ചെറിയൊരു വടിയും ഉണ്ട്. അണി തെറ്റി നിൽക്കുന്നവരെ അതുകൊണ്ട് ചെറുതായൊന്നു തട്ടും. സവാദ്(റ)വും വരിയിൽ നിന്ന് അല്പം പുറത്തായിരുന്നു. തിരുനബി കയ്യിലുള്ള വടികൊണ്ട് സവാദ് (റ) യെ ചെറുതായൊന്ന് തട്ടിയശേഷം പറഞ്ഞു."സവാദ് നേരെ നിൽക്കൂ.."
അല്പം വേദനയോടെ സവാദ്(റ) പറഞ്ഞു. "അല്ലാഹുവിന്റെ റസൂലേ അങ്ങ് എന്നെ വേദനിപ്പിച്ചു കളഞ്ഞു. നിശ്ചയം അല്ലാഹു താങ്കളെ സത്യവും നീതിയും ആയിട്ടാണ് നിയോഗിച്ചിട്ടുള്ളത്.വേദനിപ്പിച്ചതിന് എനിക്ക് അങ്ങയോട് പ്രതികാരം വീട്ടണമെന്നുണ്ട്. അതിനെന്നെ അനുവദിക്കണം". ചരിത്രം സാക്ഷിയാകുന്ന വലിയൊരു യുദ്ധ മുഹൂർത്തത്തിലാണ് ഇത്തരം ഒരു പ്രതികാരദാഹം അരങ്ങേറുന്നത്.അതും തങ്ങളുടെ നേതാവിനോട് പടയാളികളിൽ പെട്ട ഒരാൾ.സ്വഹാബികളിൽ പെട്ട പലരും വല്ലാതെ സങ്കടപ്പെട്ടു. സവാദ് (റ) ഇതൊന്നും ഗൗനിച്ചതേയില്ല. തിരുനബിയുടെ മറുപടി എന്താകും എന്ന് എല്ലാവരും അംബരപ്പോടെ നോക്കി നിന്നു.അവിടെത്തന്നെ നിന്നുകൊണ്ട് തിരുനബി (സ്വ) തങ്ങൾ മൊഴിഞ്ഞു." സവാദേ നിനക്ക് വേദനിച്ചോ". അതെ എന്ന് സവാദ്(റ) മറുപടി നൽകി."നിനക്ക് പകരം വീട്ടണോ?" തിരുനബിയുടെ ചോദ്യം. വീട്ടണമെന്ന് സവാദ് (റ) തീർത്തു പറഞ്ഞു. "എങ്ങനെയാണ് പകരം വീട്ടേണ്ടത്?. തിരുനബി ചോദിച്ചു. "അങ്ങയുടെ വടികൊണ്ടുള്ള അടി എന്റെ വയറ്റത്താണ് കൊണ്ടത്.എനിക്ക് അങ്ങയുടെ വയറ്റത്തും ഒന്ന് അടിക്കണം അതേ വടികൊണ്ട്".സവാദിന്റെ മറുപടി.
"ശരി ഇതാ അടിച്ചോളൂ". തിരുദൂതർ വടി സവാതിര നേരെ നീട്ടി.
" നബിയെ എന്റെ നഗ്നവയറ്റത്താണ് അങ്ങ് അടിച്ചത്. അതുകൊണ്ട് അങ്ങയുടെ നഗ്നവയറ്റത്ത് തന്നെ എനിക്കും അടിക്കണം". സവാദ്(റ) പറഞ്ഞു. "എന്നാൽ ഇതാ അടിച്ചോളൂ" എന്ന് പറഞ്ഞ് തിരുനബി കുപ്പായം ഉയർത്തി" ആ രംഗം കണ്ട് സ്വഹാബികൾ വ്യാകുലപ്പെട്ടു. പലരും കരഞ്ഞുപോയി. പെട്ടെന്ന് സവാദ് (റ) വടി വലിച്ചെറിഞ്ഞു തിരു നബിയെ കെട്ടിപ്പിടിച്ച് വയറ്റത്ത് ചുംബിക്കാൻ തുടങ്ങി."സവാദേ, എന്താണിത്? ഇങ്ങനെ ചെയ്യാൻ നിന്നെ പ്രേരിപ്പിച്ചത് എന്താണ്? തിരുനബി സവാദിനോട് ആരാഞ്ഞു. ആനന്ദ കണ്ണീർ വാർത്തി കൊണ്ട് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ ഈ അവസരത്തിൽ എന്റെ അവസാന ബന്ധം അങ്ങയുമായിട്ടാവണം എന്ന് ഞാൻ ആഗ്രഹിച്ചു.എന്റെ ചർമം അങ്ങയുടെ ചർമ്മത്തിൽ ഒന്ന് സ്പർശിക്കണം എന്ന് ഞാൻ മോഹിച്ചു. അതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്.
തിരുനബി(സ്വ)സവാദിനെ പിടിച്ചു മാറ്റി അദ്ദേഹത്തിന്റെ നന്മക്കായി പ്രാർത്ഥിച്ചു.
ബദർ യുദ്ധത്തിന്റെ അനർഘനിമിഷത്തിൽ പോലും അത്തരം ഒരു നിസ്സാര വിഷയത്തിൽ പ്രവാചകർ കാണിച്ച നീതിയുടെ കാരുണ്യ കരങ്ങൾ ആ നേതാവിന്റെ ഉത്തമ ലാളിത്യ മാതൃകയെ വരച്ചു കാട്ടുന്നു.
നീതിയെക്കുറിച്ച് വിശുദ്ധ ഖുർആൻ വ്യക്തമായ ബോധനം നൽകുന്നുണ്ട്. സൂറത്തുന്നിസാഇലെ 135ആം സൂക്തത്തിൽ- നിങ്ങൾക്ക് തന്നെയോ നിങ്ങളുടെ മാതാപിതാക്കൾ, അടുത്ത ബന്ധുമിത്രാദികൾ എന്നിവർക്കും പ്രതികൂലരായാലും ധനിക ദരിദ്രഭേദമെന്യേ എല്ലാവരിലും കണിശമായ നീതി പാലിക്കണമെന്ന് അല്ലാഹു കൽപ്പിക്കുന്നു.
തിരുനബിയുടെ സ്വഭാവം പരിപൂർണ്ണമായും ഖുർആൻ ആണെന്ന് ആയിശ ബീവി (റ) ഒരിക്കൽ പറഞ്ഞതായി ഹദീസുകളിൽ കാണാം. നീതിയുടെ വക്താവ് മാത്രമല്ല ഉത്തമ ഗുണങ്ങളെല്ലാം അടങ്ങിയ ഭരണാധികാരിയും പ്രയോക്താവും കൂടിയാണ് തിരുനബി എന്ന് ചരിത്രം കാട്ടിത്തരുന്നു.
മക്ക ഫത്തഹിന്റെ വേളയിൽ ഖുറൈശികളിൽ പെട്ട മക്സൂം ഗോത്രക്കാരിയായ ഒരു സ്ത്രീ മോഷണം നടത്തി.വിധി നടപ്പാക്കുന്നത് സ്വാഭാവികമാണ്.മോഷ്ഠാവിന്റെ കരം ചേദിക്കണമെന്നാണ് വിധി. ഖുറൈശികളെ ഇത് വല്ലാത്ത വിഷമത്തിൽ ആക്കി. അവരിൽ നിന്നും ഒരാൾ മോഷണത്തിന്റെ പേരിൽ ശിക്ഷിക്കപ്പെടുന്നത് അവർക്ക് അപമാനം ആയിരുന്നു. അതുവരെ നിലവിലുണ്ടായിരുന്ന വ്യവസ്ഥയിൽ ഉന്നതർ രക്ഷപ്പെടുകയും പാവങ്ങൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. എങ്ങനെയെങ്കിലും തെറ്റുകാരിയെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തണം. ഖുറൈശി പ്രമുഖർ വഴികൾ ആരാഞ്ഞു. ആരോ പറഞ്ഞു; തിരുനബിയുടെ പ്രിയപ്പെട്ടവനാണ് ഉസാമത്ത് ബിൻ സൈദ് (റ).അദ്ദേഹത്തിന്റെ വാക്ക് നബി തട്ടി കളയില്ല. ഉസാമത്തിനെ ശുപാർശകൻ ആക്കാം.മറ്റാർക്കും തിരുനബിയോട് ഇത് പറയാൻ ധൈര്യം ഉണ്ടാകില്ല. അവർ ഉസാമത്തിനെ കണ്ടു കാര്യം പറഞ്ഞു. പറഞ്ഞു നോക്കാം.. ഉസാമത്ത് (റ) സമ്മതിച്ചു.
മോഷ്ടാവിനെ തിരുസന്നിധിയിൽ ഹാജരാക്കിയ സമയം ഉസാമ(റ) തിരുനബിയോട് കാര്യം പറഞ്ഞു. അതുകേട്ട് തിരുനബിയുടെ മുഖം ചുവന്നു. ഭാവം മാറി. മുഖത്ത് ദേഷ്യം പ്രകടമായി. കടുത്ത സ്വരത്തിൽ അവിടുന്ന് ഒസാമയോട് ചോദിച്ചു. " അല്ലാഹുവിന്റെ ശിക്ഷാവിധിക്ക് എതിരായാണോ ചെയ്യുന്നത്?."
ഉസാമ (റ) ഭയന്നുപോയി. ഇത്രത്തോളം ഗൗരവമാണ് പ്രശ്നം എന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല.പശ്ചാത്താപത്തോടെ അദ്ദേഹം പറഞ്ഞു അല്ലാഹുവിന്റെ റസൂലേ മാപ്പ് ഞാൻ തെറ്റ് ചെയ്തു പോയി.അങ്ങ് എനിക്ക് പാപ മോചനത്തിനായി പ്രാർത്ഥിക്കണം."
അന്നേദിവസം വൈകുന്നേരം തിരുനബി സ്വഹാബികളെ വിളിച്ചുചേർത്ത് സംസാരിച്ചു."നിങ്ങളുടെ മുൻഗാമികൾ നശിപ്പിക്കപ്പെടാൻ ഉള്ള കാരണമെന്താണെന്ന് അറിയാമോ?ഇത്തരം നിയമങ്ങളില്ലാഞ്ഞിട്ടല്ല ഉന്നതർ മോഷ്ടിച്ചാൽ അവരെ വെറുതെ വിടും, ദുർബലർ മോഷ്ടിച്ചാൽ ശിക്ഷിക്കുകയും ചെയ്യും അതുകൊണ്ടാണ് അവർ നശിപ്പിക്കപ്പെട്ടത്.എന്റെ ആത്മാവ് ഏതൊരുവന്റെ കയ്യിലാണോ അവൻ തന്നെ സത്യം,മുഹമ്മദിന്റെ മകൾ ഫാത്തിമയാണ് മോഷ്ടിച്ചത് എങ്കിൽ അവരുടെ കരം ഞാൻ ചേദിക്കുക തന്നെ ചെയ്യും."
തുടർന്ന് മോഷണം നടത്തിയ സ്ത്രീയുടെ കരം ഛേദിക്കാൻ അവിടുന്ന് കൽപ്പിച്ചു.
പ്രവാചകരുടെ ഭരണകർത്തവ്യങ്ങളിൽ വലിപ്പച്ചെറുപ്പത്തിന് സ്ഥാനമില്ലെന്ന വിളംബരമായി ഇതിനെ കാണാവുന്നതാണ്.
മനുഷ്യ ജീവിതത്തിന്റെ മൂല്യവത്തായ നടപ്പാതകളിൽ എവിടെയും തിരുനബിയുടെ അഹിംസയും സഹിഷ്ണുതയും നിറഞ്ഞ ജീവിതം മാതൃകയായി കാണാനാവും.
2010 ന് ശേഷമുള്ള വർഷങ്ങളിൽ ലോകമെമ്പാടും ഒട്ടേറെ വിവാഹമോചനങ്ങൾ വർദ്ധിച്ചു വന്നതായി ആധുനിക റിപ്പോർട്ടുകൾ പറയുന്നു. തിരുനബി (സ്വ) യുടെ കുടുംബജീവിതം ഇവകൾക്കെല്ലാം ഒരു പരിഹാരമാർഗമായി പ്രതിഷ്ഠിക്കാവുന്നതാണ്.ഭാര്യ ഭർതൃ ബന്ധത്തിൽ എപ്പോഴും സ്നേഹവും ലാളനയും നിറഞ്ഞു നിൽക്കണം എന്ന് പഠിപ്പിച്ച പ്രവാചകർ (സ്വ) അദ്ദേഹത്തിന്റെ സ്വന്തം ദിനങ്ങൾ ഭാര്യമാർക്കിടയിൽ കൃത്യമായി വീതിച്ചിരുന്നു.അതിൽ എപ്പോഴെങ്കിലും വ്യത്യാസമുണ്ടാകുന്ന സാഹചര്യം വന്നാൽ മറ്റ് ഭാര്യമാരോട് അവിടുന്ന് അനുവാദം ചോദിക്കാറുണ്ടായിരുന്നു.ഭാര്യമാർ എന്റെ എല്ലാ വാക്കുകളും അനുസരിച്ച് ജീവിക്കണം എന്ന ധാർഷ്ട്യം അവിടുന്ന് കാണിച്ചിരുന്നില്ല.
ഭാര്യമാർക്ക് നൽകേണ്ട വിഹിതങ്ങളിൽ പോലും അദ്ദേഹം തുല്യത പാലിച്ചിരുന്നു. യാത്രാസന്ദർഭങ്ങളിൽ ഭാര്യമാരെ നറുക്കിട്ട് തിരഞ്ഞെടുത്ത് കൂടെ കൂട്ടാറുണ്ടായിരുന്നു. കുടുംബജീവിതത്തിൽ ഉണ്ടാകേണ്ട മഹാമനസ്കതയും സഹാനുഭൂതിയും അതിന്റെ ആധാരമാണെന്ന് മുത്തുനബി(സ്വ) വരച്ചുകാട്ടി.
സന്താനങ്ങൾക്കുമേൽ ഒരു പിതാവിൽ അർപ്പിതമായിട്ടുള്ള കടമയും ദൗത്യങ്ങളും അതിന്റെ പ്രാധാന്യവും ഒരു ചെറിയ ജീവിത കാലയളവ് കൊണ്ടാണ് നബി (സ്വ) കാണിച്ചുതന്നിട്ടുള്ളത്. സന്താനങ്ങളോട് വളരെ സ്നേഹത്തോടെയും ലാളനയോടയും പെരുമാറണമെന്ന് തിരുദൂതർ പഠിപ്പിച്ചിട്ടുണ്ട്. നബി തങ്ങൾ അവിടുത്തെ കരളിന്റെ കഷ്ണമായ ഫാത്തിമ ബീവി(റ) യോട് കാണിച്ച സ്നേഹലാളനയുടെയും സന്താനപരിചരണത്തിന്റെയും അനന്ദമായ സൗമ്യ ഭാവത്തെ ഈ സന്ദർഭത്തിൽ എടുത്തു പറയേണ്ടതാണ്.
പ്രവാചക ചരിത്ര താളുകളിൽ ഉത്തമമായ ഒരു പിതാവിനെ കാണാവുന്നതാണ്.ഉത്തമമായ ഒരു ഭർത്താവിനെ കാണാവുന്നതാണ്.ഉത്തമമായ ഒരു ഭരണാധികാരിയെ കാണാവുന്നതാണ്.ഉത്തമമായ ഒരു നേതാവിനെ കാണാവുന്നതാണ്.തിരുദൂതരുടെ ജീവിതം മുഴുവൻ ഖുർആനിന്റെ മഹത്തായ ആശയങ്ങളുടെ നിലക്കാത്ത പ്രവാഹമാണ്. തിരുചര്യകളിൽ അനന്തമായി സ്ഫുരിക്കുന്ന സൽഗുണങ്ങളുടെ പൂന്തോട്ടം ഉണ്ടെന്ന് തിരിച്ചറിഞ്ഞവർക്കേ ആ ആശയങ്ങളെ ഉൾക്കൊള്ളനാവൂ...
Post a Comment