Followers

ഖുർആൻ;ദൈവികം ,ആധികാരികം,സവിശേഷം | HAFIZ LATHEEF CHIYYUR




 അല്ലാഹുവിൽ നിന്ന് അവതരിച്ചതാണെന്ന കാര്യം നിസ്സംശയം ഗ്രഹിക്കാൻ സാധിക്കും എന്നത് തന്നെയാണ് ഖുർആനിന്റെ ഏറ്റവും വലിയ സവിശേഷത. തിരു നബി ചുറ്റുമുണ്ടായിരുന്നവർക്ക് കൈമാറിയ അതേ പദാവലിയോടെ ഖുർആൻ ഇന്നും നില നിൽക്കുന്നു. അതിൽ യാതൊരു വിധ മാറ്റത്തിരുത്തലുകൾക്ക് സാധ്യത പോലും കടന്നുവന്നിട്ടില്ല. അവതരണ ഘട്ടം മുതൽ ഇന്ന് വരെ ലക്ഷോപ ലക്ഷം പേർ അത് ഹൃദ്യസ്ഥമാക്കിയിരിക്കുന്നു. ലോകത്ത് മറ്റൊരു വേദ ഗ്രന്ഥത്തിനും അവകാശപ്പെടാൻ സാധിക്കാത്ത സവിശേഷതയാണിത്. ഖുർആനിൽ പാലിക്കപ്പെടേണ്ട അതി സൂക്ഷ്മ നിയമങ്ങൾ വരെ യാതൊരു ഭംഗവും കൂടാതെ തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. ഗദ്യ - പദ്യ ശൈലികളിൽ നിന്ന് വ്യത്യസ്തമായ താള ഭംഗിയും, പാരായണ സൗകുമാര്യതയും തിരുനബിയുടെ കാലത്തുണ്ടായിരുന്ന അതേ തന്മയത്വത്തോടെ ഇന്നും നില നിൽക്കുന്നു.


വിശ്വാസിയുടെ ഭാഷയായ അറബിയിലാണ് ഖുർആൻ അവതരിച്ചിരിക്കുന്നന്ത്. ആറാം നൂറ്റാണ്ടിൽ തന്നെ സാഹിത്യത്തിന്റെ ഉന്നത ശിഖിരങ്ങളിൽ എത്തിച്ചേർന്ന ഏക ഭാഷയാണ് അറബി. എന്നാൽ അറബി സാഹിത്യത്തിൽ ഉണ്ടായിട്ടുള്ള ഏത് സാഹിത്യ കൃതിയെയും മറികടക്കുന്ന ഔന്നിത്യവും സമ്പൂർണതയും വിശുദ്ധ ഖുർആനിന് മാത്രം സ്വന്തമാണ്. ഉൽകൃഷ്ഠമായ ഒരു രചനക്കുണ്ടായിരിക്കേണ്ട മുഴുവൻ സാഹിത്യ ഗുണങ്ങൾക്കും മാതൃകയാണ് വിശുദ്ധ ഖുർആൻ. ഇസ്ലാമിന്റെ ഏറ്റവും കടുത്ത വിരോധികളിൽ പെട്ട സാഹിത്യ വിശാരദന്മാർ പോലും വിശുദ്ധ ഖുർആനിന്റെ വശ്യതക്ക് മുന്നിൽ അമ്പരന്നിട്ടുണ്ട്. പിൽക്കാലത്തെ അറബി ഭാഷയിൽ വ്യത്യസ്ത ശാഖകൾ നിലവിൽ വന്നപ്പോൾ അതിനെല്ലാം ആധാരമായി നിലകൊണ്ടത് ഖുർആനിന്റെ സാഹിതീയ സൗരഭ്യമാണ്.


ഖുർആന്റെ സംബോധിധരെ എക്കാലത്തും ആഴത്തിൽ സ്വാധീനിച്ച പ്രധാന ഘടകമാണ് അതിന്റെ വശ്യത. അവതരണ കാലത്ത് ശത്രുക്കൾ തന്നെ ഇത് പരസ്യമായി അംഗീകരിച്ചതാണ്. അവരുടെ പ്രധാന ഭയം അന്യ ദേശത്തുള്ളവർ ഖുർആൻ കേൾക്കാൻ ഇടയാവുക എന്നതായിരുന്നു. കേട്ടാൽ അതവരെ സ്വാധീനിക്കാതിരിക്കില്ല എന്നവർക്ക് പൂർണ ബോധ്യമുണ്ടായിരുന്നു.


വെറും 23 വർഷം കൊണ്ട് ലോകത്തെ ഏറ്റവും പതിതരായിരുന്ന ഒരു ജന വിഭാഗത്തെ ഏത് തരം സാമൂഹിക മാനദണ്ഡം വെച്ച് പരിശോധിച്ചാലും അത്യുന്നതമായ സാംസ്കാരിക നിലവാരത്തിലേക്ക് ഉയർത്തിയത് വിശുദ്ധ ഖുർആൻ ആണ്. അത് പരത്തിയ പ്രഭ ലോകം മുഴുവൻ പ്രസരിച്ചത് നിഷേധിക്കാൻ പറ്റാത്ത യഥാർഥ്യമാണ്. ഒറ്റയടിക്കൊരു ഗ്രന്ഥമായി അവതരിപ്പിക്കപ്പെട്ടതല്ല ഖുർആൻ. മറിച്ച് 23 വർഷം നീനിന്ന ഒരു കാല ഘടനയാണ് ഖുർആനിന്റെ അവതരണത്തിനായി അള്ളാഹു തിരഞ്ഞെടുത്തത്. വ്യത്യസ്ത സമയങ്ങളിലായി അവതരിപ്പിക്കപ്പെട്ട വചനങ്ങൾ ഒരുമിച്ച് കൂട്ടിയ ഖുർആനിൽ ഒരൊറ്റ വൈരുധ്യം പോലും ചൂണ്ടിക്കാണിക്കാൻ സാധിക്കാതിരിക്കുന്നത് അത് ദൈവിക ഗ്രന്ഥം ആയത് കൊണ്ട് തന്നെയാണ് എന്നതിൽ യാതൊരു സംശയവുമില്ല. മറ്റു പല മത വേദ ഗ്രന്തങ്ങളിലും ധാരാളം വൈരുധ്യങ്ങൾ ചൂണ്ടിക്കാണിക്കാൻ സാധിക്കുന്നതും ഇതുകൊണ്ട് തന്നെയാണ്.


വിഷയ വൈവിധ്യങ്ങളുടെ കലവറയാണ് വിശുദ്ധ ഖുർആൻ പല കാര്യങ്ങളും പ്രവചിച്ചിരിക്കുന്നു.ഖുർആൻ അവതരിപ്പിച്ച ഒന്നിനെയും തിരുത്താൻ ഇന്ന് വരെ ഒരാൾക്കും സാധ്യമായിട്ടില്ല. വിഫല സാഹസങ്ങൾ ഉണ്ടായിട്ടില്ല എന്നല്ല. കഴിഞ്ഞ പതിനാല് നൂറ്റാണ്ടിനിടയിൽ ധാരാളം തവണ അതുണ്ടായിട്ടുണ്ട്. എല്ലാം വ്യർത്ഥമായി എന്ന് മാത്രം. ഇനിയും അത് തുടരുക തന്നെ ചെയ്യും. കാരണം, അവരറിയുന്നതിനെയും അറിയുന്നവനാണ് അള്ളാഹു. അവൻ അറിയുന്നത് അവരൊട്ടും അറിയുകയുമില്ല...

No comments