ഖുർആൻ ഉദ്ഘോഷിക്കുന്ന സമൂഹം | ഹാഫിള് നിസാമുദ്ദീൻ വെളിമുക്ക്
മനുഷ്യൻ സാമൂഹിക ജീവിയാണെന്നതിൽ ഒരാൾക്കും അഭിപ്രായ വ്യത്യാസമുണ്ടാകില്ല.
സ്വാഭാവികമായും മനുഷ്യനെ പരിഗണിക്കുക, ആവശ്യമുള്ളത് സംവിധാനിക്കുക, ആവശ്യമില്ലാത്തത് തടയുക തുടങ്ങിയ എല്ലാ കാര്യങ്ങളും അടിസ്ഥാനപരമായി മടങ്ങുന്നത് അവന്റെ സാമൂഹ്യമായ അസ്തിത്വവും ആവശ്യകതയും കണ്ടറിഞ്ഞു കൊണ്ടാവണം. ഇതു തന്നെയാണ് പരിശുദ്ധ ഖുർആൻ മുന്നോട്ട് വെക്കുന്ന ആശയവും .
എന്തിനു ഖുർആൻ എന്ന അടിസ്ഥാന ചോദ്യത്തിനുള്ള ഒരുത്തരം മനുഷ്യൻ സാമൂഹ്യ ജീവിയായതുകൊണ്ട് എന്നാണ്. ഒറ്റപ്പെട്ട് ജീവിക്കുന്ന ഒരാൾക്ക് മനുഷ്യനും സ്രഷ്ടാവും തമ്മിലുള്ള ബന്ധത്തെ മാത്രമേ അറിയേണ്ടതുള്ളൂ. അതേസമയം സാമൂഹ്യ ജീവിയായ മനുഷ്യൻ ഇതുമാത്രം അറിഞ്ഞാൽ പോരാ. മനുഷ്യനും സ്രഷ്ടാവും തമ്മിലുള്ള ബന്ധം, മനുഷ്യനും സമൂഹവും തമ്മിലുള്ള ബന്ധം, മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം എന്നിത്യാദി കാര്യങ്ങളെല്ലാം അറിയണം. ഇതാണ് ഖുർആൻ ലക്ഷ്യം വെക്കുന്നതും പഠിപ്പിക്കുന്നതും. ഗുഹക്കുള്ളിൽ ഒറ്റക്കിരുന്ന് അള്ളാഹുവിനെ ആരാധിച്ചിരുന്ന ഒരു മനുഷ്യ സമൂഹത്തെ കുറിച്ചല്ല ഖുർആൻ പരിചയപ്പെടുത്തുന്നത്. മറിച്ച്, ഭൂമിയിലെ അള്ളാഹുവിന്റെ പ്രതിനിധിയായ മനുഷ്യനെയാണ്.
സാമൂഹ്യപരമായ നിലനിൽപ്പിന് വ്യക്തികളുടെ മാത്രം നിലനിൽപ്പുണ്ടായാൽ പോരാ. കുടുംബം, രാഷ്ട്രം തുടങ്ങിയ ഒട്ടനേകം ഘടകങ്ങൾ കൂടിയതാണ് സമൂഹം. ഇവയോടുള്ള സമീപനം ഖുർആനിന്റെ ചട്ടക്കൂടിൽ നിന്ന് ഒരിക്കലും പുറത്ത് കടക്കുന്നതല്ല. ഖുർആൻ എന്ത് കൊണ്ട് വ്യഭിചാരം നിഷിദ്ധമാക്കുകയും ശക്തമായ ശിക്ഷയുള്ള കുറ്റങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്തുവെന്നത് ഇപ്പറഞ്ഞതിൽ നിന്നും വ്യക്തമാണ്. കാരണം അത് സാമൂഹ്യ നില നിൽപ്പിനെ ബാധിക്കും. കുടുംബ ഭദ്രത സാമൂഹ്യ നിലനിൽപ്പിന്റെ അടിത്തറയാണ്.
മകൻ, മകൾ , പിതാവ് തുടങ്ങിയ എല്ലാ ചേരുവകളും നഷ്ടപെട്ട സമൂഹത്തെ സൃഷ്ടിക്കുകയാണ് വ്യഭിചാരം. അഥവാ കുടുംബമില്ലാത്ത സമൂഹം ഇസ്ലാം ഒരിക്കലും അംഗീകരിക്കുന്നതല്ല.
ഖുർആൻ പരിചയപ്പെടുത്തിയ മുഴുവൻ തിന്മകളും ഒഴിവാക്കേണ്ടത് സമൂഹത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണ്.
ഈ മൂല്യങ്ങൾക്ക് അപ്രസക്തി കാണിക്കുന്നവർ വ്യക്തി താൽപര്യങ്ങളെ , അഥവാ ഖുർആൻ പരിചയപ്പെടുത്തിയ തെറ്റിലേക്ക് ചായ്‌വ് കാണിക്കുന്ന മനുഷ്യ പ്രകൃതത്തെ മാത്രം മുന്നിൽ കാണുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്. സമൂഹം അവർക്കൊരു പ്രശ്നമേ ആയിരിക്കില്ല. ഖുർആൻ ഇതൊരിക്കലും അംഗീകരിക്കുന്നില്ല. അതിനാൽ ഉത്തമ സമൂഹത്തിന്റെ പിറവി ഖുർആന്റെ മാത്രം സംഭാവനയാണ്.
Post a Comment