Followers

ദൈവിക വെളിപാടുകളാണ് ഖുർആൻ | തഖിയുദ്ധീൻ കാവനൂർ



ഖുർആൻ ഒരു അത്ഭുതമാണ്. ഏഴാം നൂറ്റാണ്ടിൽ അവതരിച്ചിട്ട് കഴിഞ്ഞുപോയ ഇത്രയും യുഗങ്ങളിൽ അത് വിപ്ലവം സൃഷ്ടിച്ചു. ആശയ സമൃദ്ധിയുടെ അത്ഭുത ശോഭയിൽ അത് ഉലകങ്ങളെ പ്രകാശിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്. ഒരേസമയം ശാസ്ത്രവും സാഹിത്യവും തത്വശാസ്ത്രവും മതസംഹിതയും എല്ലാമായ ഖുർആൻ മറ്റാരെക്കാളും ബുദ്ധിജീവികളെയും ചിന്തകരെയുമാണ് ആകർഷിക്കുന്നത്. കൂടുതൽ താളപ്പൊരുത്തത്തോടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തിന് ഒരു സ്രഷ്ടാവ് ഉണ്ട്. ഏതൊരു മനുഷ്യ ബുദ്ധിക്കും ഉൾക്കൊള്ളാൻ സാധിക്കുന്ന വളരെ ലളിതമായ ഒരു യാഥാർത്ഥ്യമാണിത്. ഞെട്ടറ്റ് വീഴുന്ന ഒരു ഇല പോലും വ്യവസ്ഥാപിതമായ നിയമങ്ങൾക്ക് വിധേയമായിട്ടാണ്. ഏതൊരു സൃഷ്ടിജാലങ്ങളിലും കൃത്യമായ തത്വങ്ങളും വ്യവസ്ഥകളും നമുക്ക് കണ്ടെത്താനാകും. മനുഷ്യശരീരം തന്നെ എത്ര ശാസ്ത്രീയമായിട്ടാണ് പ്രവർത്തിക്കുന്നത്. ഇതൊക്കെ യാദൃശ്ചികം ആണെന്നും ഇവയ്ക്ക് പിന്നിലൊന്നും ഒരു ശക്തിയും ഇല്ലെന്നും ബുദ്ധിയുള്ള മനുഷ്യന് കരുതാനാകുമോ.?


ഒരു പുറം ശക്തി കൂടാതെ ഒരു വസ്തുവും മാറ്റത്തിന് വിധേയമാകുന്നില്ല എന്നത് യാഥാർത്ഥ്യമാണ്. ഒരു വടിയും സ്വയം മുറിയുന്നില്ല, വടിയുടേതല്ലാത്ത ഒരു ശക്തിയുടെ പ്രയോഗം മൂലമാണിത് മുറിയുന്നത്.
പച്ചപ്പഴം പഴുക്കുന്നതും മൃതദേഹം ദ്രവിക്കുന്നതും സ്വയം അല്ല. മറിച്ച് അവയുടെ തന്മാത്രകൾ അല്ലാത്ത പുറം ശക്തികളായ ചിലബാക്ടീരിയകൾ പ്രവർത്തിക്കുന്നത് മൂലമാണ്. എങ്കിൽ നിരന്തരം ചലിച്ചു കൊണ്ടിരിക്കുന്ന ഈ ലോകത്തിനും ഒരു ചാലകൻ ഉണ്ട്. ആ ചാലകൻ ലോകത്തിന്റെ ഘടകങ്ങൾ അല്ലാത്ത ഒരു പുറം ശക്തിയാണ്. ലോകത്തിലെ ഏത് ഘടകത്തെയും നീളം,വീതി,ആഴം,കാലം എന്നിവ ഏതെങ്കിലും കൊണ്ട് അവയെ അളക്കാവുന്നതാണ്. എന്നാൽ ഇവകൾ കൊണ്ട് അളക്കാൻ പറ്റാത്ത ഒരു ശക്തിയാണ് ലോകത്തിന്റെ ചാലകൻ. ആ ശക്തിക്ക് കേൾവിയും കാഴ്ചയും ഉണ്ടോ...? 
തീർച്ചയായും കാഴ്ചയും കേൾവിയും ബുദ്ധിയും ഉള്ള മനുഷ്യരെ സൃഷ്ടിച്ചവന് കാഴ്ചയും കേൾവിയും ഇല്ലാതിരിക്കാൻ ഒരു ന്യായവുമില്ല. ലോകത്തിന്റെ വിസ്മയകരമായ ഈ സംവിധാനങ്ങളിലൂടെ അവൻ കഴിവും ഉദ്ദേശവും നിയന്ത്രണവും ഒക്കെ ഉള്ളവനാണെന്ന് സംശയലേശമന്യേ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. കാഴ്ചയും കേൾവിയും കഴിവും അറിവും ഉദ്ദേശവും ഉള്ള ഒരു സ്രഷ്ടാവ് ഉണ്ടെങ്കിൽ അവൻ മൂകനായിരിക്കാൻ ഒരു വകുപ്പുമില്ല. സൃഷ്ടികളോട് അവൻ വല്ലതും സംസാരിക്കുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ട ബാധ്യത നമുക്കെല്ലാവർക്കും ഉണ്ട്. ഒരു രൂപമില്ലാത്ത സൃഷ്ടാവിന്റെ സംസാരം മനുഷ്യൻ എങ്ങനെ കേൾക്കാനാണ് എന്ന സംശയം പ്രസക്തമാണ്...


ദൈവത്തിൻറെ വചനങ്ങൾ ആണെന്ന് പരിചയപ്പെടുത്തുന്ന ധാരാളം കൃതികൾ ലോകത്ത് ഉണ്ട്. പക്ഷേ അവയൊന്നും തന്നെ സ്വന്തമായി ദൈവികത അവകാശപ്പെടുന്നില്ല. പക്ഷേ ഇവിടെ ഒരു ഗ്രന്ഥമുണ്ട്. ഖുർആൻ. അത് സൃഷ്ടാവായ അല്ലാഹുവിൽ നിന്ന് അവതീർണമായതാണെന്ന് ഇടയ്ക്കിടെ അവകാശവാദം ഉന്നയിച്ചു കൊണ്ടിരിക്കുന്നു. ദൈവം മനുഷ്യനോട് നേരിട്ട് സംസാരിക്കാറില്ല. മനുഷ്യരിൽ നിന്നും ചില ഉൽകൃഷ്ട മനുഷ്യരെ തിരഞ്ഞെടുക്കുകയും മലക്കുകൾ മുഖേന അവർക്ക് ദിവ്യബോധനം ചെയ്തുകൊടുക്കുകയും ചെയ്യുന്നു. ഇങ്ങനെ തെരഞ്ഞെടുക്കുന്ന അവസാന പ്രവാചകനാണ് മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം. ആ ദൂതനിലൂടെ അന്ത്യനാൾ വരെയുള്ള മനുഷ്യർക്ക് മൊത്തമായി അവതരിച്ച ദൈവിക വെളിപാടുകളാണ് ഖുർആൻ..


No comments