ഹൃദയ വിശുദ്ധിയാണ് ഖുർആൻ | HAFIZ ANEES MUKKAM
സത്യവിശ്വാസിയുടെ ജീവിത ഭരണഘടനയായി സൃഷ്ടാവായ അല്ലാഹു തആല നൽകിയ അവന്റെ വചനങ്ങളാണ് വിശുദ്ധ ഖുർആൻ.ഇതിലൂടെ സൃഷ്ടിചരാചരങ്ങളോട് അഭിമുഖമായി സംസാരിക്കുകയാണ് അവൻ .ജിബ്‌രീൽ(അ) മുഖേന മുത്ത് നബി(സ്വ)ക്ക് ഇറക്കപ്പെട്ട ഈ വിശുദ്ധ വചനങ്ങൾ പിൽക്കാലത്ത് മുസ്ഹഫായി ക്രോഡീക്കരിക്കപ്പെടുകയും ലോകത്ത് ഏറ്റവും കൂടുതൽ ഹൃദ്വിസ്ഥമാക്കപ്പെടുന്നതും നിരന്തരം പാരായണം ചെയ്യപ്പെടുന്നതുമായ ഒരു ഗ്രന്ഥമായി തീർന്നു.വിശുദ്ധ ഖുർആനിന്റെ അമാനുഷികതയും അത്യത്ഭുതങ്ങളും ലോകജനങ്ങൾ ഇന്നും സസൂക്ഷമം വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.അതിന്റെ സവിശേഷതകൾ, പ്രവചനങ്ങൾ,ആശയങ്ങൾ ഇവയെല്ലാം ഒട്ടും വീര്യം കുറയാതെ ഇന്നും ജനങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു.ഇത് ഇന്നും നാളെയും അവസാനിക്കുന്നതുമല്ല,മറിച്ച് ലോകാന്ത്യം വരെ തുടർന്ന്കൊണ്ടേയിരിക്കുകയും ചെയ്യും.
വിശുദ്ധ ഖുർആൻ നിരന്തരം പാരായണം ചെയ്യാനും അതനുസരിച്ച് ജീവിക്കാനും അല്ലാഹു നിർദ്ദേശിക്കുന്നുണ്ട്.ഈ ആജ്ഞ ഖുർആനിലും മുത്ത് നബിയുടെ തിരുവചനങ്ങളിലും ധാരാളം നമുക്ക് ദർശിക്കാൻ സാധിക്കും. സൂറതുൽ ഫാതിർ-29 ൽ കാണാം " നിശ്ചയം അല്ലാഹുവിന്റെ ഖുർആൻ പാരായണം ചെയ്യുകയും നമസ്കാരം കൃത്യമായി നിർവഹിക്കുകയും നാം നൽകിയ ധനം രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവർ പ്രത്യാശിക്കുന്നത് നഷ്ടം വരാത്ത കച്ചവടമത്രെ".
ഖുർആൻ പാരായണ മഹത്വം
ഖുർആൻ പാരായണത്തിന്റെ മഹത്വങ്ങൾ വിളിച്ചോതുന്ന നിരവധി ആയത്തുകളും ഹദീസുകളും ഉണ്ട്.خيركم من تعلم القران وعلمه ജനങ്ങളിൽ ഏറ്റവും ഉത്തമർ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണെന്ന് മുത്ത് നബിയുടെ തിരു വചനങ്ങളിൽ നമുക്ക് കാണാം.ജനങ്ങൾക്കിടയിൽ അല്ലാഹുവിന്റെ പ്രത്യേക വക്താക്കൾ എന്ന സ്ഥാനം അലങ്കരിക്കുന്ന ചിലരുണ്ട്. അനസ് ബ്നു മാലിക് (റ) പറയുന്നു: നബിതങ്ങൾ പറഞ്ഞു: ജനങ്ങൾക്കിടയിൽ അല്ലാഹുവിന്റെ ചില പ്രത്യേകക്കാരുണ്ട്.അപ്പോൾ സ്വഹാബത്ത് ചോദിച്ചു : ആരാണ് നബിയേ അവർ?നബി തങ്ങൾ പറഞ്ഞു: "ഖുർആനിന്റെ ആളുകളാണവർ.അവർ അല്ലാഹുവിന്റെ വക്താക്കളും പ്രത്യേകകാരുമാണ്". പ്രയാസം സഹിച്ചു ഖുർആൻ പാരായണം ചെയ്യുന്നവർക്ക് രണ്ട് പ്രതിഫലം അല്ലാഹു ഓഫർ ചെയ്യുന്നുണ്ട്.ഒന്ന് ഖുർആൻ പാരായണം ചെയ്യുന്നതിനും മറ്റൊന്ന് പ്രയാസം സഹിച്ചുകൊണ്ട് ഓതുന്നതിനും എന്ന് ഹദീസിൽ കാണാം .ആരെങ്കിലും അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്ന് ഒരക്ഷരം പാരായണം ചെയ്താൽ അവന് ഒരു നന്മയുണ്ട്.ഓരോ നന്മയും പത്തിരട്ടിയുമാണ്.മുത്തുനബി തങ്ങൾ പറയുന്നുണ്ടല്ലോ.. അലിഫ് ലാം മീം എന്നത് ഒരു അക്ഷരമാണ് എന്നു ഞാൻ പറയുന്നില്ല.മറിച്ച് അലിഫ് ഒരു ഹർഫ് ആണ്.ലാം ഒരു ഹർഫാണ്.മീം മറ്റൊരു ഹർഫുമാണ്. അപ്പോൾ 19 അക്ഷരമുള്ള ബിസ്മി പൂർണ്ണമായും നാം ഒരു തവണ പാരായണം ചെയ്താൽ 190 നന്മ ചുരുങ്ങിയത് നമുക്ക് അല്ലാഹു നൽകുകയാണ്.മാത്രമല്ല,വിശുദ്ധ ഖുർആനിലേക്ക് കേവലം നോക്കിനിൽക്കുന്നത് വരെ വലിയ പുണ്യകർമ്മവും പാപമോചനത്തിന് കാരണവുമാണ്.തലച്ചോറിനും ആത്മാവിനും പോഷണം ലഭിക്കാനും ഇരുലോക വിജയം കരസ്ഥമാക്കാനും ശരീരം രോഗമുക്തമാകാനും ഖുർആനിലേക്കുള്ള നോട്ടം അധികരിപ്പിക്കലിനേക്കാൾ മികച്ച മറ്റൊരു മരുന്നും എനിക്കറിയില്ലെന്ന ചില മഹത്തുക്കളുടെ വാക്കുകൾ ഇവിടെ ശ്രദ്ധേയമാണ്.
ഖുർആൻ പാരായണ മര്യാദകൾ
വിശുദ്ധ ഖുർആൻ ഓതുമ്പോഴും സ്പർശിക്കുമ്പോഴും ചില നിബന്ധനകൾ ഇസ്ലാം നിർദ്ദേശിക്കുന്നുണ്ട്. പൂർണ്ണശുദ്ധിയുള്ളവർ മാത്രമേ സ്പർശിക്കാൻ പാടുള്ളൂ എന്നത് അവിതർക്കിതമാണ്.ചെറിയ അശുദ്ധിയുള്ളവർക്ക് വിശുദ്ധ ഖുർആനിന്റെ സ്പർശനം പാടില്ല .ഹൈള്,നിഫാസ്,ജനാബത്ത് കാരണം അശുദ്ധിയായവർ വിശുദ്ധ ഖുർആൻ ഓതാനും സ്പർശിക്കാനും പാടില്ല.അംഗ ശുദ്ധി വരുത്തിയും ബ്രഷ് ചെയ്തും വളരെ നല്ല വൃത്തിയുള്ള സ്ഥലത്ത് വെച്ചും ആയിരിക്കണം വിശുദ്ധ ഖുർആനിന്റെ പാരായണം നടക്കേണ്ടത്.ബിബ്‌ലയിലേക്ക് തിരിഞ്ഞുകൊണ്ട് ശാന്തനായി തലതാഴ്ത്തി വിനയത്തോടെയാണ് വിശുദ്ധ ഖുർആൻ ഓതേണ്ടത്.പള്ളിയിൽനിന്നുള്ള ഖുർആൻ പാരായണമാണ് അത്യുത്തമം.'അഊദു' കൊണ്ട് തുടങ്ങലാണ് അഭികാമ്യം.പാരായണത്തിനിടയിൽ ഖുർആനിന്റെ പവിത്രതയോട് യോജിക്കാത്ത അശ്രദ്ധ,വിനോദം തുടങ്ങിയവ പൂർണ്ണമായും ഒഴിവാക്കൽ അനിവാര്യമാണ്.അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ സംസാരം പാടുള്ളൂ.റഹ്മത്തിന്റെ ആയത്തുകൾ ഓതുമ്പോൾ അല്ലാഹുവിനോട് റഹ്മത്തിനെ തേടുന്നതും ശിക്ഷയുടെ ആയത്തുകൾ ഓതുമ്പോൾ കാവലിനെ തേടുന്നതും പാരായണ മര്യാദയിൽ പെട്ടതാണ്.
പാരായണത്തിന് ഉത്തമ സമയം
നിസ്കാരത്തിൽ ഖുർആൻ പാരായണം ചെയ്യുന്നതിനാണ് കൂടുതൽ പുണ്യം.രാത്രി സമയങ്ങളിലാകുന്നതും നല്ലതാണ്.രാത്രിയിൽ തന്നെ അർദ്ധ സമയത്തുള്ള പാരായണത്തിനാണ് കൂടുതൽ മഹത്വം.ഇഷാ മഗ്‌രിബിന്റെ ഇടയിലുള്ള പാരായണത്തിനും വലിയ പുണ്യമുണ്ട്.പകലിൽ ഏറ്റവും പുണ്യമുള്ള സമയം സുബഹിക്ക് ശേഷമാണ്.
വിശുദ്ധ ഖുർആനിലെ ചില പ്രത്യേക സൂറത്തുകളും ആയത്തുകളും
വിശുദ്ധ ഖുർആനിൽ 114 സൂറതുകൾ ഉണ്ട്.അവ മുഴുവനും വളരെയേറെ പ്രത്യേകതകളും മഹത്വങ്ങളും പ്രാധാന്യവും ഉൾക്കൊള്ളുന്നതാകുന്നു.എന്നിരുന്നാലും,ഒരു വിശ്വാസിയെ സംബന്ധിച്ചടുത്തോളം അവന്റെ ജീവിതത്തിൽ നിത്യമാക്കേണ്ട ചില സൂറത്തുകളും ആയത്തുകളും വിശുദ്ധ ഹദീസുകളിലും മഹത് വചനങ്ങളിലും നമുക്ക് കാണാം.പ്രതിസന്ധി ഘട്ടങ്ങളിൽ പതറിപ്പോകാതിരിക്കാൻ പാരായണം ചെയ്തി പ്രാർത്ഥിക്കാനുള്ള സൂറത്താണ് സൂറത്ത് യാസീൻ.ഖുർആൻ മുഴുവനായും ധാരാളം പ്രാവശ്യം ഓതിത്തീർത്ത പ്രതിഫലമടക്കം ഒട്ടേറെ മഹത്വങ്ങൾ അടങ്ങിയ സുറത്താണിത്.ദാരിദ്ര്യത്തിൽ നിന്നും മുക്തി നേടാൻ സൂറത്ത് വാഖിഅയും ഖബ്റ് ശിക്ഷയിൽ നിന്നുള്ള രക്ഷയ്ക്ക് സൂറത്ത് മുൽകും പാരായണം ചെയ്യുക എന്ന് ഹദീസുകളിൽ കാണാം.വെള്ളിയാഴ്ച ദിവസം സൂറതുൽ കഹ്ഫ് പാരായണം ചെയ്യൽ വലിയ പുണ്യകർമ്മമാകുന്നു.
വിശുദ്ധ ഖുർആനിലെ ആയത്തുകളിൽ അതിപ്രധാനമാകുന്നു ആയത്തുൽ കുർസിയ്യ്.ജീവിതത്തിന്റെ ഏത് ഘട്ടത്തിലും ഈ ആയത്തുകൾ വലിയ കവചമാണ്.നിസ്കാര ശേഷം ഓതിയാൽ സ്വർഗ്ഗ പ്രവേശത്തിന് മരണം മാത്രമേ തടസ്സമുള്ളൂ എന്ന് ഹദീസിൽ കാണാം.
ഖുർആൻ കൊണ്ട് വിജയിക്കുന്ന സത്യവിശ്വാസികളിൽ നമ്മെ ഏവരെയും അല്ലാഹു ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ...ആമീൻ.
Post a Comment