മുത്ത് നബി ﷺ യെ സ്നേഹിക്കാം,മാതൃകയാക്കാം | ഹാഫിള് മുഹമ്മദ് സ്വാലിഹ് വെണ്ണക്കോട്
നല്ലവരായി ജീവിച്ചു നല്ലവരായി മരിക്കാനാണല്ലോ നാമെല്ലാം ആഗ്രഹിക്കുന്നത്.ജന്മം ആ ഒരു പ്രകൃതത്തിലാണെങ്കിലും സാഹചര്യങ്ങൾ പലപ്പോഴും നമ്മെ വഴിതെറ്റിക്കുന്നു.കുടുംബം,അയൽപക്കം,സൗഹൃദം,സമൂഹം,പാർട്ടി,പ്രസ്ഥാനം തുടങ്ങിയവ ജീവിതത്തെ നന്നായി സ്വാധീനിക്കുന്നുണ്ട്.സ്വഭാവം, സംസ്കാരം വ്യത്യസ്തമാക്കുന്നുണ്ട്.
ഈ വ്യത്യസ്തതകളിൽ നിന്നും ശെരിയേതെന്ന് തിരിച്ചറിഞ്ഞു പ്രയോഗവൽക്കരിക്കുന്നിടത്താണ് ജീവിതം നന്മ പൂർണമാകുന്നത്.അതിനു വേണ്ടിയാണ് ഇതര ജീവികളിൽ നിന്ന് വ്യത്യസ്തമായി ബുദ്ധിയും, ചിന്താശേഷിയും മനുഷ്യനിൽ സംവിധാനിക്കപ്പെട്ടതും.ഈ സവിശേഷതകൾ പ്രകടിപ്പിക്കുമ്പോൾ മാത്രമാണ് നാം യഥാർത്ഥ മനുഷ്യരായിത്തീരുന്നത്.
എന്ത് ചിന്തിക്കണം എന്നത് പ്രധാനമാണ്.അത്യന്തികമായി ഈ ലോകത്തിനും നമുക്കും ഗുണകരമാവുന്നതിലാണ് ചിന്തകൾ കേന്ദ്രീകരിക്കേണ്ടത്.എന്തിന് നാം സൃഷ്ടിക്കപ്പെട്ടു?ഈ ജീവിതത്തിന്റെ ലക്ഷ്യമെന്ത്?ഇതര ജീവികളിൽ നിന്നും വ്യത്യസ്തമായി മനുഷ്യന് മനോഹരമായ ഈ സൃഷ്ടി നൽകിയതെന്തിന്?ചിന്തയും ബുദ്ധിയും നമ്മിൽ മാത്രം എന്തിന് സംവിധാനിച്ചു ?വൈവിധ്യങ്ങൾ നിറഞ്ഞ ലോകത്ത് ഏതൊക്കെ തിരഞ്ഞെടുക്കണം?പാടില്ലാത്തതെതെല്ലാം?....തുടങ്ങി വലിയൊരു ചിന്താലോകം തന്നെ ഓരോരുത്തരിലും കെട്ടിപ്പടുക്കേണ്ടതുണ്ട്.
ശെരിയായ ചിന്തകൾ നന്മകളാൽ സമൃദ്ധമായൊരിടത്തേക്ക്
നമ്മെ എത്തിക്കും.സ്നേഹം,കാരുണ്യം,സന്തോഷം,സത്യം,നീതി… നിറഞ്ഞ മനോഹരമായൊരിടം.ആ ഇടത്തേക്കാണ് നബി (സ്വ) യുടെ അധ്യാപനങ്ങൾ,ജീവിത ദർശനങ്ങൾ നയിക്കുന്നത്.അവിടുന്ന് പഠിപ്പിച്ച ഓരോന്നും ഇഴകീറി പരിശോധിച്ചു നോക്കൂ...ദോഷകരമായതോ വൈരുധ്യമുള്ളതോ മോശമായതോ കണ്ടെത്താൻ സാധ്യമല്ല.പൂർണമായും നീതിയുക്തമായ സ്നേഹ സമ്പന്നമായ നന്മകൾ നിറഞ്ഞ നല്ലൊരു ജീവിതം കെട്ടിപ്പടുക്കാൻ വേണ്ടതെല്ലാം അതിൽ അടങ്ങിയിട്ടുണ്ട്.ഇത് ഖുർആൻ തന്നെ ഓർമ്മപ്പെടുത്തുന്നു.
لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ
"തീർച്ചയായും,നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍നിന്നുള്ളതെല്ലാം മികച്ച മാതൃകകളാണ്".
യഥാർത്ഥ വിശ്വാസി അവിടുത്തെ പൂർണമായും അനുധാവനം ചെയ്യുന്നവനായിരിക്കും.സമൂഹത്തിലെ പടുവൃക്ഷമായവൻ മാറുന്നു.അഭയവും ആശ്വാസവും സ്വാന്തനവും നൽകുന്ന അറിവിനും അന്തസ്സിനും വഴിയൊരുക്കുന്ന നന്മകൾ മാത്രം സമ്മാനിക്കുന്ന മഹാ വൃക്ഷം.മാതൃകാ ജീവിതത്തിലൂടെ സമൂഹത്തിലെ ആദരവ് നേടിയെടുക്കാൻ അവന്ന് സാധിക്കും.വിഷമങ്ങൾ സഹിക്കേണ്ടി വരില്ല.പരാജയങ്ങൾ രുചിക്കേണ്ടി വരില്ല.ദുഃഖങ്ങളും ആസ്വാദനങ്ങളായി മാറുന്ന പ്രതിഭാസം കൂടിയാണീ അനുധാവനം.നിഖില മേഖലകളിലും സന്തോഷങ്ങൾ മാത്രമായിരിക്കും.ഇവിടം മാത്രമല്ല,വരാനിരിക്കുന്ന അനശ്വര ലോകത്തും.
എല്ലാ മേഖലകളിലും മുത്ത് നബി (സ്വ)യിൽ മാതൃകയുണ്ട്.സ്വഭാവ മഹിമയും ഇടപെടലുകളും വർണനാധീതമാണ്.കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതിരൂപവുമാണ്.കുടുംബത്തിലെ മാന്യനാണ് യഥാർത്ഥ മാന്യനെന്ന് പഠിപ്പിക്കുകയും ജീവിതം കൊണ്ട് കാണിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി ഭാര്യമാരുണ്ടായിട്ടും ഒരാൾക്കും പരാതിയോ പരിഭവമോ ഉണ്ടായിട്ടില്ല.അനാഥരെ താലോലിക്കുമായിരുന്നു.അവർക്ക് സംരക്ഷണം നൽകുന്നവരെ അങ്ങേയറ്റം സ്നേഹിക്കുകയും സ്വർഗത്തിൽ പോലും അവരോടൊപ്പം ഞാനുണ്ടാകുമെന്ന് പഠിപ്പിക്കുകയും ചെയ്തു.ആവശ്യമുന്നയിച്ചു വന്ന ഒരാളെയും നിരാശപ്പെടുത്തിയിട്ടില്ല.വാഗ്ദത്തം ഒരിക്കൽ പോലും ലംഘിച്ചിട്ടില്ല.തമാശ രൂപേണ പോലും കള്ളം പറഞ്ഞിട്ടില്ല. ശത്രുക്കൾ പോലും അൽഅമീൻ (സത്യസന്ധൻ )എന്നാണ് വിളിച്ചിരുന്നത്.മദ്യം രുചിച്ചിട്ടില്ല.സമൂഹത്തിൽ മോശമായി കാണുന്ന ഒന്നും അവിടുത്തെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല. കുട്ടിക്കാലത് പോലും മാന്യതയും സൂക്ഷ്മതയും നിറഞ്ഞ പരിശുദ്ധ ജീവിതമായിരുന്നു.ഒരാളെയും കുറ്റം പറഞ്ഞിട്ടില്ല,വിഷമിപ്പിച്ചിട്ടില്ല. വിനയത്തിന്റെ പ്രതിരൂപമായിരുന്നു. എല്ലാവരോടും സ്നേഹ സമീപനങ്ങൾ മാത്രം.ദാന ശീലം കൂടുതലായിരുന്നു.കച്ചവടം ചെയ്തിട്ടുണ്ട്.സ്വകരങ്ങളാൽ നൂറുകണക്കിന് മരങ്ങൾ വെച്ചുപിടിപ്പിക്കുകയും പ്രചോദനം നൽകുകയും ചെയ്തിട്ടുണ്ട്.ആടിനെ നോക്കിയിട്ടുണ്ട്.പലപ്പോഴും ആതിഥേയാനായിട്ടുണ്ട്.പലയിടത്തും അതിഥിയായെത്തിയിട്ടുണ്ട്.യുദ്ധം നയിച്ചിട്ടുണ്ട്. അധ്യാപനം നടത്തിയിട്ടുണ്ട്. അധ്വാനിച്ചിട്ടുണ്ട്.നിരവധി ത്യാഗപൂർണ യാത്രകൾ നടത്തിയിട്ടുണ്ട്.എല്ലാറ്റിലും ആ മാതൃകാ ജീവിതം മികച്ചു നിൽക്കുന്നു.
ആരോപണങ്ങൾക്കൊന്നും ചെവികൊടുത്തില്ല.ക്രിയാത്മക ആശയങ്ങൾക്ക് പ്രോത്സാഹനവും അനുവാദവും നൽകുമായിരുന്നു.ക്ഷമയുടെ അങ്ങേയറ്റമായിരുന്നു.കല്ലെറിഞ്ഞും ചീമുട്ടയെറിഞ്ഞും വേദനിപ്പിച്ച താഇഫിലെ ജനതയെ ഞാൻ കൈകാര്യം ചെയ്യാമെന്ന് ജിബ്‌രീൽ(അ) പറഞ്ഞപ്പോൾ പോലും വേണ്ടെന്ന് പറഞ്ഞ മനസ്സ് എത്രമാത്രം വിശാലമാണ്!.ഇടപെടലുകൾ തന്ത്രപരമായിരുന്നു. കബയുടെ പ്രധാന ഭാഗം ഹജറുൽ അസ്‌വദ് സ്ഥാപിക്കുന്നതിൽ തർക്കിച്ച 4 ഗോത്ര നേതൃത്വത്തെയും പക്വമായി കൈകാര്യം ചെയ്ത് പരിഹരിച്ചത് മാതൃകാപരമായിരുന്നല്ലോ.ദുർഗന്ധം വമിക്കുന്ന മാലിന്യം വഴിയിൽ നിക്ഷേപിക്കുന്നത് പതിവാക്കിയ സ്ത്രീയും രോഗിയായപ്പോൾ സ്വാന്തനപ്പെടുത്താൻ നബി (സ്വ )എത്തിയിട്ടുണ്ട്.പള്ളി വൃത്തിയാക്കിയിരുന്ന സ്ത്രീയുടെ മരണവാർത്ത അറിയിക്കാത്തത്തിൽ പരിഭവം പറഞ്ഞിട്ടുണ്ട്.പരിഗണിക്കുന്നതിൽ പാവങ്ങൾ,പണക്കാരൻ എന്ന വേർതിരിവുണ്ടായിട്ടില്ല. വെളുത്തവൻ കറുത്തവൻ,തറവാടുള്ളവർ ഇല്ലാത്തവർ എന്ന വിവേചനങ്ങളില്ല.ബിലാലും(റ),സൽമാനുൽ ഫാരിസി(റ)യും പരിഗണനയിൽ സമന്മാരായിരുന്നു.സ്വഭാവം അങ്ങേയറ്റം മഹിതമായിരുന്നു.വെള്ളത്തിൽ വീണ തേൾ പലതവണ കടിച്ചിട്ടും രക്ഷിക്കുന്നതിൽ നിന്നും പിന്മാറിയില്ല.10 വർഷക്കാലം തനിക്കായി സേവനം ചെയ്ത അനസ് (റ) വിന് ഒരു പരാതിയും പറയാനുണ്ടായിരുന്നില്ല.ദേഷ്യപ്പെട്ട ഒരു സന്ദർഭവും ഓർക്കാനില്ല.ഭാര്യമാർക്കോ അനുചരർക്കോ പരാതികളുണ്ടായിട്ടില്ല.ഒരു മൈനസ് പോയിന്റ് പോലുമില്ല. ശത്രുക്കൾ പോലും രഹസ്യമായി അംഗീകരിച്ചതാണല്ലോ ചരിത്രം.അഹങ്കാരം പരസ്യപ്പെടുത്താനനുവദിച്ചില്ലെന്ന് മാത്രം.പ്രായമുള്ളവർക്കാശ്വാസമായിരുന്നു.വൃദ്ധയുടെ വിറക് ചുമന്ന് വീട്ടിലെത്തിച്ച ചരിത്രം മുന്നിലുണ്ട്.യുദ്ധമുഖത്ത് പോലും പ്രായമുള്ളവരെയും സ്ത്രീകൾ,കുട്ടികളെയും ആക്രമിക്കുന്നത് വിലക്കിരുന്നു.അനുചരരെ കാണാതിരുന്നാൽ തിരക്കുമായിരുന്നു.അവരോടു വല്ലാത്ത സ്നേഹമായിരുന്നു.വിഷമങ്ങൾ തീർത്തു കൊടുക്കും.ആഗ്രഹങ്ങൾ സാധിപ്പിച്ചു കൊടുക്കും.സ്നേഹിച്ചവർക്കും,സഹായിച്ചവർക്കൊന്നും പകരം നൽകാതിരുന്നിട്ടില്ല. പ്രതിസന്ധി ഘട്ടങ്ങളിലെ ചില സഹായങ്ങൾക്ക് സ്വർഗസന്തോഷം
വരെ നൽകിയിട്ടുണ്ട്.അഷറത്തുൽ മുബഷിരീൻ എന്നവർ അറിയപ്പെടുന്നു.അപ്രതീക്ഷിതമായി പാതിരാവിൽ ശുദ്ധീകരണത്തിനുള്ള വെള്ളമെത്തിച്ച റബീഅ (റ)വിന് പകരമായി എന്ത് വേണമെന്ന് ചോദിച്ചപ്പോൾ സ്വർഗത്തിലും അങ്ങയോട് ചേർന്ന് നിൽക്കണം എന്ന ആവശ്യവും നൽകാമെന്നാണ് നബി സ്വ വാഗ്ദത്തം ചെയ്തത്.അനുയായികളുടെ സ്നേഹം അവിടുത്തെ പെരുമാറ്റത്തിന്റെ ഫലമായിരുന്നു.ഖുർആൻ 3:159 ഇത് സൂചിപ്പിക്കുന്നത് കാണാം.യുദ്ധമുഖത്ത് സ്വന്തം ശരീരത്തിൽ അമ്പ് തറച്ചാലും തങ്ങൾക്ക് ഒന്നും സംഭവിക്കാതിരിക്കരുതെന്ന നിർബന്ധമായിരുന്നു അവർക്ക്.അവിടുത്തെ ഉമിനീർ പോലും ഭൂമിയിൽ പതിക്കാൻ അനുവദിച്ചില്ല.സമ്പത്തിനോടോ ഭൗതികതയോടോ ആർത്തിയുണ്ടായിട്ടില്ല.പർവ്വത സമാന സ്വർണം നൽകാമെന്ന് ജിബ്‌രീൽ (അ) അറിയിച്ചപ്പോൾ പോലും വേണ്ടെന്ന് വെച്ചവരാണ്.ലളിത ജീവിതമായിരുന്നു ആഗ്രഹിച്ചത്.കയ്യിലുള്ളത് മുഴുവൻ ധർമ്മം ചെയ്യാനാണ് ഇഷ്ടം.ഒരല്പം സ്വത്ത് വീട്ടിൽ ബാക്കിയായത് ഓർമ വന്നപ്പോൾ പള്ളിയിൽ നിന്ന് ഓടി വന്ന് ധർമ്മം ചെയ്ത ഉദാരമനസ്സിന്നുടമയാണ്.മികച്ചൊരു അദ്ധ്യാപകൻ കൂടിയായിരുന്നു.അവിടുന്ന് പഠിപ്പിച്ച അറിവും സംസ്കാരവും സ്വഹാബത്(അനുചരർ )ന്റെ ജീവിതം വായിച്ചാൽ നമുക്ക് ബോദ്ധ്യപ്പെടും.അവരുടെ അച്ചടക്കം കണ്ടാൽ പക്ഷികൾ പോലും തലയിൽ വന്നിരുന്നു പോകും.സൂചി നിലത്തിട്ടാൽ പോലും ശബ്ദം കേൾക്കുന്ന അച്ചടക്കം.സന്ദർഭോചിതമായി മാത്രം വിഷയങ്ങൾ സംസാരിക്കും.ചിലത് 3 തവണ ആവർത്തിക്കുന്നതും പതിവായിരുന്നു.അറിയാത്തതൊന്നും ഉണ്ടായിരുന്നില്ല.ഭൗതികവും അഭൗതികവും കൃത്യമായറിയാം.അള്ളാഹു എല്ലാം നൽകി അനുഗ്രഹിച്ച നേതാവാണ് നമ്മുടെ നേതാവ് ആരംഭ റസൂൽ (സ്വ).എല്ലാ സൃഷ്ടികൾക്കും നേതാവാണ്.രണ്ടു ലോകത്തേക്കുമുള്ള നേതാവാണ്.
അനിവാര്യ ഘട്ടങ്ങളിൽ യുദ്ധങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.വിജയിപ്പിച്ചിട്ടുമുണ്ട്.മുമ്പ് പതിവില്ലാതിരുന്ന അണിയായി നിൽക്കൽ നബി (സ)തങ്ങളുടെ യുദ്ധ തന്ത്രം കൂടിയായിരുന്നു.ഭൂരിപക്ഷം വരുന്ന ശത്രുക്കളെപ്പോലും ചുരുങ്ങിയ അനുചരരെക്കൊണ്ട് പരാജയപ്പെടുത്തിയിട്ടുണ്ട്.അതിനുദാഹരണമാണ് ബദ്ർ.ശത്രുക്കൾക്ക് പോലും മാപ്പ് നൽകുന്ന വിശാലതയായിരുന്നു.വാളെടുത്തു കഴുത്തിൽ വെച്ച് ആര് രക്ഷിക്കുമെന്ന് ചോദിച്ച ശത്രുവിനോട് 'അല്ലാഹ് 'എന്ന മറുപടിയിൽ വാൾ നിലത്തു വീണപ്പോൾ ആ വാളെടുത്തു തിരിച്ചു നൽകി വെറുതെ വിട്ടകാരുണ്യമാണ് മുത്ത് നബി (സ്വ)."എനിക്കേറ്റവും വെറുപ്പുള്ള വ്യക്തി നിങ്ങളും മതം ഇസ്‌ലാമുമായിരുന്നു.ഇപ്പൊ അങ്ങേയേക്കാൾ ഇഷ്ടം മാറ്റാരോടുമില്ലെന്നത് പറഞ്ഞു ഇസ്ലാം പുൽകിയ ചരിത്രം പ്രസിദ്ധമാണ്.കൊടിയ ശത്രുവായിരുന്നിട്ടും 3 ദിവസശേഷം വെറുതെ വിട്ടു.മറ്റു ജീവികൾക്ക് പോലും കാരുണ്യമായിരുന്നു.വിഷമവുമായി വന്ന മാൻപേടക്ക് സന്തോഷം നൽകിയിട്ടുണ്ട്.എല്ലാ സൃഷ്ടിപ്പിനും കാരുണ്യമാണ് മുത്ത് നബി (സ്വ)(ഖുർആൻ 21:107).
ഒഴുകുന്ന നദിയിൽ നിന്നാണെങ്കിലും അമിതമായി ഒരു തുള്ളിപോലും ചിലവഴിക്കരുതെന്ന പാഠം, ലോകമവസാനിക്കുകയാണെങ്കിൽ പോലും കയ്യിലുള്ള തൈ നടണമെന്ന അധ്യാപനവും പ്രകൃതി സ്നേഹത്തിന്റെ ഉത്തമോദാഹരണമല്ലേ..ഇടയ്ക്കിടെ ദന്ത ശുദ്ധീകരണം നിർബന്ധം പോലെ നിർവഹിക്കണമെന്നും, മ്ലേച്ഛതയെ ഒഴിവാക്കുന്നതും, ഭക്ഷണത്തിനു മുമ്പും ശേഷവും കൈകളും പാത്രവും കഴുകി വൃത്തിയാക്കണമെന്നും, ബാത്‌റൂമിൽ ചെരുപ്പ് ഉപയോഗിക്കണമെന്നും ഇടത് വശത്തേക്ക് ചെരിഞ്ഞിരിക്കണമെന്നും അവിടെ കൂടുതൽസമയം ചിലവഴിക്കരുതെന്നും, തുടങ്ങിയ പാഠങ്ങൾ വൃത്തിയും ആരോഗ്യ സംരക്ഷണവും നിലനിർത്തുന്നതിനുള്ള കൃത്യമായ പഠനങ്ങൾ അല്ലെ!. ശാസ്ത്രവും സാങ്കേതികതയും ഇല്ലാത്ത 1400 വർഷം മുന്നേ നൽകിയ പാഠങ്ങളാണ് ഇവ എന്നിടത്താണ് അവിടുത്തെ മാതൃകയുടെ കൃത്യത കൂടുതൽ ബോധ്യപ്പെടുന്നത്. അണുക്കളെയും ഹാനികരമാവുന്ന കാര്യങ്ങളെയും സംബന്ധിച്ച് ശാസ്ത്രം കണ്ടെത്തും മുൻപും മുസ്ലിം ലോകത്തിന് കൃത്യമായ ദിശാബോധമുണ്ടെന്നതല്ലേ ഇതിൽ നിന്നും വ്യക്തമാകുന്നത്.ഭക്ഷണ രീതി കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്.തൊട്ടു മുൻപും പിൻപും വെള്ളം കുടിക്കരുതെന്നും വയർ നിറക്കരുതെന്നും വിശക്കും മുന്നേ വല്ലതും കഴിക്കണമെന്നും ഇടയ്ക്കിടെ വ്രതം നല്ലതാണെന്നും എന്നാൽ സ്ഥിരമാക്കരുതെന്നും രാത്രി നേരത്തെ ഭക്ഷണം കഴിക്കണമെന്നും വ്രതം മുറിക്കുമ്പോൾ കാരക്കയും പിന്നെ വെള്ളവുമാണ് നല്ലതെന്നുമുള്ള ഭക്ഷണ ക്രമീകരണം ശാസ്ത്രം ഈയടുത്തല്ലേ കണ്ടെത്തിയത്.അതിനു മുന്നേ മുത്ത് നബി (സ്വ)എല്ലാം കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്.അതു കൊണ്ട് തന്നെയാണ് അന്ന് രോഗങ്ങൾ കുറഞ്ഞിരുന്നതും.രാജാവിൽ നിന്നും സമ്മാനമായി ലഭിച്ച വൈദ്യൻ മാസങ്ങൾ വെറുതെ നിൽക്കേണ്ടി വന്നതാണ് ചരിത്രം.രോഗികളില്ലാത്തതിനാൽ തിരിച്ചു പോവുകയും ചെയ്തു.ആരോഗ്യപൂർണമായ സമൂഹത്തെ സൃഷ്ടിക്കാൻ നബി തങ്ങൾക്ക് കഴിഞ്ഞിരുന്നു.മദ്യം,ലഹരി, മ്ലേച്ഛതയുള്ളവ തുടങ്ങി ഹാനികരമായ പലതും ഇസ്ലാമിൽ നിഷിദ്ധമാണ്.ഭക്ഷണത്തിൽ നല്ലതും മോശവും കൃത്യമായി വേർതിരിച്ചു നൽകിയിട്ടുണ്ട്.തിബ്ബ് ന്നബി(നബി തങ്ങൾ പഠിപ്പിച്ച ആരോഗ്യ സംരക്ഷണ രീതികൾ )വിശദീകരിക്കുന്ന നിരവധി ബ്രഹത്തായ രചനകൾ തന്നെ ലോകത്ത് നിലനിൽക്കുന്നുണ്ട്. മെഡിക്കൽ കോളേജുകളിൽ പോലും പഠിപ്പിക്കപ്പെടുന്നുമുണ്ട്.ആരോഗ്യരംഗം മാത്രമല്ല,എല്ലാ ശാസ്ത്ര ശാഖകളിലും കൃത്യമായ മാതൃക അവിടുന്ന് പഠിപ്പിച്ചു തന്നിട്ടുണ്ട്.ഇത്ര കൃത്യമായി മറ്റേത് മതത്തിലാണ് കാണാൻ കഴിയുക.
കാരുണ്യതിന്നതിരുകളില്ല.സ്ത്രീകളോട്, കുട്ടികളോട്, മാതാപിതാക്കളോട്, ഗുരുനാഥന്മാരോട്,ശിഷ്യരോട് അനുയായികളോട് നേതൃത്വത്തോട്, അയൽവാസികളോട്,വിശ്വാസികളോട്,ഇതര മതസ്ഥരോട്,ഇതര ജീവജാലങ്ങളോട് എങ്ങനെ ഇടപെടണമെന്ന് കൃത്യമായി വരച്ചു കാണിച്ചു തന്നു.ചേതന അചേതന വസ്തുക്കളോടു പോലും കാരുണ്യമുള്ളവരായിരുന്നു പുണ്യ റസൂൽ (സ്വ).പള്ളിയിലെ ഈത്തപ്പന മിമ്പർ കരഞ്ഞതും സ്വർഗത്തിൽ സ്ഥാനമുണ്ടെന്ന് നബി (സ്വ) ആശ്വസിപ്പിച്ചതും ആ കാരുണ്യം അറിയിക്കുന്നതാണല്ലോ!.മരങ്ങൾ,കല്ലുകൾ,പർവ്വതങ്ങൾ നബിതങ്ങളെ സ്നേഹിക്കുകയും സലാം പറയുകയും ചെയ്യാറുണ്ടായിരുന്നു.
ചുരുക്കത്തിൽ,എങ്ങനെ മാതൃകാപരമായി ജീവിക്കാമെന്ന് കൃത്യമായി പഠിപ്പിച്ചു തന്നിട്ടുണ്ട്.സ്നേഹവും, ബഹുമാനവും,കടപ്പാടും എല്ലാവരോടുമുണ്ട്.അവ വകവെച്ചു നൽകൽ വിശ്വസിക്ക് നിർബന്ധവുമാണ്.എല്ലാവരിലും സന്തോഷം നൽകുക എന്നതാണ് പ്രധാനം.പുഞ്ചിരി കൊണ്ടെങ്കിലും മറ്റുള്ളവർക്ക് കഴിയും വിധം സന്തോഷങ്ങൾ നൽകാൻ സാധിക്കണം.പുഞ്ചിരിക്ക് ധർമ്മസ്ഥാനമാണ് ഇസ്‌ലാം നൽകിയിട്ടുള്ളത്.നന്മകൾക്ക് പ്രോത്സാഹനം നൽകലും തിന്മകൾ യുക്തിപരമായി ഇല്ലാതാക്കലുമാണ് വിശ്വസിയുടെ മറ്റൊരു പ്രധാന ധർമ്മം.എത്ര സുന്ദരമാണീ മാതൃകകകൾ..!
പരാമർശിച്ചത്, ചുരുക്കം ചില ഉദാഹരണങ്ങൾ മാത്രം.മുത്ത് നബി (സ്വ)എല്ലാറ്റിലും മാതൃകയാണ്.എല്ലാ വിഷയത്തിനും പരിഹാരമാണ്.അതിനാൽ തന്നെ മുസ്ലിം ലോകത്തിന് ഒരുവിഷയത്തിലും കൂടുതൽ ചിന്തിക്കേണ്ടി വരാറില്ല.നബി (സ്വ) പഠിപ്പിച്ചതാണോ ചെയ്യുന്നു.അവ ഗുണമായിട്ടല്ലാതെ വരില്ലെന്നത് ഉറപ്പാണ്.അവിടുന്ന് പഠിപ്പിച്ചതിനെതിരായി ഒരു ശാസ്ത്രമോ ബുദ്ധിയോ ഇന്നേവരെ വന്നിട്ടുമില്ല.വരികയുമില്ല.
അറിയാത്തതിന്റെ ശത്രുവാണ് മനുഷ്യൻ എന്നൊരു ചൊല്ലുണ്ട്.നബി തങ്ങളെയും അവിടുത്തെ ജീവിതത്തെയും ശെരിയായി മനസ്സിലാക്കാതിരിക്കുന്നവരിൽ നിന്ന് മാത്രമേ വിമർശനങ്ങൾ വരികയുള്ളൂ..നബി തങ്ങളെ വായിക്കുന്നതും പഠിക്കുന്നതും മനസ്സിലാക്കുന്നതും ഉൾക്കൊള്ളുന്നതും അനുധാവനം ചെയ്യുന്നതും എല്ലാറ്റിനുമുള്ള പരിഹാരമാണ്.അത് ഒരെഴുത്തിലോ പ്രസംഗങ്ങളിലോ തീർക്കാൻ കഴിയുന്നതുമല്ല.മുൻഗാമികൾ ഒട്ടനവധി ഗ്രന്ഥങ്ങൾ അതിനായി മാറ്റിവെച്ചിട്ടുണ്ട്.എങ്കിലും ജലാശയങ്ങളിലെ വെള്ളം മഷിയായും സസ്യലധാതികൾ മുഴുവൻ പേനയാക്കിയും എഴുതിയാൽ പോലും അവിടുത്തെ വർണനയുടെ ഒരംശം പോലുമാവില്ലെന്ന് കൊച്ചു പക്ഷി ബൂസൂരി ഇമാമിന്റെ സ്വപ്നത്തിൽ ഉണർത്തിയത് പോലെ അനന്തമാണ് ആ ജീവിതം.
ആ നബി തങ്ങളെ നന്നായി സ്നേഹിക്കാൻ നമുക്ക് സാധിക്കണം.സ്വഹാബത് ന്റെ (അവിടുത്തെ സഹവാസം ലഭിച്ചവർ)സ്നേഹം എന്ത് മാത്രം ആഴമേറിയതായിരുന്നു !.സിദ്ധീഖ് (റ ),ഖുബൈബ്(റ) ഉദാഹരണം മാത്രം.എല്ലാ സ്വാഹാബത്തിനും അങ്ങേയറ്റത്തെ സ്നേഹമായിരുന്നില്ലേ.!സ്വന്തത്തേക്കാളും സന്താനങ്ങളേക്കാളും മാതാപിതാക്കളേക്കാളും എല്ലാവരേക്കാളും അവിടുത്തെ സ്നേഹിച്ചവരായിരുന്നില്ലേ.പിൽക്കാലത്തു കഴിഞ്ഞുപോയ മഹാന്മാരുടെ സ്നേഹവും അറ്റമില്ലാത്തതായിരുന്നല്ലോ.. ആ സ്നേഹമല്ലേ അവരെ ഈ മഹത്വങ്ങളിലും വിജയങ്ങളിലേക്കുമെത്തിച്ചത്.അവയെല്ലാം വായിക്കപ്പെടേണ്ടവയാണ്.ഈ കാലത്ത് പ്രത്യേകിച്ചും.ആ വായനകൾ സ്നേഹം വർധിക്കാനുള്ള കാരണങ്ങളാണ്.
അടുക്കും തോറും സ്നേഹം വർധിക്കുന്ന സ്നേഹനിധിയാണല്ലോ ഹബീബ് (സ്വ).തിരിച്ചുള്ള സ്നേഹമോ അതിരുകളില്ലാത്തതും.സൃഷ്ടികളിൽ സർവ്വ കഴിവും,മഹത്വവും ഒത്തിണങ്ങിയ,സ്നേഹം തിരിച്ചു നൽകുമെന്ന് ഉറപ്പുള്ള ഒരേ ഒരു നേതാവ് മുത്ത് നബി (സ്വ)മാത്രമാണ്.ആ സ്നേഹമൊരിക്കലും വെറുതെയാവില്ല.സ്നേഹിച്ചവരാരും വെറുതെയായിട്ടുമില്ല.ഇരുലോകത്തേക്കുമുള്ള വിജയ നിദാനമാണത്.ആഗ്രഹ സഫലീകരണ നിമിത്തമാണ്. പ്രതിസന്ധികളിലെ രക്ഷയാണ്.അഭയമാണ്.ആനന്ദമാണ്.എല്ലാറ്റിനുമുള്ള പരിഹാരമാണ്.റബ്ബിന്റെ സ്നേഹം നേടാനുള്ള മാർഗം കൂടിയാണ്.
അതിനാൽ ആ ഹബീബിനെ അങ്ങേയറ്റം സ്നേഹിക്കാനും അവിടുത്തേക്ക് ജീവിതം സമർപ്പിക്കാനും അവിടുത്തെ അറിയുന്നതിനായ് സമയങ്ങൾ ചിലവഴിക്കാനും നമ്മൾ കൂടുതലായി മുന്നിട്ടു വരേണ്ടതുണ്ട്.അറിയുന്നിടത്തോളം സ്നേഹം വർധിക്കുകയേ ഉള്ളൂ.സ്നേഹം സ്വമേധയ ഹൃദയത്തിൽ രൂപം കൊള്ളുന്നതാണെങ്കിലും ഉപാധികൾ നാം തന്നെ ഒരുക്കി വെക്കേണ്ടതുണ്ട്.അത് അവിടുത്തെ അറിയാനുള്ള ശ്രമങ്ങളാണ്.അഥവാ അവിടുത്തെ കൂടുതലായി പഠിക്കലും മനസ്സിലാക്കലുമാണ്.പിന്തുടരാനുള്ള ശ്രമങ്ങളാണ്.അങ്ങനെ നമ്മുടെ റോൾ മോഡലായി ഹബീബ് (സ്വ) മാറണം.ബാഹ്യ പ്രകടനങ്ങളിൽ മാത്രം പോര.ഹൃദയത്തിൽ നിറഞ്ഞ് നിൽക്കണം.അതിലൂടെ പ്രകടനങ്ങളിലേക്കെത്തണം.അള്ളാഹു തൗഫീഖ് ചെയ്യട്ടെ.സ്വർഗീയ ലോകത്ത് ആ പൂമുത്തിനോടൊന്നിച് ഒരുമിച്ച് കൂട്ടട്ടെ..ആമീൻ.
Post a Comment