Followers

അറബിമലയാളം ; കേരളീയ മുസ്ലിംകളുടെ ഭാഷ | ഹാഫിള് മുഹമ്മദ് അനസ് കെ.എ ഷൊർണ്ണൂർ

ഹാഫിള് മുഹമ്മദ് അനസ് കെ.എ ഷൊർണ്ണൂർ
മാപ്പിള മലയാളമെന്നും അറബി മലയാളമെന്നുമുള്ള പേരിൽ അറിയപ്പെടുന്ന ഒരു ഭാഷാ രൂപമാണ് അറബി മലയാളം ഭാഷ. ഇതര ഭാഷകളെ പോലെ അറബി മലയാളത്തിന്റെയും ഉത്ഭവത്തെ കുറിച്ചും, ഉപജ്ഞാതാവിനെ പ്രതിയും ചരിത്രകാരന്മാർക്ക് കൃത്യമായ അവലംബങ്ങളില്ല, എങ്കിലും, അറബികൾ സംസാരിച്ച മലയാളമെന്നും അല്ല അറബി ലിപിയിൽ എഴുതുന്ന മലയാളമാണ് അറബി മലയാളമെന്നും തുടങ്ങി നിരവധി അഭിപ്രായങ്ങളുണ്ടങ്കിലും അതിലെ പ്രബലം, മലബാറിൽ ഇസ്ലാമിന്റെ ആഗമനത്തോടെ ഉടലെടുത്ത ഭാഷയാണ് അ റബിമലയാളം . ഇതാണ് ഭൂരിഭാഗം ചരിത്രകാരന്മാരുടെ അഭിപ്രായവും യുക്തിയോട് കൂടുതൽ യോജിപ്പുള്ളതും. അതിന് അവരുടെ പക്കൽ കൃത്യമായ കാരണവുമുണ്ട്. മലബാറിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോൾ ഇസ്ലാമിൻറെ ആഗമനം പ്രവാചക കാലത്തോളം പഴക്കമുണ്ടെന്ന് കാണാൻ സാധിക്കും.ഇസ്ലാമിക പ്രബോധനാർത്ഥം കേരളത്തിൽ എത്തിയ മാലിക് മാലിക് ബ്നു ദീനാറും സംഘാംഗങ്ങളും സ്വഹാബിവര്യന്മാരാണെന്നും ഹിജ്റ 21 ൽ അവർ കൊടുങ്ങല്ലൂരിൽ എത്തിയിട്ടുണ്ടെന്നുമാണ് മുസ്ലിം പണ്ഡിതന്മാരുടെ പക്ഷം.എന്നാൽ എം ജി എസിന്റെ നിഗമനത്തിൽ അവരെത്തിയത് ഹിജ്റ 581 ലാണ്.ഏതായിരുന്നാലും ഇവർ മലബാറിൽ എത്തുന്നത് മലയാളം ഒരു ഭാഷയായി വികസിക്കുന്നതിന് മുമ്പാണെന്ന് തെളിഞ്ഞു കാണാം.അപ്പോൾ അക്ഷരാഭ്യാസവും  വാമൊഴിയും വരമൊഴിയും അറിവുള്ള ഒരു സമൂഹത്തിന് വാമൊഴി മാത്രം  അറിവുള്ള ഒരു സമൂഹത്തോട് സംവദിക്കാനും ആശയവിനിമയം നടത്താനും എത്രമാത്രം പ്രയാസം ഉണ്ടാകും?ആ സന്ദർഭത്തിൽ ആവാം അറബി മലയാളം എന്ന പുതിയ ഒരു ഭാഷ രൂപം രൂപാന്തരപ്പെടുന്നത്.ഇതിലേക്കാണ് ഭൂരിഭാഗം ചരിത്രകാരന്മാരും വിരൽചൂണ്ടുന്നത്.
എല്ലാ ഭാഷകളിലും നടന്ന പരിണാമങ്ങൾ, ആവിഷ്കാരങ്ങൾ പരിഷ്കാരങ്ങൾ ,അറബി മലയാളത്തിലും നടന്നതായി കാണാൻ സാധിക്കും.ആദ്യകാല അറബി മലയാളം തമിഴ് ഭാഷയോട് ചായ്‌വുള്ളതായിരുന്നു. എ ഡി ഒമ്പതാം ശതകത്തിലാണ് മലയാളം തമിഴിൽ നിന്ന് വിഭിന്നമായ ഒരു ഭാഷയായി തീർന്നത് തന്നെ.ആര്യ അക്രമണം വഴി വന്ന സംസ്കൃത അധിനിവേശമാണ് അതിനു വഴിവെച്ചത്.ഈ അടിസ്ഥാനത്തിൽ നോക്കുമ്പോൾ ,തമിഴ്നാട്ടുകാർ ' അർവി'എന്ന് വിളിക്കുന്ന അറബി തമിഴ് അറബി മലയാളത്തിന്റെ പൂർവിക നാമം ആവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

കേരളത്തിലെ മലബാറും തമിഴ്നാട്ടിലെ മഅ്ബറും തമ്മിൽ ഇഴപിരിക്കാൻ ആവാത്ത ബന്ധമാണ് ഉണ്ടായിരുന്നത്.ദക്ഷിണേന്ത്യയുടെ സിലോണിനഭിമുഖമായി കിടക്കുന്ന പൂർവ്വ തീരത്തെ പുരാതനകാലം മുതൽക്കേ അറബികൾ 'കടത്ത്' എന്ന അർത്ഥം വരുന്ന ' മഅ്ബറ് 'എന്നും 'പശ്ചിമതീരത്തെ മലബാർ' എന്നും വിളിച്ചിരുന്നു.മഅ്ബറ് പ്രദേശത്തുള്ള കായൽ പട്ടണം , കീളക്കര എന്നീ സ്ഥലങ്ങളിൽ അനേകം മുസ്ലിം പണ്ഡിതന്മാർ ഉണ്ടായിട്ടുണ്ട്. അവർ മലബാറുമായി ബന്ധം പുലർത്തുകയും ചെയ്തിരുന്നു.മാത്രവുമല്ല പാലക്കാടിന്റെ വിവിധ ഭാഗങ്ങളിൽ അറബിതമിഴ് പുസ്തകങ്ങളാണ് മദ്രസകളിൽ പഠിപ്പിക്കപ്പെടുന്നത്. ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത് അറബി തമിഴിൽ നിന്നാണ് അറബി മലയാളം ഉൽഭവിച്ചത് എന്നത് തന്നെയാണ്.

അതിനുശേഷം പല പരിഷ്കാരങ്ങളും അറബി മലയാളത്തിൽ നടന്നിട്ടുണ്ട്.ആദ്യമായി അറബി മലയാള ലിപിയിൽ പരിഷ്കാരം കൊണ്ടുവന്നത് മമ്പുറം സയ്യിദ് അലവി തങ്ങൾ, അദ്ദേഹത്തിൻറെ പുത്രൻ ഫസൽ പൂക്കോയ തങ്ങൾ എന്നിവരാണ്.വെളിയങ്കോട് ഉമർ ഖാളി ,പരപ്പനങ്ങാടി ഔക്കോയ മുസ്ലിയാർ , അബ്ദുറഹ്മാൻ മഖ്ദൂം, ശുജായി മൊയ്തീൻ മുസ്ലിയാർ തുടങ്ങിയവര  ലിപി വികസിക്കാൻ വിലപ്പെട്ട സേവനങ്ങൾ അർപ്പിച്ചു. തലശ്ശേരി കാരക്കൽ മമ്മദ് സാഹിബും മുഹമ്മദ് നൂഹ് കണ്ണ് മുസ്‌ലിയാരും പ്രസ്തുത ഗണത്തിലുണ്ട്.മക്തി തങ്ങളും വക്കം മൗലിയും ലിപി രൂപം കൊടുത്തെങ്കിലും പൊതുജന സ്വീകാര്യത ലഭിച്ചില്ല.
കേരള മുസ്ലിം നവോത്ഥാന ചരിത്രത്തിലെ നായകൻ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടേതാണ് ജനപ്രീതി നേടിയ ആധുനിക അറബി  മലയാള ലിപി. ഹിജ്റ 1311 ൽ അദ്ദേഹം ആദ്യത്തെ അറബി മലയാള അക്ഷരമാല രചിച്ചു. 'തസ്വ്വീറുൽ ഹുറൂഫ്,എന്നായിരുന്നു പേര്.

മലയാളം ഭാഷയായി നിലവിൽ വരുന്നതിന് മുമ്പ് തന്നെ അറബി മലയാളം നിലവിൽ വന്നിട്ടുണ്ടെന്ന് നാം പറഞ്ഞുവല്ലോ,പിന്നെ എന്തുകൊണ്ടാണ് മലയാളഭാഷയുമായി അറബി മലയാളത്തിന് സാമ്യത എന്ന ചോദ്യം പ്രസക്തമാണ്.അതിനുള്ള കാരണം മേൽ ഉദ്ധരിച്ചത് പോലെ അറബി മലയാളത്തിലെ പരിഷ്കാരമാണ്. പതിനെട്ടാം നൂറ്റാണ്ടോടുകൂടെ ആധുനിക മലയാള ലിപി വികാസം പ്രാപിക്കുകയും കിളിപ്പാട്ടുകളിലൂടെ അത് ജനശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തതോടെ കൂടെ മലയാള ഭാഷയോട് ചേർത്ത് അറബി മലയാള ലിപി വികസിപ്പിക്കുകയാണ് ചെയ്തത്.അതുകൊണ്ടുതന്നെ ഭാഷയിൽ പല അഭിപ്രായന്തരങ്ങൾ  കാണാം.ഇത് സ്വതന്ത്ര ഭാഷയാണെന്നും അല്ല ലിപി വ്യവഹാരം മാത്രമാണെന്നും തുടങ്ങി വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. സ്വതന്ത്ര ഭാഷയായി രൂപം കൊള്ളുകയും പിന്നീട്  അക്ഷരമാലങ്ങൾക്കനുസരിച്ച് വികസിപ്പിച്ച് വെറും ലിപി രൂപമായി മാറുകയായിരുന്നു എന്നൊരു വീക്ഷണവും കാണാം.

മാപ്പിള കാവ്യങ്ങളിൽ രചിച്ച ആദ്യ കൃതിയായി അനുമാനിക്കുന്നത് പ്രഗത്ഭ പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ കോഴിക്കോട് ഖാളി മുഹമ്മദ് ബിനി അബ്ദുൽ അസീസി(റ.ഹ ] ന്റെ  മുഹിയുദ്ദീൻ മാലയാണ്.എഴുത്തച്ഛൻ രാമായണം കിളിപ്പാട്ട് രചിക്കുന്നതിന്റെ അഞ്ചുവർഷം മുമ്പ് , കൊല്ലവർഷം 782 ലാണ് മുഹ്‌യുദ്ദീൻ മാല എഴുതിയത്.155 വരികൾ ഉള്ള മാല അറബി, തമിഴ്, കന്നട ഭാഷകളാൽ സമ്പുഷ്ടമാണ്. അനുവാചകർക്ക് എളുപ്പത്തിൽ ആശയം ഗ്രഹിക്കാൻ സാധിക്കുന്ന വിധത്തിലാണ് മഹാൻ ഇതിനെ സംവിധാനിച്ചിട്ടുള്ളത്.ഓരോ കാലഘട്ടത്തിലെ രചനകളും രചനകളുടെ വിഷയത്തിനപ്പുറം അതാത് കാലത്തെ രാഷ്ട്രീയ വിദ്യാഭ്യാസ സാമൂഹിക  വ്യവസ്ഥകളുമായി ബന്ധപ്പെട്ടിട്ടുണ്ടാവും..മുഹിയുദ്ദീൻ മാലയിലും ഇത് നമുക്ക് ദൃശ്യമാകും .മലബാറിൽ പോർച്ചുഗീസ് അധിനിവേശം കൊടികുത്തി വാഴുകയും സമ്പത്ത് കൊള്ളയടിക്കുകയും  സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും പുരുഷന്മാരെ ചുട്ടെരിക്കുകയും ചെയ്തിരുന്ന കാലത്താണ് മുഹിയുദ്ദീൻ മാല വിരിചിതമാകുന്നത്.അതുകൊണ്ടുതന്നെ മാലക്ക് ആത്മീയവും ഭൗതികവുമായ ഭാഷ്യങ്ങളുണ്ട്. ചരിത്ര വായനയും ഇലാഹി ബോധവും ആത്മീയ ഉണർവും മാല നൽകുന്നുണ്ട്. അതിനുപുറമേ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും തകർന്ന സമൂഹത്തെ ഉത്തേജിപ്പിക്കുകയാണ് മാലയിലൂടെ മഹാനവർകൾ ചെയ്തത്.മുഹിയുദ്ദീൻ മാലക്ക് പുറമേ ബദറുമാല, നഫീസത്തു മാല, ഹംസത്തു മാല ,വലിയ ഹംസത്തു മാല, മഞ്ഞകുളം മാല, മമ്പുറം മാല തുടങ്ങി നിരവധി മാലകൾ മാപ്പിള മുസ്ലിംകൾ രചിച്ചിട്ടുണ്ട്.

അറബി മലയാളത്തിന്റെ സുവർണ്ണ കാലഘട്ടമായി ഗണിക്കപ്പെടുന്നത് മോയിൻകുട്ടി വൈദ്യരുടെ കാലഘട്ടമാണ്.ഈ സമയത്താണ് ഏറ്റവും കൂടുതൽ അറബി മലയാള രചനകൾ നടന്നത്.ആ കാലഘട്ടത്തിലെ മാപ്പിള മുസ്‌ലിംകൾ തങ്ങളുടെ ചുറ്റുമുള്ളതിന് മുഴുവൻ പാട്ടുകളായി അവതരിപ്പിക്കുമായിരുന്നു.മലയാള പദ്യസാഹിത്യ ചരിത്രത്തിൽ പദപ്രയോഗങ്ങളുടെ കുലപതിയായി വാഴുന്ന കുഞ്ചൻ നമ്പ്യാരെ പോലും കടത്തിവെട്ടുന്ന ശബ്ദാലങ്കാരങ്ങളാണ്  വൈദ്യർ കൃതികളിൽ ദൃശ്യമാകുന്നത്.ബദർ പട,ഉഹ്ദ് പട,മലപ്പുറംപട, ഹിജ്റ എന്നീ മഹത് കാവ്യങ്ങൾക്ക് പുറമേ ബദറുൽ മുനീർ ഹുസുനുൽ ജമാൽ ,കിളത്തി മാല, മുലപ്പുരാണം, സലാസീൽപ്പട, സലീഖത്ത് പട, എലിപ്പട തുടങ്ങിയ ലഘുകൃതികളും കല്യാണപാട്ടുകളും കത്തുപാട്ടുകളും മറ്റും എഴുതി അദ്ദേഹം അറബി മലയാള സാഹിത്യത്തെ സമ്പൽസമൃദ്ധിയിലാക്കി.വൈദ്യരുടെ ആദ്യകാലത്തെ ചില കൃതികൾ അശ്ലീലത നിറഞ്ഞ ശീയിസത്തെ പുകഴ്ത്തുന്നതായിരുന്നു. എന്നാൽ തൻ്റെ അവസാന കാലത്ത് അതിൽ നിന്നെല്ലാം അദ്ദേഹം മുക്തി  നേടിയിട്ടുണ്ടെന്നാണ് പ്രബലഭിപ്രായം .ബദർ, ഉഹ്‌ദ് തുടങ്ങിയ പടപ്പാട്ടുകൾ എല്ലാം അതിൻറെ നേർ തെളിവുകളാണ്.എന്നാൽ ഈ കാലഘട്ടത്തിലാണ് മാപ്പിളപ്പാട്ടുകളുടെ ദിശ മാറി സഞ്ചരിക്കാൻ തുടങ്ങിയത്. ജനങ്ങൾ അക്ഷരഘടനയിലും കമ്പി, വാൽകമ്പി തുടങ്ങിയ കാവ്യ നിയമങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ കാവ്യങ്ങളിലെ ആശയ ചോരണത്തിന് അത് കാരണമായി.വൈദ്യരുടെ കാലത്തിനുശേഷം പദ്യങ്ങളിൽ ആശയദാരിദ്ര്യം നില നിൽക്കുന്നതായി കാണാം.ആത്മീയാദ്ധ്യാ പനങ്ങളായിരുന്നു കാവ്യങ്ങൾക്കു പകരം വികാരോത്തേജകങ്ങളായ ധാരാളം പാട്ടുകൾ പിറവിയെടുത്തു. അതുകൊണ്ടുതന്നെ മുഹിയുദ്ദീൻ മാലക്ക് ലഭിക്കുന്ന ആത്മീയ ഉണർവ് ബദർ ,ഉദ്ഹ് തുടങ്ങിയ പടപ്പാട്ടുകൾക്ക് ലഭിക്കാതെ പോവുകയും, പദ്യങ്ങൾ ആസ്വാദനത്തിന്റെ മേച്ചിൽ പുറങ്ങൾ തേടി സഞ്ചരിക്കുന്നതാവുകയും ചെയ്തു.വൈദ്യരുടെ പടപ്പാട്ടുകൾക്ക് പുറമെ ശുജായി മൊയ്തു മുസ്ലിയാരുടെ സ്ഥലമാല ഖിസ്സപ്പാട്ടുകൾ ,കല്യാണ പാട്ടുകൾ കത്ത് പാട്ടുകൾ , സർക്കീട്ടു പാട്ടുകൾ ,താടി ഉരുത്തി ഗാനങ്ങൾ , തേങ്ങപ്പാട്ട് തുടങ്ങി നിരവധി പദ്യങ്ങൾ കൊണ്ട് പൂർവികർ ഈ ഭാഷയെ അഭിവൃദ്ധിപ്പെടുത്തി.മാപ്പിള സാഹിത്യം എന്നാൽ മാപ്പിളപ്പാട്ടുകൾ ആണെന്ന ധാരണയാണ് പലർക്കുമുള്ളത്. എന്നാൽ പാട്ടുസാഹിത്യത്തേക്കാൾ വിപുലമാണ് അറബി മലയാളത്തിൽ വൈജ്ഞാനിക സാഹിത്യം . AD 10ാംശതകം മുതൽ AD 20ാംശതകം വരെ പഠന ഗവേഷണ മനനങ്ങളിൽ പിറന്നത് 5000-ത്തിൽ പരം ഗ്രന്ഥങ്ങളാണ്.ഗദ്യത്തിന്റെ മേഖല വിശാലമായതിനാൽ വിശദീകരണം പിന്നീടാവാം.

ഇത്രമാത്രം ഭാഷാവൈഭവത്താലും ആശയവിനിമയത്താലും അക്ഷരഘടനയാലും ഉച്ചിയിൽ നിൽക്കുന്നു അറബി മലയാള ഭാഷ എന്തുകൊണ്ട് സമൂഹത്തിൽനിന്ന് ഉൾവലിഞ്ഞു കൊണ്ടിരിക്കുന്നു ?മദ്രസ പാഠപുസ്തകങ്ങളിലെ ചില പുസ്തകങ്ങൾ മാറ്റി നിർത്തിയാൽ കേരളീയ മുസ്‌ലിംകൾക്കിടയിൽ ഈ ഭാഷ അജ്ഞാതമാണ്.കാരണങ്ങൾ നിരവധിയാണ്. വിശദീകരിക്കാം.1920കളിൽ ബ്രിട്ടീഷുകാർ അറബി മലയാള കൃതികൾ തിരഞ്ഞുപിടിച്ച് നശിപ്പിച്ചിരുന്നു .അവർക്ക് അതുകൊണ്ടുണ്ടായിരുന്ന അലോസരം കുറച്ചൊന്നുമല്ലായിരുന്നു. മാത്രവുമല്ല അറബി മലയാളത്തോട് കഠിന വിരോധമുള്ള മുസ്ലിം നവോത്ഥാന നാട്യക്കാരും എഴുത്തുകാരും നിരന്തരം ഭാഷക്ക് നേരെ കൊഞ്ഞനം കുത്തിക്കൊണ്ടിരുന്നു. "അറബി കൊള്ളാം ,മലയാളവും കൊള്ളാം ,അറബി മലയാളം 800 കൊല്ലത്തെ മുസ്ലിം മണ്ടത്തരം " .പദ്യകൃതികളുടെ ശബ്ദശുദ്ധി മോശം ,ഗദ്യ കൃതികൾ വ്യാകരണ നിയമങ്ങൾ പാലിക്കുന്നില്ല ".മുസ്ലിം സമൂഹം ഉൾക്കൊള്ളുന്ന കേരളീയ സമൂഹത്തിന്റെ സ്വന്തം എഴുത്തുകാരൻ എന്ന് വിശേഷിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെയും ഉള്ളൂരിൻറെയും വാക്കുകളാണ് മേൽ ഉദ്ധരിച്ചത്.ഇങ്ങനെ മുസ്ലിം സമൂഹത്തിലെ പരിഷ്കൃതർ എന്ന് സ്വയം വീമ്പു പറയുന്നവർ അറബി മലയാളത്തിനെതിരെ നിരന്തരം വിമർശന അസ്ത്രങ്ങൾ തൊടുത്തു വിട്ടുകൊണ്ടിരുന്നു.ഇവിടെ ചിലത് സൂചിപ്പിക്കൽ അനിവാര്യമായതിനാൽ പറയട്ടെ,,മേൽ ഉദ്ധരിച്ചവരുടെയും , മലയാള സാഹിത്യകാരന്മാരുടെയും ജന്മദിനങ്ങൾ, മരണദിനങ്ങൾ ആഘോഷിക്കാനും കഥകളും കവിതകളും വായിക്കാനും കേരളീയ മുസ്‌ലിംകൾക്ക് താല്പര്യമാണ്.മതവിദ്യാർത്ഥികൾ പോലും തങ്ങളുടെ കലാലയങ്ങളിൽ അവരുടെ ജന്മദിനാഘോഷം വളരെ വിപുലമായി നടത്തുന്നു. ഈ കഴിഞ്ഞ  ജൂലൈ അഞ്ചിന് നാം അത് കണ്ടതാണ്.എന്നാൽ മുസ്ലിം ഉമ്മത്തിന് ഉണർവും ഉയർച്ചയും വളർച്ചയും നേടിത്തന്ന അറബി മലയാളത്തിലും അറബിയിലും നിരവധി കൃതികൾക്ക് ജന്മം നൽകിയ ഖാളി മുഹമ്മദ് ( റ ) നെ പോലുള്ളവരുടെ ജന്മദിനം കേരളീയ മുസ്ലിം സമൂഹം ,പ്രത്യേകിച്ച് മതവിദ്യാർത്ഥികൾ ആഘോഷിക്കാറുണ്ടോ ? അവരുടെ കൃതികൾ ചർച്ചകൾക്കും മനനങ്ങൾക്കും വേദിയാവാറുണ്ടോ ?ഈ യഥാർത്ഥ നവോത്ഥാന നായകന്മാരെ നാം അല്ലാതെ മറ്റാര് വാഴ്ത്തും?ഈ പറഞ്ഞതിൽ നിന്ന് ബഷീറിനെ പോലുള്ളവരുടെ കൃതികൾ വായിക്കരുത്, അത് നികൃഷ്ടമാണ് എന്നൊന്നും നർത്ഥമില്ല.അവർക്ക് നൽകുന്ന പ്രാധാന്യം ഈ മഹത്തുക്കൾക്കും അവരുടെ കൃതികൾക്കും നൽകണം എന്നാണ് ഇതിന്റെ വിവക്ഷ .എന്നല്ല അതിനേക്കാൾ കൂടുതൽ നൽകണം.

 വർണവെറിയാലും താഴ്ന്ന ജാതിക്കാരുടെ മേലുള്ള ഉയർന്ന കുല ജാതിക്കാരുടെ പീഡനങ്ങളാലും പൊറുതിമുട്ടിയ ഹൈന്ദവ  വിശ്വാസികളാണ് ഇസ്ലാം മതതീരത്തണിഞ്ഞത്.ഇവർ സാമ്പത്തികമായും സാമൂഹികമായും താഴെത്തട്ടിൽ ഉള്ളവരാണ്.
ശൂദ്രന്മാർക്കെതിരെ ബ്രാഹ്മണർ കൈകൊണ്ട ഹീന നടപടികളെ പറ്റി സ്വാമി വിവേകാനന്ദൻ എഴുതിയിട്ടുണ്ട്. ഹിന്ദുമതത്തിന്റെ പ്രൗഢി നശിപ്പിച്ചത് ബ്രാഹ്മണരാ ണെന്ന  കാര്യത്തിൽ ഒരു സന്ദേഹവും സ്വാമിജികില്ല.അദ്ദേഹം എഴുതുന്നു."ബ്രാഹ്മണർ കൃതികൾ എഴുതിയപ്പോൾ ഒക്കെ മറ്റുള്ളവരുടെ അഭിപ്രായത്തെ തട്ടി കളഞ്ഞിട്ടുണ്ട്.പാവപ്പെട്ടവരെ വഞ്ചിക്കുന്നതിനും ശുദ്രന്മാരുടെ അവകാശങ്ങൾ തട്ടിക്കളയുന്നതിനുംവേണ്ടി വ്യാസൻ (മഹാഭാരതത്തിന്റെ കർത്താവ് )വേദങ്ങളെ ദുർവ്യാഖ്യാനം ചെയ്തു. ആ പുറം പൊള്ളിക്കുന്ന കൃതികളിൽ നിന്നാണ് ബ്രാഹ്മണന്റെ സദാചാരവും ക്ഷത്രിയന്‍റെ യുദ്ധപാടവും വൈശ്യന്റെ സമ്പത്തും നാം അറിയുന്നത് ".എന്നാൽ ഇന്ത്യൻ സമുദായത്തിന്റെ മുഖ്യധാരയായ അധസ്ഥിത ജാതിക്കാരന്റെ ചരിത്രം എവിടെ ?ഇന്ത്യാ ചരിത്രത്തിന്റെ ഒരു കാലഘട്ടവും അവരെക്കുറിച്ച് പരാമർശിക്കുന്നില്ല. വിജ്ഞാനത്തിന്റെ കാര്യത്തിൽ കുത്തക പുലർത്തിയ ഉന്നതജാതിക്കാരോട് ക്ഷുദ്രന്മാർ എപ്പോഴൊക്കെ അവരുടെ അവകാശങ്ങൾ ചോദിച്ചുവോ അപ്പോഴൊക്കെ അവരുടെ നാവ് പിഴുതെറിയുകയോ ചാട്ട കൊണ്ടടിക്കുകയോ ആണ് ചെയ്തത്. (ഉദ്ധരണി , ബി കെ റോയ്, ഒബ്സർവർ, ഡിസംബർ 1987 ).
താഴ്ന്ന ജാതിക്കാർക്ക് ഓരോ സമയം ജന്മിമാരുടെയും അധിനിവേശ ശക്തികളുടെയും തുടർപീഡനങ്ങൾ നേരിടേണ്ടിവന്നു.പിന്നീട് സമരങ്ങളുടെ തീചൂളയിലേക്ക് എടുത്തറിയപ്പെട്ട മാപ്പിളമാർ വിദ്യാഭ്യാസ രംഗത്തെ പിന്നോക്കം പോവുക സ്വാഭാവികമാണ്.മലയാളത്തിനും ഇംഗ്ലീഷിനും ഉണ്ടായ സാങ്കേതിക പുരോഗതിക്കൊപ്പം സഞ്ചരിക്കാൻ അറബി മലയാളത്തിനു സാധിച്ചില്ല. ആവശ്യമായ സോഫ്റ്റ്‌വെയറുകൾ നിർമ്മിക്കാനുള്ള ശ്രമം ഉണ്ടായില്ല.ഇന്നും കയ്യെഴുത്താണ് ഏക ആശ്രയം.യൂണിവേഴ്സിറ്റികളെ കൊണ്ട് അറബി മലയാളത്തെ അംഗീകരിപ്പിക്കാൻ കഴിഞ്ഞില്ല.ഇതെല്ലാം അറബി മലയാളത്തിന്റെ ഉൾവലിയലിനു  കാരണമായിട്ടുണ്ട്.
ആശ്വാസം എന്ന് പറയട്ടെ , മുഹിയുദ്ദീൻ മാലയുടെ 400-ാം വാർഷികം 2008 ൽ കേരള ഗവൺമെൻറ് ഔദ്യോഗികമായി ആഘോഷിച്ചത് ചിലരുടെയെങ്കിലും പരിശ്രമഫലമായിട്ടാണ്.ഇനിയും ഇവ്വിഷകമായി ചർച്ചകൾ നടകേണ്ടതുണ്ട്.കേരളീയ മുസ്ലിം സമൂഹത്തിൻറെ ഉന്നമനത്തിന് നിദാനമായ ഒരു ഭാഷാ രൂപത്തെ നാമല്ലാതെ മറ്റാര് സംരക്ഷിക്കും?

അവലംബം:
1. കേരള ചരിത്രം
2. മാപ്പിള ചരിത്ര ശകലങ്ങൾ
3. കോഴിക്കോടിന്റെ കഥ
4. മാപ്പിള മലബാറിന്റെ സാഹിത്യ പൈതൃകം
5. മുസ്ലിം ഇന്ത്യയുടെ ചരിത്ര വായന 

മുഹമ്മദ് അനസ് കെ .എ

No comments