സ്വഭാവ സംസ്കാരത്തിന്റെ നബി പാഠങ്ങൾ | ഹാഫിള് മുഹമ്മദ് ബിലാൽ പൈലിപ്പുറം
അങ്ങ് ഏറ്റവും ഉൽകൃഷ്ടമായ സ്വഭാവത്തിനുടമയാണെന്ന് ഖുർആൻ മുത്ത് നബി തങ്ങളെ കുറിച്ച് വരച്ചു കാണിക്കുന്നുണ്ട്. മറ്റു പല സൂക്തങ്ങളിലും സ്വഭാവ സംസ്കാരത്തിലെ നബി പാഠങ്ങളെ കുറിച്ച് വിശുദ്ധ ഖുർആൻ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. മുത്തു നബിയിൽ നിങ്ങൾക്കുത്തമ മാതൃകയുണ്ടെന്ന് സൂറത്തുൽ അഹ്സാബിൽ മറ്റൊരു സൂക്തത്തിൽ പ്രതിപാദിക്കുന്നത് കാണാം.ഉപരി സൂക്തങ്ങളിൽ നിന്നും മുത്ത് നബിയുടെ സ്വഭാവമഹിമ വിഷയീഭവിക്കുന്ന മറ്റനേകം ഖുർആനിക വചനങ്ങളിൽ നിന്നും, വിശുദ്ധ ഖുർആനിന്റെ വിശദീകരണങ്ങളായ തിരുവചനങ്ങളിൽ നിന്ന് തദ്വിഷയകമായി വന്ന ഹദീസുകളിൽ നിന്നുമെല്ലാം മാനുഷിക ജീവിതത്തിൽ സ്വഭാവ സംസ്കാരത്തിന്റെ മഹത്വവും പ്രസക്തിയുമെല്ലാം എത്ര വലുതാണെന്ന് നമുക്ക് ബോധ്യപ്പെടും.ആഇശു മ്മയോട് മുത്ത് നബിയുടെ സ്വഭാവ വിശേഷങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ അവിടുത്തെ സ്വഭാവം ഖുർആനായിരുന്നുവെന്ന് മഹതി മറുപടി പറയുന്നുണ്ട്.
ഖുർആനിക അധ്യാപനങ്ങളും നബി പാഠങ്ങളുമെല്ലാം സ്വജീവിതത്തോട് ചേർത്തു വെക്കൽ നമ്മുടെമേൽ അനിവാര്യമാണ്. വിശുദ്ധ മതത്തിന്റെ പ്രബോധകരാകേണ്ട നമുക്ക് അവ പകർന്നുകൊടുക്കാൻ കൂടി കടമയുണ്ട്. അപരനെ സംബോധന ചെയ്യുന്നിടത്ത് ഏറെ പ്രതിഫലിക്കുന്നതാണ് നല്ല സ്വഭാവം എന്നത്. സൂറ: ആലു ഇംറാനിൽ മുത്ത് നബിയുടെ സംബോധന ശൈലിയെക്കുറിച്ച് പ്രതിപാദിക്കുന്നത് കാണാം: 'അങ്ങെങ്ങാനും പരുഷ സ്വഭാവത്തിനുടമയായിരുന്നെങ്കിൽ അവർ നിങ്ങളെ തൊട്ട് തിരിഞ്ഞു കളയുമായിരുന്നു'. പ്രസ്തുത സൂക്തത്തിലും പ്രബോധകരുടെ പ്രതിപാദനരീതിയുടെ സൗന്ദര്യം എത്ര മികച്ചതാകണമെന്ന് നമുക്ക് മനസ്സിലാക്കാം.
ലോകത്തെ ഇന്നേറെ ആകർഷിക്കുന്ന മന:ശാസ്ത്ര പാഠങ്ങളുടെ നല്ല വശങ്ങളിലെല്ലാം നബി പാഠങ്ങളുടെ പകർപ്പുകൾ ഏറെ നമുക്ക് ദർശിക്കാനാകും.തന്റെ സഹോദരന്റെ മുഖത്തുനോക്കി മനമറിഞ്ഞുള്ളൊരു പുഞ്ചിരി പോലും സ്വദഖയാണെന്ന അധ്യാപനമെത്ര ചിന്തനീയമാണ്? ക്രൂശിക്കൽ കൊണ്ടല്ല, സ്നേഹം കൊണ്ടാണ് മാനവ മനസ്സുകളെ ആകർഷിക്കാനാവുക. വിശുദ്ധ ഇസ്ലാമിന്റെ വളർച്ചയുടെ ചരിത്രം പരതുമ്പഴും എത്ര സുന്ദരമായാണ് അതതു കാലങ്ങളിലെ ആത്മീയ നേതൃത്വങ്ങൾ മനുഷ്യഹൃദയങ്ങളെ മതത്തിന്റെ സൽപാന്ഥാവിലേക്ക് വഴി നടത്തിയതെന്ന് നമുക്ക് ബോധ്യപ്പെടും.
സ്വഭാവ ശുദ്ധിയെ പഠിക്കുമ്പോൾ തിരുനബി ജീവിതത്തോളം പോന്നതല്ല മറ്റൊരു പാഠപുസ്തകവുമെന്ന് നമുക്ക് കൃത്യമായി ബോധിക്കുകയും ബോധ്യപ്പെടുത്താനാവുകയും ചെയ്യും. ബാല്യത്തിലും കൗമാരത്തിലും യുവത്വത്തിന്റെ പ്രസരിപ്പിലും മറ്റെല്ലാ സാഹചര്യങ്ങളിലും അവിടുത്തെ ജീവിതപാഠങ്ങൾ മാനവകുലത്തിന് മഹിത മാതൃകയാണ്. ഭർത്താവിനും പിതാവിനും ഭരണാധികാരിക്കും സൈന്യാധിപനും കച്ചവടക്കാരനും മറ്റു സർവ്വർക്കും മുത്ത് നബിയിൽ ഉത്തമ മാതൃകയുണ്ട്. ലക്ഷക്കണക്കിന് വരുന്ന സർവ്വവും സമർപ്പിക്കാൻ സജ്ജരായ അനുയായികളുണ്ടായപ്പോഴും അവിടുന്ന് സ്വീകരിച്ച ശത്രു സമീപനം പുതിയ കാലത്തെപ്പോലും എത്ര ആലോചിപ്പിക്കുന്നുണ്ട്? പലനിലക്കും വല്ലാതെ പ്രയാസപ്പെടുത്തിയ ശത്രുക്കൾ തങ്ങളുടെ തടവുകാരായി മുന്നിലെത്തിയപ്പഴും അവരോട് മുത്തുനബി കാണിച്ച സമീപനമെത്ര സുന്ദരമായിരുന്നു?
കള്ളവും കൊള്ളയുമില്ലാത്ത അവിടുത്തെ കച്ചവട പാഠങ്ങൾ എത്ര മനോഹരമാണ്? കുടുംബബന്ധങ്ങളിൽ അവിടുന്ന് കാണിച്ച മഹനീയ സമീപനങ്ങൾ എത്ര മൊഞ്ചേറിയതാണ്? അന്ധകാരത്തിലാണ്ട ഒരു സമൂഹത്തെ സംസ്കാരസമ്പന്നരാ ക്കാൻ മുത്ത് നബി സ്വീകരിച്ച ഫോർമുല എന്തുമാത്രം മനോഹരമാണ്?
പത്തുവർഷക്കാലം മുത്ത് നബി തങ്ങളുടെ സേവകനായിരുന്ന അനസ് ബിൻ മാലിക് തങ്ങൾ അവിടുത്തെ പെരുമാറ്റ രീതിയെ കുറിച്ച് പ്രതിപാദിക്കുന്ന ചരിത്രം പ്രസിദ്ധമാണ്. ഒരിക്കൽ പോലും എന്നോട് അതെന്തിനു ചെയ്തു? എന്തുകൊണ്ട് ചെയ്തില്ല? എന്ന് ചോദിച്ചിട്ടില്ല എന്ന ചരിതമെത്ര മനോഹരമാണ്? വ്യത്യസ്ത ഭാര്യമാർ ഉണ്ടായപ്പോഴും ഒരാൾക്ക് പോലും അവിടുത്തെ സ്വഭാവത്തിലോ പെരുമാറ്റത്തിലോ നീരസമേറ്റിട്ടില്ല എന്ന് പറയുമ്പോൾ ആ ദാമ്പത്യജീവിതമെത്ര മഹനീയമായിരിക്കും? നിഖില മേഖലകളിലും ആ തിരു ജീവിതത്തിൽ നിന്നും നമുക്ക് പകർത്താനേറെ പാഠങ്ങളുണ്ട്. ഉത്തരാധുനികതയുടെ പ്രസരിപ്പിലും ആ തിരു ജീവിതത്തിന്റെ സാംസ്കാരിക സന്ദേശങ്ങൾ സ്വജീവിതത്തോട് ചേർത്തുവെക്കാൻ കഴിഞ്ഞാൽ നാമെത്ര ധന്യരായിരിക്കും? നാഥൻ നമുക്ക് വിധിയേകട്ടെ.
Post a Comment