ഹുറൂഫുൽ മുഖത്വഅ: അക്ഷര കൂട്ടങ്ങളിലെ അമാനുഷികത | ഹാഫിള് മുബശിർ ചാലിയം
പരിശുദ്ധ ഖുർആനിൻറെ അമാനുഷികതയിൽ പെട്ടതാണ് നിരക്ഷരരായ മുത്ത് (സ) വിശുദ്ധ ഖുർആൻ കൊണ്ടുവന്നു എന്നുള്ളത്.ഇതിന് ശക്തി പകരുന്ന ഖുർആനിക വാക്യങ്ങളുമുണ്ട് .അക്ഷരാഭ്യാസമില്ലാത്തവർ എന്ന വിശേഷണം റസൂലിനെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പലതവണ പ്രയോഗിച്ചിട്ടുണ്ട്. ഒരിടത്ത് ഖുര്‍ആന്‍ പറഞ്ഞതിങ്ങനെ : ‘ഇതിനു മുമ്പ് അങ്ങ് ഒരു ഗ്രന്ഥം പോലും വായിച്ചിട്ടില്ല; അങ്ങയുടെ വലതു കരം കൊണ്ട് അതെഴുതിയിട്ടുമില്ല. അങ്ങനെയായിരുന്നെങ്കില്‍ ഇത് അസത്യമാണെന്ന് വാദിക്കുന്നവര്‍ ശങ്കിക്കുമായിരുന്നു’ (അന്‍കബൂത്: 48). വ്യവസ്ഥാപിതമായി ഒരു ഗുരു മുഖത്തുനിന്നും അറിവു നുകരാത്ത നിരക്ഷരൻ ഒരു ഗ്രന്ഥം കൊണ്ടുവരിക എന്നത് മഹാത്ഭുതം തന്നെയാണ്. അർത്ഥ ധാരകൾ മാത്രമല്ല അക്ഷരങ്ങൾ മൊഴിയലും നിരക്ഷരന് അസാധ്യമാണ്. ഖുർആനിക ആയത്തുകൾ ഇറങ്ങുന്നതോടൊപ്പം അവ എപ്രകാരമാണ് എഴുതേണ്ടതന്നും എവിടെയാണ് ക്രമീകരിക്കേണ്ടതെന്നും പ്രവാചകർ അനുചരർക്ക് പകർന്നു നൽകിയിരുന്നു .അക്ഷരജ്ഞാനമില്ലാത്തവന് എങ്ങനെയാണ് ഇപ്രകാരം സാധ്യമാവുക. അക്ഷരമാല ക്രമവും പോലും നിരക്ഷരന് അന്യമായിരിക്കും.
ഖുർആനിലെ ചില സൂറതുകൾ തുടങ്ങുന്നത് തന്നെ ചില അക്ഷരങ്ങൾ മാത്രം പറഞ്ഞുകൊണ്ടാണ്. ഹുറൂഫുൽ മുഖത്വഅ എന്ന പേരിലറിയപ്പെടുന്നു ഈ അക്ഷരങ്ങൾ . അറബിയിലെ ഇരുപത്തി എട്ട് അക്ഷരങ്ങളിൽ നിന്ന് പതിനാല് അക്ഷരങ്ങളാണ് ഈ രൂപത്തിൽ ഖുർആൻ പ്രതിപാദിച്ചിട്ടുള്ളത്.അലിഫ് , ഹാഅ്, റാഅ്, സീൻ, സ്വാദ്, ത്വാഅ്, അയ്ൻ, ഖാഫ് , കാഫ്, ലാം, മീം, നൂൻ, ഹാഅ്, യാഅ് തുടങ്ങിയവയാണ് അവ. എന്നാൽ അതിലേറെ അതിശയം സൃഷ്ടാവ് ഈ അക്ഷരങ്ങൾക്കിടയിൽ ഒളിപ്പിച്ചുവെച്ച രഹസ്യങ്ങളാണ്.ഈ അക്ഷരക്കൂട്ടങ്ങൾക്ക് അറബി അക്ഷരമാലയിലെ എണ്ണവുമായും ക്രമവുമായും അക്ഷര ഉച്ചാരങ്ങളുടെ വിശേഷണങ്ങളുമായും ബന്ധമുള്ളതായി കാണാം.
അക്ഷരത്തിന്റെ എണ്ണവുമായുള്ള ബന്ധം
അറബി അക്ഷരമാലയിൽ ഇരുപത്തി എട്ടും ഇരുപത്തി ഒൻപതും അക്ഷരങ്ങൾ ഉണ്ടെന്നുമുള്ള ഭിന്നാഭിപ്രായങ്ങളുണ്ട്. 29 അക്ഷരങ്ങളാണ് ഉള്ളതന്ന് പരിഗണിക്കുമ്പോൾ അല്ലാഹു ഹുറൂഫുൽ മുഖത്തഅ ക്രമീകരിച്ചിട്ടുള്ളത് 29 സൂറത്തു കളിൽ ആണെന്ന് നമുക്ക് കാണാം.അൽ ബഖറ, ആലു ഇംറാൻ, അഹ്റാഫ്, യൂനുസ്, ഹൂദ്, യൂസുഫ്, റഅദ്, ഇബ്റാഹീം, ഹിജ്ർ, മർയം, ത്വഹ, ശുഅറാഅ്, നംൽ, ഖസസ്, അൻകബൂത്, റൂം, ലുഖ്മാൻ, സജദ , യാസീൻ , സ്വാദ്, ഗാഫിർ , ഫുസ്സിലത്, ശൂറ , സുഹ്റുഫ് , ദുഖാൻ , ജാസിയ, അഹ്ഖാഫ് , ഖാഫ്, നൂൻ തുടങ്ങിയവയാണ് പ്രസ്തുത സൂറതുകൾ .ഇത് തീർത്തും ആശ്ചര്യകരം തന്നെ.28 അക്ഷരങ്ങൾ ആണെന്ന് പരിഗണിക്കുമ്പോൾ ലോകരക്ഷിതാവ് ഈ അക്ഷര സൗരഭ്യം ഒരുക്കിയിട്ടുള്ളത് 28 ന്റെ നേർപകുതി 14 രൂപങ്ങളിൽ ആയിട്ടാണ്.
അക്ഷരമാലയുടെ ക്രമവുമായുള്ള ബന്ധം
അറബി അക്ഷരമാലയിലെ അക്ഷരങ്ങൾ ഓരോനിരയിലും ഒൻപത്, പത്ത്, ഒൻപത് എന്ന ക്രമത്തിൽ എഴുതിയാൽ ആദ്യ നിരയിൽ അലിഫ് മുതൽ സാൽ വരെ എഴുതിയ ഒൻപത് അക്ഷരങ്ങളിൽ നിന്ന് രണ്ടെണ്ണവും രണ്ടാമത്തെ നിരയിൽ നിന്ന് എഴുത്ത് രൂപത്തിൽ ഒരേപോലെയുള്ള അഞ്ച് ജോഡികളിൽ നിന്ന് ഓരോന്ന് വീതവും മൂന്നാമത്തെ നിരയിൽ ഉള്ള ഒൻപത് അക്ഷരങ്ങളിൽ നിന്ന് രണ്ടെണ്ണം ഒഴികെ ബാക്കിയുള്ള മുഴുവനും ഹുറൂഫുൽ മുഖതഅയിൽ അല്ലാഹു ക്രമപെടുത്തിയിരിക്കുന്നു.
അക്ഷരങ്ങളുടെ ഉച്ചാരണവുമായുള്ള ബന്ധം
അറബി അക്ഷരങ്ങൾ ഒട്ടനവധി വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമാണ്. അതിൽ പ്രധാനപ്പെട്ടതാണ് അറബി അക്ഷരങ്ങൾക്കുള്ള സിഫത്തുകൾ .ഉച്ചാരണ സ്ഫുടതക്കു വേണ്ടിയുള്ളതാണ് സിഫതുകൾ .അറബി അക്ഷരങ്ങളുടെ വിവിധ സിഫതുകളിൽ നിന്ന് പകുതി അക്ഷരങ്ങളാണ് ഹുറൂഫുൽ മുഖത്തഅയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.അറബി അക്ഷരങ്ങളിൽ ഹംസ് വിശേഷണമുള്ള അക്ഷരങ്ങൾ പത്ത് എണ്ണമാണുള്ളത്.അതിൽ അഞ്ച് അക്ഷരങ്ങളെ ഇതിനുവേണ്ടി തിരഞ്ഞെടുത്തു, പതിനട്ട് അക്ഷരങ്ങൾ ഉള്ള ജഹ്റിൽ നിന്ന് ഒൻപതും , നാല് എണ്ണമുള്ള ഇത്ബാഖിൽ നിന്ന് രണ്ടണ്ണവും , ശിദ്ധതിന്റെ എട്ട് അക്ഷരങ്ങളിൽ നിന്ന് നാലെണ്ണവും ഇൻഫിതാഹിന്റെ ഇരുപത്തി നാലിൽ നിന്ന് പന്ത്രണ്ടവും, ലീൻ അക്ഷരങ്ങളില മൂന്നണ്ണത്തിൽ നിന്ന് അതിന്റെ ചെറിയ പകുതി ഒരു അക്ഷരവും അല്ലാഹു വളരെ ആസൂത്രിതമായി തന്നെ വിന്യസിച്ചിരിക്കുന്നു. ഗുരുകുലം കാണാത്ത നബി തങ്ങൾ പകർന്നു നൽകിയ ജ്ഞാന വിസ്മയം ഏറെ അത്ഭുതം തന്നെ
ഹുറൂഫുൽ മുഖതഅയുടെ വ്യാഖ്യാനങ്ങൾ
ഖുര്‍ആനിലെ സൂക്തങ്ങളെ മുഹ്കം മുതശാബിഹ് എന്നിങ്ങനെ രണ്ടായി വേര്‍തിരിക്കുന്നുണ്ട്. സൂറത് ആലു ഇംറാനിലെ ഏഴാമത്തെ സൂക്തത്തില്‍ അല്ലാഹു അക്കാര്യം വ്യക്തമാക്കുന്നുണ്ട്. നബിയേ) താങ്കള്‍ക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത് അവനാണ്. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്. അവയത്രെ വേദഗ്രന്ഥത്തിന്റെ മൗലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാനുദ്ദേശിച്ചുകൊണ്ടും ദുര്‍വ്യാഖ്യാനം നടത്താനാഗ്രഹിച്ചുകൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന് മാത്ര മേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവര്‍ പറയും: ‘ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു.’ ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ’ (ആലു ഇംറാന്‍ 3: 7).
ഈ സൂക്തത്തില്‍ രണ്ടുതരം വചനങ്ങളെയാണ് അല്ലാഹു പരിചയപ്പെടുത്തുന്നത്. മതത്തിന്റെ മൗലിക സിദ്ധാന്തങ്ങളും ആദര്‍ശ വിശ്വാസങ്ങളും ആരാധനാ കര്‍മങ്ങളും സദാചാര നിയമങ്ങളും വിധിവിലക്കുകളുമെല്ലാം വിവരിക്കുന്നത് മുഹ്കമാത് എന്നു വിളിക്കുന്ന വചനങ്ങളിലാണ്.
എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി മുതശാബിഹ് ആയ ആയതുകളും ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. ഇതിന്റെ അര്‍ത്ഥതലങ്ങള്‍ ഖണ്ഡിതമായി അറിയുന്നവന്‍ അല്ലാഹു മാത്രമാണ്. ഇതിന്റെ പരിധിയിലാണ് ഹുറൂഫുൽ മുഖതഅകൾ വരുന്നത്. ഈ അക്ഷരക്കൂട്ടങ്ങൾക്ക് വ്യത്യസ്ത വ്യാഖ്യാനങ്ങൾ ഖുർആൻ പണ്ഡിതർ പറഞ്ഞിട്ടുണ്ടെങ്കിലും ഏറ്റവും പ്രബലമായത് അല്ലാഹു വ റസൂലുഹു അഅലം എന്ന തഫ്സീറാണ്. വിശുദ്ധ ഖുർആൻ അല്ലാഹുവിൽ നിന്ന് ജിബിരിയിൽ വഴി നബി തങ്ങൾക്ക് എത്തിയതാണന്നും, അല്ലാഹുവിൻറെ നാമമായ റഹ്മാനിലേക്കുള്ള സൂചനയാണ് അലിഫ് ലാം മീം എന്നതിലൂടെ ലഭിക്കുന്നത് എന്നാണ് ഇബ്നു അല്ലാഹുവിൻറെ നാമമായ റഹ്മാനിലേക്കുള്ള സൂചനയും ഈ അക്ഷരങ്ങളിലൂടെ ലഭിക്കുമെന്ന് ഇബ്നു അബ്ബാസ് (റ) അഭിപ്രായപ്പെടുന്നുണ്ട്. സൂറതുക്കളുടെ പേരാണന്നും അല്ലാഹുവിൻറെ നാമങ്ങൾ ആണെന്നും രേഖപെടുത്തിയവരുമുണ്ട് പണ്ഡിതന്മാർക്കിടയിൽ . അലിഫ് കൊണ്ടുള്ള വിവക്ഷ അല്ലാഹു എന്ന ജലാലത്തിന്റെ ഇസ്മാണന്നും ലാം ലത്വീഫ് എന്ന നാമത്തിലേക്കും മീം മജീദ് എന്നതിലേക്കും , കാഫ് കാഫിൻ എന്നതിലേക്കും, ഹാഅ ഹാദിൻ എന്നാണന്നും, അയ്ൻ അദ്ലിലേക്കും , സ്വാദ് സ്വാദിഖ് എന്നതിലേക്കുമുള്ള സൂചനകളാണന്നും കാണാം
പ്രസ്തുത അക്ഷരങ്ങളിൽ നിന്ന് ഒരു അക്ഷരം കൊണ്ട് തുടങ്ങുന്ന മൂന്ന് സൂറതുകൾ ആണ് ഉള്ളത്. ഇവകളെ അഹാദി എന്നു പറയുന്നു. രണ്ട് അക്ഷരങ്ങൾ ഉപയോഗിച്ചു തുടങ്ങുന്ന ഒൻപത് സൂറതുകൾക്ക് സനാഈ എന്നും മൂന്ന് അക്ഷരങ്ങൾ കൊണ്ട് തുടങ്ങുന്ന പതിമുന്നു സൂറതുകൾക്ക് സുലാസി എന്നും, നാലും, അഞ്ചും അക്ഷരങ്ങളാൽ തുടങ്ങുന്ന രണ്ട് സൂറതുകൾക്ക് യഥാക്രമം റുബാഇ, ഖുമാസി എന്നും പറയപ്പെടാറുണ്ട്.ത്വാഅ്, സീൻ, മീം ഉപയോഗിച്ച് തുടങ്ങുന്ന വക്ക് ത്വവാസീം, ത്വവാസീൻ എന്നും പേരുണ്ട്. ഹാഅ മീം നാൽ തുടങ്ങുന്ന സൂറതുകൾക്ക് ഹവാമീം എന്നും പണ്ഡിതർ പേര് നൽകുന്നുണ്ട്.വിശുദ്ധ ഖുര്‍ആന്റെ അവതരണം പൂര്‍ണമായിട്ട് പതിനഞ്ചോളം നൂറ്റാണ്ടുകള്‍ പൂര്‍ത്തിയായിരിക്കുന്നു. പരമമായ സത്യത്തിലേക്കുള്ള വെളിച്ചവും ദിശയുമാണെന്ന അവകാശവാദമുയര്‍ത്തി വിശുദ്ധ ഖുര്‍ആന്‍ ഇന്നും നിലനില്‍ക്കുന്നു. ലോകാവസാനം വരെ, അതിന്റെ ഘടനക്കോ ആശയങ്ങള്‍ക്കോ യാതൊരു പരിക്കും പറ്റാതെ നിലനില്‍ക്കുക തന്നെ ചെയ്യും.
അവലംബം :
തഫ്സീർ ബൈളാവി
മഫാതിഹുൽ ഗയ്ബ്
തഫ്സീർ ജലാലയ്ൻ
ഹാശിയതു സ്വാവി
Post a Comment