Followers

കുസ്കുസിന്റെ നാട്ടിലെ പെരുമകൾ തേടി ....



വിശാലമായ ഈ ലോകം പല വഴിയായി പടർന്ന് പന്തലിച്ച് കിടക്കുകയാണ്. ഓരോരുത്തരും അല്ലലില്ലാതെ യാത്ര ചെയ്ത് തെളിച്ചെടുക്കുന്നതാണ് അവരവരുടെ വഴികൾ. മനുഷ്യരിൽ പലതും കൊളുത്തിയിടുന്ന ഒരു ചങ്ങലക്കണ്ണിയാണ് യാത്രകൾ. വ്യത്യസ്ത സംസ്കാരങ്ങളുമായി അവരെ ബന്ധിപ്പിക്കുന്നു. വിവിധ നാഗരികതകളെ അടുത്തറിയാൻ സാഹചര്യമൊരുക്കുന്നു. ഉള്ളറകളിലേക്ക് ആഴ്ന്നിറങ്ങി നാനാതരം മനുഷ്യരുടെ ഹൃദയങ്ങളുമായി കോർത്തിണക്കുന്ന ഒരു ശ്രേണിയായി അത് മാറുകയും ചെയ്യുന്നു. അതു കൊണ്ട് തന്നെയാണ് യാത്രകൾ പുതു ബന്ധങ്ങൾക്ക് ചിറകു വിരിക്കുന്നത്. മനസ്സ് തുറക്കാൻ കഴിയുന്ന ചെറുയാത്രകൾ പോലും ബന്ധങ്ങളുടെ പുതിയ ജാലകങ്ങൾ നമുക്ക് മുന്നിൽ തുറന്നു വെക്കുന്നുണ്ട്.യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കും യാത്ര പോകാത്തവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്നവയാണ്  യാത്രാവിവരണ പുസ്തകങ്ങള്‍. കണ്ട കാഴ്ചകള്‍ മനോഹരം, കാണാത്തവ അതിമനോഹരം എന്നല്ലേ പറയാറ്. കാണാത്ത കാഴ്ചകളെ കണ്ടതുപോലെ തോന്നിപ്പിക്കുന്ന, അനുപമമായ ആഖ്യാന വൈഭവത്താല്‍ വായനക്കാരെ വിസ്മയിപ്പിക്കുന്നവയാണ് യാത്രാവിവരണ ഗ്രന്ഥങ്ങൾ . അത്തരമൊരു  പുസ്തക ശേഖരണത്തിൽ പെട്ടതാണ് മഗ്‌രിബിലെ  ചായങ്ങൾ. മഗ്‌രിബിലെ ദേശങ്ങളിലൂടെയുള്ള ഒരു സഞ്ചാരിയുടെ യാത്രാനുഭവങ്ങളാണിത്. ദേശചരിത്രവും ദേശവര്‍ത്തമാനവും  അവിടെനിന്നുള്ള അനുഭവങ്ങളും ദേശജീവിതവുമെല്ലാം യാത്രികൻ ശംവീൽ നൂറാനി  വരച്ചിടുന്നുണ്ട്. ഓരോ യാത്രാനുഭവവും ഓരോ സാഹിത്യാനുഭവമാക്കി മാറ്റുന്നുണ്ട് ഗ്രന്ഥകാരൻ . അനുഭവങ്ങളുടെ ചൂടും ചൂരുമുള്ള യാത്രാക്കുറിപ്പുകള്‍. ഏറെയൊന്നും എഴുതപ്പെടാത്ത ദേശങ്ങളിലൂടെയുള്ള ഈ യാത്രാനുഭവങ്ങള്‍ ഹൃദ്യമായ ഒരു വായനാനുഭവമാകുന്നു.ഓരോ കാൽവെപ്പിലും ചരിത്രത്തെ തൊട്ടു നടക്കാനുള്ള യാത്രികന്റെ വെമ്പൽ പുസ്തകത്തിൽ നിന്നും വായിച്ചെടുക്കാവുന്നതാണ്.യാത്രാനുഭവ പുസ്തകമോ  ചരിത്രപുസ്തകമോ എന്ന് കൃത്യമായി വേർതിരിച്ചു പറയാനാവാത്തതാണ് മഗ്‌രിബിലെ ചായങ്ങൾ. ഇതു വായിച്ചു കഴിഞ്ഞ് ആദ്യമായി മൊറോക്കോയിലേക്ക് പോകുന്ന ഒരാൾ തീർച്ചയായും രണ്ടാം തവണയാണ് മൊറോക്കോയിലേക്ക് പോകുന്നത് .ആദ്യ യാത്ര പുസ്തക വായനയോടെ കഴിഞ്ഞിട്ടുണ്ടാകും.


ആത്മീയ നായകരുടെ സാന്നിധ്യം നൽകുന്ന അലങ്കാരമാണ് മൊറോക്കോയുടെ മുഖമുദ്ര. ചരിത്രത്തിന് ഏറെ പ്രിയമേറിയതാണ് മൊറോക്കോ എന്ന മഗ്‌രിബ് .പതിനഞ്ചാം നൂറ്റാണ്ടിൽ ക്രിസ്റ്റഫർ കൊളംബസ് അമേരിക്ക കണ്ടുപിടിക്കുന്നത് വരെ ചരിത്രത്തിലും ചരിത്രകാരന്മാർക്കും പടിഞ്ഞാറിന്റെ അറ്റമായി അറിയുന്നത് മൊറോക്കോയാണ്, അതായത് സൂര്യൻ അസ്തമിക്കുന്ന ഇടം .മൊറോക്കോ എന്ന പേരു കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് സഞ്ചാരികളുടെ നേതാവായ ഇബ്നു ബതൂത്ത ആയിരിക്കും.  നോക്കത്താ ദൂരത്തോളം പരന്നുകിടക്കുന്ന സഹാറാ മരുഭൂമിയും മനുഷ്യരും പ്രകൃതിയും ഒരുപോലെ  സൗന്ദര്യത്തോടെ ഇരിക്കുന്ന അപൂർവ്വം ചില നാടുകളിൽ ഒന്നാകും മൊറോക്കോ.ഒരു യാത്രാ വിവരണം എന്നതിനപ്പുറം മൊറോക്കോയുടെ ചരിത്രവും യാത്രികൻ പുസ്തകത്തിൽ രേഖപ്പെടുത്തുന്നുണ്ട്.മൊറോക്കോയിലെ  ജീവിതരീതി,ഭക്ഷണ വിഭവങ്ങൾ,നഗരങ്ങളുടെ കഥകൾ,വസ്ത്രധാരണം,പുരാതന നിർമ്മിതികൾ,വാണിജ്യ ബന്ധങ്ങൾ, മൊറോക്കോയെ ധന്യമാക്കിയ മഹോന്നതരുടെ കഥകൾ,എല്ലാം പ്രതിപാദിക്കുന്നുണ്ട് പുസ്തകത്തിൽ .ചുരുക്കിപ്പറഞ്ഞാൽ യാത്രാവിവരണം എന്നതിനപ്പുറം ചരിത്രഗ്രന്ഥവും കൂടിയാണിത്.


മൊറോക്കോയുടെ ഭരണം 1999 മുതൽ മുഹമ്മദ് ആറാമൻ രാജാവിൻറെ കൈകളിലാണ്. ലോകത്തെ സ്വാധീനിച്ച മുസ്ലിം അധികാരികളിൽ ഉന്നതസ്ഥാനം അലങ്കരിക്കുന്ന വ്യക്തിയാണ് അദ്ദേഹം . ഹിജ്റ 789 മുതൽ മഗ്‌രിബിൽ ഭരണം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇദ്‌രീസ് സാമ്രാജ്യമായിരുന്നു രണ്ടു നൂറ്റാണ്ടുകാലം മൊറോക്കോ ഭരിച്ചിരുന്നത്.അവരെ തകർത്തു കൊണ്ട് ഉമയ്യത് ഖിലാഫത്ത് ഭരണം നടന്നുവെങ്കിലും 1040-കളിൽ അൽമുറാബിതൂൻ അധികാരത്തിലേറി .ഏകദേശം ഒരു നൂറ്റാണ്ടോളം അവര് ഭരിച്ചു. 1120 ൽ ഇബ്നു തംറത്ത്  എന്ന വ്യക്തിയുടെ നേതൃത്വത്തിൽ അൽ മുവാഹിദുൻ ഭരണം സ്ഥാപിച്ചു. 1244 വരെ അവരുടെ അധികാരത്തിൽ ആയിരുന്നു മൊറോക്കോ . 1244-ൽ അൽമാരിനിദ് സാമ്രാജ്യം സ്ഥാപിച്ചു.രണ്ട് നൂറ്റാണ്ടുകാലം ഭരണത്തിലിരുന്ന  അൽമാരിനിദ് സാമ്രാജ്യത്തെ ഇദ്‌രീസ് കുടുംബത്തിലെ ഒരാൾ ഇടക്കാലത്ത് അട്ടിമറി നടത്തി .ശേഷം അല്‍ വത്താസിയൂൻ സാമ്രാജ്യത്വത്തിനു അധികാരം കൈമാറി.അവരിൽ നിന്ന് സആദിയൻ രാജവംശം ഭരണം ഏറ്റെടുത്തു.പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കക്കാലം മഗ്‌രിബിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥയായിരുന്നു.ഇതിനൊടുവിൽ ആണ് 1666-ൽ ഫെസ് കേന്ദ്രീകരിച്ച് അലവി രാജവംശം അധികാരം പിടിക്കുന്നത് .1666 മുതൽ 1912 വരെ 28 അലവി സുൽത്താന്മാർ അധികാരത്തിലേർന്നു.1912 മുതൽ 1955 വരെ മൊറോക്കോ ഫ്രഞ്ച് അധികാരത്തിന് കീഴിലായിരുന്നു.ശേഷം സ്വാതന്ത്ര്യം ലഭിച്ച ഉടൻ മുഹമ്മദ് ആറാമന്റെ പിതാമഹൻ മുഹമ്മദ് അഞ്ചാമൻ അധികാരത്തിലേറി. അദ്ദേഹത്തിൻറെ വിയോഗത്തോടെ മകൻ ഹസൻ രണ്ടാമൻ 1961 മുതൽ പിന്തുടർച്ച അവകാശം കരസ്ഥമാക്കി .


മൊറോക്കോയുടെ ആത്മീയ ജീവിതരീതിയുടെ  ഭാഗമാണ് വിശുദ്ധ ഖുര്‍ആന്‍. സുബ്ഹിന്റെ മണിക്കൂറുകൾക്കു മുമ്പേ എഴുന്നേറ്റ് ജനങ്ങൾ പള്ളിയിലേക്ക് നീങ്ങുന്നു. ഇമാമിന്റെ ശ്രവണ സുന്ദരമായ ഖുർആൻ പാരായണം കേൾക്കാനാണ് യാത്ര .അതു ശ്രവിക്കാനായി പള്ളികൾ ജനനിബിഡമായിരിക്കും. അതിമാധുര്യമുള്ള  പാരായണം കേള്‍ക്കുന്നത് തന്നെ നമ്മില്‍ വല്ലാത്ത അനുഭൂതി ഉണ്ടാക്കും. ഖുര്‍ആന്‍ ഓതുന്നതിനും കേള്‍ക്കുന്നതിനുമെല്ലാം വലിയ പ്രാധാന്യം നല്‍കുന്ന നാട് കൂടിയാണ് മൊറോക്കോ .മൊറോക്കോയിലെ  ഭക്ഷണരീതിയിലും ഒട്ടേറെ വൈവിധ്യങ്ങളുണ്ട്.മഗ്‌രിബിലെ ചായ ലോകപ്രശസ്തമാണ്. ചായയെക്കാൾ പ്രാധാന്യം അതിൻറെ വിളമ്പലിലാണ്. മൊറോക്കോയിലും അയൽപക്ക രാഷ്ട്രങ്ങളിലും സ്നേഹത്തിന്റെയും സൗഹാർദ്ദ കൈമാറ്റത്തിന്റെയും അടയാളമായി ഈ ചായ സൽക്കാരത്തെയും കാണുന്നു.  മൂന്നു ഗ്ലാസ് വീതമായിട്ടാണ് ചായ വിളമ്പുന്നത്.ആദ്യത്തെ ഗ്ലാസ് ജീവിതം പോലെ കുലീനമാണന്നും രണ്ടാമത്തേത് സ്നേഹം പോലെ ശക്തമാണന്നും മൂന്നാമത്തേത് മരണം പോലെ കൈപ്പേറിയതുമാണന്നാണ് മഗ്‌രിബിലെ ജനങ്ങൾക്കിടയിലെ ചൊല്ല് .മൊറോക്കോക്കാരുടെ വെള്ളിയാഴ്ച ദിവസങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് കുസ്കുസ് . കിസ്കസ് എന്നൊരു പ്രത്യേക പാത്രത്തിലാണ് ഇത് പാചകം ചെയ്യുന്നത് .വലിയൊരു ഒത്തൊരുമയുടെ സംസ്കാരം കുസ്കുസ് വിഭവം കൈമാറുന്നുണ്ട്.കുസ്കുസ് കഴിക്കാൻ ഇരിക്കുമ്പോൾ അടുത്തുള്ള ആളുകളെയും ക്ഷണിക്കൽ പതിവാണ് അവിടത്തുകാർക്ക്.

ജല്ലാപയാണ് മോറോക്കയിലെ  വസ്ത്രങ്ങളിലേറെ പ്രശസ്തം. ആണും പെണ്ണും ഒരുപോലെ ഈ വസ്ത്രം സ്വീകരിച്ചിട്ടുണ്ട്. നീളമുള്ളതും അയഞ്ഞതുമാണ് ജല്ലാപ, പലനിറങ്ങളിൽ ഇത് കാണാൻ കഴിയും. നീണ്ട കൈകളും തലമൂടുന്ന തൊപ്പിയും വസ്ത്രത്തിന്റെ മുൻഭാഗത്ത് നടുവിലൂടെ നീളത്തിൽ അലങ്കാര പണിയും ഉള്ള ഒരു വസ്ത്രമാണിത്. തലമൂടുന്ന തൊപ്പി തണുപ്പ് കാലത്ത് ചൂടുപകരാനും സൂര്യൻറെ വെയിലിൽനിന്ന് രക്ഷ തേടാനും സഹായിക്കും. മൊറോക്കോ രാജാവടക്കം മുഴുവൻ ആളുകളും വെള്ളിയാഴ്ച ദിവസങ്ങളിൽ ഈ വസ്ത്രമാകും ധരിക്കുക. ജല്ലാപയോട് ചെറിയൊരു സാദൃശ്യമുള്ളതും സ്ത്രീകൾ മാത്രം ധരിക്കുന്ന രാജകീയതയും കുലീനതയും തോന്നിപ്പിക്കുന്ന വസ്ത്രമാണ് കഫ്താൻ . കാൽപാദത്തിൽ നിന്നും താഴെക്കിറങ്ങിയുള്ള രൂപമാണ് ഇതിന് .കല്യാണങ്ങളിലും വിശിഷ്ട അവസരങ്ങളിലും മാത്രം മൊറോക്കൻ സ്ത്രീകൾ ധരിക്കുന്ന വസ്ത്രമാണ് തക്ഷിത .രണ്ടു വസ്ത്രങ്ങളുടെ സംയോജിത രൂപമാണിതിന്ന് .



മൊറോക്കയുടെ ഭരണ തലസ്ഥാനം റബാത്  ആണെങ്കിലും വാണിജ്യ- വ്യവസായ കേന്ദ്രം കാസ ബ്ലാങ്കയാണ് .സാംസ്കാരിക തലസ്ഥാനം മറാക്കി ഷും,ആത്മീയ കേന്ദ്രം ഫാസ് നഗരവുമാണ് .അറ്റ്ലാന്റിക് സമുദ്രത്തോട് ചേർന്ന് കിടക്കുന്ന ഒരു വലിയ തുറമുഖ നഗരമാണ് കാസബ്ലാങ്ക . ഒട്ടനവധി മൾട്ടി നാഷണൽ കമ്പനികളുടെ ആസ്ഥാനമാണ് ഈ നഗരം . ആഫ്രിക്കയിലെ ഏറ്റവും വലിയ മസ്ജിദുകളിൽ ഒന്നായ ഹസ്സൻ മസ്ജിദ് നിലകൊള്ളുന്നത് ഇവിടെയാണ് .വലിയൊരു വാസ്തുവിദ്യാ വിസ്മയം തന്നെയാണ് ആ നിർമിതി .ഒരു ലക്ഷത്തോളം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന പള്ളി അറ്റ്ലാന്റിക് സമുദ്രത്തോട് തൊട്ടുരുമ്മിയാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. പരിശുദ്ധാത്മാക്കളുടെ പട്ടണം എന്നാണ ഫേസ് നഗരം അറിയപെടുന്നത്. മദീനത്തു ഫാസ് എന്ന് അറബിയിൽ വിളിക്കും.ഒരു വലിയ കോട്ട മതിൽക്കെട്ടിനകത്തായാണ് ഫേസ് നഗരം സ്ഥിതി ചെയ്യുന്നത്. ഒരു ചരിത്ര വിദ്യാർത്ഥിക്ക് ഒട്ടനേകം അറിവുകൾ ഫാസിൽ നിന്നും നുകർന്നെടുക്കാനാകും .പടിഞ്ഞാറിന്റെ മക്കയായും ആഫ്രിക്കയുടെ ഏഥൻസായും സഞ്ചാരികൾ ഫാസിനെ അടയാളപ്പെടുത്തുന്നു.ഫാസിലെ ബാബുൽ ഫുതൂഹ് 

കമാനം പ്രസിദ്ധമാണ്. മറാക്കിഷ് എന്ന മറ്റൊരു നഗരമുണ്ട് . വാസ്തുവിദ്യക്കും കലാ നിർമിതികൾക്കും കേളികേട്ട ദേശമാണ് മറാക്കിശ്.മറാക്കിഷ് പട്ടണത്തിലെ ഏറ്റവും വലിയ മസ്ജിദ് ആണ് കുതുബിയ മസ്ജിദ് . പള്ളിയുടെ മിനാരം മറാക്കിഷിന്റെ അടയാളമാണ് . ഒമ്പത് നൂറ്റാണ്ട് പഴക്കമുള്ള നിർമിതി,സകല പ്രൗഢിയോടെയും ഇപ്പോഴും വളരെ മനോഹരമായി  പരിപാലിച്ചു പോരുന്നു.മറാക്കിഷ് നഗരത്തിന്റെ 29 കിലോമീറ്റർ അകലെ നിന്നു പോലും ദൃശ്യമാകുന്ന തരത്തിലാണ് മിനാരം പണിതിരിക്കുന്നത് . മറാക്കിഷിലെ ഓരോ നിർമ്മിതിക്കും ഒരുപാട് കഥകൾ പറഞ്ഞുതരാനുണ്ട് . ഇസ്ലാമിനെ കുറിച്ച് അറിയുവാൻ തൗഹീദിന്റെ മനോഹരമായ സിദ്ധാന്തങ്ങൾ മനസ്സിലാക്കുവാൻ ചിലപ്പോൾ ഒരു നിർമ്മിതി തന്നെ മതിയാകും.മൊറോക്കോയിലെ നിർമ്മിതികൾ നോക്കിയിരുന്നാൽ തന്നെ നമ്മുടെ ഹൃദയത്തിൽ ഇസ്ലാം കടന്നു വരും. ഇവിടുത്തെ നിർമ്മിതികളുടെ ഭംഗിയും ആത്മീയതയും പരസ്പരം ഒട്ടിയിരിക്കുന്നത് പോലെ നമുക്ക് അനുഭവപ്പെടും.വാസ്തുവിദ്യയുടെ മടിത്തട്ടാണ് മൊറോക്കൊ.മൊറോക്കോയിലെ നിർമ്മിതികളിൽ മോറിശ് വാസ്തുവിദ്യയുടെയും മൊറോക്കോയിൽ തന്നെ വികസിപ്പിച്ചെടുത്ത വാസ്തുവിദ്യയുടെയും സങ്കര ജാതിയാണ് കാണുന്നത് .പാശ്ചാത്യ ഇസ്ലാമിക ലോകത്ത് വികസിപ്പിച്ചെടുത്ത ഒരു വാസ്തുവിദ്യ രീതിയാണ് മൂർശ് വാസ്തുവിദ്യ . പടിഞ്ഞാറൻ യൂറോപ്പിൽ മുസ്ലിം ഭരണം ഉണ്ടായിരുന്ന സ്പെയിൻ, പോർച്ചുഗൽ അടങ്ങുന്ന അന്തലുസ്  പ്രദേശത്തും അതിനോട് ചേർന്ന് ആഫ്രിക്കയിലെ മൊറോക്കോ ,അൽജീരിയ, ടുണീഷ്യാ ,ലിബിയ പ്രദേശങ്ങളിലുമായി മാത്രം കണ്ടിരുന്ന പ്രത്യേകം ഭംഗിയുള്ള വാസ്തുവിദ്യ സംസ്കാരത്തെയാണ് മൂറിഷ് ആർക്കിടെക്ചർ എന്നു പറയുന്നത്.


നിരവധി മഹോന്നതരുടെ കഥകൾ പറയാനുണ്ട് മഗ്‌രിബ് ദേശത്തിന് . അതിൽ പ്രധാനികളാണ്  ഖാളി ഇയാള് , സയ്യിദ് അൽ സുഹൈലി ,സയ്യിദ് യൂസഫ് ബിൻ അൽ സൻഹജി .സയ്യിദ് അബുൽ അബ്ബാസ് അസ്സബ്തി , സയ്യിദ്  മുഹമ്മദ് സുലൈമാൻ അൽ ജസൂലി, സയ്യിദ് അബ്ദുൽ അസീസ് അൽ തബ്ബാഉ, സയ്യിദ് അബ്ദുല്ലാഹ് അൽ ഗസ്വാനി . മലയാളികളുടെ സുപരചിതമായ  സ്വലാത്തുന്നാരിയയുടെ രചയിതാവ് സീദി  അബ്ദുൽ വഹാബ് താസിയുടെ മഖ്ബറ ഉള്ളതും മൊറോക്കയിലാണ്.സഞ്ചാരികളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ഇബ്നു ബത്തൂത്തയുടെ നാടും മഗ്‌രിബ്  തന്നെ. ബത്തൂത്തയുടെ സഞ്ചാര പാതകളിൽ നമ്മുടെ കൊച്ചു കേരളവും കണ്ണിയായിരുന്നു.അദ്ദേഹം കോഴിക്കോട് കപ്പലിറങ്ങി സാമൂതിരിയയുടെ അതിഥിയായി ദിവസങ്ങളോളം കഴിഞ്ഞതായി ചരിത്ര രേഖകളിൽ കാണാം.


ഒരു പ്രദേശത്തിൻ്റെ കാഴ്ചയെ ഇവ്വിധം പുരാതനമായ വിശേഷണങ്ങളാലും ചരിത്രപരമായ കണ്ടെത്തെലുകളാലും വർത്തമാനകാലത്തിൻ്റെ അടയാളപ്പെടുത്തലുകളാലും കാഴ്ചകളുടെ ഓർമ്മചെപ്പുകളാലും നാവിലെ സ്വാദേറും രുചികളാലും എഴുതി വെക്കുമ്പോഴാണ് വായനക്കാരൻ കൂടി എഴുത്തുകാരൻ്റെ സഹയാത്രികൻ ആയിത്തീരുന്നത്.ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും ആത്മീയ ഗുരുവുമായ കാന്തപുരം ഉസ്താദിന്റെ  സഹയാത്രികനായിട്ടാണ് ഗ്രന്ഥകാരൻ മൊറോക്കോയിലേക്ക് യാത്ര തിരിക്കുന്നത്. ആത്മീയതയിൽ അലിഞ്ഞുചേർന്ന യാത്രകൾ ആസ്വാദനത്തിനപ്പുറം ഹൃദയ ശുദ്ധീകരണത്തിനും കാരണമാവുമെന്ന് എഴുത്തുകാരൻ പുസ്തകത്തിൽ പറയാതെ പറയുന്നുണ്ട്. 160 പേജുകളുള്ള മഗ്‌രിബിലെ ചായങ്ങൾ പ്രസിദ്ധീകരിച്ചത് IPB ബുക്സാണ്.



No comments