ഇസ്ലാമും ബഹുഭാര്യത്വവും | ഹാഫിള് മുഹമ്മദ് അനസ് ചെറുതുരുത്തി
ഇസ്ലാം വിരോധികളുടെയും ശരീഅത്ത് ഭേദഗതി വാദക്കാരുടെയും വിമർശനത്തിന് വിധേയമായ ഒരു പ്രശ്നമാണ് ബഹുഭാര്യത്വം.കുറച്ചു ദിവസങ്ങൾക്ക് മുമ്പ്, ഇസ്ലാമിലെ ബഹുഭാര്യത്വത്തെ വിമർശിച്ച് കൊണ്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയും മുന്നോട്ട് വന്നിരുന്നു.നാലു ഭാര്യമാരെ വിവാഹം കഴിക്കുന്നത് പ്രകൃതിവിരുദ്ധമാണെന്നും വിദ്യാസമ്പന്നരും സാംസ്കാരിക ജനങ്ങളും ബഹുഭാര്യത്വത്തെ എതിർക്കുന്നവരാണെന്നും മുസ്ലിം പുരുഷന്മാർ മാത്രമാണ് ഒന്നിലധികം ഭാര്യമാരെ വിവാഹം കഴിക്കുന്നത് എന്നൊക്കെയായിരുന്നു അവരുടെ വിമർശനം.എന്നാൽ ഇസ്ലാം മാത്രമാണോ ബഹുഭാര്യത്വം അനുവദിക്കുന്നത് ?എന്താണ് ഇസ്ലാമിലെ ബഹുഭാര്യത്വം ?ബഹുഭാര്യത്വത്തെക്കുറിച്ച് പുരോഗമന ധിഷണാശാലികളുടെ അഭിപ്രായമെന്ത്?
നിതിൻ ഗഡ്കരിയുടെയും ഹിമന്ദ ബിശ്വശർമയുടെയും വിമർശനങ്ങളിൽ നിന്ന് വ്യക്തമാകുന്നത് ഇസ്ലാമിൽ മാത്രം നിലനിൽക്കുന്ന ഒരു സമ്പ്രദായമാണ് ബഹുഭാര്യത്വമെന്നാണ്.എന്നാൽ എല്ലാ മതങ്ങളിലും രാജ്യങ്ങളിലും നിലനിൽക്കുന്ന ഒരു സമ്പ്രദായമാണ് ബഹുഭാര്യത്വം.പക്ഷേ, അവിടങ്ങളിലെയെല്ലാം ബഹുഭാര്യത്വ രീതിശാസ്ത്രം വ്യത്യാസമുണ്ട് എന്ന് മാത്രം.ധിഷണാശാലികളായ പാശ്ചാത്യ ചിന്തകന്മാരിൽ പലരും ബഹുഭാര്യത്വം സന്തുലിതമായ സാമൂഹിക നിലനിൽപ്പിന് അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.ഫ്രഞ്ച് ലൈംഗിക ശാസ്ത്രജ്ഞനായ ഡോക്ടർ ലെബോൺ പറയുന്നു:വേശ്യാവൃത്തി, ലിംഗവ്യാധികൾ,ഗർഭഛിദ്രം, ജാരസന്തതികളുടെ കഷ്ടപ്പാടുകൾ, സ്ത്രീപുരുഷ സംഖ്യാനുപാദത്തിലുള്ള ഏറ്റക്കുറവിനാൽ നേരിടുന്ന ലക്ഷക്കണക്കിന് അവിവാഹിതകളുടെ ദൗർഭാഗ്യം,വ്യഭിചാരം തുടങ്ങിയ നിരവധി ദൂഷ്യങ്ങളെ ബഹുഭാര്യത്വത്തിലേക്കുള്ള മടക്കം പരിഹരിക്കും."മറ്റൊരു ചിന്തകനായ ഡോക്ടർ ലാൻറ്റു പറയുന്നു:നാമിന്നു ജീവിക്കുന്ന ലോകത്തെപ്പോലുള്ള ഒരപൂർണ്ണ ലോകത്ത് ബഹുഭാര്യത്വം പ്രകൃതിയുക്തവും നിയമാനുസൃതവുമായി വിചാരിക്കണം. എന്തെന്നാൽ, ബഹുഭാര്യത്വ സമ്പ്രദായത്തെ റദ്ദ് ചെയ്യണമെങ്കിൽ നാം ഒന്നാമതായി നമ്മുടെ നാഗരികതയുടെ മുഴുസ്വഭാവത്തെയും രണ്ടാമതായി മനുഷ്യപ്രകൃതിയെയും അവസാനമായി ലോകപ്രകൃതിയെ തന്നെയും മാറ്റിമറിക്കേണ്ടി വരും."
ഇന്ന് ബഹുഭാര്യത്വം നിരോധിക്കുന്ന പാശ്ചാത്യ രാജ്യങ്ങളിൽ പലയിടങ്ങളിലും വിധവകളുടെ പ്രശ്നം പരിഹരിക്കപ്പെടാതെ ഇപ്പോഴും നിലനിൽക്കുന്നു.രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ ഉടനെയുള്ള ഒരു സംഭവം ഇവിടെ കുറിക്കാം :
രണ്ടാം ലോകമഹായുദ്ധത്തിൽ അൻപത് ലക്ഷം പുരുഷന്മാരാണ് മരിച്ചതെന്ന് പഠനങ്ങൾ വ്യക്തമാകുന്നുണ്ട്.തുടർന്ന് ഭർത്താക്കന്മാരെ നൽകണമെന്ന് ആവശ്യപ്പെട്ട് ജപ്പാനിലെയും ജർമ്മനിലെയും സ്ത്രീകൾ പ്രകടനം നടത്തുകയും അവരുടെ വീടുകൾക്കു മുന്നിൽ ഒരു സായാഹ്ന അതിഥിയെ ആവശ്യമുണ്ടെന്ന ബോർഡുകൾ പ്രത്യക്ഷപ്പെടുകയുമുണ്ടായത്രെ.പുരുഷന്മാരുടെ കുറവ് ജപ്പാന്റെയോ ജർമനിയുടെയോ മാത്രം പ്രശ്നമല്ല.സ്ത്രീ പുരുഷ അനുപാതത്തിൽ ഒട്ടുമിക്ക രാഷ്ട്രങ്ങളിലും സ്ത്രീകൾക്കാണ് മുൻതൂക്കം.2011ലെ കണക്കുപ്രകാരം കേരളത്തിലെ സ്ത്രീ - പുരുഷ അനുപാതത്തിൽ പുരുഷനേക്കാൾ ഒരു ലക്ഷത്തിൽപരം സ്ത്രീകൾ അധികമാണെന്ന് കണക്കാക്കപ്പെടുന്നു.അവർ മുഴുവൻ വിധവകളുടെ ലിസ്റ്റിൽ ഉൾപ്പെടും എന്നതിന് തർക്കമില്ല.വർഷങ്ങൾ പിന്നിട്ടിട്ടും വിധവാ പ്രശ്നം കൂടുതൽ സങ്കീർണ്ണമായി കൊണ്ടിരിക്കുകയല്ലാതെ പരിഹരിക്കപ്പെടുന്നില്ലെന്ന് ലോകചരിത്രവുമായി ബന്ധപ്പെടുന്നവരോട് പറയേണ്ടതില്ല.അപ്പോൾ ഇത്തരം ഘട്ടങ്ങളിൽ ഇസ്ലാമിന്റെ പ്രായോഗിക നിർദ്ദേശമല്ലാതെ മനുഷ്യോചിതമായ ഒരു മാർഗ്ഗം എന്താണ് ?
അതി
വൈകാരികതയുള്ളവർക്ക് ദഹിക്കില്ലെങ്കിലും ചരിത്രപരമായി വീക്ഷിച്ചാൽ ലോകത്തിലെ മിക്ക രാജ്യങ്ങളിലും സമുദായങ്ങളിലും ബഹുഭാര്യത്വം സ്വീകരിക്കപ്പെട്ടതായി കാണാൻ കഴിയും.ജൂതന്മാരുടെ ഇടയിൽ പുരുഷന് ഏത വസ്ഥയിലും ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുവാൻ അനുമതി ഉണ്ടായിരുന്നു. ഭാര്യമാർക്ക് നിയമപരമായ കാര്യങ്ങളിൽ യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ല.ബഹുഭാര്യത്തെ മദ്യനൂറ്റാണ്ടുകളിൽ ക്രിസ്ത്യൻ മതാധ്യാപകന്മാർ അംഗീകരിച്ചു കഴിഞ്ഞിരുന്നു. നിയമാനുസൃത നടപടിയായി നടന്നുവരികയും ചെയ്തിരുന്നു.ഹൈന്ദവ മതദർശനത്തിലും ബഹുഭാര്യത്വസമ്പ്രദായവും ബഹുഭർത്വസമ്പ്രദായവും കാണാവുന്നതാണ്. "നായർ സ്ത്രീകൾക്ക് രണ്ടോ നാലോ അതിലധികമോ ഭർത്താക്കന്മാർ ഉണ്ടാവും. മുസ്ലിംകൾ ഊഴപ്രകാരം ഓരോ ഭാര്യമാരുടെ അടുത്തു പോകുന്നതുപോലെ ഊഴപ്രകാരം ഓരോ ഭർത്താക്കന്മാരും ഓരോ രാത്രിക്ക് എത്തിച്ചേരുന്നു. ഓരോരുത്തരും വരേണ്ടുന്ന ദിവസം മുൻകൂട്ടി നിശ്ചയിച്ചിരിക്കും. ഈ ഭർത്താക്കാർ തമ്മിൽ അന്യോന്യം കലഹമോ വിരോധമോ ഉണ്ടാകാറില്ല. "
എല്ലാ മതങ്ങളിലും നിലനിൽക്കുന്ന ഒരു സമ്പ്രദായമായിട്ടുപോലും , അതിന് പ്രായോഗികമായ അതിര് നിർണയിച്ച് അനുവാദം നൽകിയ ഇസ്ലാമിനെ പഴിക്കുന്നവർ അന്ധമായി ഇസ്ലാമിനെ എതിർക്കുന്നവരാണ്.
ബഹുഭാര്യത്വത്തെ അടിസ്ഥാനപരമായി ഇസ്ലാം അനുവദിക്കുന്നുണ്ട്. എന്നാൽ ഒന്നിൽ കൂടുതൽ ഭാര്യമാരെ സ്വീകരിക്കണമെങ്കിൽ കൃത്യമായ മാനദണ്ഡങ്ങൾ മതം കൽപ്പികുന്നുമുണ്ട്. "അനാഥകളുടെ കാര്യത്തിൽ നീതി പാലിക്കാനാവില്ല എന്ന് നിങ്ങൾ ഭയപ്പെടുകയാണെങ്കിൽ മറ്റു സ്ത്രീകളിൽ നിന്നും നിങ്ങൾ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ നാലോ പേരെ വിവാഹം ചെയ്യുക , എന്നാൽ അവർക്കിടയിൽ നീതിപുലർത്താനാവില്ലെന്ന് പേടിയുണ്ടെങ്കിൽ ഒരുവളെ മാത്രം വിവാഹം കഴിക്കുക. അല്ലെങ്കിൽ നിങ്ങളുടെ അധീനതയിലുള്ള അടിമസ്ത്രീയെ സ്വീകരിച്ചുകൊള്ളുക. അനീതിയിൽനിന്നു മുക്തരാകാൻ അതാണ് നിങ്ങൾക്ക് ഉചിതമായിട്ടുള്ളത് " . [അന്നിസാഅ്:3] .അലഹാബാദ് ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ധവാൻ ഒരു വിധിന്യായത്തിൽ പറയുകയുണ്ടായി "ഖുർആനിൽ ഒരേ സമയത്തു നാലു ഭാര്യമാരെ എടുക്കണമെന്ന് പറഞ്ഞത് അങ്ങനെ ചെയ്യണമെന്ന ശുപാർശയല്ല. നാലേ പാടുള്ളൂവെന്നു നിയന്ത്രിച്ചതാണ്. പുരുഷന്മാരുടെ കാമാര്‍ത്തിക്കു പരിധി വെക്കുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നത് " .
സമ്പത്തും സൗന്ദര്യവും കണ്ട് തങ്ങളുടെ സംരക്ഷണത്തിലുള്ള അനാഥ കുട്ടികളെ ഭാര്യമാരാക്കി സ്വീകരിച്ചു കഷ്ടപ്പെടുത്തുന്നതിനെ കുറിച്ചാണ് മേൽ വചനം അവതരിച്ചിട്ടുള്ളത്.മൂന്നു തത്വങ്ങളാണ് ഈ വാചനത്തിൽ അടങ്ങിയിട്ടുള്ളത് എന്ന് മുഫസ്സിറുകൾ വ്യക്തമാക്കുന്നുണ്ട്. ഒന്ന് അനാഥ കുട്ടികളെ വിവാഹം കഴിക്കുക വഴി നീതിപുലർത്താൻ സാധിക്കുകയില്ലെങ്കിൽ മറ്റു സ്ത്രീകളെ വിവാഹം ചെയ്യാനുള്ള നിർദ്ദേശം.രണ്ട് പരിധിയില്ലാതെ ജാഹിലിയ്യ കാലത്ത് നടന്ന വിവാഹങ്ങൾക്കു കടിഞ്ഞാണിട്ടുകൊണ്ട് നാലിൽ കൂടുതൽ ഒരിക്കലും ഒന്നിച്ചു വിവാഹം കഴിക്കാൻ പാടില്ലെന്ന നിരോധനം . മൂന്ന് അനാഥ കുട്ടികളുടെ കാര്യത്തിൽ നീതിപുലർത്താനാവില്ല എന്ന് പേടിയുണ്ടെങ്കിൽ, അതേപോലെ നാലു ഭാര്യമാരെ വെച്ചിരിക്കുമ്പോഴും നീതിപുലർത്താൻ സാധിക്കാതെ വന്നാൽ ഒന്നിലധികമാവുന്നത് പേടിക്കണമെന്ന ശാസനയും മേൽ വാക്യത്തിൽ സുവ്യക്തമാണ്.അപ്പോൾ ബഹുഭാര്യത്വം ഇസ്ലാം അനുവദിച്ചിട്ടുള്ളത് മേൽ പ്രതിപാദിച്ച മാനദണ്ഡങ്ങൾക്ക് അടിസ്ഥാനത്തിലാണ്.
ഒന്നിൽ കൂടുതൽ സ്ത്രീകളെ വിവാഹം കഴിക്കുന്ന പുരുഷന്മാർക്ക് അവർക്കിടയിൽ നീതി പാലിക്കൽ ഇസ്ലാമിൽ നിർബദ്ധമാണ്.പാലിക്കാൻ കഴിയാത്തവരെ കുറിച്ച് വളരെ കർശനമായ താക്കീതാണ് റസൂൽ കരീം [സ ] നൽകിയത്."ഒരു പുരുഷന്റെ അരികിൽ രണ്ടു ഭാര്യമാർ ഉണ്ടാവുകയും അവർക്കിടയിൽ നീതിപുലർത്താതിരിക്കുകയും ചെയ്താൽ അന്ത്യനാളിൽ ഒരു ഭാഗം ചെരിഞ്ഞവനായി അവൻ വരുന്നതാണ്". [ തിർമുദി ]നീതിപുലർത്തുക എന്ന് ആയത്തിലും ഹദീസിലും പറഞ്ഞ ഭാഗം വിശാലവും ഫുഖഹാക്കൾ വിവരിച്ചിട്ടുള്ളതുമാണ്.ചെലവ് കൊടുക്കുന്നതിലും ദിവസങ്ങൾ ഇടവിട്ട് താമസിക്കുന്നതിലും എല്ലാം തുല്യനില വർത്തിക്കേണ്ടതുണ്ട്. രണ്ടാളുടെയും സമ്മതമില്ലാതെ ഒന്നിച്ചു താമസിക്കുന്നത് പോലും അനീതിയും ഹറാമുമാണെന്ന് മതം അനുശാസിക്കുന്നുണ്ട്.ഇത്തരം നിബന്ധനങ്ങൾക്ക് വിധേയമായിട്ടുമാത്രമാണ് ഇസ്ലാം ബഹുഭാര്യത്വം അനുവദിച്ചിട്ടുള്ളത്.
ഇസ്ലാമിൽ ബഹുഭാര്യത്വം സുന്നത്തും കറാഹത്തും ഹറാമും ആകുന്ന സന്ദർഭങ്ങളുണ്ട്.ഒരു വ്യക്തിക്ക് തന്റെ ആഗ്രഹ സാഫല്യം മതിയാവാതിരിക്കുകയോ ആ വ്യക്തിയുടെ ഭാര്യക്ക് സന്താനോല്പാദനക്ഷമത നഷ്ടപ്പടുകയോ ഭർത്താവ് സന്താന ഉൽപാദനം ആഗ്രഹിക്കുന്നവൻ ആവുകയും ചെയ്താൽ ആ ഭർത്താവിന് മറ്റൊരു ഭാര്യയെ വിവാഹം ചെയ്യൽ സുന്നത്താണ് .പക്ഷേ അവർക്കിടയിൽ നീതി പുലർത്തൽ ഭർത്താവിന് നിർബദ്ധവുമാണ്.ജാഹിലിയ്യ കാലത്തെ പോലെ കേവലം സ്ഥാന പെരുമക്ക് വേണ്ടിയും പ്രൗഢിക്ക് വേണ്ടിയും കൂടുതൽ സ്ത്രീകളെ വിവാഹം ചെയ്യുകയും അവർക്കിടയിൽ നീതിപുലർത്താൻ ഇദ്ദേഹം സംശയിക്കുകയും ചെയ്താൽ പ്രസ്തുത വ്യക്തിക്ക് ബഹുഭാര്യത്വം കറാഹത്താണ് .രോഗം കാരണത്താലോ, തനിക്കുള്ള ബലഹീനത മൂലമോ ഭാര്യമാർക്കിടയിൽ നീതിപുലർത്താനാവില്ലെന്ന് ഒരു ഭർത്താവ് ഉറച്ച് വിശ്വസികുന്നുവെങ്കിൽ, ആ വ്യക്തിക്ക് ബഹുഭാര്യത്വം ഇസ്ലാമിൽ ഹറാമുമാണ്.ഇങ്ങനെ കൃത്യമായ മാനദണ്ഡങ്ങളോടുകൂടെ മാത്രം അംഗീകരിച്ച ഒരു സമ്പ്രദായമാണ് ഇസ്ലാമിലെ ബഹുഭാര്യത്വം.
ബഹുഭാര്യത്വം നിരോധിച്ച ചില രാഷ്ട്രങ്ങളെ ചൂണ്ടുന്നവർ അവിടങ്ങളിലെ കുത്തഴിഞ്ഞ ജീവിതത്തെക്കുറിച്ച് മൗനം ദീക്ഷിക്കുകയാണ് ചെയ്യുന്നത്.അവിടങ്ങളിലെല്ലാം സ്ത്രീകൾ കേവലം ആസ്വാദന വസ്തു മാത്രമാണ്.ആവശ്യം നിറവേറ്റപ്പെട്ടാൽ സീറോ വേസ്റ്റ് ആയി മാത്രം പരിവർത്തിക്കപ്പെടുന്നവൾ .എന്നാൽ,ഇസ്ലാമിൽ അവൾ പരിശുദ്ധിയുള്ളവളും ബഹുമാനിക്കപ്പെടുന്നവളും അവകാശങ്ങൾ അർഹിക്കുന്നവളുമാണ്.ഡോക്ടർ ആനിബസന്റ് എഴുതുന്നു: "പാശ്ചാത്യ രാജ്യത്ത് ഏക ഭാര്യത്വം അഭിപ്രായപ്പെടുന്നുണ്ടെങ്കിലും നിരുത്തരവാദപരമായ ബഹുഭാര്യത്വമാണ് അവിടെങ്ങും യാഥാർത്ഥ്യത്തിലുള്ളത്. പുരുഷന് മടുക്കുമ്പോൾ വെപ്പാട്ടി ബഹിഷ്കരിക്കപ്പെടുന്നു. തെരുവിന്റെ തരുണിയായി ക്രമേണ അവൾ തരംതാഴുന്നു .പ്രഥമവരന് അവളുടെ ഭാവിയെ പറ്റി ഉത്തരവാദിത്വമില്ലന്നത് തന്നെ കാരണം. ബഹുഭാര്യാ ഗൃഹത്തിലുള്ള പരിരക്ഷിതയായ ഭാര്യയുടെയും ഭർത്താവിന്റെയും നൂറിരട്ടി നികൃഷ്ടതയാണ് അവൾ അനുഭവിക്കുന്നത്. രാത്രികാലങ്ങളിൽ തെരുവുകളിൽ തിങ്ങിക്കൂടുന്ന ദുഃഖാർത്തകളായ ആയിരക്കണക്കിനു സ്ത്രീകളെ കാണുമ്പോൾ നമുക്ക് ബോധ്യമാകും ബഹുഭാര്യത്വത്തിന്റെ പേരിൽ ഇസ്ലാമിനെ അവഹേളിക്കാൻ പടിഞ്ഞാറിന് അർഹതയില്ലെന്ന് . ചാരിത്ര്യംനഷ്ടപ്പെട്ട് , ചിലപ്പോൾ നിയമത്തിന്റെ പരിധിക്കപ്പുറമുള്ള ജാരസന്താനത്തെയും കൈയ്യിലേന്തി വല്ല രാത്രീഞ്ചരനും ഇരയാകുമാറ് പരിരക്ഷയില്ലാതെ കഴിയേണ്ടി വരുന്നു അവർ. സർവ്വരാലും പുച്ഛിക്കപ്പെടുന്ന ഈ സ്ഥിതിയെക്കാൾ സ്ത്രീക്കു ഉത്തമവും സന്തോഷകരവുമായിട്ടുള്ളത് ബഹുഭാര്യത്വസംവിധാനത്തിൽ ഭർത്താവിനോട് ഇണങ്ങി നിയമാനുസൃതം ലഭിച്ച ശിശുവിനെയും കൈയ്യിലേന്തി മാന്യമായി ജീവിക്കുന്നതാണ് " .ഈ വാക്കിൽ നിന്ന് പാശ്ചാത്യരുടെ പരിതസ്ഥിതിയും ബഹുഭാര്യത്വത്തിന്റെ മൂല്യവും നമ്മുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.
ബഹുഭാര്യത്വം സമൂഹത്തിൽ നിലനിൽക്കണമെന്ന് ഇസ്ലാമും ഇസ്‌ലാമേതര മതങ്ങളും ചിന്തകരും പറയാനുള്ള കാരണം മനുഷ്യരുടെ മാനുഷിക പശ്ചാത്തലം പരിശോധിച്ചാണ് .സ്ത്രീയും പുരുഷനും എല്ലാ മേഖലകളിലും തുല്യമല്ലാത്തത് പോലെ തന്നെ ബഹുഭാര്യത്വത്തിലും സ്ത്രീയുടെയും പുരുഷന്റെയും മാനസികാവസ്ഥയിലും വ്യത്യാസമുണ്ട്.പുരുഷൻറെ മനഃശാസ്ത്രം ബഹുഭാര്യത്വം ആഗ്രഹിക്കുന്ന വിധത്തിലാണങ്കിൽ സ്ത്രീയുടെ അങ്ങനെയല്ല .അതുകൊണ്ടുതന്നെ ഇസ്ലാം സ്ത്രീകൾക്ക് ബഹുഭർതൃത്വം നിഷേധിക്കുകയും പുരുഷന്മാർക്ക് ബഹുഭാര്യത്വം മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി നിശ്ചയിക്കുകയും ചെയ്തത്.പരിധികൾ നിശ്ചയിക്കാത്ത ബഹുമാനത്വം പാശ്ചാത്യരുടെ ബഹുഭാര്യത്വം പോലെ സാമൂഹിക അധഃപതനം ത്തിന് നിദാനമാകും.പ്രശസ്ത മനശാസ്ത്രജ്ഞനായ ജോർജ് സ്കോട്ട് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് : "പുരുഷൻ പ്രധാനമായും ബഹുഭാര്യ നാകുന്നു.അവനിൽ അന്തർലീനമായി കിടക്കുന്ന ഈ ബഹുഭാര്യത്വ പ്രവണതയെ നാഗരികതയുടെ പുരോഗതി വിപുലീകരിക്കുകയാണ് ചെയ്യുന്നത്".പ്രസിദ്ധ ദാമ്പത്യശാസ്ത്രജ്ഞനായ ടോൾസ്റ്റോയ് പറയുന്നു:ഒരു മെഴുകുതിരി ഒരു പുരുഷന്റെ ആയുഷ്കാലം മുഴുവനും കത്തുമെങ്കിൽ മാത്രമേ ഒരു സ്ത്രീയെ മാത്രം സ്നേഹിച്ചു ഒരു പുരുഷന് ജീവിക്കാൻ സാധ്യമാവൂ ".
സ്ത്രീപുരുഷ ശാരീരിക ലൈംഗിക ശാസ്ത്രങ്ങൾ പരിശോധിച്ചാലും പുരുഷന് പലപ്പോഴും ബഹുഭാര്യത്വം ആവശ്യവും നിർബന്ധവുമായി കാണാവുന്നതാണ്.സ്ത്രീകൾക്ക് പൊതുവെ അറുപത് വയസ്സ് ആകുന്നതോടെ ഉൽപാദന ക്ഷമതയും ലൈംഗിക വികാരവും ക്ഷയിക്കുന്നു. പുരുഷനാണെങ്കിൽ ആരോഗ്യസ്ഥിതിയനുസരച്ച് എത്രയോ കാലം അത് തുടരുകയും ചെയ്യുന്നു. ഇക്കാലമത്രയും ആത്മസംയമനം പാലിക്കണമെന്ന് നിർബന്ധിക്കുകയോ അല്ലെങ്കിൽ അവിഹിതബന്ധത്തിലേർപ്പെടുകയോ ചെയ്യേണ്ടി വരുമല്ലോ? അതുരണ്ടു മല്ലങ്കിൽ അബലയും വൃദ്ധയുമായ പ്രസ്തുത ഭാര്യയെ കൈയ്യൊഴിച്ച് മാത്രമേ ഇനിയൊരു വിവാഹം പാടുള്ളുവെന്നു പറയുന്നത് ജീവകാരുണ്യം അനുവദിക്കാത്തതുമാണ്. അപ്പോൾ, ബഹുഭാര്യത്വം മാത്രമാണ് ഇതിനുള്ള പരിഹാരം.നിത്യ രോഗിയായ ഒരു ഭാര്യ ഉണ്ടായിരിക്കെ അവളെ മോചിപ്പിക്കാതെ മറ്റൊരു വിവാഹം പാടില്ലെന്ന് വന്നാൽ സ്ഥിതി എന്തായിരിക്കും.അവളെ മോചിപ്പിച്ച് വഴിയാധാരമാകണമെന്നും പറയുന്നത് നീതിയല്ല. പിന്നെ അവൻറെ സദാചാരമൂല്യത്തെ രക്ഷിക്കാൻ ബഹുഭാര്യത്വം അല്ലാതെ എന്താണ് പ്രതിവിധി? കൂടാതെ ഋതുകാലം, പ്രസവകാലം, മുല കൊടുക്കുന്ന കാലം തുടങ്ങിയ പ്രകൃതിപരമായി ലൈംഗിക ബന്ധം പുലർത്താൻ പാടില്ലാത്തതോ സാധിക്കാത്തതോ ആയ കാലങ്ങളെ കുറിച്ച് എല്ലാവരും ഉറപ്പിച്ചു പറയുന്നതാണല്ലോ. ഇത്തരം സന്ദർഭങ്ങളിൽ പുരുഷനെ അത്തരം തടസ്സങ്ങൾ ഒന്നും പ്രകൃതി നിശ്ചയിച്ചിട്ടുമില്ല. അപ്പോൾ പുരുഷൻറെ കാമ നിവർത്തി ആത്മസംയമനം വഴി നിയന്ത്രിക്കാൻ കഴിയാത്തവന് ബഹുഭാര്യത്വമല്ലാതെ മറ്റെന്തു വഴിയാനുള്ളത് ?
ഏത് വീക്ഷണ കോണിലൂടെ നോക്കിയാലും ബഹുഭാര്യത്വം സമൂഹത്തിൽ അനിവാര്യ ഘടകം തന്നെയാണ്. എന്നാൽ,മാനദണ്ഡം നിശ്ചയിച്ചുകൊണ്ടുള്ള ബഹുഭാര്യത്വത്തിന് മാത്രമാണ് സാമൂഹിക നീതി നടപ്പാക്കാനും സാമൂഹിക സന്തുലിതാവസ്ഥ നിലനിർത്താനും സാധ്യമാവുക.
Post a Comment