അൽ ഖമർ ഡയറക്ടറും, കോഴിക്കോട് ജില്ല മുശാവറ അംഗവും കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാരുടെ മകനുമായ അൻവർ സ്വാദിഖ് സഖാഫി... അല്പസമയം ഞങ്ങളുമായി ഉപ്പയെ ഓർത്തെടുക്കുന്നു....
പാരമ്പര്യത്തിന്റെ വെള്ളിവെളിച്ചം നഷ്ടമായി തുടങ്ങിയ ഈ കാലത്ത് മനുഷ്യന് തന്റെ മുന്നേ വഴി തെളിച്ചവരെ കുറിച്ചുള്ള അവബോധം തീർത്തും അന്യമായിരിക്കുകയാണ്....ഇവിടെ മിന്നിത്തിളങ്ങുന്ന വെള്ളി നക്ഷത്രമായി ഒരു ഉത്തമ സമൂഹത്തെ വാർത്തെടുക്കുകയാണ് അൽ ഖമർ.......അൽ ഖമർ ഡയറക്ടറും കോഴിക്കോട് ജില്ല മുശാവറ അംഗവും കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാരുടെ മകനുമായ അൻവർ സ്വാദിഖ് സഖാഫി... അല്പസമയം ഞങ്ങളുമായി ഉപ്പയെ ഓർത്തെടുക്കുന്നു....
1950 കൊടുവള്ളിക്കടുത്ത കരുവൻപൊയിലിൽ ഉപ്പ ഇസ്ഹാഖ് ഉമ്മ ആയിഷ എന്നവരുടെ മകനായിട്ട് ഉസ്താദ് ജനിക്കുന്നു... നന്നേ ചെറുപ്പത്തിൽ തന്നെ ഉപ്പ വിട്ടുപിരിഞ്ഞു... പിന്നീടെല്ലാം ഉമ്മയിലായിരുന്നു... കാന്തപുരം, കോളിക്കൽ, മങ്ങാട്, ശേഷം ബാക്ഖിയാത്തു സ്വാലിഹാത്തിലുമൊക്കെ യാണ് അവിടുത്തെ പഠനം. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ആയിരുന്നു പ്രധാന ഗുരു. കാന്തപുരം അസീസിയ്യ അറബിക് കോളേജിലും, ജാമിഅ മർക്കസ് കാരന്തൂർ, കാരപ്പറമ്പ് ജുമുഅത്ത് പള്ളിയിലുമൊക്കെയായിരുന്നു സേവനയിടങ്ങൾ. ആൺമക്കളായി നാലും, പെൺമക്കൾ രണ്ടുപേരുമായിരുന്നു ഉസ്താദിന്റെ മക്കൾ. ഇമാം ഗസ്സാലി അവാർഡ് പുരസ്കാരമായി ലഭിച്ചിട്ടുണ്ട്. എസ് എസ് എഫ് കോഴിക്കോട് താലൂക്ക് സെക്രട്ടറി, എസ് വൈ എസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട്, സമസ്ത ജില്ല ജനറൽ സെക്രട്ടറി, സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി, ഫത്വ കമ്മിറ്റി കൺവീനർ, സുന്നി വിദ്യാഭ്യാസ ബോർഡ് പാഠപുസ്തക സ്ക്രീനിംഗ് കമ്മിറ്റിയംഗമായൊക്കെ ഉസ്താദ് സ്ഥാനങ്ങൾ വഹിച്ചു.
ആത്മാർത്ഥത കൈമുതലാക്കിയ ഉസ്താദിന്റെ യാത്ര തീരാനഷ്ടമായി ഈ സമൂഹത്തിന് ബാക്കിയാവുന്നു... വിനയാന്വിതനായി അസൂയയോ വിദ്വേഷമോ ഉണ്ടായിരുന്നില്ല.. സുന്ദരമായ പുഞ്ചിരി തൂകിയ ആ ജീവിതം ഒരാൾക്കും ഭാരമായിരുന്നില്ല. പാടത്തും വയലത്തും കിളച്ചു ജീവിച്ചു കാണിച്ച ഉസ്താദ് ആശയ സംവാദ വേദികളിലും ആശയങ്ങൾ ഇളകി മറിക്കാൻ ഒരു പ്രയാസവും ഇല്ലാത്തവരായിരുന്നു.... തനിക്കു നിധിയായി ലഭിച്ച തന്റെ പ്രിയ ഗുരുവുമായി ജീവിതം ചിലവഴിക്കാനേറെ ആഗ്രഹിച്ചു. ജീവിതത്തിൽ ഒരിക്കൽപോലും ഗുരുവുമായി പിരിയാൻ ഈ ശിഷ്യന്റെ മനസ്സനുവദിച്ചില്ല.... "ഞാനും മൊയില്യാരും" എന്നായിരുന്നു ഉസ്താദ് തന്നെ ഈ ബന്ധത്തെ പറയാറ്.. ജീവിതാവസാനം വരെ ഈ ഗുരുശിഷ്യ ബന്ധം ദൃഢമാക്കി കൊണ്ടുനടന്നു.... പേരിലും രൂപത്തിലും മാത്രമല്ല ശബ്ദത്തിൽ പോലുമുള്ള സാമ്യം കൊണ്ട് കാന്തപുരം ഉസ്താദിന്റെ അനിയനാണ് ചെറിയ എ പി ഉസ്താദ് എന്ന് ധരിച്ച അനേകായിരം പേരുണ്ട്... എന്നാൽ ഒരു എപി ആലങ്ങാ പൊയിലും.... ഒരു എപി ആലോൽ പറമ്പിലും ആയിരുന്നു... പ്രകൃതി പോലും സ്നേഹിച്ച ഗുരുവിന്റെ തണലായി ജീവിച്ച ഒരു ശിഷ്യന്റെയും കഥ..... വാക്കിലെ മാന്ത്രികതയും ആഴമുള്ള വിഷയങ്ങൾ അപ്പടി ശ്രോതാവിന് നൽകുന്നതിന് പകരം അവയെ വഴക്കമുള്ളതാക്കി മനസ്സിലാക്കി നൽകും... തന്റെ ഒരു വാക്കും ഇന്നേവരെ തിരിച്ചെടുക്കേണ്ടി വന്നിട്ടില്ല..ഒരിടത്തും ട്രോളുകൾക്ക് ഇരയായിട്ടുമില്ല... ഹൃദയം കടുത്ത അടയാളമാണ് നനയാത്ത കണ്ണുകൾ.. കട്ടിയുള്ള ഹൃദയമുള്ളവന് കരയാനാവില്ല... ഉസ്താദ് കൂടുതൽ കരയും.. മനസ്സിന്റെ ലോലതയാണിത്.. മറ്റുള്ളവരെ സഹായിക്കാനും തന്റെ അവസാന ഊഴം വരെ ഉസ്താദ് ചിലവഴിച്ചു.. അത് സഹോദര സമുദായങ്ങളും ആകട്ടെ ആരുമാവട്ടെ... നാട്ടുകാരുടെ സ്വന്തം ഉസ്താദ് ആയി ജീവിച്ചു.. വരികൾക്കിടയിലൂടെയുള്ള തന്റെ ഹദീസ് വായനകളും, ആഴമുള്ള അറിവും പേരിൽ ചെറിയ എ പി ഉസ്താദ് ആണെങ്കിലും അറിവുകൾ അതിരുകൾക്കുമപ്പുറത്തായിരുന്നു....... ഗുരുശിഷ്യ ബന്ധമാണ് അവിടുത്തെ അനുസ്മരിച്ചവർക്ക് കൂടുതലും പറയാനുള്ളത്... ചെറിയ എ പി ഉസ്താദ് എന്ന് സ്ഥാനപ്പേരും ഈ സമൂഹം നൽകി....
ആ വലിയ ജീവിതത്തെ പഠിക്കാൻ അസാധ്യമാണെന്നറിയാം... എങ്കിലും തന്റെ നിഴലായി കൂടെ കൊണ്ടുനടന്ന പൊന്നു മോൻ ഉസ്താദ് അൻവർ സഖാഫിയുമായി ഉപ്പയുടെ ജീവിതത്തെ അല്പം മനസ്സിലാക്കാനായിരുന്നു ഞങ്ങൾ അൽ ഖമർ സ്ഥാപനത്തിൽ എത്തുന്നത്... ഉപ്പയുടെ വിയോഗാനന്തരം ഉപ്പയുടെ ഇടങ്ങളിൽ സാധ്യമാകുന്ന രൂപത്തിൽ പകരക്കാരൻ ആവുകയാണ് അൻവർ സഖാഫി ഉസ്താദ്... നേരത്തെ ഉണ്ടാവുമെന്ന് അറിയിച്ച ഉസ്താദ് പെട്ടെന്ന് ശൈഖുനാ എപി ഉസ്താദിന്റെ വിളികേട്ട് മർക്കസിൽ പോയിരുന്നു..
ശേഷം,ഒരു നാടുമുഴുക്കെ വെളിച്ചം നൽകിയ കരുവൻപൊയിലിലെ ആലോൽപറമ്പ് വീട്ടിലേക്ക് ഞങ്ങളെത്തി...സ്നേഹസന്തോഷസ്വീകരണവും നൽകി...മൗലിദ് സദസ്സിനും തയ്യാറായി... ഹൃദയത്തിലേക്ക് എന്നെന്നും ചേർത്ത് വെക്കാനുതകുന്ന ഓർമകളായിരുന്നു ഓരോന്നും..
തിരു നബിയൊരുടെ മൗലിദിന്നിശലുകൾ ക്കിടയിലൂടെ സഞ്ചരിക്കുമ്പോൾ, ആരംഭ റസൂലുള്ളാഹി യെന്നും പറഞ്ഞുള്ള മായാത്ത പുഞ്ചിരി നിറഞ്ഞ ആ വദനം മനഥലങ്ങളിലേക്ക് തിരയടിച്ചുകൊണ്ടേയിരുന്നു......
അൽഹംദുലില്ലാഹ്
മൂക്ക് താഴോട്ടാണ്"
ഉപ്പ അവസാന സമയത്ത് സമസ്ത സെക്രട്ടറി പദവിയിലായിരുന്നല്ലോ? എ പി ഉസ്താദ് എന്ന ഗുരുശിഷ്യബന്ധത്തിലൂടെയോ അതോ ചെറുപ്പം മുതലേയുള്ള സംഘടന പ്രവർത്തനത്തിലൂടെയാണോ ഈ പദവിയിൽ എത്തുന്നത്.
എസ്എസ്എഫിലൂടെയാണ് ഉപ്പ സംഘടനയിലേക്കെത്തുന്നത്. SSF കോഴിക്കോട് താലൂക്ക് സെക്രട്ടറിയായിട്ടായിരുന്നു തുടക്കം. ശേഷം കോഴിക്കോട് ജില്ലാ SYS ന്റെ പ്രസിഡന്റായിട്ടുണ്ട്. പിന്നീട് സമസ്തയിലാണ് കൂടുതലും ചിലവഴിച്ചത്. അന്ന് തൊട്ട് അവസാനം വരെ ഉപ്പ തന്നെയാണ് മുശാവറയിൽ സ്വാഗതം പറഞ്ഞിരുന്നത്. വിഷയങ്ങൾ അവതരിപ്പിക്കാനും കാര്യങ്ങൾ പറയാനുമൊക്കെ ഉപ്പ തന്നെ മുന്നിലുണ്ടായിരുന്നു. സമസ്ത ജില്ലാ ജനറൽ സെക്രട്ടറി, സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി, ഫത് വ കമ്മിറ്റി കൺവീനർ, സുന്നി വിദ്യാഭ്യാസ ബോർഡ് പാഠപുസ്തക സ്ക്രീനിംഗ് കമ്മിറ്റി അംഗവുമായൊക്കെ ഉപ്പ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
കരുവൻപൊയിൽകാരനായ ഉപ്പ എങ്ങനെയാണ് കാന്തപുരത്തുകാരനായി അറിയപ്പെട്ടത്?
അതെങ്ങനെയാണല്ലോ....
കാന്തപുരത്ത് തന്നെയാണല്ലോ പഠിച്ചതും പഠിപ്പിച്ചതും.ഉള്ളാൾ തങ്ങൾ,ചിത്താരി ഉസ്താദ് അങ്ങനെ നമ്മുടെ ഒരുപാട് നേതാക്കൾ ഉണ്ടല്ലോ... അവരവരുടെ സേവന ഇടങ്ങളിലാണല്ലോ അവരുടെ മേൽവിലാസം... അതങ്ങനെ അറിയപ്പെട്ടു.
പഠനവും സേവനവുമൊക്കെ കാന്തപുരത്ത് തന്നെയായിരുന്നല്ലോ....എന്നാലും നാട്ടുകാർക്ക് ഉപ്പയുടെ വിയോഗം തീരാനഷ്ടമായി നിലനിൽക്കുന്നു. നാട്ടുകാരുമായുള്ള ഇടപെടലുകൾക്കും മറ്റും എങ്ങനെയായിരുന്നു ഉപ്പ സമയം കണ്ടെത്തിയത്?
കൂടുതലും കാന്തപുരത്തുകാരുമായുള്ള ബന്ധം തന്നെയാണ്. എങ്കിലും ചെറുപ്പത്തിലെ കരുവൻപൊയിൽ പള്ളിയിൽ ഇമാമത്തിന് നേതൃത്വം നൽകിയും വ്യാഴാഴ്ച നാട്ടിൽ വന്നാൽ വഅളുകളുമൊക്കെ പറയുകയും ചെയ്യും. അന്നിവിടെ വഹാബികളും ജമാഅത്തുകാരും നല്ലോണം ഉള്ള നാടാണ്. കെ കെ സുല്ലമി പോലെയുള്ള സംസ്ഥാന മുജാഹിദ് നേതാക്കളൊക്കെ സജീവമായിരുന്നു. അന്ന് അവർ നടത്തുന്ന പ്രസംഗങ്ങൾക്കും ക്ലാസുകൾക്കുമൊക്കെ മറുപടി പറയാൻ ഉപ്പയുടെ വ്യാഴാഴ്ചയെ കാത്തിരിക്കാറുണ്ടായിരുന്നു. ഉപ്പ വ്യാഴാഴ്ച എല്ലാത്തിനുമുള്ള വായടപ്പൻ മറുപടി നൽകുമായിരുന്നു. ചിലപ്പോൾ ഇടക്കുള്ള വ്യാഴാഴ്ച ചാലിയത്ത് പോകും. അന്ന് ബസ്സും വാഹനവുമൊക്കെ കുറവായതുകൊണ്ട് ചരക്കുകളൊക്കെ കൊണ്ടുപോകുന്ന ചങ്ങാടത്തിലായിരുന്നു ചാലിയത്തേക്കെത്തിയിരുന്നത്. അതിൽ കയറിയായിരുന്നു പോക്കുവരവുകളൊക്കെ. 'കമാ ഫീ ശറഹിൽ മുഹദ്ദബ്, കമാ ഫിൽ മുഹറർ' എന്നൊക്കെ പറഞ്ഞാൽ അന്ന് ആ കിതാബ് കാണാൻ അവിടെ (ചാലിയം )പോകണം. കാരണം ഇന്നത്തെ പോലെ ഖുതുബ് ഖാനയോ ഷാമിലയോ സംവിധാനങ്ങളോ ഒന്നും ഇല്ലല്ലോ.... അങ്ങനെയൊക്കെ അധ്വാനിച്ചായിരുന്നു ഉപ്പയുടെ പഠനകാലം. അതുകൊണ്ട് മറുപടി പറയാനൊന്നും ഉപ്പാക്ക് ഒരു ആധിയും ഇല്ലായിരുന്നു. അന്നൊക്കെ പ്രസംഗാവസാനം സംശയനിവാരണങ്ങൾക്കും ചോദ്യോത്തരത്തിനും അവസരവുമുണ്ടായിരുന്നു.
ഉപ്പ നല്ലൊരു പ്രഭാഷകനായിരുന്നല്ലോ...വഹാബിസത്തിന്റെ ഈറ്റില്ലമായ കരുവൻപൊയിൽ സുന്നിസത്തിന്റെ കേന്ദ്രമായി മാറിയത് ഉപ്പയുടെ പ്രഭാഷണങ്ങളിലൂടെയും ഇടപെടലുകളിലൂടെയുമായിരുന്നോ?
അതെ.മരിക്കുന്നതിന്റെ തലേന്ന് വരെ പ്രസംഗിച്ചിരുന്നു. ഖണ്ഡന പ്രസംഗങ്ങൾ, സംവാദങ്ങൾ, വഅളുകൾ, കള്ളത്ത്വരീഖത്ത്, ബിദ്അത്തുകാർക്കെതിരെയുള്ള ക്ലാസുകൾ, ഉപ്പാക്ക് ഏത് വിഷയം കൊടുത്താലും ക്ലാസ്സ് എടുക്കും. കരുവൻപൊയിൽ മാറിയത് ആദ്യകാലത്തൊക്കെ വഹാബിസം കേറ്റാ
മായിരുന്നു. പിന്നീട് പതി അബ്ദുൽഖാദർ മുസ്ലിയാരെ പ്രസംഗം കേട്ടാണ് സുന്നിസം വരുന്നത്.ശേഷം ഇ കെ ഹസൻ മുസ്ലിയാർ, അബൂബക്കർ മുസ്ലിയാർ, എപി ഉസ്താദ് ഒക്കെ വഅള് പറഞ്ഞു. പിന്നീട് ഉപ്പ ഇങ്ങോട്ട് ഏറ്റെടുത്തു എല്ലാവരെയും സുന്നത്ത് ജമാഅത്തിൽ ആക്കിച്ചു. അങ്ങനെയാണ് ഇവിടെ മാറുന്നത്.
ഗുരുശിഷ്യ ബന്ധമാണ് ഉപ്പയെ അനുസ്മരിച്ചവർ കൂടുതലും പങ്കുവെച്ചത്.... ഉപ്പയുടെ ജീവിതത്തിൽ നിന്ന് ഗുരുവുമായി ഉണ്ടാവേണ്ട ബന്ധങ്ങളെ, വിശേഷിച്ച് കാന്തപുരം ഉസ്താദുമായുള്ള ബന്ധത്തിൽ... ഉസ്താദ് ഓർത്തെടുക്കുന്നതെന്തൊക്കെ?
എ പി ഉസ്താദിന്റെ ഏതു പരിപാടികൾക്കും ഉപ്പാന്റെ പരിപാടി മാറ്റി വെക്കേണ്ടി വന്നാൽ മാറ്റിവെക്കും. ഉദാഹരണം വെള്ളിയാഴ്ച രാവിലെ വിളിച്ചു ജുമുഅക്ക് ഉദ്ഘാടനത്തിന് പോകണം എന്ന് പറഞ്ഞാൽ ഉപ്പയുടെ എല്ലാം മാറ്റിവച്ച് പരിപാടിക്ക് പോകും. കഴിഞ്ഞ ജില്ലാ മുശാവറ ഉണ്ടായപ്പോൾ സി ഉസ്താദ് പറഞ്ഞു: "ഞാൻ പുതിയാപ്ല ആണ്. എന്നോട് പല പരിപാടി പറയുമ്പോയൊക്കെ അർജന്റായി എവിടെയെങ്കിലും പോകാൻ ഉണ്ടെങ്കിൽ എ പി ഉസ്താദ് പറഞ്ഞ പരിപാടിക്ക് പോകാൻ സാധിക്കാറില്ല. പക്ഷേ ചെറിയ എപി ഉസ്താദിന്റെ ജീവിതത്തിൽ അങ്ങനെ ഉണ്ടായിട്ടില്ല." അതിനി എന്ത് പരിപാടി ആണെങ്കിലും എ പി ഉസ്താദ് പറഞ്ഞാൽ പോകും. എ പി ഉസ്താദിന്റെ എല്ലാ വിഷയവും ഉപ്പാക്ക് ഒരുപ്പയെ പ്പോലെയായിരുന്നു.
എപി ഉസ്താദുമായുള്ള ബന്ധത്തെക്കുറിച്ച് ഉസ്താദിനോട് പറഞ്ഞ വല്ല നിമിഷങ്ങളും വിവരിച്ചാൽ....
അതെ.ഉപ്പ പറയാറുണ്ട്. ഉപ്പ കോളേജിലൊക്കെ പോകുന്ന സമയത്ത് എപി ഉസ്താദ് ഉപ്പയുടെ വീട്ടിൽ വരുകയും രാത്രി കിടക്കുകയും ചെയ്യും. അങ്ങനെ ഉപ്പയെ ട്രെയിനിൽ കയറ്റി അയക്കുന്നത് വരെ ഉസ്താദ് കൂടെ ഉണ്ടാകും. പിന്നെ കൊല്ലത്തിൽ എപി ഉസ്താദും കുടുംബവും അവേലത്ത് തങ്ങളും കുടുംബവുമൊക്കെ ഇവിടെ ഉപ്പയുടെ സൽക്കാരത്തിന് വരും. ഹക്കീം ഉസ്താദിനെയും സി ഉസ്താദിന്റെ ഭാര്യയേയും അങ്ങനെ എപി ഉസ്താദിന്റെ വലിയ മക്കളെയൊക്കെ ഉപ്പയാണ് മദ്രസയിലും സ്കൂളിലുമൊക്കെ ചേർത്തത്.
ഉപ്പയുടെ ഭൗതിക വിദ്യാഭ്യാസം എത്രയായിരുന്നു? മക്കൾക്കൊക്കെ ഭൗതിക വിദ്യാഭ്യാസം നൽകുന്നതിൽ താല്പര്യം കാണിച്ചിരുന്നോ...?
ഉപ്പാക്ക് ഭൗതിക വിദ്യാഭ്യാസം കുറവായിരുന്നു. ഏഴാം ക്ലാസ് വരെ പോയിട്ടുള്ളൂ എന്നാണ് ഓർക്കുന്നത്.ഞങ്ങളൊക്കെ പിജി ചെയ്തിട്ടുണ്ട്. ഉപ്പാക്ക് എല്ലാ മേഖലയും വേണമെന്നാണ് ആഗ്രഹം. എന്നെ നിർബന്ധിച്ചു പഠിപ്പിച്ചിട്ടുണ്ട്. ജ്യേഷ്ഠനനുജന്മാരെ അവർക്ക് ഇഷ്ടമുള്ള മേഖലയെ തിരഞ്ഞെടുക്കാനും സമ്മതിച്ചു.
സമൂഹത്തിൽ ചിലരെ സ്വന്തം പിതാവിൽ നിന്നും ശിഷ്യത്വം നേടി ഉയർച്ചയിലേക്ക് എത്തിയത് കാണാം. അതുപോലെയൊരു ഗുരുശിഷ്യബന്ധം ഉപ്പയും ഉസ്താദും തമ്മിലുണ്ടായിരുന്നോ?
കൂടുതലും ഡ്രൈവറായിട്ടൊക്കെ ഉപ്പാന്റെ കൂടെ ഞാൻ തന്നെയാണ് പോയിരുന്നത്. അപ്പോൾ യാത്ര സമയത്തൊക്കെ ഓരോ കാര്യങ്ങൾ ചർച്ച ചെയ്യും. ഞാൻ ജംഒക്കെ ഓതിക്കൊടുക്കുമ്പോൾ സംശയമൊക്കെ ചോദിച്ചാൽ ഉപ്പ ഇപ്പോൾ ഓതിയ പോലെയാണ്. ഈയടുത്ത് അവസാന ഘട്ടത്തിലൊക്കെ ഞാൻ ചോദിച്ച സമയത്ത് ഒരു പതിനഞ്ചോ ഇരുപതോ കൊല്ലം മുമ്പ് ഓതിയതാണ്. എന്നാലും ജംഒക്കെ ചോദിച്ചാൽ ഉടനടി മറുപടി പറയും. നല്ല ഓർമ്മശക്തിയായിരുന്നു. എല്ലാ ഫന്നിലും നല്ല കഴിവായിരുന്നു. ഉപ്പയുടെ ദർസിലൊക്കെ അസിസ്റ്റന്റ് ആയി പോകുന്ന ഉസ്താദിന് ആദ്യം കൊടുക്കുക മുല്ലാഹസനാണ്. അതാണ് രസം. അതൊന്നും ഓതാൻ പറ്റില്ലെങ്കിൽ മുദരിസ് ആകണ്ട എന്ന് പറയും. ഞാൻ കുറ്റ്യാടിയിലായപ്പോഴും മർക്കസിലായപ്പോഴും ഉപ്പ കാന്തപുരത്ത് തന്നെയായിരുന്നു. മുതഅല്ലിമായി നിന്നിട്ടില്ലെങ്കിലും അസീസിയ്യയിൽ ക്ലാസിലൊക്കെ പങ്കെടുത്തിട്ടുണ്ട്.
വീട്ടിൽ നിന്ന് ക്ലാസ് എടുക്കാറുണ്ടോ?
ഇല്ല.... വീട്ടിൽനിന്ന് മുത്വഅല ചെയ്യാറുണ്ട്. കൊറോണക്ക് അസീസിയ്യയിലെ കുട്ടികളെ ദർസ് ഉണ്ടായിരുന്നു.പിന്നെ പണ്ഡിതന്മാരടക്കം പലരും സംശയം തീർക്കാൻ ഒക്കെ വരും.
ഉപ്പയുടെ ദഅവ വിദ്യാർത്ഥികളോടുള്ള സന്ദേശം...?
ദഅവ വിദ്യാർത്ഥികളോട് നല്ല താല്പര്യമായിരുന്നു. കിതാബിലൊക്കെ ശ്രദ്ധിക്കുന്നവരോട് പ്രത്യേക താല്പര്യമാണ്. കൂടുതലും മുഴുസമയവും പഠിക്കണമെന്ന് പറയും. നമ്മളൊക്കെ നാട്ടിൽ വന്നാൽ "ഇയ്യ് എന്നാ അവിടുത്തെ ഉസ്താദയത്" എന്ന് ചോദിക്കും. എല്ലാ ആഴ്ചയും നാട്ടിൽ വരാനൊക്ക പേടിയായിരുന്നു. കിതാബൊക്കെ നല്ല ക്ലിയർ ആയി പഠിക്കാൻ പറയും. അല്ലാതെ ബാക്കിവെക്കുന്നതൊന്നും ഇഷ്ട്ടമല്ല. രണ്ട് പഠനവും ഉള്ളവരോട് വലിയ താല്പര്യമാണ്. ഉപ്പ പറയാറുണ്ട്."ഇങ്ങളൊന്നും എപി ഉസ്താദിന്റെയടുത്ത് പഠിക്കുമ്പോൾ نعم എന്ന് പറഞ്ഞു വായിച്ചു പോകുന്നതുപോലെയല്ല. ഞാൻ നന്നായി ഓതി പഠിച്ചിട്ടുണ്ടെന്ന്" ഉസ്താദിനു തിരക്കുണ്ടാകുമ്പോൾ നാളെ എടുത്താൽ മതിയെന്നും പറയും. എല്ലാ കിതാബും നല്ല ചർച്ച ചെയ്ത് പഠിച്ചിട്ടുണ്ടെന്നു തന്നെയാണ് അർത്ഥം.
പേരിലും രൂപത്തിലും മാത്രമല്ല ശബ്ദത്തിൽപോലുമുള്ളസാമ്യം പലരും ഷൈഖുനയുടെ അനിയനാണെന്ന് ധരിച്ചു ഉപ്പയെയും ശൈഖുനയെയും പ്രകൃതി പോലും സ്നേഹിച്ചു ഉപ്പ ഇതിനെക്കുറിച്ച് വല്ലതും പറയാറുണ്ടോ...?
അങ്ങനെ പറഞ്ഞാൽ ഉപ്പയുടെ വീടിന്റെ പേര് ആലോൽപറമ്പ് എന്നാണ്.ഉസ്താദിന്റെ വീടിന്റെ പേര് ആലങ്ങാ പൊയിലും അങ്ങനെയാണ് എ പി എന്ന് ലഭിച്ചത്. പിന്നെ പഠിച്ചതും പഠിപ്പിച്ചതും കാന്തപുരം തന്നെയായതുകൊണ്ട് കാന്തപുരം കിട്ടി (ചിരിച്ചു കൊണ്ട്)ആ മഹബ്ബത്ത് കൊണ്ടായിരിക്കും അങ്ങനെ കിട്ടിയത്.
അപ്പോൾ ഇതിനെക്കുറിച്ച് ഉപ്പ ഒന്നും പറഞ്ഞിരുന്നില്ലേ...
അല്ല നമ്മൾ പറയും നിങ്ങളും എപി ഉസ്താദും ഒരേ രൂപത്തിലാണെന്ന്. അത് പറയുമ്പോൾ ഉപ്പ പറയും " പോത്തും ചെമ്പോത്തുംപോലെയാണ് (ചിരിച്ചു കൊണ്ട് ഉസ്താദ് തുടർന്നു ) പോത്ത് വലിയ സംഭവമാണല്ലോ.... ചെമ്പോത്തോ.. അങ്ങനെയാണല്ലോ .. വലിയ വ്യത്യാസം ആണല്ലോ ..പേരിൽ രണ്ടും പോത്തായോണ്ട് കാര്യല്ലാലോ..." എല്ലാത്തിനും തട്ടിന് മുട്ട് ഉപ്പ പറയും അതിനൊരു പ്രത്യേക കഴിവാ ഉപ്പാക്ക്..
ഉപ്പാടെ വാക്കിലെ മാന്ത്രികതയും അൽഭുതമാണല്ലോ.. ഇന്നെവരെ ഒരു വാക്കിനെയും തിരിച്ചെടു ക്കേണ്ടി വന്നിട്ടില്ലല്ലോ ഉപ്പാക്ക്...
അതെ...ഈയടുത്ത് തന്നെ എറണാകുളത്ത് ഒരു പരിപാടിക്ക് പോയപ്പോൾ അവിടെനിന്ന് ഒരു മൗലവി ചോദിച്ചു... "ഖുനൂത്ത് ഓതാൻ ഖുർആനിൽ തെളിവുണ്ടോ...ന്ന്... "قومو لله قانتين" ന്നും അത് ഖുനൂത്തോതാനുള്ള തെളിവാണെന്നും ഉപ്പ ഉടനടി പറഞ്ഞു" മൂക്ക് താഴോട്ടുള്ള ഒരാളും പറഞ്ഞിട്ടില്ലാന്ന് തിരിച്ച് മൗലവിയും "ഇമാം ബൈളാവി തങ്ങൾ പറഞ്ഞിട്ടുണ്ട് ഇമാം ബൈളാവിന്റെ മൂക്ക് താഴോട്ടാണെന്ന്" ഉപ്പയും...ഇങ്ങനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചു മായിരുന്നു വാദപ്രതിവാദങ്ങളൊക്കെ...
കുറെ അലങ്കാരിക പ്രയോഗങ്ങൾക്കും നീട്ടി വലിച്ച് പറയുന്നതിനും അപ്പുറം പറയുന്ന ഓരോ കാര്യങ്ങളും മനസ്സിലാക്കിത്തരുന്ന അവതരണമായിരുന്നു ഉപ്പയുടേത്.പക്ഷേ എല്ലതും ഒരേ മൂടിലല്ല പറയാറ്... ഒരിക്കൽ അന്ന് കൊടുവള്ളി തീക്കുനിയിലും ഇതേ ചോദ്യം വന്നിരുന്നു അന്ന് ഉപ്പ ചോദിച്ചു "നിങ്ങൾ മോയ്ലിയാരാണോ...?" "ആ മൊയ്ല്യരാണ്..." എത്ര കൊല്ലം പഠിച്ച് ന്ന് ചോദിച്ചു... "മുറിയൻ മോയ്ലാർ ആണ് ലെ... ആദ്യം പൂർത്തിയാക്കിയ بيضاوي ഒക്കെ ഓതി.... بيضاوي ഓതിയാ തന്നെ അതൊക്കെ തിരിയും"
ആൺമക്കളിൽ ദീനി ദഅവ മേഖലയിൽ അങ്ങ് മാത്രമാണല്ലോ... ഉപ്പയിൽ നിന്ന് ലഭിച്ച വലിയ മഹബ്ബത്തിന് കാരണമായിട്ടുണ്ടാവണം അല്ലേ ?
ഞാനീ മേഖലയിലായതുകൊണ്ട് തന്നെ മറ്റു മക്കളോടൊക്കെ എന്നെ സപ്പോർട്ട് ചെയ്യാനും പ്രചോദിപ്പിക്കാനുമൊക്കെ പറയും. സഹോദരന്മാരൊക്കെ മെച്ചപ്പെട്ട സാഹചര്യങ്ങളിലാണ്. അതുകൊണ്ടുതന്നെ നമുക്ക് ഇതുവരെ പ്രയാസകരമായിട്ടൊന്നും ഉണ്ടായിട്ടില്ല. അൽഹംദുലില്ലാ... പഠനകാലത്ത് പാസ്പോർട്ട് എടുക്കാൻ സമ്മതം ചോദിച്ചപ്പോൾ സമ്മതിച്ചില്ല. സഖാഫി ആയതിനുശേഷമാണ് സമ്മതിച്ചത്. ശേഷം ആ പാസ്പോർട്ട് ഉപയോഗിച്ച് പലയിടങ്ങളിലും വിസിറ്റ് ചെയ്യാനും പറ്റി. ജേഷ്ഠന്മാരൊക്കെ 2 ലക്ഷത്തിൽ കൂടുതൽ ശമ്പളം ലഭിക്കുന്ന ജോലിയൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നു. കാരണം ഞാനായിരുന്നു അവർക്കൊക്കെ ഡ്രൈവിംഗ് പഠിപ്പിച്ചത്. ആ മേഖലയിലൊക്കെ അവരുണ്ട്. അഞ്ച് മാസം നീ ഇവിടെ നിന്നാൽ മതി. രണ്ട് ലക്ഷത്തിൽ കൂടുതൽ ശമ്പളം കിട്ടും. ഏഴു മാസം നാട്ടിലും കഴിച്ചുകൂട്ടാം.. അങ്ങനെയൊക്കെ പറഞ്ഞിരുന്നു.ഉപ്പ എന്നെ അതിനൊന്നും സമ്മതിച്ചില്ല. അതായിരിക്കണം മർക്കസിൽ എത്തുന്നത് വരെ പാസ്പോർട്ട് എടുക്കാൻ സമ്മതിക്കാഞ്ഞത്.
ശൈഖുനാക്ക് പകരമായി പലയിടങ്ങളിലും ഉപ്പയെ യായിരുന്നല്ലോ നിയോഗിച്ചത്.ഇപ്പോഴല്ലാതെ ഉപ്പാന്റെ ജീവിത കാലത്ത് ഉസ്താദ് പകരക്കാരനായിട്ടുണ്ടോ?
ഓ.... വഅളിനൊക്കെ പകരം പോയിട്ടുണ്ട്. ക്ലാസുകൾക്കൊക്കെ ചിലപ്പോൾ പകരം പോകാറുണ്ട്. ഖുതുബക്കും. പിന്നെ നിക്കാഹിന് പോകുന്ന നേരത്തൊക്കെ നമ്മെ പഠിപ്പിക്കാൻ വേണ്ടിയാവണം നമ്മൾ എല്ലാ ലഫ്ളും കൂടിയൊക്കെ പറഞ്ഞാൽ സാഹചര്യത്തിനനുസരിച്ച് ചുരുക്കാൻ പറയും, ദുആയും ഇതുപോലെ തന്നെ ചുരുക്കാൻ പറയും.
ഉസ്താദ് ഇപ്പോൾ വ്യത്യസ്ത ഇടങ്ങളിൽ ഉപ്പാക്ക് പകരം ആവുന്നല്ലോ...ഇപ്പോൾ ഉസ്താദ് ഏതൊക്കെ സ്ഥാനങ്ങൾ വഹിക്കുന്നു..?
ഞാനിപ്പോൾ SYS ന്റെ കോഴിക്കോട് ജില്ലാ അംഗമാണ്, SYS കൊടുവള്ളി സോണിന്റ പ്രസിഡന്റും, കോഴിക്കോട് ജില്ല മുശാവറയിലുമുണ്ട്... പഠിച്ചത് സിറാജുൽ ഹുദയിൽ ആണല്ലോ.. അവിടെ സിറാജുൽ ഹുദാ സ്ഥാപനങ്ങളുടെ പൂർവവിദ്യാർത്ഥി സംഘത്തിന്റെ സെക്രട്ടറിയായും 2006 ബാച്ച് സഖാഫിയുടെ സെക്രട്ടറിയായും, പിന്നെ ദാഇറയിലും സെക്രട്ടറിയായുമൊക്കെയുണ്ട്...അൽഹംദുലില്ലാഹ്... ചെറിയ രൂപത്തിലെങ്കിലും വഹിച്ചു പോരുന്നു...
ഉപ്പയുടെ വിയോഗാനന്തരം, ഉപ്പയുടെ ഇടങ്ങളിൽ സാധ്യമാകുന്ന രൂപത്തിൽ പകരക്കാരൻ ആവുകയാണ് ഉസ്താദ് കരുവൻപൊയിലും കരാ പറമ്പിലെയും പോലെ.
അവർക്കൊക്കെ ഉപ്പയോടുള്ള ആ മഹബ്ബത്തൊക്കെ നമുക്കും കിട്ടുന്നുണ്ട്. എല്ലാവർക്കും ഉപ്പാനോട് ഇഷ്ടമായിരുന്നല്ലോ...ഉപ്പ കാരാപറമ്പിൽ 48കൊല്ലം ഉണ്ടായിട്ടുണ്ട്. അവർക്കൊക്കെ ഉപ്പ ഒന്ന് പറഞ്ഞാൽ മറുത്തൊന്നില്ലായിരുന്നു.
ഉപ്പാക്ക് പകരം എന്ന നിലക്ക് അങ്ങാണല്ലോ ഇപ്പോ ഖാളി സ്ഥാനത്തുള്ളത്... അനുഭവങ്ങളായി ചേർത്തുവെക്കാൻ വല്ലതും?
ഓ...ഉപ്പ ഉള്ളയിടത്തൊക്കെ ഇപ്പോൾ മുഅദ്ദിനായി ഞാനുമുണ്ട്... നേരത്തെ പറഞ്ഞല്ലോ ഉപ്പയോടുള്ള അവരുടെയൊക്കെ മഹബ്ബത്ത് അതെനിക്കും ലഭിക്കുന്നുണ്ട്.. അൽഹംദുലില്ലാഹ്...
ഉസ്താദ് സംഘടനാ പ്രവർത്തനത്തിൽ സജീവമാണ്. ഉപ്പയിൽ നിന്നുള്ള പ്രചോദനം ആയിരുന്നോ കാരണം...?
പഠനകാലത്ത് സംഘടനയിലൊക്കെ ചെറിയ രൂപത്തിൽ മതിയെന്നാ ഉപ്പാന്റെ അഭിപ്രായം. വലിയ രൂപത്തിൽ ഒന്നും വേണ്ട. നമ്മളെ ഓത്ത് മുടങ്ങിപ്പോകുമെന്ന് പറയും.പഠനശേഷം സംഘടനയിൽ ഒക്കെ സജീവമാകാൻ സാധിച്ചു.
സംഘടനയിലെ സജീവ തുടക്കം...
എസ്എസ്എഫിന്റെ യൂണിറ്റ്,പഞ്ചായത്ത്, ഡിവിഷനുകളിലൊക്കെ പ്രസിഡണ്ട് ആയിട്ടുണ്ട്. SSF ന്റെ ജില്ല അംഗമായി നിൽക്കാൻ സാധിച്ചിട്ടുണ്ട്. എസ് വൈ എസിലും അങ്ങനെയൊക്കെ യൂണിറ്റിലും പഞ്ചായത്തിലും സർക്കിളിലും സോണിലുമൊക്കെ പ്രസിഡണ്ട് സ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. എല്ലാ നിലക്കും ഉപ്പ പ്രചോദനമാണ്. പക്ഷേ പഠനകാലത്ത് ഓത്തു മുടക്കുന്ന സാഹചര്യങ്ങളോ സംഘടന പ്രവർത്തനങ്ങളോ അനുവദിക്കില്ല.
പൗരത്വ പ്രതിഷേധം നടക്കുന്ന സമയത്തൊക്കെ പൗരാവലി ഉപ്പയെയായിരുന്നല്ലോ അധ്യക്ഷനായി തിരഞ്ഞെടുത്തത്. ഉപ്പയുടെ സഹോദര സമുദായബന്ധം എപ്രകാരമായിരുന്നു?
നമ്മുടെ വീടിന്റെ ചുറ്റുഭാഗത്തൊക്കെ സഹോദര സമുദായത്തിൽ പെട്ടവരാണ്. അവരൊക്കെ നമ്മുടെ കുടുംബവുമായിട്ട് നല്ല ബന്ധമാണ്. വീടിന്റെ തൊട്ടു പിറകിലൊക്കെ അവരാണ്.കൊടുത്തും വാങ്ങിയുമൊക്കെ ഉപ്പ നല്ല ബന്ധം കാത്തുസൂക്ഷിച്ചു. അവര് ഉപ്പയുമായും അങ്ങനെയായിരുന്നു. ഹോസ്പിറ്റലിൽ പോകുന്നതിന് തൊട്ടുമുമ്പ് വരെ വീടിനടുത്തുള്ള വയലിൽ ഷഫീഖ് എന്ന പുതു മുസ്ലിം സഹോദരന്റെ മകളുടെ കല്യാണം വന്നപ്പോൾ ജേഷ്ഠനെ വിളിച്ചുപറഞ്ഞു:" നമ്മൾ സഹായിക്കേണ്ട ആൾക്കാരാണ്, നീ കുറച്ച് പണം അയക്ക്." ജേഷ്ഠൻ അത്യാവശ്യം പണം അയച്ചു.അതിനോടൊപ്പം സ്വന്തം വകയായി രണ്ട് പവനും കൂട്ടി. എല്ലാം കൂടി ആ സഹോദരന് എത്തിച്ചുകൊടുത്തു. ആരെയെങ്കിലും സഹായിക്കുകയാണെങ്കിൽ മിക്കപ്പോഴും അത് രഹസ്യമായിരിക്കും. ഉപ്പയാണ് തരുന്നതെന്ന് കിട്ടുന്നവർക്ക് പോലും അറിയണമെന്നില്ല. മറ്റാരുടെയെങ്കിലും കൈവശം കൊടുത്തയക്കുകയോ ആരെയെങ്കിലും ഏൽപ്പിക്കുകയോ ആണ് ചെയ്യാറുള്ളത്. നേരിട്ടുള്ള സഹായവുമുണ്ടായിരുന്നു. അയൽവാസികളായി ധാരാളം അമുസ്ലിം കുടുംബങ്ങളുണ്ട്. അവരുടെ കാര്യങ്ങളൊക്കെ ശ്രദ്ധിക്കും. തൊട്ടടുത്ത വീട്ടിലെ സ്രാമ്പിക്കൽ ചന്ദ്രൻ എന്ന സഹോദരൻ മരണപ്പെട്ടപ്പോൾ ആ കുടുംബത്തെ സഹായിക്കാൻ പലപ്പോഴും ഞങ്ങളെ ഉണർത്തി. പിന്നെ ഉപ്പ എന്ന് പറഞ്ഞാൽ ഇവിടുത്തെ ആർക്കെങ്കിലുമൊക്കെ വീടുണ്ടാക്കാനും മറ്റുമൊക്കെ ഉപ്പ തന്നെ ചെയർമാനായി മുന്നിലുണ്ടാവും. ഞങ്ങൾ മക്കളോടൊക്കെ സഹായിക്കാനും ഉപ്പ പറയും. ഉപ്പ പറഞ്ഞാൽ ഏറ്റെടുത്ത് സഹായങ്ങളുമായി നാട്ടുകാർ ഉപ്പാക്കൊപ്പം തന്നെയുണ്ടാവും.
സമൂഹത്തിലെ ചില നേതാക്കളൊക്കെ വലിയ സ്ഥാനങ്ങളിലെത്തുമ്പോൾ കുടുംബവുമായുള്ള ഇടപെടൽ കുറയുന്നത് കാണാം. സമസ്ത സെക്രട്ടറി ആയിരിക്കുമ്പോഴും ഉപ്പയുടെ കുടുംബവുമായുള്ള ഇടപെടൽ എങ്ങനെയായിരുന്നു?
ഉപ്പാക്ക് കുടുംബവുമായി നല്ല ബന്ധമായിരുന്നു. ഞങ്ങൾ മക്കളുടെ വീട്ടിലൊക്കെ മാറിമാറി താമസിക്കും. പെങ്ങന്മാരെ വീട്ടിലൊക്കെ പോകും. മറ്റൊന്ന് എപി ഉസ്താദിനെ പോലെ ഫുൾടൈം സ്ഥാപനവും സംഘടനയും മറ്റൊന്നും ഇല്ലാത്തതുകൊണ്ട് എന്തെങ്കിലും പരിപാടികളില്ലെങ്കിൽ ദറ്‌സ് കഴിഞ്ഞാൽ വീട്ടിൽ വരും.ദർസ് ഒഴിവാക്കി വീട്ടിൽ പരിപാടി ഉണ്ടെങ്കിൽ വരെ വരാറില്ല.
ഉപ്പയെക്കുറിച്ച് നല്ലൊരു കാർഷികവൃത്തി ഉള്ളവരാണെന്ന് കേട്ടിട്ടുണ്ട് ശരിയാണോ?
അതെ...വീട്ടിൽ വന്നാൽ പിന്നെ കൃഷിയാണ്. 'ദഅവത്തൊക്കെ സ്വന്തം നടത്തണം. സാമ്പത്തികം ഇങ്ങനെ കൃഷി പോലോത്തതൊക്കെ ചെയ്തിട്ടുണ്ടാക്കണമെന്ന് പറയാറുണ്ടായിരുന്നു..' അധ്വാനിച്ച് കൃഷിയൊക്കെ ചെയ്തിട്ടു തന്നെയാണ് ഉപ്പ ഡീസന്റ് ആയി ജീവിച്ചത്. പിന്നെ ശനിയാഴ്ച ദർസിൽ പോയാൽ വ്യാഴാഴ്ചയാണല്ലോ വരാറ്. വന്നാൽ നമ്മളെയൊക്കെ കൂട്ടി കൃഷിചെയ്യും. പോകുന്നതുവരെ അങ്ങനെയായിരിക്കും.
കൃഷിയോട് ഇത്ര താല്പര്യമുണ്ടാകാൻ പാരമ്പര്യമായി കർഷക കുടുംബമായിരുന്നോ?
അങ്ങനെയല്ല.... ഉപ്പാന്റെ ഉപ്പ വയനാട്ടിൽ ചെതലയത്ത് പാപ്പാനായിരുന്നു. ഉപ്പാന്റെ രണ്ടാം വയസ്സിൽ മരണപ്പെട്ടു. ചെറുപ്പത്തിലേ നല്ല ദാരിദ്ര്യം ഉപ്പാക്കുണ്ടായിരുന്നു. ഉപ്പയും ഉമ്മയും വല്യുപ്പയുമൊക്കെ ഇവിടെത്തന്നെയായിരുന്നു. ജോലിക്ക് വേണ്ടി അവിടെപ്പോയിരുന്നു. അവിടെ അമ്മായിയൊ ക്കെയുണ്ട്. അവിടെ വെച്ചാണ് മരണപ്പെട്ടത്. അന്ന് ആംബുലൻസും മറ്റു സംവിധാനങ്ങളുമൊന്നുമില്ലാത്തതുകൊണ്ട് അവിടെത്തന്നെ മറവ് ചെയ്തു. എല്ലാ കൊല്ലവും നമ്മൾ അവിടെ സിയാറത്തിന് പോവുകയും താമസിക്കുകയുമൊക്കെ ചെയ്യാറുണ്ട്.
റമളാനിൽ ഉപ്പ വീട്ടിൽ തന്നെയാണോ ഉണ്ടാകാറ്? വിദേശ യാത്രയൊക്കെ ചെയ്യാറുണ്ടോ?
റമളാനിൽ വീട്ടിൽ തന്നെയാണ് ഉണ്ടാവാറ്.പലപ്രാവശ്യം എപി ഉസ്താദും മർകസുമൊക്കെ ഗൾഫ് യാത്രക്കൊക്കെ പലപ്രാവശ്യം ക്ഷണിച്ചിട്ടും ഉപ്പ പോയിരുന്നില്ല. ഒരുപക്ഷേ, വിദേശയാത്രകളൊക്കെ നടത്താനും വലിയ വലിയ ആളുകളുമൊക്കെയായി ബന്ധം സ്ഥാപിക്കാനുമൊക്കെ ഉപ്പാക്ക് കഴിയുമായിരുന്നു. പക്ഷേ പ്രവാസ ലോകത്തേക്ക് ഉപ്പ അങ്ങനെ നീങ്ങിയില്ല. ദർസു തന്നെ... രാത്രി വഅള് കഴിഞ്ഞ് എത്ര നേരം വൈകി വന്നാലും പിറ്റേന്ന് സുബഹിക്ക് ക്ലാസ് മുടക്കാറില്ല. ഏത് പരിപാടി ഉണ്ടായാലും ക്ലാസ് മുടക്കില്ല. എപി ഉസ്താദ് തന്നെ പറഞ്ഞിട്ടുണ്ട്: "എനിക്ക് എവിടെ പോകാനും ഇതുവരെ ധൈര്യമായിരുന്നു മുഹമ്മദ് മോല്യേർ ഉള്ളോണ്ട്". ദർസ് നടത്താനും മറ്റുമൊക്കെ.
പെരുന്നാളൊക്കെ ആഘോഷിച്ചത്?
പെരുന്നാൾക്ക് രാവിലെ കാരാപറമ്പ് ഖുതുബക്ക് പോകും. അവിടെ നിന്ന് തിരിച്ചു വന്നാൽ പിന്നെ ഉപ്പയെ കാണാൻ എല്ലാവരും ഇങ്ങോട്ട് വരും. അങ്ങനെയാണ് സാധാരണ ശൈലി. പിന്നെ എല്ലാ മൗലിദ് പരിപാടിക്കും നോമ്പുതുറക്കൊന്നും പോകുന്ന ശൈലിയില്ല. ചാലിയം കരീം ഹാജിയും ബാവ ഹാജിയുമൊക്കെ "പല കൊല്ലം വിളിച്ചു നോക്കിയിട്ടും ഞങ്ങൾക്ക് നോമ്പുതുറക്കാനൊന്നും ഉപ്പയെ കിട്ടിയില്ല" എന്ന് പറഞ്ഞിട്ടുണ്ട്.
ഉപ്പയിൽ നിന്നുള്ള ഒരു വലിയ ഉപദേശമായി, ഒരു വാക്കായി എന്തെങ്കിലും ഓർക്കുന്നുണ്ടാകുമല്ലോ...
സാമ്പത്തികായിട്ടൊക്കെ നല്ല ശ്രദ്ധയായിരുന്നു. ഒരാളോടും കടം വാങ്ങരുത് എന്നൊക്കെ പറയും. സ്വന്തം പേരിൽ മാത്രമല്ല. സ്ഥാപനത്തിന്റെ പേരിൽ പോലും കടം വാങ്ങുന്നത് ഉപ്പാക്ക് ഇഷ്ടമില്ല. "ഉറപ്പുള്ളതേ പറയാവൂ" എന്ന വാക്കും ഉപ്പയിൽ നിന്നുള്ള വലിയ സമ്പത്താണ്.
ഉപ്പയുടെ കൂടെ പുറത്തേക്കൊക്കെ യാത്ര പോകാറുണ്ടായിരുന്നോ...?
പുറത്തേക്ക് ഉപ്പാന്റെ കൂടെയൊക്കെ യാത്ര പോകും. അതും കൂടുതലും ഉപ്പ ക്ഷണിക്കപ്പെട്ട പരിപാടിയിലേക്കേ പോകൂ. അത്യാവശ്യ പരിപാടിക്ക് മാത്രം. നേരത്തെപറഞ്ഞല്ലോ,ശൈഖുന എന്ത് പരിപാടി പറഞ്ഞാലും ഉപ്പ എല്ലാം മാറ്റിവെക്കുമെന്ന്
തിരുനബിയുടെ മഹബ്ബത്തിന്റെ പ്രചോദന വാക്കുകളില്ലാതെ ഉപ്പയുടെ ഒരു പ്രസംഗവും കേട്ടിട്ടില്ല. "ആരംഭ റസൂലുള്ളാഹി" എന്ന് പറഞ്ഞുള്ള ഉപ്പയുടെ സംസാരം അങ്ങേയറ്റത്തെ മഹബ്ബത്തിനെ വരച്ചു കാട്ടുന്നതായിരുന്നല്ലോ...
റസൂലുള്ളാന്റെ മഹബ്ബത്ത് നല്ലോണം ഉപ്പ പറയും.. തങ്ങൾമാരോട് ഭയങ്കര സ്നേഹമായിരുന്നു. അവരെ അതിരറ്റ് സ്നേഹിക്കും. അഹ്ലു ബൈത്തിനോടുള്ള ആ സ്നേഹത്തിന്റെ ഊക്ക് കൊണ്ടായിരിക്കും പുഞ്ചിരി നിറഞ്ഞ ആ അവസാന സമയം ദിക്റുകൾ ചൊല്ലി കൊടുക്കാൻ ഖലീൽ തങ്ങളുപ്പാപ്പ ഉണ്ടായിരുന്നു.സംസം വെള്ളമൊക്കെ കുടിച്ച് റാഹത്തായിട്ടാണ് ഉപ്പ പോയത് :മയ്യിത്ത് കുളിപ്പിച്ചതൊക്കെ തങ്ങന്മാരാണ്...കഫൻ ചെയ്തതും തലപ്പാവ് കെട്ടിയതും തൽഖീൻ ചൊല്ലി കൊടുത്തതും സയ്യിദന്മാരാണ്.നിസ്കാര നേതൃത്യം നടത്തിയത് ഭൂരിഭാഗവും തങ്ങന്മാരാണ്. ചെറിയ കുട്ടികളെ വരെ നല്ലോണം ബഹുമാനിക്കും, തങ്ങന്മാരാണോ അവിടെ ഉപ്പ ചെറുപ്പം വലുപ്പം നോക്കാറില്ല. അതിരറ്റ് സ്നേഹിക്കും.
ഉപ്പയുടെ ജീവിതത്തിൽ ഏറെ പ്രകടമായിരുന്ന ഒരു സവിശേഷത പഠിച്ചത് പ്രചരിപ്പിക്കാനുള്ള ആവേശമായിരുന്നു.ഒരു ക്ലാസ് പോലും മുടക്കാതിരിക്കാൻ ഉപ്പ ശ്രദ്ധിച്ചു.എങ്കിലും കുടുംബത്തിലും മക്കളിലും പേരമക്കളിലുമൊക്കെ എപ്പോഴാണ് സമയം കണ്ടെത്തിയത്...?
പെൺമക്കളുടെ വീട്ടിലൊക്കെ ഇടയ്ക്കിടെ പോവുകയും അവർക്ക് വേണ്ട എല്ലാ സാധനങ്ങളും വാങ്ങി നൽകുകയും ചെയ്യും.ഇവിടെ ഉപ്പ വരുമ്പോൾ കുട്ടികളെല്ലാം ഓടി വരും,ഉപ്പ ഓരോ തവണ പുറത്തുപോയി വരുമ്പോഴും അവർക്ക് മിഠായികളുമായിയാണ് വരിക.
നേരിട്ട് പറയാൻ മടിയുള്ളതോ ഞങ്ങൾ നേരിട്ട് പറഞ്ഞാൽ സമ്മതിക്കില്ല എന്ന് തോന്നുന്നതോ ആയ കാര്യങ്ങൾ വലിയുമ്മ വഴിയാണ് പറയുക വലിയുമ്മ പറഞ്ഞാൽ ഉപ്പ സമ്മതിക്കും. പിന്നെ ഞങ്ങൾ ആൺമക്കളുടെ വീട്ടിലേക്കൊക്കെ ഉപ്പ സാധനം വാങ്ങും.തറവാട്ടിലേക്ക് മാത്രമല്ല. ഞങ്ങളെയൊക്കെ സ്കൂളിലും മദ്രസയിലും ചേർത്തിരുന്നത് ഉപ്പ തന്നെയാണ്.എസ്എസ്എൽ സിക്ക് ശേഷം ആൺമക്കളായ ഞങ്ങൾ നാലുപേരെയും മതപഠന മേഖലയിലേക്ക് പറഞ്ഞയച്ചു. നന്നേ ചെറുപ്പത്തിൽ മദ്രസയിൽ പോകുന്ന കാലത്ത് റമളാനിൽ എല്ലാവരെയും ഒരുമിച്ചു കൂട്ടി ഖുർആൻ ഓതിക്കും. തെറ്റുകൾ തിരുത്തിത്തരും... നിസ്കരിപ്പിക്കും.നിസ്കാരത്തിലെ അംഗവിക്ഷേപങ്ങൾ ശരിയായ രൂപത്തിൽ അല്ലേ എന്ന് നോക്കും.ചെറുപ്പത്തിലെ പള്ളിയിലേക്കും മറ്റുമൊക്കെ കൂടെ കൂട്ടും.
മദ്രസയിലെ പാഠങ്ങൾ ഒക്കെ ശരിക്ക് പഠിക്കുന്നുണ്ടോ എന്ന് നോക്കാൻ ഇടക്ക് പരിശോധിക്കും.
എപ്പോഴും പുഞ്ചിരിക്കുന്ന ഉപ്പയാണ് സമൂഹത്തിന് അറിയുക.മറ്റൊരു മുഖത്തിൽ ഉപ്പയെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ...?
ആ ... അതെ എപ്പോഴും ഇങ്ങനെ പുഞ്ചിരിച്ചുകൊണ്ടിരിക്കും.ദേഷ്യം പിടിക്കുകയും ചെയ്യും...നല്ലോണം ദേഷ്യം പിടിക്കും അതുപോലെ അത്യാവശ്യം അടി ഒക്കെ കിട്ടും. മർക്കസ് ബോർഡിങ്ങിൽ പഠിക്കുമ്പോൾ അവിടുത്തെ പരിപ്പും ചോറും പിടിക്കുന്നില്ല എന്ന് പറഞ്ഞ് ഞാനും ജ്യേഷ്ഠനും അവിടുന്ന് വട്ടം കൂടി പിരിയാൻ ഒരുങ്ങി..... പക്ഷേ അനുവദിച്ചില്ല എന്നല്ല ഒരു വടിയെടുത്ത് അടി തന്നിട്ട് ഞാൻ പഠിക്കുന്ന കാലത്ത് പിണ്ണാക്ക് നിന്നാണ് പഠിച്ചത്... നിങ്ങൾക്ക് ഭക്ഷണം കിട്ടുന്നുണ്ടല്ലോ എന്നു പറഞ്ഞാണ് ശാസിച്ചത്.
ഉപ്പാക്ക് സ്വത്തായിട്ട് വല്ലതും ലഭിച്ചിട്ടുണ്ടോ...ഉള്ളതെല്ലാം കാർഷിക മേഖലയിലൂടെയാണോ സമ്പാദിച്ചത്?
ഉപ്പാന്റെ ഉപ്പയിൽ നിന്ന് ലഭിച്ചതായി ഒരു സ്വത്തുമില്ല...എല്ലാം ഉപ്പ സമ്പാദിച്ചത് തന്നെയാണ്. രണ്ട് ഏക്കർ ഭൂമി ഉപ്പാന്റെ സമ്പാദ്യത്തിൽ തന്നെയുണ്ട് കൃഷിയായും മറ്റുമൊക്കെയായിട്ടാണ് സമ്പാദിച്ചത്.
അനാവശ്യമായി പണം ചിലവഴിക്കുന്ന പ്രകൃതി ഇല്ലേലും ഉപ്പ എല്ലാം ഭംഗിയായി നിർവഹിച്ചുവല്ലേ...
അനാവശ്യമായി പണം ചെലവഴിക്കുന്ന പ്രകൃതമായിരുന്നില്ല. എന്നാൽ ആവശ്യങ്ങളെല്ലാം ഭംഗിയായി നിർവഹിച്ചിരുന്നു... ഈയടുത്ത് ഉപ്പയെ കൂട്ടാൻ മർക്കസിലേക്ക് കാറുമായി ചെന്നപ്പോൾ "ബൈക്ക് എടുത്തു വന്നാൽ മതിയായിരുന്നില്ലേ" എന്ന് ശാസിച്ചു. ഞാൻ പറഞ്ഞു "അഞ്ചോ പത്തോ രൂപയെ അധികമാവൂ"
"അഞ്ചാണെങ്കിലും നമ്മൾ ഉണ്ടാക്കേണ്ടേ വെറുതെ എന്തിനാ അത് നഷ്ടപ്പെടുത്തുന്നത് കാറും ബൈക്കും എല്ലാം കണക്കല്ലേ" എന്നായി ഉപ്പ. അടുത്ത കാലം വരെ മർക്കസിലേക്ക് ബസ്സിലായിരുന്നു പോയിരുന്നത് അതും കുന്നമംഗലത്ത് ഇറങ്ങി മർക്കസ് വരെ നടക്കും.
എറണാകുളത്ത് ഒക്കെ പരിപാടി ഉണ്ടെങ്കിൽ കാറിൽ വരാനാണ് അവർ പറയുക,ഉപ്പ ട്രെയിനിലാണ് കൂടുതലും പോകാറുള്ളത്. വെറുതെ എന്തിനാണ് അവരുടെ കാശ് കളയുന്നത് എന്നാണ് ന്യായം.
എന്നാലോ നേരെമറിച്ച് വീട്ടിലൊക്കെ ഭക്ഷണത്തിനും കാര്യങ്ങൾക്കൊക്കെ ഉപ്പയേറെ സന്തോഷകരമാക്കി. എല്ലാം റാഹത്തിലുമായിരുന്നു. അതിനൊന്നും പിശുക്കോ കാര്യങ്ങളോ ഉണ്ടാവില്ല.. എല്ലാം വാങ്ങും ഇറച്ചിയും, മീനും, ആടും, ആട്ടിൻതല യും എല്ലാം ഉണ്ടാവും എല്ലാവരുടെ വീട്ടിലേക്കും ഭക്ഷണം വാങ്ങി കൊടുത്തയക്കും. പെങ്ങമ്മാരെ വീട്ടിലേക്കും കൊടുത്തയക്കും. അതിനൊക്കെ ഉപ്പ സജീവമാണ്.
ഉപ്പ മദ്രസ അധ്യാപനം നടത്തിയിട്ടുണ്ടോ?
ഉപ്പ മദ്രസാ അധ്യാപനം നടത്തിയതായി അറിവില്ല.ദർസ് തന്നെയായിരുന്നു.കാരണം ബാഖിയാതിൽ നിന്ന് ഇറങ്ങിയ ഉടനെ ശൈഖുനാന്റെ അടുത്തേക്കാണല്ലോ എത്തിയത്..ഇനി പഠിക്കുന്ന കാലത്ത് പഠിപ്പിച്ചിട്ടുണ്ടെങ്കിൽ ഉണ്ടാവാം അല്ലാതെയില്ല.
പള്ളിയൊക്കെ ഉപ്പ തന്നെ വന്ന് ചൂലെടുത്തു വൃത്തിയാക്കും എന്നൊക്കെ അറിഞ്ഞു... ഈ പ്രായത്തിലും അത്തരം കർമ്മങ്ങൾക്ക് പോലും ഉപ്പ മുന്നിൽ തന്നെയുണ്ടല്ലേ...
അതെ.. ഒരിക്കൽ നിസ്കരിക്കാൻ വന്ന ഒരു മോൻ പള്ളി വൃത്തിയാക്കി കൊണ്ടിരിക്കുന്ന ഉപ്പയിൽ നിന്ന് ചൂൽ വാങ്ങി അടിച്ചുവാരാൻ നിർബന്ധം കാണിച്ചു...ഉപ്പ പറഞ്ഞു : "ങ്ങൾ പള്ളിയിൽ വന്നത് നിസ്കരിക്കാനല്ലേ? റാഹത്തായി നിസ്കരിച്ചോളൂ... ഇത് ഞാൻ നോക്കാം..." പിന്നെ ബാങ്ക് കൊടുക്കാറുള്ളതും ഉപ്പ തന്നെയാണ്
![]() |
സമസ്ത സെക്രട്ടറിയും മർക്കസ് മുദരിസും ഒക്കെയുള്ള സമയത്താണോ ഉപ്പ ബാങ്ക് വിളിക്കാനും മറ്റുമൊക്കെ മുന്നിൽ നിന്നത്...?
അതെ...ഉപ്പാക്ക് അങ്ങനെ ഒരു വലിപ്പത്തരം ഇല്ല.വ്യാഴാഴ്ച നാട്ടിൽ വന്നാൽ പിന്നെ ഉപ്പയാകും പള്ളിയിൽ ബാങ്ക് വിളിക്കുക അവസാന സമയം വരെ അത് പതിവായിരുന്നു... ഇനി വേറെ ആരെങ്കിലും ഉണ്ടെങ്കിലും ഉപ്പ തന്നെ ബാങ്ക് വിളിക്കും.. പ്രായമൊന്നും ഉപ്പാക്ക് ഒരു പ്രശ്നമല്ലായിരുന്നു.. ഒന്നിനും മടിയും ഇല്ലായിരുന്നു.
ഉപ്പ തന്നെ നിർമ്മിച്ച പള്ളിയാണോ ഈ വീടിനടുത്തുള്ളത്...?
അതെ, ഉപ്പ തന്നെ ഉപ്പാന്റെ വളപ്പിൽ നിർമ്മിച്ച പള്ളിയാണിത്
കുടുംബത്തിന് മാത്രമായിട്ടാണോ പള്ളി നിർമ്മിച്ചത്...
ഞങ്ങൾ വീട്ടുകാര് മാത്രമാണ് നിസ്കരിക്കാൻ ഉണ്ടാവാറ്..
നേരത്തെ പറഞ്ഞില്ലേ... ഞങ്ങളെല്ലാ മക്കളും ഒരു വളപ്പിൽ തന്നെയാണ്... ഉപ്പ തന്നെ എല്ലാവർക്കും തന്നതാണ്... ഇവിടെത്തന്നെയാണ് ഈ പള്ളി.. നോമ്പുകാലം ആയാലൊക്കെ പുറത്തുള്ളവർ വരും... ഉപ്പയുള്ളപ്പോൾ ജമാഅത്തിന് എല്ലാവരും എത്തൽ മസ്റ്റാണ്..
ബാങ്ക് കൊടുക്കാൻ നേരത്തെ ഉപ്പ പള്ളിയിൽ എത്തും. വെള്ളിയാഴ്ച രാവായാൽ പള്ളിയിലും വീട്ടിലൊക്കെ ജനങ്ങൾ നല്ലോണം ഉണ്ടാവും... നാട്ടുകാർക്കും മറ്റും അറിയാം ഉപ്പ അന്നിവിടെ ഉണ്ടാവുമെന്ന്... പിന്നെ നാട്ടിൽ ആരു മരണപ്പെട്ടാലും ഉപ്പ തന്നെയാണ് നിസ്കാര നേതൃത്വം കൊടുക്കാറും.
ഉസ്താദ് അൽ ഖമർ സ്ഥാപിക്കാനുള്ള സാഹചര്യം എന്തായിരുന്നു? അൽ ഖമർ ഉയർന്നു വന്നതിന്റെ പിറകിലുള്ള ചരിത്രം ഒന്ന് വിശദീകരിക്കാമോ?
അൽ ഖമർ : ഞാൻ മർക്കസിലൊക്കെ പഠിക്കുമ്പോൾ ഉപ്പയുടെ അടുത്ത് തന്നെയാവണമെന്നാണ് ആഗ്രഹം. മർക്കസിൽ നിന്നിറങ്ങിയ ഉടനെ പെരുന്നാൾക്ക് ഉപ്പ പറഞ്ഞു :കാന്തപുരത്ത് അസിസ്റ്റന്റായി നിൽക്കാൻ വരണമെന്നും എപി ഉസ്താദിനോട് സമ്മതം ചോദിക്കണമെന്നും. അപ്പോൾ അതിനു മുന്നേ നിലവിൽ അൽ ഖമർ നിൽക്കുന്നയിടത്ത് 2k.m ചുറ്റയളവിൽ സുന്നികൾക്ക് ഒരൊറ്റ പള്ളിയുമില്ല.അതിനാൽ NIT യിലെ B. TECK, M. TECK HIGH SCHOOL തുടങ്ങിയവയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ദൂരം കാരണം ജുമുഅ വരെ നിസ്കരിക്കാതെയിരിക്കേണ്ട അവസ്ഥ വന്നു. പിന്നേ മറ്റൊന്ന് ഇതൊരു കോളനി ആയിരുന്നു. അങ്ങനെ നമ്മളൊക്കെ കൂടി പള്ളിയുണ്ടാക്കുകയും ഇപ്പോൾ ഒരുപാട് മാറ്റങ്ങളുണ്ടാക്കാനും കഴിഞ്ഞു. അങ്ങനെ അസീസിയ്യയിൽ പോകാൻ സമ്മതം ചോദിച്ചപ്പോൾ ഉസ്താദ് പറഞ്ഞു :"അസീസിയ്യയിൽ നമുക്ക് വേറെ ആളെ നോക്കാം. കമ്പനിമുക്കിൽ ദർസ് തുടങ്ങാം". ഇത് ഉപ്പയോട് പറഞ്ഞപ്പോൾ എപി ഉസ്താദ് പറഞ്ഞതുകൊണ്ട് മാത്രം വഴങ്ങി. ഭക്ഷണം തരാനോ അല്ലെങ്കിൽ ശമ്പളം തുടങ്ങിയ ഒരു സൗകര്യവും അന്നില്ലായിരുന്നു.അങ്ങനെയുള്ള ഇടത്താണ് ദർസ് തുടങ്ങാൻ പറഞ്ഞത്. ഏതായാലും ഞാൻ പിഠിച്ചത് പേരോട് ഉസ്താദിന്റെ അടുത്തായിരുന്നു. ഉസ്താദിനോട് പോയി പറഞ്ഞപ്പോൾ "എപി ഉസ്താദ് പറഞ്ഞതല്ലേ... ധൈര്യമായി തുടങ്ങിക്കോ" എന്ന് പറഞ്ഞ് ഉസ്താദ് കുറച്ചു പൈസ തന്ന് തുടക്കം കുറിച്ചു. ഇവിടെ വന്ന് ആധികാരികതയ്ക്ക് വേണ്ടി മഹല്ല് കമ്മിറ്റിക്കാരുടെ ലുലു കാസിന്റെ പരസ്യം വാങ്ങുകയും ഞാൻ തന്നെ പോസ്റ്ററൊക്കെ ഒട്ടിക്കുകയും ചെയ്തു. സ്വാഗതസംഘം വിളിച്ചപ്പോൾ കുറെ ആളുണ്ടാവുകയും വിഷയം പറഞ്ഞപ്പോൾ കുറഞ്ഞ ആളൊഴികെ എല്ലാവരും പോയി.അവരിപ്പോഴും കൂടെത്തന്നെയുണ്ട്. അങ്ങനെ ആളുകളൊക്കെ അറിഞ്ഞപ്പോൾ നമ്പറൊക്കെ വാങ്ങി. എന്നാലും ദർസ് തുടങ്ങാൻ കുട്ടികളില്ലല്ലോ.... അങ്ങനെ തലേദിവസം മർകസിലുള്ള ഉസ്താദ്മാരോട് പറഞ്ഞു. പക്ഷേ ആ സമയത്താണ് ഹസൻ സഖാഫി തറയിട്ടാൽ പറയുന്നത് മർക്കസിലെ സ്കൂളിൽ പോകാൻ പറ്റിയ കുട്ടികളുണ്ട്.അവിടെ അടുത്ത് എവിടെയാ ദർസുള്ളതെന്ന്? പുന്നാര ഹബീബേ...ഞാൻ നാളെ തുടങ്ങുന്നുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെയാണ് 7 കുട്ടികളെ കൊണ്ട് ദർസ് തുടങ്ങുന്നത്.ഇപ്പോൾ 7 സ്ഥാപനങ്ങളിലായി 12 ഉസ്താദുമാരും 300 ഓളം വിദ്യാർത്ഥികളുമുണ്ട്. എൻ ഐ ടി യിലെ വിദ്യാർത്ഥികളെയാണ് പ്രധാനമായും ഫോക്കസ് ചെയ്യുന്നത്. റമളാനിലൊക്കെ നോമ്പ് തുറക്കാൻ 700 ഓളം വിദ്യാർത്ഥികൾ ഉണ്ടാവാറുണ്ട്. പെൺകുട്ടികൾക്ക് അങ്ങോട്ട് കൊടുത്തയച്ച് നോമ്പുതുറക്കാൻ സൗകര്യമൊരുക്കും. ഇതുവരെ ജനറൽ സെക്രട്ടറി ഉപ്പ തന്നെയായിരുന്നു.
![]() |
ഉസ്താദിന്റെ വീട്ടിൽ വച്ചുള്ള മൗലിദ് സദസ്സിൽ |
ഉസ്താദ് അൻവർ സ്വദിഖ് സഖാഫി /
ഹാഫിള് ഫാറൂഖ് വെണ്ണക്കോട്
ഹാഫിള് ബാദുഷ പത്തപ്പിരിയം
ഹാഫിള് ജുനൈദ് തലപ്പുഴ
ഹാഫിള് ആമീൻ പുള്ളന്നൂർ(ഫോട്ടോ)
Post a Comment