Followers

മുഹമ്മദലി കിനാലൂരുമായി മർകസ് മാലിക് ദീനാർ വിദ്യാർത്ഥികൾ നടത്തിയ പ്രത്യേക അഭിമുഖം

 നിലപാട്



രാഷ്ട്രീയപരമായി കൃത്യമായ നിലപാടുള്ള പ്രസ്ഥാനാണ് സുന്നി പ്രസ്ഥാനം. ആവശ്യമായ ഇടങ്ങളിൽ പ്രസ്ഥാനം നിലപാടുകളെ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്...

നിലവിൽ നമ്മുടെ രാജ്യത്ത് ന്യുനപക്ഷങ്ങൾക്കെതിരെ പ്രത്യേകിച്ചും മുസ്ലിം സമൂഹത്തിനെതിരായി ഭരണകൂടം പലതും ചെയ്തുകൊണ്ടിരിക്കുകയാണ്.. ഈ ഒരു സാഹചര്യത്തിൽ കൃത്യമായ രാഷ്ട്രീയ നിലപാടും ആൾബലവുമുള്ള സുന്നികൾക്ക് എന്തുകൊണ്ട് ഒരു രാഷ്ട്രീയ പാർട്ടി ആയിക്കൂടാ..?


ഈ ചോദ്യത്തിന്റെ ഒന്നാമത്തെ ഉത്തരം നമ്മുടെ പണ്ഡിതന്മാർ അതിനെ പ്രോത്സാഹിപ്പിച്ചിട്ടില്ല എന്നതാണ്.

രണ്ടാമത്തെ ഉത്തരം നമ്മുടെ രാഷ്ട്രീയ പാർട്ടികൾക്കിടയിലെ മൂല്യച്യുതിയാണ്. സ്വാഭാവികമായിട്ടും സമുദായ രാഷ്ട്രീയത്തിന്റെ പേരിൽ പോലും അത്തരം മൂല്യച്യുതികൾ കാണാനാവും , കാരണം ഇത് ഇന്ത്യയിലെ ഒരു രാഷ്ട്രീയ സിസ്റ്റമാണ്. ആ സിസ്റ്റത്തിനകത്തുനിന്നേ പ്രവർത്തിക്കാൻ പറ്റുകയുള്ളൂ, അതാരായിരുന്നാലും ശരി. അപ്പൊ ആ സിസ്റ്റത്തിനകത്തു നിന്നുകൊണ്ട് പലതരം വിട്ടുവീഴ്ചകൾക്കും തയ്യാറാകേണ്ടിവരും. വിട്ടുവീഴ്ചകൾ സ്വാഭാവികമായും മതത്തിന് അംഗീകരിക്കാൻ സാധിക്കാത്തതായിരിക്കും. മതത്തിന്റെ മൂല്യങ്ങളെ ചിലപ്പോ മാറ്റിവെക്കേണ്ടി വരും. അതുകൊണ്ടാണ് അത്തരത്തിൽ ഒരു രാഷ്ട്രീയ സംഘടനയെ കുറിച്ച് ആലോചിക്കാത്തത്. എന്നു പറഞ്ഞാൽ രാഷ്ട്രീയമായി ബോധ്യങ്ങളുണ്ടാവുക എന്നതിനെയാണ് നമ്മൾ പ്രധാന്യത്തോടെ കാണുന്നത്.നേതൃത്വം അങ്ങനെയാണല്ലോ നമ്മെ പഠിപ്പിക്കുന്നത്.രാഷ്ട്രീയമായി കാഴ്ചപ്പാടുകളുണ്ടാവണം, നിലപാടുകളുണ്ടാവണം. പക്ഷെ കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി നിന്നുകൊണ്ട് അതിലെ എല്ലാ വിഴുപ്പുകളും നമ്മൾ ചുമക്കേണ്ടതില്ല.

നിലവിൽ കേരളത്തിൽ ഭരണം നടത്തിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷ സർക്കാർ.. അവരെ അധികാരത്തിലേറ്റുന്നതിൽ പ്രസ്ഥാനത്തിന് വലിയ പങ്കുണ്ടല്ലോ... എന്നാൽ അവരുടെ ചില പ്രവർത്തനങ്ങളിൽ പ്രസ്ഥാനം പൂർണ്ണമായും എതിർപ്പ് പ്രകടിപ്പിക്കുന്നുമുണ്ട് .. അവരെ വോട്ട് ചെയ്ത് അധികാരത്തിലേറ്റുകയും പിന്നീട് പല കാര്യങ്ങളിലും എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്...?


അത് നമ്മുടെ സംഘടനയുടെ സ്വതന്ത്ര സ്വഭാവമാണ്. നമ്മൾ ഒരു പാർട്ടിയുടെയും അടിമകളല്ല. അങ്ങനെ അടിമപ്പെടരുത് എന്ന് ആഗ്രഹിച്ചിട്ടാണ് തൊള്ളായിരത്തി എൺപത്തി ഒമ്പതിൽ ഉള്ളാൽ തങ്ങളുടെയും ശൈഖുനാ ഉസ്താദിന്റെയുമൊക്കെ നേതൃത്വത്തിൽ നിലവിലുണ്ടായിരുന്ന സംഘടനാ സംവിധാനത്തിൽ നിന്ന് പോരുകയും ആ സംവിധാനത്തെ പുനഃസംഘടിപ്പിക്കുകയും ചെയ്തത്. അതുകൊണ്ട് വോട്ട് ചെയ്യുമ്പോൾ തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ചയാളുകളെ വിമർശിക്കാനുള്ള സ്വാതന്ത്ര്യവും നമുക്കുണ്ട്. അവർ തെറ്റായ ഒരു നിലപാട് എടുത്താൽ വോട്ട് ചെയ്തതിന്റെ പേരിൽ മിണ്ടാതിരിക്കേണ്ട ഗതികേട് നമുക്കില്ല. അങ്ങനെ മിണ്ടാതിരിക്കുന്നതാണ് രാഷ്ട്രീയ അടിമത്തം എന്ന് പറയുന്നത്. ചെയ്യുന്നതെല്ലാം ശരിയാവും എന്ന് ധരിച്ചിട്ടല്ല നമ്മൾ ഏതെങ്കിലും പാർട്ടിക്ക് വോട്ട് ചെയ്യുന്നത്. വോട്ട് നിർവഹണം ജനാതിപത്യപരമായി പ്രധാനപ്പെട്ട ഒന്നാണ്. അത് നിർവഹിക്കുകയും നിർവഹിക്കാൻ നമ്മുടെ പ്രവർത്തകരെ പാകപ്പെടുത്തുകയും ചെയ്യുന്നുണ്ട്.അതുകൊണ്ട് തന്നെ നിങ്ങൾ ചെയ്യുന്ന ഏതു കാര്യങ്ങളെയും ഞങ്ങൾ പിന്തുണക്കും എന്ന് എഴുതി ഒപ്പിട്ടു കൊടുത്തിട്ടല്ല നമ്മൾ വോട്ട് ചെയ്യുന്നത്. തെറ്റുണ്ടെങ്കിൽ തിരുത്തിക്കാനുള്ള ശേഷികൂടി നമ്മുടെ പ്രസ്ഥാനത്തിനുണ്ട്. ഇങ്ങനെ സ്വതന്ത്രമായി നിലകൊണ്ടു എന്നതാണ് നമ്മൾ ഇപ്പോൾ നേടിയെടുത്ത മുന്നേറ്റങ്ങളുടെ പ്രധാന കാരണം. നമ്മൾ ഏതെങ്കിലും ഒരു പാർട്ടിയുടെ കൂടെ ആയിരുന്നുവെങ്കിൽ പല കാര്യങ്ങളിലും മൗനം പാലിക്കേണ്ടി വരും. പക്ഷെ നമ്മൾ നമ്മുടേതായ നിലപാടുകൾ സ്വീകരിക്കുന്നു. നിലപാടുകൾ ഉണ്ടാവുക എന്നതാണ് ഒരു പ്രസ്ഥാനത്തിനുണ്ടാവേണ്ട ഏറ്റവും വലിയ കാര്യം.ഓരോ തിരഞ്ഞെടുപ്പ് കാലത്തും നേതൃത്വം പറയുന്നതിനനുസരിച്ച് നമ്മൾ വോട്ട് കൊടുക്കും. എന്നാൽ അതിന്റെ പേരിൽ ആ പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ കൊടിപിടിക്കാൻ പോവുകയോ ചെയ്യേണ്ടതില്ല എന്ന് പ്രവർത്തകരോട് പറയാറുണ്ട്. ഒരു പ്രവർത്തകനെയും നഷ്ടപ്പെടാത്ത രീതിയിലാണ് പ്രസ്ഥാനം തിരഞ്ഞെടുപ്പ് സമയങ്ങളെ കൈകാര്യം ചെയ്യാറുള്ളത്.


കമ്മ്യൂണിസ്റ്റുകൾക്കല്ല നമ്മൾ വോട്ട് നൽകിയത് .കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റ് പാർട്ടിയും രണ്ടിനെയും രണ്ടായി കാണേണ്ടതുണ്ട്. കമ്മ്യൂണിസം എന്നുള്ളത് ഒരു പ്രത്യയശാസ്ത്രമാണ്. നമ്മൾ ആ പ്രത്യയശാസ്ത്രത്തിനല്ല വോട്ട് നൽകുന്നത്. നമ്മൾ രാഷ്ട്രീയ ലൈനിനാണ് വോട്ട് നൽകുന്നത്. ഇടതുപക്ഷ രാഷ്ട്രീയ ലൈൻ പൂർണ്ണമായും പ്രത്യയശാസ്ത്ര മുക്തമാണോ എന്ന് ചോദിച്ചാൽ അങ്ങനെയല്ല. പൂർണ്ണമായി പ്രത്യയശാസ്ത്ര വത്കരിക്കാൻ അവർ ശ്രമിക്കാറില്ല. ഇനിയങ്ങനെ ശ്രമിച്ചാൽ തന്നെ കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധത അതിന് അനുവദിക്കില്ല. കമ്മ്യുണിസത്തിനല്ല ഇടതുപക്ഷ രാഷ്ട്രീയത്തിനാണ് നമ്മൾ വോട്ട് നൽകിയത്.

സർക്കാർ പുതുതായി കൊണ്ടുവന്ന പാഠ്യപദ്ധതിയിൽ ലിബറൽ ആശയങ്ങളെ വല്ലാതെ കടത്തിക്കൂട്ടിയിട്ടുണ്ട് .. നമുക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കാര്യമാണല്ലോ.. ഇത്തരം പാർട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം മുസ്ലിം ലീഗ് പോലോത്ത സാമുദായിക രാഷ്ട്രീയ പാർട്ടികളെ പിന്തുണച്ചു കൂടെ.. രാജ്യത്തെ മുസ്ലിം ജീവിതവുമായി ബന്ധപ്പെട്ട് അതിൽ കൂടുതൽ സാധ്യതകൾ കാണുന്നില്ലേ..?


നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം പാഠ്യപദ്ധതിയിൽ ലിബറൽ ആശയങ്ങൾ കൊണ്ടുവരുന്നു,സ്കൂൾ യൂണിഫോമിൽ ജൻട്രൽ ന്യൂട്രാലിറ്റി കൊണ്ടുവരുന്നു തുടങ്ങിയവയൊക്കെ ചെയ്യുന്നുണ്ട്. ഇതിനെയൊക്കെ നമ്മൾ ചെറുക്കുകയും ചെയ്യുന്നുണ്ട്. അത് സിപിഎം എന്നല്ല ഏത് പാർട്ടി കാണ്ടുവന്നാലും നമ്മൾ അതിനെ പ്രതിരോധിക്കും. ദേശീയ വിദ്യാഭ്യാസ നയം കൊണ്ടുവന്നത് ബിജെപി സർക്കാരാണ് ,അവരുടെ സ്ഥാനത്ത് യു പി എ സർക്കാർ ആയിരുന്നെങ്കിൽ പോലും നമ്മൾ അതിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കും. അത് നമ്മുടെ ഒരു വഴിയാണ്. ഭരണഘടനാ പരമായി നമുക്കുള്ള ഒരു അവകാശം കൂടിയാണ്. ഭരണഘടനക്കകത്ത് നിന്നുകൊണ്ടാണ് നമ്മൾ പ്രതിരോധിക്കുകയും തിരുത്തിക്കേണ്ട ഘട്ടം വരുമ്പോൾ തിരുത്തിക്കുകയും ഒക്കെ ചെയ്യുന്നത്. ഇനി നമ്മൾ ഒരു സാമുദായിക രാഷ്ട്രീയ പാർട്ടിയുടെ കൂടെയായിരുന്നുവെങ്കിൽ കൂടുതൽ മെച്ചമുണ്ടാകില്ലായിരുന്നോ എന്നു ചോദിച്ചാൽ അങ്ങനെയല്ല നമ്മുടെ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ അനുഭവം എന്നതാണ്. നമ്മൾ വലിയൊരു വോട്ട് ബാങ്കാണ്. തിരഞ്ഞെടുപ്പ് സമയമാവുമ്പോൾ രാഷ്ട്രീയ പാർട്ടികൾ നമ്മെ സമീപിക്കുന്നു, പിന്തുണ ആവശ്യപ്പെടുന്നു. അതിൽ എല്ലാ പാർട്ടികളും ഉണ്ടാവും. അതിൽ നിന്നും ഓരോ പാർട്ടിയുടെയും അതതു കാലത്തെ രാഷ്ട്രീയ നിലപാടുകളെ മുൻനിർത്തിക്കൊണ്ട് മികച്ചതിനെ നമ്മൾ തിരഞ്ഞെടുക്കുന്നു.ചുരുക്കത്തിൽ മുസ്ലിം ലീഗിനെയോ അല്ലെങ്കിൽ സമാനമായ ആശയമുള്ള മറ്റു പാർട്ടികളെയോ സ്ഥിരമായി പിന്തുണക്കുന്നത് അത്ര സുരക്ഷിതമായ കാര്യമല്ല എന്നാണ് പ്രസ്ഥാനത്തിന്റെ ഇതുവരെയുള്ള രാഷ്ട്രീയ അനുഭവത്തിൽ നിന്ന് മനസ്സിലാകുന്നത്.

ഒരു കാലത്ത് സമുദായത്തിലെ ചില കിടയറ്റ പണ്ഡിതന്മാർ മുസ്ലിം ലീഗിനോടപ്പമായിരുന്നല്ലോ..?

അതെ അങ്ങനെ ഉണ്ടായിട്ടുണ്ട്. മുസ്ലിം ലീഗിൽ ഇല്ലാത്ത പണ്ഡിതന്മാരും ഉണ്ടായിരുന്നു. സമസ്തയിലെ എല്ലാ പണ്ഡിതന്മാരും മുസ്ലിം ലീഗിൽ ആയിരുന്നു എന്നൊന്നും പറയാൻ കഴിയില്ല. തിരഞ്ഞെടുപ്പ് സമയത്ത് അവർ ചിലപ്പോൾ മുസ്ലിം ലീഗിന് വോട്ട് ചെയ്തിട്ടുണ്ടാവാം.എങ്കിലും നമ്മൾ നോക്കുകയാണെങ്കിൽ ഒരുകാലത്ത് മുസ്ലിം ലീഗുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവർ പിൽക്കാലത്ത് മാറിച്ചിന്തിച്ചല്ലോ. അവർ അവരുടെ കൂടി അനുഭവത്തിന്റെ പശ്ചാത്തലത്തിലാവും ഇങ്ങനെ മാറിച്ചിന്തിച്ചത്. സ്ഥിരമായി മുസ്ലിം ലീഗിനൊപ്പം നിൽക്കരുത്, നഷ്ടകച്ചവടമാണ് എന്ന് അവർക്കിപ്പോൾ മനസ്സിലായിട്ടുണ്ടാവണം. അവർക്ക് അത് മനസ്സിലാക്കാൻ ഇത്രയും കാലം വേണ്ടിവന്നു. നമ്മുടെ ഉലമാക്കൾ അത് നേരത്തേ മനസ്സിലാക്കി എന്നതാണ് യാഥാർത്ഥ്യം.


മുസ്ലിം ലീഗിനെ മുന്നിർത്തിക്കൊണ്ട് വഹാബികൾ പല നേട്ടങ്ങളും കൊയ്തിട്ടുണ്ട് എന്നത് ശരിയല്ലേ..?


അത് ശരിയാണ്. വഹാബീ നേതാക്കൾ ലീഗിനകത്ത് പ്രവേശിക്കുകയും രാഷ്ട്രീയ സംവിധാനങ്ങളുപയോഗിച്ച് പലതും നേടിയിട്ടുണ്ട്. പക്ഷെ അത് പൂർണ്ണമായും ലീഗിനൊപ്പം നിന്നതുകൊണ്ടാണെന്ന് പറയാൻ കഴിയില്ല. അവരുടെ വിദ്യാഭ്യാസപരമായ മുന്നേറ്റങ്ങളൊക്കെ അതിലെ ഒരു ഘടകമാണ്. മുസ്ലിം ലീഗിനോടൊപ്പം നിന്നുകൊണ്ട് തന്നെ സർക്കാർ ഉദ്യോഗങ്ങളിളൊക്കെ അവരുടെ പ്രാതിനിധ്യം ഉറപ്പാക്കിയതു കൊണ്ടു കൂടിയാണ് പള്ളികൾ തട്ടിയെടുക്കൽ ഉൾപ്പെടെ ചിലത് ചെയ്യാനായത്. അന്ന് സുന്നി സമൂഹം വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയിലായിരുന്നു.അതിന് ചരിത്ര പരമായ കാരണങ്ങളുണ്ട്. തൊള്ളായിരത്തി ഇരുപത്തി ഒന്നിലെ മലബാർ കലാപം അന്ന് സമൂഹത്തിനിടയിലുണ്ടാക്കിയ അരക്ഷിതാവസ്ഥ, വിദ്യാഭ്യാസ മേഖലയിലാണോ അതല്ല സമുദായത്തിന്റെ നിലനിൽപ്പിന്റെ കാര്യത്തിലാണോ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്ന വിചാരങ്ങളൊക്കെ ഉണ്ടായി. ഇത്തരം കാരണങ്ങൾ കൊണ്ട് സുന്നി സമുദായത്തിന് സർക്കാർ സ്ഥാപനങ്ങളിൽ വേണ്ടത്ര പ്രാതിനിധ്യം ഉണ്ടായിരുന്നില്ല.എന്നാൽ പിൽക്കാലത്ത് അത് മാറി. വിദ്യാഭ്യാസപരമായി സുന്നി സമൂഹം വലിയ ഉന്നതി കൈവരിച്ചപ്പോൾ വഹാബികൾക്ക് പിൻവലിയേണ്ടിവന്നു.അ വരുടേത് ഒരു താൽക്കാലിക ട്രൻഡായിരുന്നു. അതിനവർക്ക് പറ്റിയ പാർട്ടി മുസ്ലിം ലീഗായിരുന്നു. ലീഗിനെ അവർ നന്നായി ഉപയോഗിക്കുകയും ചെയ്തു. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗത്വമില്ലാതെ ആരെയും ആശ്രയിക്കാതെ നമ്മളതിനെ പ്രതിരോധിക്കുന്നുണ്ടല്ലോ. ഇപ്പൊ മലപ്പുറം ജില്ലയിലെ പാലപ്പറ്റിപ്പള്ളി മുജാഹിദുകൾ പിടിച്ചെടുക്കുകയും പിന്നീട് നമ്മൾ തിരിച്ചു പിടിക്കുകയും ചെയ്തില്ലേ. നമ്മൾ മുസ്ലിം ലീഗിനോടൊപ്പം നിൽക്കാതെതന്നെ ഭരണത്തിലുള്ള 

ഇടതുപക്ഷ സർക്കാരിനെ കാണുകയും നിയമപരമായി പ്രതിരോധിക്കുകയുമാണ് ചെയ്തത്.

ഏതെങ്കിലും പാർട്ടിക്കകത്ത് നിൽക്കാതെ അല്ലെങ്കിൽ മുസ്ലിം ലീഗിൽ നിൽക്കാതെത്തന്നെ നമ്മൾ വലിയ ഉയർച്ച കൈവരിക്കുന്നുണ്ട്. ഇപ്പൊ നോളേജ് സിറ്റിയെന്ന വലിയൊരു സംരംഭം, നമ്മളെക്കാൾ പഴക്കവും തഴക്കവും ഉണ്ടെന്ന് പറയുന്ന പ്രസ്ഥാനങ്ങൾക്ക് ആലോചിക്കാൻ പോലും കഴിയാത്ത ഒരു പദ്ധതി പൂർത്തീകരിക്കാൻ നമ്മുടെ നേതൃത്വത്തിന് കഴിഞ്ഞല്ലോ. ഒരു രാഷ്ട്രീയപാർട്ടിയിലും അണി ചേരാതെ അനുകൂലിക്കേണ്ടതിനെ അനുകൂലിച്ചും സ്വാഗതം ചെയ്യേണ്ടതിനെ സ്വാഗതം ചെയ്തും വിമർശിക്കേണ്ടതിനെ വിമർശിച്ചും സ്വാതന്ത്ര നിലപാടോടെ നമ്മൾ സജീവമായി മുന്നോട്ടു പോകുന്നുണ്ട്. ഞാൻ പറഞ്ഞത് ഒന്നുകൂടി ആവർത്തിക്കുകയാണ്. സർക്കാർ സ്ഥാപനങ്ങളിലെ പിടിപാട് ഉപയോഗപ്പെടുത്തി മുസ്ലിം ലീഗിനൊപ്പം നിന്നുകൊണ്ട് ആദ്യകാലത്ത് വഹാബികൾക്ക് ചിലത് ചെയ്യാൻ കഴിഞ്ഞു എങ്കിലും അത് ഒരു താൽക്കാലിക ട്രെൻഡ് മാത്രമായിരുന്നു. പിൽക്കാലത്ത് സുന്നി സമൂഹം ശക്തി പ്രാപിച്ചിട്ടുണ്ട്. അതായത് ആത്യന്തികമായ വിജയം നേടിയത് സുന്നി സമൂഹം തന്നെയാണ്

വഹാബികൾ തീവ്രവാദം പരത്തുന്നു എന്ന് പറയപ്പെടാറുണ്ട്.. കേരളത്തിലെ വഹാബീ ഇടപെടലുകൾ പരിശോധിക്കുമ്പോൾ ഈ പറയുന്നതിൽ എത്രത്തോളം യാഥാർത്ഥ്യമാണുള്ളത് ..?

  തീവ്രവാദം എന്നതിനെ എങ്ങനെ നിർവചിക്കുന്നു എന്നത് ഒരു പ്രശ്നമാണ്. നിലപാടുകളിൽ തീവ്രത ഉണ്ടാവുക അല്ലെങ്കിൽ തീവ്രമായ ആശയം ഉണ്ടാവുക എന്ന അർത്ഥത്തിലല്ല തീവ്രവാദം എന്ന വാക്ക് പൊതുവെ ഉപയോഗിക്കപ്പെടുന്നത്. ആശയങ്ങളിലും നിലപാടുകളിലും നമുക്ക് തീവ്രതയുണ്ടല്ലോ. അതിനെ തെറ്റായി കാണേണ്ടതില്ല. അത് ഒരു ആശയപ്രചാരണത്തിന്റെ ഭാഗമാണ്. അത് എല്ലാ സംഘടനകൾക്കും ഉണ്ടാവേണ്ടതാണ് . മറിച്ച് ആഗോളാടിസ്ഥാനത്തിൽ

തന്റെ മതത്തിന്റെ അല്ലെങ്കിൽ തന്റെ സംഘടനയുടെ ആശയങ്ങൾക്ക് പുറത്തുള്ളവരെ ആക്രമിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നതിനെയാണ് പൊതുവിൽ തീവ്രവാദം എന്ന് പറയുന്നത്. ഇങ്ങനെയാണെങ്കിൽ ഈ ഒരു സ്വഭാവം വഹാബികൾക്ക് ഉണ്ട് എന്നതാണ്.സുന്നികളെ കൊന്നൊടുക്കുകയും സുന്നികൾ ആദരവോടെ കാണുന്ന തീർത്ഥാടന കേന്ദ്രങ്ങളെ തകർക്കുകയും ചെയ്ത അനുഭവമുണ്ട്. ദ്രോഹ മനസ്സിൽ നിന്നാണ് തീവ്രവാദം ഉണ്ടാവുന്നത് എങ്കിൽ അങ്ങനെ ഒരു മനസ്സ് വഹാബികൾക്ക് ഉണ്ട്. മുഹമ്മദ്‌ബ്നു അബ്ദുൽ വഹാബ് തന്നെ നിരവധി മഖ്‌ബറകൾ തച്ചുതകർത്തതിന്റെ ഉദാഹരണങ്ങൾ ചരിത്രത്തിൽ കാണാൻ കഴിയും. അത്പോലെ പിൽകാലത്ത് ത്വാഇഫിലും മദീനയിലും മക്കയിലും വഹാബികൾ കൊള്ളയും കൊലയും അടക്കം പലതരത്തിലുള്ള ഹിംസയും നടത്തിയിട്ടുണ്ട് എന്നത് ചരിത്രപരമായ യാഥാർത്ഥ്യമാണ് . തൊള്ളായിരത്തി എഴുപത് നവംബറിലാണ് മക്കയിൽ മസ്ജിദുൽ ഹറാമിൽ ഇക്കൂട്ടർ കടന്നുകൂടുകയും ഹജ്ജിനു വന്ന ആളുകളെ തടവിലാക്കുകയും ലോകത്തെ മുൾമുനയിലാക്കുകയും ചെയ്തത്. ഇത്തരം പ്രവർത്തനങ്ങളൊക്കെ ആഗോളാടിസ്ഥാനത്തിൽ വഹാബികൾ നടത്തുന്നുണ്ട്. നിലവിലെ അക്രമോത്സുകരായ മുസ്ലിം ഗ്രൂപ്പുകളെ എടുത്തുനോക്കിയാൽ ആശയപരമായി വഹാബിസത്തോട് യോജിപ്പുള്ളവരാണ് എന്നത് പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയും.

എന്നാൽ കേരളത്തിൽ വഹാബികൾക്ക് കൂടുതലായി തീവ്രവാദം പ്രകടിപ്പിക്കാനുള്ള സൗകര്യം ഉണ്ടായിട്ടില്ല. എങ്കിലും ചില സ്ഥലങ്ങളിലൊക്കെ മഖ്‌ബറകൾ പൊളിക്കാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്. ഒരാൾ കൊല്ലപ്പെട്ടാൽ അയാൾ കൊല്ലപ്പെടേണ്ടവനാണ് എന്ന നിലക്ക് നിൽക്കുന്നതും ഒരുതരം ഹിംസയാണ്. സുന്നി പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ ആ കൊലപാതകത്തിന് ചുക്കാൻ പിടിച്ചവരെ ഒരു അരവാക്ക് പ്രസ്താവനകൊണ്ട് പോലും അപലപിക്കാൻ ഇക്കൂട്ടർ തയ്യാറായിട്ടില്ല. നേരത്തെ ചോദിച്ചതുപോലെ നമ്മൾ വോട്ട് ചെയ്ത പാർട്ടി തന്നെ സുന്നി പ്രവർത്തകനെ കൊല ചെയ്തപ്പോൾ , മട്ടന്നൂർ ശുഹൈബിനെ വധിച്ചപ്പോൾ നമ്മൾ അപലപിക്കുകയും അതിനെതിരെ ശക്തമായി രംഗത്ത് വരികയും ചെയ്തല്ലോ. അങ്ങനെ ഒരു സാമാന്യ മര്യാദ പോലും ഒരു സുന്നി പ്രവർത്തകൻ കൊല്ലപ്പെട്ടപ്പോൾ വഹാബികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ആഗോളാടിസ്ഥാനത്തിൽ ഇവർ തീവ്രവാദികളാണ് എന്ന് പറയുകയും കേരളത്തിലേക്ക് ചേർത്തിപ്പറയുമ്പോൾ മിതവാതികളാണ് എന്നുപറയുകയും ചെയ്യുന്നതിൽ ചില പൊരുത്തക്കേടുകളുണ്ട് എന്നാണ് ഞാൻ പറഞ്ഞു വരുന്നത്. കേരളത്തിൽ പോലും അവരാമനസ്സ് സൂക്ഷിക്കുന്നുണ്ട്. സൗകര്യപ്പെടാത്തതുകൊണ്ട് പുറത്തെടുക്കുന്നില്ല എന്നുമാത്രം.

നമ്മുടെ പ്രവർത്തകർ കൊല്ലപ്പെട്ടതിനെ കുറിച്ച് പറഞ്ഞല്ലോ. അത്തരം സാഹചര്യങ്ങളിൽ നമ്മൾ നീതി തേടിക്കൊണ്ട് ശക്തമായി രംഗത്തിറങ്ങാറുണ്ട്. എങ്കിലും പൂർണ്ണമായി നീതി ലഭിക്കാത്ത ഒരു സാഹചര്യമാണ് പലപ്പോഴും ഉണ്ടായിട്ടുള്ളത് . നമുക്ക് രാഷ്ട്രീയമായി ഒരു പിൻബലം ഇല്ലാത്തതുകൊണ്ടാണ് നീതി ലഭിക്കാതെ പോകുന്നത് എന്ന് തോന്നുന്നതിൽ തെറ്റുണ്ടോ...?

രാഷ്ട്രീയ പിൻബലം ഇല്ലാത്തതുകൊണ്ടാണ് നീതി ലഭിക്കാതാവുന്നത് എന്ന് പറയുന്നത് ശരിയല്ല. കേരളത്തിൽ രാഷ്ട്രീയപരമായി വലിയ പിൻബലമുള്ളള്ള പാർട്ടികളിലെ ആളുകൾ കൊല്ലപ്പെടുകയും നീതി ലഭിക്കാതെ പോവുകയും ചെയ്യുന്നുണ്ട്.

ബിജെപിയുടെ ജയ കൃഷ്ണൻ മാഷ് എന്ന് പറയുന്ന യുവമോർച്ചാ സംസ്ഥാന നേതാവ് ക്ലാസ് മുറിയിൽ കൊല്ലപ്പെടുകയുണ്ടായി. അതിലെ യഥാർത്ഥ പ്രതികളെ പിടിക്കാനോ അവർക്ക് ശിക്ഷവാങ്ങി കൊടുക്കാനോ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. അതുപോലെ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയുമൊക്കെ പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെയൊന്നും യഥാർത്ഥ പ്രതികളെ കണ്ടെത്തുവാനോ അവർക്ക് ശിക്ഷ വാങ്ങി കൊടുക്കുവാനോ കഴിഞ്ഞിട്ടില്ല. ദേശീയ അടിസ്ഥാനത്തിൽ വലിയ രാഷ്ട്രീയ പിൻബലം ഉള്ള പാർട്ടികൾക്ക് പോലും നീതിയുക്തമാക്കാൻ കഴിഞ്ഞിട്ടില്ല. സത്യത്തിൽ ഇത് നമ്മുടെ നിയമ സംവിധാനത്തിന്റെയും ജുഡീഷ്യൽ സംവിധാനത്തിന്റെയും പോരായ്മയാണ്. യഥാർത്ഥ കുറ്റവാളിയെ കണ്ടെത്താൻ കഴിയുന്നില്ല എന്നതും നിരപരാധികൾ ശിക്ഷിക്കപ്പെടുന്നു എന്നതുമൊക്കെ നമ്മുടെ ജുഡീഷ്യൽ സംവിധാനത്തിന്റെ പോരായ്മയായിട്ടാണ് കാണേണ്ടത്. രാഷ്ട്രീയ പിൻബലം ഇല്ലാത്തതുകൊണ്ടാണ് നമുക്ക് നീതി ലഭിക്കാത്തത് എന്ന് തോന്നുന്നതിൽ അർത്ഥമില്ല.

പി എഫ് ഐ യുടെ ആലപ്പുഴയിലെ കൊലപാതകവും പാലക്കാട് കൊലപാതകവുമൊക്കെ എടുത്തു നോക്കിയാൽ ഇങ്ങനെയൊരു പ്രവണതയാണ് കാണുന്നത്. മതപരമായിട്ട് അത് ശരിയല്ല.അത് അധമ രാഷ്ട്രീയത്തിന്റെ ഭാഗമാണ്.അതിനെ മതത്തിന്റെ മേൽ കെട്ടിവെക്കുന്നത് ശരിയല്ല . ഇനിയിപ്പോ ഇവിടുന്ന് നീതി കിട്ടിയില്ലെങ്കിലും നാളെ പടച്ചവന്റെ കോടതിയിൽ വച്ച് നീതി കിട്ടും എന്നാണല്ലോ നമ്മൾ വിശ്വസിക്കുന്നത് . എന്നുവച്ചാൽ ഇവിടെ നീതിക്ക് വേണ്ടി തീരേ രംഗത്തിറങ്ങേണ്ടതില്ല എന്നല്ല. ഇവിടുന്ന് നീതി കിട്ടിയില്ലെങ്കിലും അതിൽ എന്തെങ്കിലും ഗുണം അല്ലാഹു കണ്ടിട്ടുണ്ടാവും എന്ന വിശ്വാസമാണ് നമ്മെ നയിക്കേണ്ടത്. ഒട്ടും നിരാശപാടേണ്ടതില്ല

ഇന്ത്യയെ കുറിച്ച് പറഞ്ഞല്ലോ.. ഭരണകൂടം ന്യൂനപക്ഷങ്ങളോട് അക്രമാസക്തമായ നിലപാട് സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഒരു അവസ്ഥയിൽ ന്യൂനപക്ഷങ്ങൾക്ക് ഒരു പ്രതിരോധ സംഘടന, അഥവാ ഇപ്പൊ പി എഫ് ഐ നിരോധിച്ചിരിക്കുകയാണല്ലോ.. ഇതുപോലെയുള്ള സംഘടനകൾ അത്യാവശ്യമായ സാഹചര്യമല്ലേ നിലവിലുള്ളത് ..?

പി എഫ് ഐ രൂപപ്പെടുന്നത് ബാബരി മസ്ജിദ് തകർക്കപ്പെട്ട സമയത്താണ്. ആ ഒരു അരക്ഷിതാവസ്ഥയിലാണ് പി എഫ് ഐ രൂപം പ്രാപിക്കുന്നത്.രൂപപ്പെട്ടതിനു ശേഷം ഒരു മുസ്ലിം പ്രതിനിധി പ്രസ്ഥാനം എന്ന നിലക്ക് ഒരു മുന്നേറ്റവും നടത്താൻ ഇത്തരം പ്രസ്ഥാനങ്ങൾക്ക് സാധിച്ചിട്ടില്ല . മറിച്ച് സമൂഹത്തിന് കുറേ ദുഷ്‌പേരുകൾ വെരുത്തിവെക്കുകയാണ് ചെയ്തത്. എന്നാൽ സുന്നി പ്രസ്ഥാനം അതിന്റെ നിലപാടുകൾക്കോ പ്രവർത്തനങ്ങൾക്കോ ഇത്തരം സംഘടനകൾ വരുന്നതിന് മുമ്പും ശേഷവും ഇവരുടെ വിമർശനങ്ങൾക്കിരയായപ്പോൾ കൂടി കൂടുതൽ സജീവമായി മുന്നോട്ടു പോവുകയാണ് ചെയ്തത്. എന്നു പറഞ്ഞാൽ ഇവർ വരുന്നതിന് മുമ്പുള്ള പശ്ചാതലത്തിൽ നമ്മൾ എത്രത്തോളം സജീവമായിരുന്നോ, ഇവർ വന്നതിനു ശേഷവും നമ്മൾ ആ സജീവതയിൽ മുന്നോട്ടു പോവുകയാണ് ചെയ്തത്. ഇവർ നിരോധിക്ക പ്പെട്ടതിനുശേഷവും നമ്മുടെ പ്രവർത്തനങ്ങൾ തുടരുകയും ചെയ്യുന്നു. നമുക്ക് അങ്ങനെ തുടരാൻ കഴിയുന്നത് ദേശീയ പ്രസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണി നമുക്കുണ്ട്. അതുകൊണ്ടാണ് നമുക്ക് ഇങ്ങനെ തുടരാൻ സാധിക്കുന്നത്. എന്നാൽ മേൽപറഞ്ഞ സംഘടനകൾ അവരുടെ വൈകാരികമായ പ്രവർത്തനങ്ങൾ കൊണ്ട് സമൂഹത്തിന് ദുഷ്‌പേരുകളാണ് ഉണ്ടാക്കിയിട്ടുള്ളത്. പോപ്പുലർ ഫ്രണ്ടിനെ മുൻനിർത്തിക്കൊണ്ട് ആർ എസ് എസ് നടത്തിയ പ്രവർത്തനങ്ങൾ,അത് ഇപ്പുറത്ത് പോപ്പുലർ ഫ്രണ്ട് ആണെങ്കിൽ പോലും മുസ്ലിം സമൂഹത്തെ ഉൾകൊള്ളിക്കാനാണ് ആർ എസ് എസ് ശ്രമിച്ചിട്ടുള്ളത്. എന്ന് പറഞ്ഞാൽ പി എഫ് ഐ ഇല്ലെങ്കിൽ മറ്റൊരു സംഘടനയെ ഉപയോഗപ്പെടുത്തി ആർ എസ് എസ് അവരുടെ പ്രവർത്തനങ്ങൾ ചെയ്യും, അതിൽ എനിക്ക് സംശയം ഒന്നും ഇല്ല.അതേസമയം ഇത്തരം സംഘടനകളൊന്നും ഇല്ലാതെ ത്തന്നെ മുസ്ലിംകൾക്ക് അവരുടെ പ്രവർത്തനങ്ങൾ ചെയ്യാനുള്ള സ്‌പെയ്സ് ഉണ്ട്.

പി എഫ് ഐ ഒരു മുസ്ലിം മത സംഘടനയായിരുന്നല്ലോ.. അതിനെ നിരോധിച്ചപ്പോൾ നമ്മൾ എന്തുകൊണ്ടാണ് ആ നടപടിയെ അപലപിക്കാതിരുന്നത്..?

ഒരു സംഘടന നിരോധിക്കപ്പെടുമ്പോൾ ആ നിരോധനത്തിലേക്ക് നയിക്കുന്ന ഒരു പാട് ഘട്ടങ്ങളുണ്ടാവും.

ആ ഘട്ടങ്ങൾ മുന്നിൽ വെച്ചുകൊണ്ടാണ് അതിന്റെ പ്രതികരണങ്ങൾ ഉണ്ടാവുന്നത്. ഇന്നൊരു സംഘടന രൂപപ്പെട്ട് നാളെ അത് നിരോധിക്കപ്പെടുകയല്ല ചെയ്യുന്നത്. അങ്ങനെ നിരോധിക്കുന്നതിൽ കാര്യമുണ്ടോ അല്ലെങ്കിൽ നിരോധിക്കപ്പെടേണ്ടതുണ്ടോ എന്നതിൽ അഭിപ്രായ വ്യത്യാസമുണ്ടാവും. അത് സ്വാഭാവികമാണ്. അങ്ങനെ നിരോധിച്ചാൽ ആ പ്രസ്ഥാനത്തിന്റെ ആശയങ്ങളെ ഇല്ലാതാക്കാൻ കഴിയും എന്ന വാദമൊന്നും എനിക്കില. നിരോധിക്കപ്പെട്ടാൽ ആ പേരിലല്ലെങ്കിൽ മറ്റൊരു പേരിൽ അതേ സംഘടന എവിടെയെങ്കിലും നിലനിൽക്കും എന്നുതന്നെയാണ് ഞാൻ കരുതുന്നത്.

 എറണാകുളം മഹാരാജാസിലെ അഭിമന്യു വധക്കേസിൽ, അത്പോലെ ജോസഫ് മാഷിന്റെ കൈ വെട്ടിയ കേസിൽ ഒക്കെ പി എഫ് ഐ പ്രവർത്തകരാണ് കുറ്റവാളികൾ എന്നു പറയുന്ന സാഹചര്യം ഉണ്ടായി. നമ്മുടെ രാജ്യത്തിന് ഒരു നിയമ വ്യവസ്ഥയുണ്ട്. സമൂഹത്തിൽ നമുക്ക് വിയോജിപ്പുള്ള കാര്യങ്ങൾ ഉണ്ടാവുമ്പോൾ നിയപരമായാണ് അതിനെ നേരിടേണ്ടത്. എന്നാൽ പി എഫ് ഐ കായികമായാണ് അത്തരം കാര്യങ്ങളെ നേരിടുന്നത്. അതിനെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ല.മുസ്ലിംകളുടെ പൊതു പ്ലാറ്റ്ഫോമാണ് എന്നൊക്കെ പറയുന്ന ഒരു സംഘടന ക്രിമിനൽ കേസുകളിൽ പ്രതികളാവുന്നു.രാജ്യവിരുദ്ധ പ്രവർത്തകരാണെന്ന് ഭരണകൂടം ആരോപിക്കുന്നു. ഇങ്ങനെയുള്ള ഒരു പ്രസ്ഥാനത്തെ വിവേകമുള്ള ഒരു സംഘടന വളരെ കരുതലോടെ മാത്രമേ സമീപിക്കുകയുള്ളൂ. നമ്മുടെ സംഘടന അവിടെ നിൽക്കട്ടെ. കേരളത്തിലെ മറ്റു രാഷ്ട്രീയ പാർട്ടികളും സാമൂഹ്യ പ്രസ്ഥാനങ്ങളുമൊക്കെ എങ്ങനെയാണ് ഈ നിരോധനത്തോട് പ്രതികരിച്ചത് എന്ന് നോക്കണം.നമ്മൾ ഒരു മത സംഘടന എന്ന നിലക്ക് മതപരമായി വിലയിരുത്തുമ്പോഴും ഇത്തരം സംഘടനകളെ അനുകൂലിക്കാൻ കഴിയില്ല.

അപ്പോൾ ഇത്തരം സംഘടനകൾ നിരോധിക്കപ്പെടേണ്ടതാണ് എന്നാണോ..?

അങ്ങനെയൊരു കാഴ്ചപ്പാട് എനിക്കില്ല. നിരോധിച്ചു എന്ന് കരുതി ആ സംഘടനയുടെ ആശയങ്ങളെ മുഴുവനും ഇല്ലാതാക്കാൻ കഴിയില്ല. നിരോധിച്ചുകഴിഞ്ഞാലും അവരുടെ ആശയങ്ങൾ വ്യക്തികളുടെ മനസ്സിലെങ്കിലും നിലകൊള്ളുന്നുണ്ടാവും. മറിച്ച് ഓരോ സംഘടനയും തങ്ങളുടെ അണികൾ ക്രിമിനൽ പ്രവർത്തനങ്ങളിലേക്ക് പോവാതെ നോക്കാനുള്ള പക്വത അതിന്റെ നേതൃത്വം കാണിക്കണം.പ്രത്യേകിച്ച് മുസ്‌ലിംകളെ പ്രതിനിധാനം ചെയ്യുന്ന സംഘടന കൂടിയാവുമ്പോൾ മറ്റുള്ള രാഷ്ട്രീയ പാർട്ടികളെക്കാൾ തങ്ങളുടെ സംഘടനയിൽ ഒരുവിധത്തിലുള്ള തീവ്രവാദ പ്രവണതകളും ഇല്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഓരോ പാർട്ടിയും ഇങ്ങനെ ശ്രദ്ധിക്കുമ്പോഴാണ് അക്രമാസക്തമായ രാഷ്ട്രീയ സാഹചര്യത്തിൽ നിന്നും രാജ്യം മുക്തമാവുക. അല്ലാതെ ഇത്തരം പാർട്ടികളൊക്കെ നിരോധിക്കണം എന്നാണെങ്കിൽ കേരളത്തിൽ ഒരൊറ്റ രാഷ്ട്രീയ പാർട്ടിയും ഉണ്ടാവുകയില്ല. അങ്ങനെ നിരോധിക്കൽ ആത്യന്തികമായൊരു പരിഹാരവുമല്ല.  

 ഓരോ സംഘടനയും സ്വയം തിരുത്തലുകൾക്ക് തയ്യാറാവണം.അങ്ങനെയൊരു തിരുത്തൽ പി എഫ് ഐക്കകത്ത് നടന്നിട്ടില്ല എന്നതുകൂടിയാണ് നിരോധിക്കപ്പെട്ടപ്പോൾ മറ്റു മുസ്ലിം സംഘടനകൾ മൗനം പാലിച്ചതിന്റെ പ്രധാന കാരണം.

ഇനി ഈ ഒരു സ്‌പെയ്സ് ഇല്ലാതാവുന്നു എന്നു വിചാരിച്ചാൽ തന്നെ അങ്ങനെയൊരു ഘട്ടത്തിൽ വിശ്വാസികൾ എങ്ങനെ ജീവിക്കണമെന്ന് പ്രമാണങ്ങൾ കൃത്യമായി പറയുന്നുണ്ടല്ലോ. അതനുസരിച്ചു നമ്മൾ ജീവിക്കും. അങ്ങനെ സമുദായത്തെ വഴിനടത്താൻ പ്രാപ്തരായ ആളുകൾ ഉണ്ടല്ലോ. അവരുടെ കൈപിടിച്ച് സമുദായം മുന്നോട്ടു പോവും.

ഭാവിയിൽ കേരളത്തിൽ ബിജെപി അധികാരത്തിൽ വന്നാൽ നിലവിലെ ഭരണകക്ഷികളോട് കാണിക്കുന്ന ഈ ഒരു മനോഭാവമായിരിക്കുമോ ബിജെപിയോടും ഉണ്ടാവുക...?

ഭരണാധികാരികളോട് മുസ്ലിം സമുദായവും നേതൃത്വവും എങ്ങനെ പെരുമാറണമെന്ന് പ്രമാണങ്ങളിൽ വ്യക്തമാണ്. ബിജെപിയാണ് എന്ന് കരുതി പ്രധാനമന്ത്രിയോട് സംസാരിക്കരുത് അല്ലെങ്കിൽ അമിത് ഷായോട് സംസാരിക്കരുത് എന്നൊന്നും പറയാൻ കഴിയില്ല. ബിജെപി അധികാരത്തിൽ വരുന്നു എന്നതൊന്നും നമുക്കൊരു പ്രശ്നമല്ല. ഏതു പാർട്ടി അധികാരത്തിൽ വന്നാലും അവരോട് അങ്ങനെ പെരുമാറണമെന്ന് മതത്തിനും സമുദായത്തിനും കാഴ്ചപ്പാടുകളുണ്ട്. അതനുസരിച്ച് നേതൃത്വം പ്രവർത്തിക്കുകയും നമ്മൾ അവരോടൊപ്പം നിൽക്കുകയും ചെയ്യും.

പിന്നെ ജനാധിപത്യത്തിന്റെ നിലനിൽപ്പിനും സമുദായത്തിന്റെ ഉന്നമനത്തിനും ഏതു പാർട്ടിയാണ് ഭരണത്തിൽ വരേണ്ടത് എന്ന ആഗ്രഹവും കാഴ്ചപ്പാടും നേതൃത്വത്തിന് ഉണ്ടാവും എന്ന് മാത്രം.



.

No comments