സഹ്രി കാ വഖ്ത് ഖതം ഹോഗയാ | മുബഷിർ അബ്ദുസമദ് ചാലിയം
മുബൈയിൽ നിന്നും നാനൂറ് കിലോമീറ്റർ അപ്പുറം പാത്രോഡ് ദേശത്ത് ബസ്സിറങ്ങുമ്പോൾ നേരം സന്ധ്യയോട് അടുത്തിരുന്നു. എങ്ങും റമളാനിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സേവന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ദാറുൽ ഹബീബ് സ്ഥാപിച്ച മസ്ജിദാണ് ലക്ഷ്യസ്ഥാനം . വാഹനം ഇറങ്ങി പള്ളി ലക്ഷ്യമാക്കി നീങ്ങി.നിരത്തിന്റെ ഇരു വശവും കച്ചവടക്കാരെ കൊണ്ട് നിറഞ്ഞിട്ടുണ്ട്. അത്താഴത്തിനുള്ള വിഭവ ശേഖരണത്തിന് എത്തിയതാണ് അതിലേറെപ്പേരും. പള്ളി ലക്ഷ്യമാക്കിയുള്ള നടത്തത്തിനിടയിൽ കണ്ണ് ചെന്ന് പതിഞ്ഞത് പാത്രോഡിലെ വീടുകൾക്കു മീതെയാണ്. വീട് എന്ന് പറയാൻ ഇല്ല . അഞ്ച് അലുമിനിയം സീറ്റുകൾ ചേർത്ത് വെച്ച ചെറിയൊരു കൂര . അത്ര മാത്രമെ ഉള്ളൂ. മേൽക്കുരയിലെ സീറ്റ് കാറ്റടിച്ചാൽ പാറതിരിക്കാനായി കരിങ്കല്ലുകൾ നിരത്തി വെച്ചിരിക്കുന്നു. ഇടക്കിടേ തേക്കാത്ത ഇഷ്ടികകൾ ചേർത്ത് വച്ച വീടുകളും കാണാം . കേരളത്തിലുള്ളവർക്കു സ്വർഗ ജീവിതമാണന്നുള്ള പഴമൊഴി അനുഭവിക്കുകയായിരുന്നു പത്രോഡിലെ ജീവിതം.
അന്തരീക്ഷത്തിൽ മുഴങ്ങുന്ന പ്രവാചകാനുരാഗത്തിന്റെ ഇശലുകൾക്ക് കാതോർത്താണ് പാത്രോഡിലെ ജനങ്ങളുടെ റമളാനിലെ ദിനാരംഭം. അത്താഴ സമയമായാൽ മസ്ജിദിനടുത്തുള്ള സലീം ഭായി പള്ളിയിലത്തും . പ്യാരേ മുഅ്മിനോം സഹ്രിക്കാ ..... പാഞ്ച് മിനിറ്റ് ബാക്കി .... ഇതും പറഞ്ഞ് റസൂലിന്റെ അപദാനങ്ങൾ ഉറുദുവിൽ അന്തരീക്ഷത്തിൽ പെയ്തിറങ്ങാൻ തുടങ്ങും. അറിവില്ലായ്മ മൂലം ആരാധനാ കർമങ്ങൾ കുറവാണങ്കിലും ഹബീബിനോടുള്ള ഇവരുടെ ഹുബ്ബ് വിവരണാതീതമാണ്.സുബിഹ് , തറാവീഹ് നിസ്കാരങ്ങൾക്കു ശേഷം പ്രവാചകാനുരാഗത്തിന്റെ ഉച്ചിയിൽ വിരാചിക്കുന്ന അഅ്ലാ ഹസ്റത്തിന്റെ നഅത് ആലാപനം ഉണ്ടാകും. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഹബീബിൽ ലയിച്ചിരിക്കും. യുവാക്കളായിരിക്കും ഇശലുകൾക്ക് താളം പിടിക്കാൻ മുന്നിലുണ്ടാകൽ .അൽപം വൈകീട്ടാണ് സുബ്ഹ് ബാങ്കും ജമാഅത്തും നടക്കാറ്. അത്താഴത്തിന്റെ സമയം അവസാനിച്ചത് ബാങ്കിനു പകരമായിട്ട് സഹ്രി കാ വഖ്ത് ഖതം ഹോഗയാ എന്ന മൈക്കിലൂടെയുള്ള വിളിയാളത്തിലൂടെ ആയിരിക്കും ജനങ്ങളിൽ എത്തൽ. അൽപം കൂടി കഴിഞ്ഞിട്ടാണ് ബാങ്കൊലി മുഴങ്ങാറ്. ഇഖാമത്തിന്റെ സമയമാകുമ്പോഴേക്കും പള്ളിക്കു ചുറ്റുമുള്ള ഏകദേശം ആളുകളും നിസ്കാരത്തിന് എത്തിയിട്ടുണ്ടാകും.
പാത്രോഡ്കാരുടെ മസ്ജിദുമായുള്ള ബന്ധം അഭേദ്യമാണ്. ജോലിക്കു പോകാത്ത കുട്ടികളും മുതിർന്നവരും പകലിന്റെ ഏകദേശ സമയവും പള്ളിയിൽ ഉണ്ടാകും. ചെറിയ കുട്ടികൾ അറിവ് നുകർന്നും പ്രായമായവർ നിസ്കാരങ്ങളിലും ഉറക്കിലുമായി പള്ളിയിൽ കഴിഞ്ഞു കൂടുന്നു. എല്ലാ ജമാഅത്തുകൾക്കും നാട്ടിലുള്ള പിഞ്ചു കിടാങ്ങൾ അടക്കം സന്നിഹിതരായിട്ടുണ്ടാകും.
ഇഫ്താറിന്റെ സമയമായാൽ ഓരോ വീടുകളിൽ നിന്നും വ്യത്യസ്ത വിഭവങ്ങൾ പള്ളിയിലേക്ക് എത്തി തുടങ്ങും. കേരളത്തിൽ സുലഭമായ വത്തക്കയ്ക്ക് പുറമെ മൈസൂർ പഴവും , പപ്പായയും , പപ്പടവും , മുളകു ബജിയും ഇഫ്താർ ചേരുവകളിലെ പ്രധാന വിഭവമാണ്.മഗ്രിബ് ന്റെ ബാങ്കും പ്രതീക്ഷിച്ചുള്ള ഇരുത്തത്തിനിടയിൽ മൈക്കിലൂടെ മുഴങ്ങിയത് അല്ലാഹുമ്മ ലക സുമ്തു എന്ന ദിക്റായിരുന്നു. ഇഫ്താറിനു ശേഷമാണ് ഇവിടെ ബാങ്ക് കൊടുക്കാറുള്ളത്.ഇശാഇന്റെ ബാങ്കിനു പുറമെ തറാവീഹിനുള്ള ക്ഷണവുമുണ്ടാകും മൈക്കിലൂടെ . തറാവീഹിന് വല്ലാത്തൊരു ആവേശമായിരിക്കും ഇവടുത്തു കാർക്ക് . അധിക പള്ളികളിലും ഖത്മ് ആയിരിക്കുമെന്നത് ഖുർആനിനോടുള്ള പാത്രോഡുകാരുടെ ബഹുമാനത്തെ അറിയിക്കുന്നു. പ്രായ ഭേദമന്യേ നാട്ടിലുള്ള എല്ലാവരും നിസ്കാരത്തിനത്തിയിട്ടുണ്ടാകും. ഓരോ ഈരണ്ട് റകഅത്തിനിടയിലും മദ്ഹും പ്രാർത്ഥനയും കൊണ്ട് മുഖരിതമാവും. തറാവീഹ് നു ശേഷമുളള നഅത് ആലാപനവും കഴിഞ്ഞാണ് വീട്ടിലേക്ക് ആളുകൾ മടങ്ങാറ്.നിസ്കാരങ്ങൾക്ക് ശേഷം സ്വലാത്ത് ചൊല്ലി പരസ്പരം മുസാഫഹത്ത് ചെയ്യുന്ന ഒരു സംസ്കാരമുണ്ട് ഇവർക്കിടയിൽ . പരസ്പര സ്നേഹത്തിന്റെ , കുടുംബ ബന്ധങ്ങളുടെ , അയൽപക്ക സ്നേഹത്തിന്റെ , സൗഹൃദ സംഗമത്തിന്റെ തുല്യതയില്ലാത്ത കാഴ്ച . അതിനാൽ തന്നെ രണ്ട് നിസ്കാരങ്ങൾക്കിടയിലുള്ള ആയുസ്സ് മാത്രമേ ഇവരുടെ പിണക്കങ്ങൾക്കുണ്ടായിരുന്നുള്ളൂ.
പാത്രോഡ് മഖാം ശരീഫ്.
ഇവടുത്തുകാരുടെ അഭയ കേന്ദ്രമാണ് പാത്രോഡ് മഖാം . യമനിൽ നിന്നും വന്നു എന്ന് പറയപ്പെടുന്ന ഖാജാ മഖ്ദൂം അൻസാരി തങ്ങളും കുടുംബവുമാണ് ഇവിടം അന്തിയുറങ്ങുന്നത്. ഇസ്ലാമിക പ്രബോധനവുമായി ആദ്യ മെത്തിയത് ഇവരായിരുന്നത്രെ . ഏകദേശം എണ്ണൂറ് വർഷത്തെ കഥകൾ പറയാനുണ്ട് ഈ മഖാമിന് . പ്രഭാത നിസ്കാരത്തിന് ശേഷം ദിനേനെ ഇവിടം സന്ദർശിക്കുന്ന പതിവുണ്ട് പ്രദേശ വാസികൾക്ക് .
കാർഷിക വേല ചെയ്തു ജീവിക്കുന്നവരാണ് ഇവിടെയുള്ള ഏറെ പേരും. ട്രാക്ടറും കൃഷി സാമഗ്രികളും ഇവരുടെ ജീവിതത്തിന്റെ ഭാഗമാണ്. കൂലി പണിക്കു പോകുന്നവരുടെ കൂലി തുലോം തുഛമായിരുന്നു. മണിക്കൂറുകളോളം അധ്വാനിച്ചാൽ കിട്ടുന്നതാകട്ടെ അറുനൂർ അല്ലെങ്കിൽ അഞ്ഞൂർ രൂപ മാത്രം. ദാരിദ്രം ഭയന്ന് ചെറുപ്പത്തിൽ തന്നെ പഠനം ഉപേക്ഷിച്ച് തൊഴിലിനിറങ്ങുകയാണ് ഇവിടെയുളള അധിക പേരും. പത്താം ക്ലാസ് പൂർത്തിയാക്കുന്നവർ വളരെ വിരളമാണ്. മത വിദ്യാഭ്യാസത്തിന്റെ അഭാവം മൂലം വിശ്വാസ കാര്യങ്ങളിൽ വേണ്ട വിധത്തിലുള്ള പരിജ്ഞാനവും ഇല്ല. മദ്രസയിൽ പോകുന്നതിന് കിലോ മീറ്ററോളം സഞ്ചരിക്കേണ്ടതിനാൽ മത വിദ്യാഭ്യാസം സ്വപ്നങ്ങളിൽ മാത്രമാണ് ഇവിടുത്തുകാർക്ക് .
Post a Comment