Followers

ഖുർആനിന്റെ പരിസ്ഥിതി പാഠങ്ങൾ / ഹാഫിള് സ്വാലിഹ് എടക്കര


 ഒരു ആവർത്തനം പോലെ പരിസ്ഥിതി സംബന്ധിയായ ചർച്ചകൾ വീണ്ടും ഉയർന്നിരിക്കുകയാണ്. നമ്മുടെ പരിസ്ഥിതി എത്രത്തോളം വിനാശകരമായ ഒരു അവസ്ഥയിലേക്കാണ് പോകുന്നത് എന്ന് ലോകം ഉറ്റുനോക്കുന്ന ഒരു സമയം കൂടിയാണിതെന്നോർക്കണം. ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ പ്ലാസ്റ്റിക് മലിനീകരണത്തിന് ഒരു പരിഹാരം എന്ന പ്രമേയം തന്നെ പരിസ്ഥിതിയുടെ ഭയാനകതയെ വിളിച്ചോതുന്നുണ്ട്.

 വളരെ വർഷങ്ങൾക്കു മുമ്പ് തന്നെ മതങ്ങളും മറ്റു സംസ്കാരങ്ങളും പരിസ്ഥിതിക്ക് വലിയൊരു സ്ഥാനം തന്നെ നല്‍കിയിട്ടുണ്ട്. പരിസ്ഥിതിയെ തകര്‍ക്കുന്നത് പാപമായിട്ടാണ് എല്ലാ മതങ്ങളും പരിഗണിക്കുന്നത്. ഇസ്ലാമിൽ പരിസ്ഥിതിശാസ്ത്രത്തെ പ്രായോഗികമായ ഒരു ദര്‍ശനത്തിന്റെ ചട്ടക്കൂടില്‍ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. മനുഷ്യനും ജൈവലോകവും ഇതര പ്രകൃതിവസ്തുക്കളും തമ്മില്‍ നിലനില്‍ക്കുന്ന സന്തുലിതബന്ധത്തെ അത് ചൂണ്ടിക്കാട്ടുന്നു. മനുഷ്യന്റെ അധാര്‍മികമായ ഇടപെടല്‍ അതിനെ ദുഷിപ്പിക്കുമെന്ന് സൂചിപ്പിക്കുന്നു. ദൈവികസംവിധാനത്തിന്റെ ഭാഗമെന്ന നിലയ്ക്ക് പരിസ്ഥിതിയുടെ പുണ്യഭാവത്തെ എടുത്തുകാട്ടുമ്പോഴും പ്രകൃതിയില്‍ ദൈവികത്വം ആരോപിക്കുന്നതിനെ ഇസ്ലാം നിരാകരിക്കുന്നു. ഖുര്‍ആന്‍ അടിസ്ഥാനപരമായി പരിസ്ഥിതിശാസ്ത്രഗ്രന്ഥമല്ലെങ്കിലും അതിലെ പരിസ്ഥിതിസംബന്ധമായ പരാമര്‍ശങ്ങളില്‍ ശാസ്ത്രവിരുദ്ധമായ യാതൊന്നുമില്ല. ആത്മീയമൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ഭൗതിക പരിസ്ഥിതിയെ കൂടി കാണുന്നതാണ് അതിന്റെ രീതി. ആത്മീയതയ്ക്കു പകരം പാശ്ചാത്യാധിപത്യം നേടിയ വ്യവസായവത്കൃത നാഗരികതയിലാണ് പരിസ്ഥിതിദൂഷണം ഗണ്യമായിത്തുടങ്ങുന്നത് . ഒരൊറ്റ നൂറ്റാണ്ടു കൊണ്ട് പരിസ്ഥിതിയോടുള്ള ഭൗതികസമീപനം അതിനെ നാശത്തിൽ കൊണ്ടെത്തിച്ചു.


ഖുര്‍ആനിനെ സംബന്ധിച്ചേടത്തോളം സര്‍വതലസ്പര്‍ശിയായ ഒരു ജീവിതദര്‍ശനത്തിന്റെയും പ്രപഞ്ചവീക്ഷണത്തിന്റെയും ഭാഗമാണ്  പരിസ്ഥിതിശാസ്ത്രം. പ്രകൃതിയെ സന്തുലിതത്വത്തോടെ സൃഷ്ടിച്ചുവെന്ന് ഖുര്‍ആന്‍ പറയുന്നു. പ്രകൃതിയിലെ എല്ലാ വ്യവസ്ഥിതികളും ഈ സന്തുലിതാവസ്ഥയോട് ഒരുമയോടെ നിലനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു:

"ആകാശത്തിന്റെ  മേല്‍പ്പുര നന്നായി ഉയര്‍ത്തി, സന്തുലിതമായി സ്ഥാപിച്ചു. അതിന്റെ രാവിനെ മൂടി, പകലിനെ വെളിപ്പെടുത്തി. അനന്തരം ഭൂമിയെ പരത്തി. അതില്‍ ജലവും സസ്യങ്ങളുമുണ്ടാക്കി. പര്‍വതങ്ങളെ ഉറപ്പിച്ചു. നിങ്ങള്‍ക്കും നിങ്ങളുടെ മൃഗങ്ങള്‍ക്കുമുള്ള ജീവിതവിഭവമായിട്ടത്രെ ഇതൊക്കെയും" (79: 27-33).


 ആർത്തിപൂണ്ട മനുഷ്യരുടെ അരുതായ്മകളുടെ ഫലമെന്നോണമാണ് ഇന്ന് പ്രകൃതിസന്തുലിനം തകർന്ന് പരിസ്ഥിതിപ്രശ്നങ്ങൾ ഉടലെടുക്കുന്നത്.

 വന്‍കിടവ്യവസായങ്ങള്‍ സൃഷ്ടിക്കുന്ന പ്രകൃതിദൂഷണം കാലാവസ്ഥയെ തകിടംമറിക്കുന്നു. ആഗോളതാപനം ഇന്ന് ഭൂമിയുടെ രോഗാവസ്ഥയെ സൂചിപ്പിക്കുന്നു. ഗ്രീന്‍ഹൌസ് വാതകങ്ങള്‍ ഓസോണ്‍പാളിയിൽ ഉണ്ടാക്കിയ വിള്ളലുകള്‍ ഈ രോഗത്തിന്റെ കാരണമത്രെ. വരുന്ന പതിറ്റാണ്ടുകളില്‍ ഇതു കാരണം സമുദ്രനിരപ്പ് ഉയരുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അങ്ങിങ്ങായി പൊങ്ങിക്കിടക്കുന്ന ദ്വീപുകള്‍ കടലില്‍ മുങ്ങും. അവിടങ്ങളിലെ ജനങ്ങള്‍ ഒഴിഞ്ഞുപോകേണ്ടിവരും. ഓരോ വര്‍ഷവും അര ലക്ഷം വീതം ജീവി-സസ്യവര്‍ഗങ്ങള്‍ കുറ്റിയറ്റുപോകുന്നു. ഓരോ ദിവസവും 2,14,000 ഏക്കര്‍ വീതം മഴക്കാടുകൾ ഇല്ലാതാകുന്നു. പരിസ്ഥിതി വിനാശത്തിന്റെ ചെറിയ സൂചികമാത്രമാണിത്.


കേരളത്തിൽ വന്നുകൊണ്ടിരിക്കുന്ന കണക്കുകൾ പ്രകാരം ഓരോ പഞ്ചായത്തിലും  ഭൂമിയുടെ വില കുറയുമെന്നാണ് പറയുന്നത്. ഇത് വിശ്വാസയോഗ്യമല്ലെങ്കിലും യാഥാർത്ഥത്തിൽ  അങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങൾ ഒരു നാട്ടിൽ നിന്നും ഏറ്റവും സുഖകരമായ രീതിയിൽ ജീവിക്കാൻ കഴിയുമെന്ന് വിചാരിക്കുന്ന നാട്ടിലേക്ക് കൂടിയേറി പാർത്തുകൊണ്ടിരിക്കുന്നു. അങ്ങനെ ധാരാളം മൊട്ടപ്പറമ്പുകൾ കൂടിക്കൊണ്ടിരിക്കുന്നു. ഇവയ്ക്ക് വിലകുറയുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഓരോ പഞ്ചായത്തിലും 80 കാലിവീടുകൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്.ഏതെങ്കിലും രണ്ടു പ്രായമായ വ്യക്തികളെ പീഡിപ്പിക്കുന്ന വീടുകളായിട്ട്  ഇന്ന് അവ മാറിക്കൊണ്ടിരിക്കുന്നു. ഈ വീടുകളെല്ലാം എങ്ങനെയാണ്  നിർമ്മിച്ചത് എന്ന് നാം ആലോചിക്കണം.എത്ര പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്തുകൊണ്ടാണ് അത്രയും വീടുകൾ ഉണ്ടാക്കിയത്.


ഭാവിയെ ആലോചിക്കാതെ ദീർഘവീക്ഷണം ഇല്ലാതെ മനുഷ്യൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്ത് ഒരു വിശ്വാസി അങ്ങനെയാവാൻ പാടില്ല.  ഇവിടെ ഒരു നാശം ഉണ്ടാവാൻ പാടില്ല ഉണ്ടാവില്ല എന്നൊരു ഉറപ്പ് നമുക്ക് നൽകാൻ കഴിയേണ്ടതുണ്ട്.അതുകൊണ്ടുതന്നെ മണ്ണിന്റെയും  കല്ലിന്റെയും  വെള്ളത്തിന്റെയും

പ്രകൃതിയുടെയും

ഉപയോഗത്തിൽ ജാഗ്രത നമുക്കുണ്ടാവേണ്ടതുണ്ട്. അതുകൊണ്ടാണ് ഖുർആൻ നമ്മോട് ഭൂമിയിൽ നാശം ഉണ്ടാക്കരുത്(7:56) എന്ന് പറയുന്നത്.


 ജപ്പാൻ ചിന്തകനായ ഫുകൂക്ക തന്റെ once straw revolution എന്ന പുസ്തകത്തിൽ പറഞ്ഞതുപോലെ ഭൂമിയിൽ മുളച്ചതൊന്നും വെട്ടിയെടുക്കാൻ പാടില്ല എന്ന  നിലപാടിന്റെ ആളുകൾ അല്ല നാം. ഭൂമിയിലെ സസ്യങ്ങളെല്ലാം മനുഷ്യർക്കും മറ്റു  ജീവജാലങ്ങൾക്കും വേണ്ടി നിർമ്മിക്കപ്പെട്ടതാണെന്നാണ് ഖുർആൻ പറയുന്നത്. പക്ഷേ നമ്മുടെ ഉപയോഗങ്ങളെല്ലാം മിതത്വത്തിൽ ആവണം. നമ്മുടെ ഭാവി തലമുറയെ പറ്റിയുള്ള ഒരു ചിന്താശലകം നമ്മൾ പടുത്തുയർത്തണം.


ഭൂമിയിലുളളതെല്ലാം കൃത്യമായ അളവിലും സന്തുലിതത്വത്തിലുമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ധാതുലോകം സസ്യലോകത്തെ താങ്ങിനിര്‍ത്തുന്നു; സസ്യലോകം ജന്തുലോകത്തെയും. ഇവയെല്ലാം പരസ്പരം ആശ്രയിക്കുന്നു.ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിന് വളമാകുന്നു. ഒരു കൂട്ടർ ഓക്സിജൻ ശ്വസിക്കുമ്പോൾ മറ്റൊരു കൂട്ടർ കാര്‍ബണ്‍ഡൈഓക്സൈഡ് ശ്വസിക്കുന്നു ഒരു കൂട്ടര്‍ കാര്‍ബണ്‍ഡൈഓക്സൈഡ് പുറത്തുവിടുമ്പോള്‍ മറ്റൊരു കൂട്ടര്‍ ഓക്സിജന്‍ പുറത്തുവിടുന്നു. രണ്ടും പരസ്പരം നിലനിര്‍ത്തുന്നു. ജലചാക്രികതയും ഭക്ഷ്യശൃംഖലയും ഈ വ്യവസ്ഥിതിയുടെ ഭാഗമാണ്. വെള്ളമൊഴികെ എല്ലാ വസ്തുക്കളും തണുക്കുമ്പോള്‍ സങ്കോചിക്കുകയും ചൂടുപിടിക്കുമ്പോള്‍ വികസിക്കുകയും ചെയ്യുന്നു. അത് ഐസ് കട്ടയാകുമ്പോള്‍ വികസിക്കുന്നു. അക്കാരണത്താല്‍ കടലിലും പുഴകളിലും ജലം തണുത്തുറയുമ്പോള്‍ ഐസ്ഭാഗം മുകളില്‍ നില്‍ക്കുന്നു. തണുപ്പ് താഴേക്ക് ചെല്ലാതെ ജലജീവികളെ സംരക്ഷിക്കാന്‍ ഇത് സഹായിക്കുന്നു.അപ്പോൾ ഒരു ന്യൂനപക്ഷത്തിന്റെ അശ്രദ്ധ മതി എല്ലാം തകർന്നടിയാൻ. ഇസ്ലാമികസംസ്കാരത്തിന്റെ പ്രതാപകാലത്ത് പ്രകൃതിയെ സംരക്ഷിക്കാൻ "ഹിമ" പോലെയുള്ള സംരക്ഷിത മേഖലകൾ ഉണ്ടായിരുന്നു.നിങ്ങൾ ഭൂമിയിൽ മിതത്വവും സന്തുലനവും  പാലിക്കണമെന്ന് ഖുർആൻ അനുശാസിക്കുന്നു(55:7-9).


 മനുഷ്യരുടെ ബോധമില്ലാത്ത പ്രവർത്തികളാണ് ഇന്ന് ഭൂമിയിലെ സകലമാന പ്രശ്നങ്ങൾക്കും കാരണം. പ്രകൃതിയെ നശിപ്പിച്ച് വ്യവസായങ്ങൾ കൊണ്ടുവരുന്നതും,  വേസ്റ്റുകൾ എല്ലാം പുഴയിലേക്ക് തള്ളിയിട്ട് ജലത്തെ മലിനമാക്കുന്നതും, പുഴകളുടെ ഗതിയൊഴുക്കിനെ തടഞ്ഞുകൊണ്ട് നിർമ്മാണങ്ങൾ നടത്തുന്നതും ഇന്ന് ഭൂമിയെ നാശത്തിലേക്ക് നയിക്കുന്നു . ഇതിനെ സംബന്ധിച്ചാണ് ഖുർആനിൽ "മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്‍റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്‌. അവര്‍ ഒരു വേള മടങ്ങിയേക്കാം(30:41)" എന്ന് പറഞ്ഞത്.

 അതുകൊണ്ട് ഭൂമിക്ക് ഒരിക്കലും നാശം ഉണ്ടാക്കാതെ അതിന്റെ സന്തുലിതാവസ്ഥ ഭാവിയിലെ അവകാശികൾക്ക് കൂടി കരുതിവച്ചുകൊണ്ട് നമുക്ക് മുന്നേറാം.