Followers

പരിസ്ഥിതി:ഖുർആനിക പരിപ്രേക്ഷ്യം | ഹാഫിള് സ്വാലിഹ് വെണ്ണക്കോട്

 പരിസ്ഥിതി സൗഹൃദ ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ.ഉദാഹരണങ്ങളായും ശാസ്ത്ര സത്യങ്ങളായും അത്ഭുത പ്രതിഭാസങ്ങളായും അതിലുടനീളം പരിസ്ഥിതി നിറഞ്ഞു നിൽക്കുന്നുണ്ട്.സൂര്യൻ,ചന്ദ്രൻ,നക്ഷത്രങ്ങൾ,പ്രകാശം,രാപകലുകൾ,ലോഹങ്ങൾ,ജന്തുജാലങ്ങൾ,സസ്യങ്ങൾ തുടങ്ങി അനവധി  പ്രകൃതിവിഭവങ്ങളുടെ പേരിൽ നിരവധി അധ്യായങ്ങൾ തന്നെയുണ്ട്.സ്വർഗ്ഗീയ വർണ്ണനകൾക്കും പ്രകൃതിസൗന്ദര്യമാണ് ഖുർആൻ ഉദാഹരിക്കുന്നത്.

  നമുക്ക് ചുറ്റുമുള്ളതെല്ലാം  പരിസ്ഥിതിയാണ്.അല്ലാഹു തആലയാണ് ഇവയെല്ലാം സൃഷ്ടിച്ചതും പരിപാലിക്കുന്നതും.മനുഷ്യനാണതിലെ കേന്ദ്ര കഥാപാത്രം.ദൈവ പ്രതിനിധികളായാണ് നമ്മെ അയക്കപ്പെട്ടിട്ടുള്ളത് (ബഖറ :30)

പ്രത്യേക ബഹുമാനവും ആദരവും നമുക്ക് നൽകിയിട്ടുണ്ട്(ഇസ്രാഅ 70).ഈ ഭൂമിയും ഇതിലുള്ളവയും നമുക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ് (ബഖറ 29).അനുയോജ്യമായ രൂപത്തിലാണ്  അവയെല്ലാം സംവിധാനിച്ചിരിക്കുന്നത്(മുർസലാത് 25,27).ഓരോ സൃഷ്ടിപ്പിലും ആ മികവ് കാണാനും സാധിക്കും.ഒരുദാഹരണമെടുക്കാം....ജല വിനിയോഗസംവിധാനം എങ്ങനെയെന്നു നോക്കൂ...?കടൽ പോലുള്ളവയിൽ നിന്ന് ഉപ്പു വെള്ളം ബാഷ്പീകരിച്ച് മേഘങ്ങളായി ആവശ്യമായ ഇടങ്ങളിലൊക്കെ മഴയായ് പെയ്യുന്നു.മലമുകളിൽ നിന്ന് ഉറവകളായി കൂടിച്ചേർന്ന് നദികളും അരുവികളുമായി വിവിധ പ്രദേശങ്ങളിലൂടെ ഒഴുകികൊണ്ടിരിക്കുന്നു.ഭൂമിക്കടിയിലൂടെ എല്ലാ വീടുകളിലും പറമ്പുകളിലും വെള്ളമെത്തുന്നു.കിണറുകളിലൂടെ അവ ഉപയോഗപ്പെടുത്താനും സാധിക്കുന്നു.കുളങ്ങളിലൂടെയും കായലുകളിലൂടെയും തോടുകളിലൂടെയും വെള്ളച്ചാട്ടങ്ങളിലൂടെയും വിവിധയിടങ്ങളിൽ ജല സംവിധാനം സാധ്യമാവുന്നു.അങ്ങനെ എല്ലാ പ്രദേശങ്ങളിലേക്കും ജീവികളിലേക്കും സസ്യങ്ങളിലേക്കും ആവശ്യമായ തോതിൽ ജലമെത്തുകയാണ്.എന്തൊരത്ഭുതമാണിത്...!എത്ര  ക്രിയാത്മക സംവിധാങ്ങളാണിത്..!ജലം തന്നെ ഒരത്ഭുതമല്ലേ!.നിറമോ മണമോ രുചിയോ കലർപ്പോ ഒന്നുമില്ല.കുടിക്കാനും കുളിക്കാനും ശുദ്ധീകരണത്തിനുമെല്ലാം കഴിയുന്ന പ്രകൃതം.H2O ചേർന്ന് രൂപപ്പെടുന്നു എന്ന് ശാസ്ത്രം പറയുമ്പോഴും ആർക്കും ഉണ്ടാക്കൽ സാധ്യമാവാത്ത  അത്ഭുത സൃഷ്ടി.ഇവിടെയാണ്‌ ഖുർആനിന്റെ ചോദ്യം :കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ...? മേഘത്തിൽ നിന്ന് നിങ്ങളാണോ നാമാണോ അതിനെ ഇറക്കുന്നത്...?അവ ഉപ്പുവെള്ളമാക്കാനും നമുക്ക് കഴിയുമായിരുന്നു...എന്നിട്ടും നിങ്ങൾ നന്ദിയുള്ളവരാവുന്നില്ലേ..."(വാഖിഅ 68-70). വറ്റിപ്പോയാൽ ആരാണ് നിങ്ങൾക്ക് ജലം താരാനുള്ളത് എന്ന് സൂറത്തുൽ മുൽക് (30)ലും ചോദിക്കുന്നുണ്ട്.മറ്റിടങ്ങളിലും ഈ സൂചനകൾ കാണാം.ആ ജലം കൊണ്ടുള്ള നേട്ടങ്ങളും പ്രാധാന്യവും ഖുർആൻ തന്നെ പലയിടങ്ങളിൽ ബോധ്യപ്പെടുത്തുന്നുണ്ട്.ഇതൊരുദാഹരണം മാത്രം.ഇങ്ങനെ ഓരോ സംവിധാനങ്ങളും പരിശോധിച്ച് നോക്കൂ.. ചിന്തിക്കുന്നവർക്കവയിൽ ദൃഷ്ടാന്തമുണ്ടെന്ന് ഖുർആൻ തന്നെ വിവിധയിടങ്ങളിൽ ഓർമപ്പെടുത്തുന്നുണ്ട്.ഒട്ടകം,ആകാശം,പർവ്വതം,ഭൂമി,രാപകലുകൾ,ജല വിനിയോഗം,ശരീര ശാസ്ത്രം,മറ്റു ശാസ്ത്രങ്ങൾ,തുടങ്ങി ഒട്ടനവധി ഉദാഹരണങ്ങൾ എടുത്തു പറയുന്നുമുണ്ട്.(ബഖറ 159,164,ഹിജ്ർ 22, മുഅമിനൂൻ 18,ഫുർഖാ48, ലുഖ്മാൻ10,ജാസിയ 5,നബഅ14,....).

ഈ സംവിധാനങ്ങളെല്ലാം മനുഷ്യന് വേണ്ടിയുള്ളതാണെന്ന് സാരം.അതിനു വേണ്ടി ആകാശ ഭൂമികളിലുള്ളതെല്ലാം  നമുക്ക് കീഴ്പ്പെടുത്തിത്തന്നിട്ടുമുണ്ട്.ആലു ഇമ്രാൻ 14,ഇബ്രാഹിം 32-33,നഹൽ 8,12-14,80-81,നംൽ 60-64,ഹജ്ജ് 36-37,65,ലുക്മാൻ 20, സ്വാദ് 63,ജാസിയ 12-13, മുൽക് 15 തുടങ്ങിയ ആയതുകളിൽ അവ കൃത്യമായി നമ്മെ ബോധ്യപ്പെടുത്തുന്നു.കരയും കടലും വാനവും ഭൂഗർഭവും വിദഗ്ദ്ധമായി മനുഷ്യർ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു.കടലിൽ മുങ്ങാതെ പോകുന്ന കൂറ്റൻ കപ്പലുകൾ,ആയിരക്കണക്കിനാളുകളുമായി വാനിലൂടെ പറക്കുന്ന വിമാനം മുതൽ ഇതര ഗ്രഹങ്ങളിൽ വരെ നമ്മുടെ ആഗ്രഹങ്ങൾ സാധ്യമാക്കുന്ന രൂപത്തിൽ ശാസ്ത്രം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.കാഴ്ചയും കേൾവിയും അനുഭവങ്ങളും ഒപ്പിയെടുക്കാവുന്ന രൂപത്തിലുള്ള ടെക്നോളജികൾ,ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് തുടങ്ങി സർവ്വ മേഖലകളിലും വലിയ മുന്നേറ്റങ്ങൾ സൃഷ്ടിക്കാൻ  മനുഷ്യന് സാധിച്ചിട്ടുണ്ട്.ഈ ലോകം തന്നെ വിരൽത്തുമ്പിലേക്ക് ചുരുങ്ങിയിരിക്കുന്നു.അത്രമേൽ ഇവയെല്ലാം അല്ലാഹു നമുക്ക് കീഴ്പ്പെടുത്തിത്തന്നിരിക്കുകയാണ്.മനുഷ്യരായ 'നിങ്ങൾക്ക്' എന്നാണ് ഖുർആൻ പ്രത്യേകം പരാമർശിച്ചിട്ടുള്ളതും.മനുഷ്യരാണല്ലോ ഈ വികസനങ്ങൾ,മുന്നേറ്റങ്ങൾ സാധ്യമാക്കുന്നത്.മനുഷ്യന്റെ സൃഷ്ടിപ്പ് തന്നെ ഇതെല്ലാം സാധ്യമാക്കാവുന്ന ഏറ്റവും നല്ല രൂപത്തിലാണ് (തീൻ 4).ആദരവിന്റെ വ്യത്യസ്ത ഭാഗങ്ങൾ കൂടിയാണ് ഈ അനുഗ്രഹങ്ങളെല്ലാം...

ആകാശത്തെ നക്ഷത്രങ്ങളും സൂര്യചന്ദ്രനും വായു നിറഞ്ഞ ഉപരിതലവും കരയും കടലും അതിലുള്ള മുഴുവൻ ജീവജാലങ്ങളും സസ്യങ്ങളും കല്ലും മുള്ളും  മുത്തും പവിഴവും സ്വർണ വെള്ളികളും പെട്രോളും ഡീസലും പോലുള്ള ഇന്ധനങ്ങളും സ്വർണ്ണ വെള്ളി പോലുള്ള ദാതുക്കളുമെല്ലാം മനുഷ്യന് ഉപകാരമുള്ളവയാണ്.ഇവയൊന്നും വെറുതെ പടച്ചതല്ലെന്ന് ഖുർആൻ തന്നെ പറയുന്നുമുണ്ട് (ആലു ഇമ്രാൻ 191).എല്ലാം നമുക്ക് ഉപകാരപ്രദമാണല്ലോ...മറ്റു ജീവികൾക്ക് എല്ലാം ആവശ്യമായി വരുന്നില്ല.എന്നല്ല,ആ ജീവികളും മനുഷ്യന് ഉപയോഗപ്രദമാണ്.യാത്രക്കും ഭക്ഷണത്തിനും പോഷക മൂല്യങ്ങൾക്കും വസ്ത്രങ്ങൾക്കും മറ്റു പല ആവശ്യങ്ങൾക്കും അവയെ നാം ഉപയോഗപ്പെടുത്തുന്നുണ്ട്.(നഹൽ 66)

മനുഷ്യർക്ക് ഒരു ബുദ്ധിമുട്ടും വരുത്താൻ പാടില്ല(നിസാ 29,അൻആം 151,ഇസ്രാഅ 31-33 ).ഒരു ജീവിയോടും പാടില്ല.അവയും നമ്മെപ്പോലെ സമൂഹങ്ങളാണല്ലോ (അൻആം 38).എന്നല്ല,ഒരു വിധ നശീകരണ പ്രവർത്തനങ്ങളിലും നമ്മുടെ കൈകൾ പ്രവർത്തിക്കാൻ പാടില്ല.മറിച്ച് നന്മയാർന്ന, ഉപകാരപ്രദമായ പ്രവർത്തനങ്ങൾ മാത്രമായിരിക്കണം (ബഖറ 195).പരിസ്ഥിതിയോടും അക്രമം പാടില്ല.ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെങ്കിലും ദുർവിനിയോഗം,അമിതോപയോഗം ഒട്ടും പാടില്ലാത്തതാണ്.അതിന്റെ തിക്തഫലം നാം തന്നെ അനുഭവിക്കേണ്ടി വരും. മനുഷ്യ കൈകടത്തൽ കാരണം കരയിലും കടലിലും ദുരന്തങ്ങൾ,വിപത്തുകൾ, നാശ നഷ്ടങ്ങൾ ഉണ്ടാവുമെന്ന് ഖുർആൻ മുന്നറിയിപ്പ് നൽകുന്നുണ്ട് (റൂം 41).സൂക്ഷിച്ച് മാത്രമേ കൈകാര്യം ചെയ്യാവൂ എന്ന ഓർമപ്പെടുത്തലാണിത്.ഇവിടെയും 'നിങ്ങളുടെ' എന്ന് പ്രത്യേകം സൂചിപ്പിക്കുന്നത് കാണാം.ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും വരൾച്ചയും മറ്റു വിപത്തുകളും മനുഷ്യരുടെ ഇടപെടൽ കാരണമാണല്ലോ.ഉണ്ടാകുന്നത്...ഇതര ജീവികൾ ഇത്തരം ദോഷങ്ങൾ വരുത്തുന്നില്ല.


നിത്യാവശ്യങ്ങളായ ഭക്ഷണവും വെള്ളവും സുലഭമാണെങ്കിലും ശ്രദ്ധ അനിവാര്യമാണ്."ഭക്ഷിച്ചോളൂ കുടിച്ചോളൂ,അമിതവ്യയം അരുത്.അമിതം കാണിക്കുന്നവരെ സൃഷ്ടാവ് ഇഷ്ടപ്പെടുന്നില്ല എന്ന് ഖുർആൻ തന്നെ പറയുന്നുണ്ട്(അൻആം 141, അഅറാഫ് 31).അമിതം എവിടെയും പാടില്ല.അത് നാശത്തിലാണ് കലാശിക്കുക (തകാസുർ 1).വിഭവങ്ങളെല്ലാം സംരക്ഷിക്കപ്പെടണം.നാമാവശേഷമാവാൻ പാടില്ല.മഹാപ്രളയ സമയം എല്ലാ ജീവികളുടെയും ജോഡിയെ കപ്പലിൽ കയറ്റാൻ നൂഹ് നബി (അ) നോട്‌ അല്ലാഹു കൽപ്പിച്ചത് ഖുർആനിൽ പറയുന്നുണ്ടല്ലോ (നൂഹ് 40).

പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഖുർആനിന്റെ ബാഹ്യ തലത്തിൽ നിന്നും മനസ്സിലാക്കാവുന്നതിൽ നിന്നും അല്പം മാത്രമാണിവ.വേറെയുമുണ്ട്.വിശദീകരണമായി നബി സ്വ പഠിപ്പിച്ചവയും നിരവധിയുണ്ട്."നിറഞ്ഞൊഴുകുന്ന നദിയിലാണെങ്കിലും ആരാധനക്കാണെങ്കിലും ആവശ്യത്തിലധികം ഉപയോഗിക്കാൻ പാടുള്ളതല്ല, ലോകാവസാനം മുന്നിലെത്തിയാൽ പോലും കയ്യിലുള്ള തൈ നടേണ്ടതുണ്ട്" എന്നിവ ഉദാഹരണം മാത്രം.കൃഷി,മരം നടൽ,മാലിന്യ സംസ്കരണം,വൃത്തിയാക്കൽ തുടങ്ങിയ പരിസ്ഥിതി സംരക്ഷണ മാർഗങ്ങളും അമിതോപയോഗം, അനധികൃത ഇടപെടലുകൾ, അനാവശ്യ കൈകടത്തലുകൾ  തുടങ്ങിയവ നിരോധിക്കാനുള്ള തന്ത്രങ്ങളും ഇസ്ലാം കൃത്യമായി വിശദീകരിക്കുന്നുണ്ട്.അതിനാൽ വിശ്വാസിയിൽ നിന്നും പരിസ്ഥിതിക്ക് കോട്ടം തട്ടുന്നതൊന്നും സംഭവിക്കില്ല. സംരക്ഷണ പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്യുന്നു.ദൈവ വിശ്വാസമാണ് കാരണം.എല്ലാം സൃഷ്ടാവിന്റെ ഔദാര്യമാണെന്നും ഈ അനുഗ്രഹങ്ങൾ പൂർത്തിയാക്കി തരാൻ അവനല്ലാതെ മറ്റാർക്കും സാധ്യമല്ലെന്നും ഇവയെല്ലാം ഇല്ലാതാക്കാനും അവന് നിമിഷനേരം പോലും വേണ്ടതില്ലെന്നും വിശ്വസിക്കുന്നവരാണവർ.എല്ലാം സൃഷ്ടിച്ചു മനോഹരമായി പരിപാലിച്ചു കൊണ്ടിരിക്കുന്ന അല്ലാഹു എല്ലാം കാണുകയും കേൾക്കുകയും അറിയുകയും ചെയ്യുന്നു.രഹസ്യ പരസ്യ വ്യത്യാസമില്ലാതെ നന്മ തിന്മകളെല്ലാം റെക്കോർഡ് ചെയ്യപ്പെടുന്നു.വിചാരണ  ദിവസം പ്രതിഫലവും ശിക്ഷയും നൽകി നീതി നടപ്പിലാക്കപ്പെടുന്നു.നന്ദിയോടെ നല്ല നിലയിൽ ജീവിക്കുമ്പോൾ കൂടുതൽ അനുഗ്രഹങ്ങൾ നൽകിക്കൊണ്ടിരിക്കും.കുഴപ്പങ്ങൾ ഉണ്ടാക്കുമ്പോൾ വലിയ പരീക്ഷണങ്ങൾ,വിപത്തുകൾ നൽകുകയും ചെയ്യുന്നു (ഇബ്രാഹിം 7).ഈ വിശ്വാസങ്ങളുള്ള ഒരാൾ എങ്ങനെ അക്രമം പ്രവർത്തിക്കും.എങ്ങനെ പരിസ്ഥിതിക്കെതിര് ചെയ്യാൻ  സാധിക്കും.കരുതലോടെ മാത്രമേ അവൻ പ്രവർത്തിക്കുകയുള്ളൂ.നന്മ ചെയ്യാൻ മാത്രമേ അവന്റെ ധാർമ്മിക ബോധം അനുവദിക്കുകയുള്ളൂ.

എന്നാൽ  ദൈവ വിശ്വാസമില്ലാത്ത യുക്തിവാദങ്ങൾക്ക് ഈ ധാർമ്മിക ബോധം എങ്ങനെയുണ്ടാവാനാണ്?!.ഭൗതിക നിയമ സംവിധാനങ്ങൾക്കെല്ലാം  പരിമിതികളുണ്ട്.കൃത്യമായ നീതി നടപ്പാക്കൽ സാധ്യമല്ല.മറ്റുള്ളവർക്കോ ഇതര ജീവികൾക്കോ ഈ പരിസ്ഥിതിക്കോ ആവശ്യമായത് ചെയ്യാനുള്ള,അനാവശ്യങ്ങളിൽ നിന്ന് വിട്ടു നിൽക്കാനുള്ള പ്രേരകശക്തി അവർക്ക് മുന്നിൽ കാണുന്നുമില്ല.വിശ്വാസികൾക്കതുണ്ട്.അത് കൊണ്ടാണ് ഇത്തരം നല്ല സേവന പ്രവർത്തനങ്ങളിൽ വിശ്വാസി സജീവമാവുന്നതും.

 

No comments