Followers

ഉള്ഹിയ്യത്ത്:ഒരു ഇസ്ലാമിക വായന | ഹാഫിള് സാബിത്ത് അലി സഖാഫി പുതുപ്പാടി

മുസ്‌ലിംകൾക്കിടയിൽ നൂറ്റാണ്ടുകളായി അഭിപ്രായന്തരങ്ങൾ ഇല്ലാതെ ചെയ്തുപോരുന്ന പുണ്യ കർമ്മമാണ് ഉള്ഹിയ്യത്ത്. അറവ്, ബലികർമ്മം, ഉള്ഹിയത്ത് എന്നീ പേരുകളിലൊക്കെ ഈ ആരാധന അറിയപ്പെടുന്നു.ഉള്ഹിയത്ത് എന്ന വാക്കിന് അറുക്കപ്പെടുന്ന മൃഗമെന്നും ളുഹാസമയമെന്നും അർത്ഥമുണ്ടെന്ന് തുഹ്ഫയിൽ ഇബിനു ഹജറുൽ ഹൈത്തമി (റ) രേഖപ്പെടുത്തിയിട്ടുണ്ട്. കുർബാൻ എന്ന വാക്ക് ഖുർആനിൽ മൂന്ന് തവണ പ്രയോഗിച്ചിട്ടുണ്ട്. ഖുർആൻ,ഹദീസ്, ഇജ്മാഅ് എന്നീ പ്രമാണങ്ങൾ കൊണ്ട് ഉള്ഹിയത്ത് കർമ്മം ഇസ്ലാമിൽ സ്ഥിരപ്പെട്ടതാണ്. ബലി മൃഗത്തെ അല്ലാഹുവിൻറെ ചിഹ്നങ്ങളിൽ പെടുത്തിയിരിക്കുന്നു (ഖുർആൻ 22:36) എന്ന വചനത്തിലൂടെ ബലി മൃഗം അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ പെട്ടതാണെന്നും അല്ലാഹുവിനെ അടയാളപ്പെടുത്തുന്ന സകല ചിഹ്നങ്ങളെയും ആദരിക്കുന്നത് വിശ്വാസിയുടെ തഖ് വയുടെ സമ്പൂർണ്ണതയാണെന്നും ഖുർആൻ നമ്മെ പഠിപ്പിക്കുന്നു. മൃഗങ്ങൾ മനുഷ്യന് അനുഗ്രഹമാക്കൊണ്ടാണ് പടക്കപ്പെട്ടതെന്ന് ഖുർആൻ തന്നെ ഓർമ്മപ്പെടുത്തുന്നുണ്ട്. വലിപ്പത്തിലും മറ്റു കഴിവുകളിലും മനുഷ്യനെക്കാൾ ഉയർന്നുനിൽക്കുന്ന മൃഗങ്ങളെ കീഴ്പ്പെടുത്തതിലൂടെ സൃഷ്ടാവായ അല്ലാഹുവിനോട് നന്ദി ചെയ്യുന്ന അടിമയാകാൻ ഓരോ വിശ്വാസിയും കടപ്പെട്ടവരാണ്. വിശ്വാസികളുടെ ആഘോഷങ്ങളായ പെരുന്നാൾ ദിനങ്ങളിൽ ഫിത്വർ സക്കാത്ത്,ഉള്ഹിയത്ത് തുടങ്ങിയ കർമ്മങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ സമൂഹത്തിലെ അസമത്വങ്ങൾ ഇല്ലാതാക്കുകയും ആഘോഷങ്ങളിൽ ദരിദ്രരെയും നിരാലംബരെയും പ്രത്യേകം ഉൾക്കൊള്ളിക്കുകയും ചെയ്യുന്നു. ബലിപെരുന്നാൾ ദിനത്തിൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള ആരാധന കർമ്മം ബലിയറുക്കുക എന്നതാണെന്ന് നബി (സ) പ്രഖ്യാപിച്ചിട്ടുണ്ട്.

ചരിത്രത്തിൽ
 ബലി മൃഗത്തിന്റെ ഇറച്ചിയും രക്തവും അല്ലാഹുവിന് എത്തുകയില്ല,മറിച്ച് നിങ്ങളുടെ തഖ്‌വയാണ് അല്ലാഹുവിൽ എത്തിച്ചേരുക(ഖുർആൻ 22:37) എന്ന വചനം ജാഹിലിയ്യാ കാലഘട്ടത്തിൽ ബിംബങ്ങളെയും വിഗ്രഹങ്ങളെയും പ്രീതിപ്പെടുത്താൻ മൃഗങ്ങളെ അറുത്ത് അതിന്റെ മാംസം വിഗ്രഹങ്ങൾക്ക് മുമ്പിൽ സമർപ്പിക്കുകയും അതിന്റെ രക്തം കഅ്ബ ശരീഫിൽ പുരട്ടുകയും ചെയ്ത അവസരത്തിലാണ് അവതീർണ്ണമാകുന്നത്. ഇത്തരം അനാചാരങ്ങളെ തുടച്ചുനീക്കുകയാണ് ബലികർമ്മത്തിലൂടെ ഇസ്ലാം ചെയ്തത്.
 പാപ പരിഹാരത്തിനു വേണ്ടി ബലിയറുക്കുന്ന സങ്കല്പം ഇസ്ലാം മതത്തിലില്ല. ബൈബിൾ പഴയ നിയമത്തിൽ പാപപരിഹാര യാഗത്തെക്കുറിച്ച് നമുക്ക് കാണാം. യാഗം ചെയ്ത മൃഗത്തെ കത്തിച്ചു കളയുകയാണ് അവരുടെ പതിവ്. ക്രിസ്തീയ ദർശനത്തിൽ യേശുക്രിസ്തു മനുഷ്യനായി അവതരിച്ച് സ്വയം ബലിയാടാകുന്നു. ഇത്തരം അനാചാരങ്ങളെ ഇല്ലായ്മ ചെയ്യാനും പ്രകൃതി അനുശാസിക്കുന്ന ബലികർമ്മം പ്രയോഗവൽക്കരിക്കാനും ഉള്ഹിയ്യത്തിലൂടെ സാധിച്ചു.
 
മനുഷ്യനും മാംസവും
ബലികർമ്മം മൃഗങ്ങളോട് ചെയ്യുന്ന ക്രൂരതയാണെന്ന് വിമർശിക്കപ്പെടുമ്പോൾ മനുഷ്യപ്രകൃതം നാം മനസ്സിലാക്കേണ്ടതുണ്ട്. മനുഷ്യൻ മിശ്രഭുക്കാണ്. മണ്ണിലുള്ള വസ്തുക്കൾ സസ്യങ്ങളിലേക്ക് പരിവർത്തനം ചെയ്യുകയും സൂര്യപ്രകാശത്തിന്റെ സഹായത്തോടെ ഗ്ലൂക്കോസ് ഉത്പാദിപ്പിക്കപ്പെടുകയും ഇവ ജന്തുക്കൾ ഭക്ഷിക്കുകയും ആ ജന്തുക്കളെയും സസ്യങ്ങളെയും മനുഷ്യൻ കഴിക്കുകയും ഒടുവിൽ മനുഷ്യനെ മണ്ണിലേക്ക് തന്നെ മടക്കപ്പെടുകയും ചെയ്യുമ്പോൾ പ്രകൃതിയുടെ ചംക്രമണ വ്യവസ്ഥ നിലനിൽക്കുന്നു. ജീവജാലങ്ങളിൽ ഭക്ഷണം പാകം ചെയ്തു കഴിക്കുന്ന മനുഷ്യന്റെ നാവ്, പല്ല്, കുടല്,കരള് തുടങ്ങിയ അവയവങ്ങൾ മാംസ ഭക്ഷണങ്ങൾക്ക് കൂടി അനുയോജ്യമായ രീതിയിൽ സംവിധാനിച്ചവയാണ്. മനുഷ്യന് വളരെ പ്രധാനമായി ലഭിക്കേണ്ട വൈറ്റമിൻ സി,ഡി പോഷകങ്ങൾ മാംസങ്ങളിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഉഭയ ബുക്കായ മനുഷ്യൻ മാംസം കഴിക്കേണ്ട ജീവിയാണ്. മാംസാഹാരത്തിനു വേണ്ടി ജീവികളെ നിയമാനുസൃതം അറവു നടത്തുന്നത് ഹിംസയല്ല.

അറവു രീതി
ലോകത്ത് ഇന്ന് നിലവിലുള്ള അറവു രീതികളിൽ ഏറ്റവും ശാസ്ത്രീയമായ രീതിയാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്. കേവലം 10 സെക്കൻഡിനുള്ളിൽ ജീവി മരിച്ചു വീഴുകയും മാംസത്തെ ശുദ്ധീകരിച്ച് രക്തം പൂർണ്ണമായും പുറന്തള്ളുകയും ചെയ്യുന്ന ഈ പ്രക്രിയ രോഗങ്ങളിൽ നിന്നും ബാക്ടീരിയകളിൽ നിന്നും മാംസത്തെ സംരക്ഷിക്കുന്നു. കേവലം നൂറ്റാണ്ടുകൾ പഴക്കമുണ്ട് എന്നതുകൊണ്ട് പഴഞ്ചൻ ആക്കുന്ന ആധുനിക ബുദ്ധികൾ പലപ്പോഴും വാസ്തവം മനസ്സിലാക്കാറില്ല. രക്തം കട്ട പിടിക്കാൻ ആന്റിബയോട്ടിക്കുകൾ മൃഗങ്ങൾക്ക് നൽകി തൂക്കം വർദ്ധിപ്പിക്കാൻ കിഡ്നി തകരാറിലാക്കി ലാഭക്കൊതിയുടെ യാതൊരുവിധ കറയും ഇസ്ലാമിൻറെ അറവ് രീതിയിൽ ഇല്ല.

സംസ്കരണം
മൃഗങ്ങളെ അറുക്കുന്നതിലൂടെ ഭൂമിയുടെ വിഭവങ്ങളെ സംസ്കരിച്ചെടുക്കുകയാണ് മനുഷ്യൻ ചെയ്യുന്നത്. ഗോവധം നിരോധിക്കുന്നതിലുടെയും ബലികർമ്മങ്ങൾ നിയമവിരുദ്ധമാക്കുന്നതിലൂടെയും യാതൊരുവിധ പുരോഗമനവും സാധ്യമാകുന്നില്ല. ചാവാലിയായി നഗരങ്ങളിലും വഴികളിലും ബുദ്ധിമുട്ടുണ്ടാക്കുകയും ഒടുവിൽ ചത്ത് പുഴുവരിക്കുകയും ചെയ്യുന്നതിനേക്കാളും നല്ലത് അറവു നടത്തി നാട്ടിലുള്ള ദരിദ്രറിലേക്കും പാവങ്ങളിലേക്കും കൈമാറ്റം ചെയ്യലാണ്. അടിക്കടിയായി വർദ്ധിക്കുന്ന വിലക്കയറ്റത്തിൽ നിന്നും കമ്പോള കുത്തകകളിൽ നിന്നും വർഷംതോറും നടത്തിവരുന്ന ബലികർമ്മത്തിലൂടെ മാംസങ്ങളുടെ വില നിയന്ത്രിക്കാനും സാധിക്കുന്നു.

സംഹാരം
വർഷാവർഷം ഉള്ഹിയത്ത് കർമ്മം നിർവഹിക്കേണ്ടതുണ്ടോ? ഇബ്രാഹിം നബി (അ)യുടെ സുന്നത്തായ ബലികർമ്മം നിർവഹിക്കുന്നതിലൂടെ അവരുടെ ത്യാഗ ജീവിതം സമൂഹം സ്മരിക്കുന്നു. മനുഷ്യൻ സൃഷ്ടാവിന്റെ കൽപ്പനകൾക്ക് സമ്പൂർണ്ണമായി വിധേയത്വം ഉള്ളവനാവണം എന്ന സന്ദേശം കൈമാറപ്പെടുന്നു.

No comments