Followers

പെരുന്നാൾ വിശേഷങ്ങൾ | ഹാഫിള് സ്വാലിഹ് വെണ്ണക്കോട്

ഇബ്രാഹിം നബി(അ)യുടെ
ചരിത്രസംഭവങ്ങളാൽ വിശേഷിതമാണ് ബലി പെരുന്നാൾ.ഹജ്ജ് കർമങ്ങളും ഉള്ഹിയ്യത്തും ആ ത്യാഗങ്ങൾ നമ്മെ ഓരോ വർഷവും ഓർമിപ്പിക്കുന്നു.

റബ്ബിന് വേണ്ടി പൂർണ്ണ സമർപ്പണം നടത്തിയവരായിരുന്നു ഇബ്രാഹിം നബി (അ).കല്പനകൾ ശിരസ്റ്റാവഹിക്കുന്നതിൽ ഒന്നും തടസ്സമായിരുന്നില്ല.അതിനാൽ തന്നെ വലിയ
സ്ഥാനങ്ങൾ അല്ലാഹു നൽകുകയും ചെയ്തു.

പ്രബോധനപ്രവർത്തനങ്ങളിൽ വലിയ വെല്ലുവിളികളാണ് നേരിട്ടത്.തീകുണ്ഡാരത്തിൽ വരെ എറിയപ്പെട്ടു.ഒടുവിൽ,തീ പോലും ആ സമർപ്പണത്തിന് മുന്നിൽ കീഴ്പ്പെട്ടതാണ് ചരിത്രം.ഇവ ഖുർആൻ തന്നെ ഓർമപ്പെടുത്തുന്നുമുണ്ട്.

റബ്ബിൽ പൂർണ പ്രതീക്ഷവെച്ചു.വാർദ്ധക്യത്തിലും സന്താന സൗഭാഗ്യത്തിനായ് കൊതിച്ചു.ഒടുവിൽ അല്ലാഹു ഇസ്മാഈൽ എന്ന കുഞ്ഞിനെ  നൽകി.

റബ്ബിൽ പൂർണ്ണ സമർപ്പണം..ആറ്റു നോറ്റു കിട്ടിയ കുഞ്ഞിൻ കഴുത്തിൽ കത്തി വെക്കാനുള്ള കല്പനയും സ്വീകരിച്ചു.വഴിയിൽ തടസം നിന്നവനെ എറിഞ്ഞോടിച്ചു.സുന്ദര പൂമുഖത്ത് നോക്കി അറുക്കുന്നതിൽ പ്രയാസം തോന്നിയപ്പോൾ തിരിച്ചു കിടത്തി കല്പന നിർവ്വഹിച്ചു.ആ സമർപ്പണത്തിന്റെ അംഗീകരമായി ലോകത്തുടനീളം ഉള്ഹിയ്യത് (ബലികർമ്മം )നടത്തിക്കൊണ്ടിരിക്കുന്നു.

തവക്കുലും ആഴത്തിലുള്ളതായിരുന്നു.സ്വഭാര്യയെയും കുഞ്ഞിനേയും വിജനമായിടത്ത് താമസിപ്പിച്ചു ദൂരം പോകുന്നതിൽ ആകുലപ്പെട്ടില്ല.ഭക്ഷണം,വെള്ളം ഒന്നുമുണ്ടായിരുന്നില്ല.എല്ലാം അല്ലാഹുവിൽ സമർപ്പിച്ചു.ആ തവക്കുലിന്റെ ശക്തി നിലക്കാത്തൊരു ജലപ്രവാഹമായി രൂപപ്പെട്ടു.പോഷക മൂല്യത്തോടെ സംസം ഇന്നും ഉറവയെടുത്തുകൊണ്ടിരിക്കുകയാണ്.ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവർ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു.അവരുടെ നാടുകളിലേക്ക് കൊണ്ടുപോവുന്നു.വറ്റാതെ ഇപ്പോഴും അവശേഷിക്കുന്നു.

ഈ ത്യാഗോർമ്മകൾ പുതുക്കിക്കൊണ്ടാണ് ഓരോ വർഷവും ലക്ഷക്കണക്കിനാളുകൾ ഭാരിച്ച ചിലവുകൾ വഹിച്ചും പ്രയാസങ്ങൾ സഹിച്ചും മക്കയിൽ വന്ന് ഹജ്ജ് ചെയ്തു പോവുന്നത്.അന്ന് ഇബ്രാഹിം നബി (അ) സഹിച്ച ത്യാഗങ്ങൾക്കുള്ള, അർപ്പണത്തിനുള്ള വലിയ അംഗീകാരം കൂടിയാണിവയെല്ലാം.ഇവയാണ് നാം ആർജ്ജിച്ചെടുക്കേണ്ടതും.

ചരിത്രങ്ങൾ വായിച്ചു കൊണ്ടിരിക്കണം.വിശ്വാസം ദൃഢപ്പെടണം.ജീവിതം പൂർണ്ണമായും റബ്ബിൽ സമർപ്പിതമാവണം.ഇബ്രാഹിം നബി (അ) നമുക്ക് പ്രചോദനമാവണം.റബ്ബിലുള്ള പ്രതീക്ഷയും തവക്കുലും വിശ്വാസദൃഢതയും  സമർപ്പണബോധവും ഓരോ പെരുന്നാളിലും കൂടുതൽ ബലപ്പെടുത്തിക്കൊണ്ടിരിക്കുകയും വേണം.അതാണ് വിജയങ്ങളുടെയെല്ലാം അടിത്തറ.

ഇബ്രാഹി നബി (അ) ഖലീലുല്ലാഹിയാണ്.നബി (സ) ഉൾപ്പെടെ പിന്നീട് വന്ന നബിമാർ മുഴുവൻ ആ പരമ്പരയിൽ നിന്നാണ്.ഹജ്ജിലൂടെയും ബലി പെരുന്നാളിലൂടെയും ലോകം മുഴുക്കെ അവിടുത്തെ സ്മരണകൾ അയവിറക്കിക്കൊണ്ടിരിക്കുകയാണ്.ഖബ്റിൽ നിന്ന് എഴുന്നേൽക്കുമ്പോൾ തന്നെ നല്ല വസ്ത്രം ധരിപ്പിച്ചു ആദരിക്കുകയാണ്(ബുഖാരി 3349).സമർപ്പണത്തിനുള്ള മഹത്വവും,അംഗീകാരവുമാണിതെല്ലാം.പഠിക്കാനും പകർത്താനും വലിയ മാതൃകകൾ അവരിലുണ്ട്. വിവിധയിടങ്ങളിൽ ഖുർആൻ  അവ സൂചിപ്പിക്കുന്നുമുണ്ട്.(ബഖറ 130,135,ആലുഇമ്രാൻ 95, നിസാഅ്125,അൻആം161, തൗബ 114,നഹ്ൽ 120,123,..)

ഈ സ്മരണകളോടൊപ്പം സ്നേഹവും സന്തോഷവും സൗഹാർദ്ദവും കൂടുതൽ പ്രകടിപ്പിക്കാനുള്ള സന്ദർഭങ്ങൾ കൂടിയാണ്  പെരുന്നാളുകൾ. വിശ്വസിയുടെ ഹൃദയത്തിൽ സന്തോഷം നിറക്കൽ ഏറ്റവും ശ്രേഷ്ഠ പ്രവർത്തനമാണെന്ന് ഹദീസുകളിൽ കാണാം.എപ്പോഴും ഉണ്ടാവേണ്ടതാണെങ്കിലും പെരുന്നാളിൽ പ്രത്യേകം അതിനുള്ള അവസരങ്ങൾ നാം കണ്ടെത്താൻ ശ്രമിക്കണം.രോഗ സന്ദർശനം, സാന്ത്വന, സേവന പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തണം. എല്ലാവരിലും സന്തോഷം വിരിയിക്കണം.

ചെറിയ പെരുന്നാളിൽ മുഖ്യഹാരവും ബലിപെരുന്നാളിൽ 
മാംസവും നൽകി പാവങ്ങളെ നാം സന്തോഷിപ്പിക്കാറുണ്ട്.പുതുവസ്ത്രം അണിയിച്ചും വിശേഷ സദ്യയൊരുക്കിയും ഭാര്യയെയും മക്കളെയും മാതാപിതാക്കളെയും സന്തോഷിപ്പിക്കുന്നു.കുടുംബത്തിലും സൗഹൃദങ്ങളുടെ,പ്രിയപ്പെട്ടവരുടെ വീടുകളിലും കയറി സ്നേഹബന്ധം ദൃഢപ്പെടുത്തുന്നു.സ്വഭവനത്തിലേക്ക് ക്ഷണിച്ചും സന്തോഷങ്ങൾ പങ്കു വെക്കുന്നു.പാവങ്ങളെ ധർമ്മം നൽകി സന്തോഷിപ്പിക്കുന്നു.പുഞ്ചിരിച്ചും ആശംസ വാക്കുകൾ കൊണ്ടും എല്ലാ വിശ്വാസികളിലും സന്തോഷം നിറക്കുന്നു.കുഞ്ഞു ബാല്യങ്ങൾ മുതൽ പ്രായാധിക്യമുള്ള വലിയുപ്പമാർ വരെ അന്ന് സന്തോഷത്തിലാണ്.എല്ലാവരും സന്തോഷതിലാകുന്നു.അത് തന്നെയാണ് ആഘോഷങ്ങളുടെ മർമ്മവും.

No comments