Followers

ലോകം കാത്തിരുന്ന പ്രവാചകൻ | ഹാഫിള് അബ്ദുള്ള കാലടി


ചരിത്രത്തിൽ മറ്റാരെകാളും വാഴ്ത്തപ്പെടുകയും ജീവിതത്തിന്റെ സൂക്ഷ്മതലങ്ങൾ വരെ ആധികാരികമായി രേഖപ്പെടുത്തുകയും ചെയ്ത നേതാവാണ് മുത്ത് നബി. ജനനത്തിന് മുമ്പ് തന്നെ തന്റെ നിയോഗത്തെ വെളിപ്പെടുത്തുകയുണ്ടായി എന്നതും വിസ്മയകരമാണ്. മുൻകാലവേദങ്ങളിലെ അന്ത്യപ്രവാചകന്റെ വരവിനെക്കുറിച്ചും അവിടുത്തെ പ്രത്യേകതകളെ കുറിച്ചും വരച്ചിട്ടുണ്ട്. മുത്ത് നബിയെ കുറിച്ച് വ്യക്തമായ സൂചനകൾ മുൻകാല കാർക്ക് ലഭിച്ചു എന്നതിന് വ്യക്തമാക്കുന്ന ധാരാളം ഖുർആനിക സൂക്തങ്ങൾ നമുക്ക് കാണാൻ സാധിക്കും. "നാം വേദഗ്രന്ഥം നൽകിയിട്ടുള്ളവർ സ്വന്തം മക്കളെ അറിയുന്നതുപോലെ അവിടുത്തെ(മുഹമ്മദ്‌ നബിയെ ) അറിയുന്നുണ്ട്."(വി:ഖു:4.20). അതുപോലെതന്നെ ബൈബിൾ പുസ്തകങ്ങളിലൂടെ കടന്നുപോകുന്ന ഓരോ വ്യക്തിക്കും ബോധ്യപ്പെടുന്ന ഒരു കാര്യമുണ്ട്. വരാനിരിക്കുന്ന ഒരു പ്രവാചകനെക്കുറിച്ച് അത് നിരന്തരം ഓർമ്മപ്പെടുത്തുന്നുണ്ട്. അവിടുത്തെ ശാരീരിക പ്രകൃതിയെയും സ്വഭാവ ഗുണങ്ങളെയും എല്ലാം അതിൽ പരിചയപ്പെടുത്തുന്നു. വേദപണ്ഡിതരായ കഅബ്ബ്നു അഹ്ബാർ, അബ്ദുല്ലാഹിബ്നു സലാം എന്നിവർ ഇസ്ലാം ആശ്ലേഷിച്ചവരിൽ പ്രമുഖരാണ്. ഇബ്നു അബ്ബാസ് തങ്ങൾ ഒരുവേളയിൽ കഅബ്ബ്നു അഹ്ബാറിനോട് ചോദിക്കുന്നുണ്ട് "എങ്ങനെയാണ് തൗറാത്തിൽ നിങ്ങൾ മുഹമ്മദ് നബിയെ കാണുന്നത്". അവിടുന്ന് പറഞ്ഞത്. മുഹമ്മദ് നബി പരുഷസ്വഭാവക്കാരനല്ല, ഗൗരവ പ്രകൃതനുമല്ല, പൊറുക്കുന്നവരും മാപ്പ് ചെയ്യുന്നവരുമാണ്. അദ്ദേഹത്തിന്റെ സമുദായം അല്ലാഹുവിനെ സ്തുതിക്കുന്നവരും എല്ലായിടത്തും തക്ബീർ മുഴക്കുന്നവരും, അദ്ദേഹത്തിന്റെ ജനനം മക്കയിലും ഹിജ്റ പോകുന്നത്  ത്വയ്‌ബ (മദീന)യിലേക്കുമാണ്. ഇങ്ങനെ തുടങ്ങി നിരവധി സംഭവങ്ങൾ ചരിത്രം പരിശോധിച്ചാൽ നമുക്ക് കണ്ടെത്താൻ സാധിക്കും. ഹൈന്ദവ വേദഗ്രന്ഥങ്ങളിലും അവിടുത്തെക്കുറിച്ച് പ്രതിപാദിച്ചതായി നമുക്ക് കാണാൻ സാധിക്കും. വേദക്കാരുടെയും മറ്റു വെളിപ്പെടുത്തലുകൾക്ക് പുറമേ പ്രകൃതിയും ചില അറിയിപ്പുകൾ നൽകിയിരുന്നു എന്നത് വസ്തുതയാണ്. തിരു ആഗമനത്തിനായി ലോകം കാത്തിരിക്കുകയായിരുന്നു എന്നത് യാഥാർത്ഥ്യം. ജൂതരും ക്രൈസ്തവരും എല്ലാം ചോദിക്കാൻ തുടങ്ങി "ആ കുട്ടി പ്രസവിക്കപ്പെട്ടോ?" അങ്ങനെ ഒരു ചരിത്ര സംഭവത്തിന് ലോകം സാക്ഷിയാകാൻ പോകുന്നു. ലോകത്തിന്റെ പല ദിക്കുകളിലും വിശിഷ്യാ മക്കയിലെല്ലാം അത്ഭുതങ്ങളുടെ പ്രവാഹങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കിസ്റാ രാജാവിന്റെ കൊട്ടാരം വിറച്ചതും അതിൽ നിന്നും 14 കഷ്ണങ്ങൾ അടർന്നു വീണതും സാവ തടാകം വറ്റിയതും പേർഷ്യൻ തീകുണ്ടാരം കെട്ടണഞ്ഞതും തുടങ്ങി നിരവധി അത്ഭുത സംഭവങ്ങൾക്ക് ലോകം സാക്ഷിയായിട്ടുണ്ട്. തുടർന്ന് അവിടുത്തെ ബാല്യകാലവും യൗവനവും യുവത്വവും എല്ലാം ലോകജനതയ്ക്ക് അഥവാ അവിടുത്തെ ഉമ്മത്തിനു വേണ്ടിയായിരുന്നു. ഇത്രയും അധികം ഒരു വ്യക്തിയുടെ ജീവിതത്തിന്റെ നിഖിലമേഖലകളും ഒപ്പിയെടുത്ത് പൂർണ്ണാർത്ഥത്തിൽ പിൻപറ്റാൻ പറ്റുന്ന രൂപത്തിലായിരുന്നു അവിടുത്തെ ജീവിതം. അവിടുത്തെ വരവിനായി മനുഷ്യൻ മാത്രമല്ല, സസ്യ ജന്തുജാലങ്ങളും പ്രകൃതിയും എല്ലാം കാത്തിരിക്കുകയായിരുന്നു. ഇവയെല്ലാം അവരെ ബഹുമാനിച്ചതിനും ആദരിച്ചതിനും  തെളിവ് ചരിത്രം പരതിയാൽ നമുക്ക് കാണാൻ സാധിക്കും. "ലോകർക്ക് റഹ്മത്ത് ആയിട്ടല്ലാതെ അങ്ങയെ അയച്ചിട്ടില്ല" എന്ന ഖുർആനിക വചനം എത്രത്തോളം നീതി പുലർത്തിയിട്ടുണ്ടെന്ന് മുത്ത് നബിയെ കുറിച്ച് പഠിച്ചാൽ നമുക്ക് മനസ്സിലാകും. അവിടുത്തെ ജീവിത കാലയളവുകൾ മുഴുവനും മാത്രമല്ല അവസാന സമയത്തും തന്റെ സമുദായത്തെ കുറിച്ചായിരുന്നു അവിടുന്ന് ചിന്തിച്ചിരുന്നത്. ഇത്രയും പൂർണ്ണനായ ഒരു പ്രവാചകനെയാണ് ഒരു നേതാവിനെയാണ് അള്ളാഹു നമുക്ക് തന്നത്. അതിനുവേണ്ടിയാണ് ആശ്ചര്യത്തോടെ അന്നത്തെ പൂർവികർ കാത്തിരുന്നത്. അവിടുത്തെ ധാരാളം സ്വലാത്തുകൾ ചൊല്ലാം. നെഞ്ചിലേറ്റാം. സ്വർഗ്ഗം പുൽകാം. നാഥൻ തുണക്കട്ടെ.