Followers

സന്തുഷ്ട കുടുംബം:തിരുനബി മാതൃക | ഹാഫിള് അബ്ദുൽ ബാസിത് മങ്ങാട്



കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബമെന്നാണ് പറയാറ്.ഒരു വ്യക്തി ഏറ്റവും നല്ല സ്വഭാവവും പെരുമാറ്റവും കാഴ്ചവെക്കേണ്ടത് സ്വന്തം കുടുംബത്തിലാണ്.ഒരാളുടെ സ്വഭാവ ഗുണമേന്മ സ്വയം തിരിച്ചറിയാനുള്ള മാനദണ്ഡമായി സ്വന്തം കുടുംബത്തിൽ താനെങ്ങനെ എന്ന് സ്വയം വിലയിരുത്തിയാൽ മതി.കുടുംബനാഥന്റെ സ്വഭാവങ്ങളും കുടുംബത്തിനകത്തെ പെരുമാറ്റങ്ങളും കുടുംബത്തിൽ നിന്നു പുറംകടന്ന് സമൂഹത്തിലും പ്രതിഫലനങ്ങളുണ്ടാക്കും.തമ്മിൽ അറിഞ്ഞും ഉൾക്കൊണ്ടും പങ്കുവെച്ചും ഗുണദോഷിച്ചും വികസിക്കുന്ന സ്‌നേഹബന്ധം ആർക്കും തകർക്കാനോ സംശയങ്ങൾ ജനിപ്പിക്കാനോ സാധിക്കില്ല.സ്വജീവിതത്തിലൂടെ ലോകത്തിനുമുന്നിൽ ഉത്തമ മാതൃകയായ കുടുംബനാഥനാണ് നബി(സ).അവിടുത്തെ വാക്കുകൾ ശ്രദ്ധേയമാണ്."കുടുംബത്തോട് ഗുണപരമായി വർത്തിക്കുന്നവനാണ് നിങ്ങളിലെ ഗുണവാന്മാർ. കുടുംബത്തോട് വർത്തിക്കുന്നതിൽ ഞാൻ നിങ്ങളിൽ ഏറ്റവും ഉത്തമനാണ് (തിർമുദി).ഒരൊറ്റ വാചകത്തിലൂടെ എത്ര മനോഹരമായാണ് ഒരു മികച്ച കുടുംബനാഥനെ കാണിച്ചു തരുന്നത്.ഹദീസിലെ  ഞാൻ നിങ്ങൾക്കിടയിൽ ഉത്തമ കുടുംബനാഥനാണ് എന്നത് നിങ്ങളെല്ലാം എന്നെ അനുകരിച്ച് നല്ല കുടുംബനാഥനായിത്തീരുക എന്ന സന്ദേശമാണ് നൽകുന്നത്.

സമ്പൂർണ്ണനായ മാതൃക പുരുഷനാണ് നബി (സ).ജീവിതത്തിന്റെ എല്ലാ മേഖലകളിലും നബിമാതൃകയോ നിർദേശങ്ങളോ കാണാം. കാലവും സമൂഹവും മാറിയാലും മാനവതയെ വഴിനടത്താൻ പ്രവാചക പാഠങ്ങൾ പ്രാപ്തമാണ്.നൂറ്റാണ്ടുകൾ പിന്നിട്ടു. അഭിരുചികളും ട്രെന്റുകളും കടുത്ത പകർച്ചകൾക്കു വിധേയമായി. എന്നിട്ടും തിരുനബി(സ) യും ഭാര്യമാരും മക്കളും ഒത്തു ജീവിച്ച സ്‌നേഹ സംഗമത്തിന്റെ ഉദാത്തതക്ക് ഇന്നു കഴിഞ്ഞതിന്റെ പുതുമയും പുതുമണവുമാണനുഭവപ്പെടുന്നത്. തമ്മിൽ അറിഞ്ഞും ഉൾക്കൊണ്ടും പങ്കുവെച്ചും ഗുണദോഷിച്ചും വികസിച്ച സ്‌നേഹബന്ധം ആർക്കും തകർക്കാനോ സംശയങ്ങൾ ജനിപ്പിക്കാനോ സാധിക്കുന്നില്ല.

നബി(സ)യുടെ 13 ഭാര്യമാരിൽ ആറു പേർ ഖുറൈശീ ഗോത്രക്കാരികളും (ഖദീജ(റ), ആഇശ(റ), ഹഫ്‌സ(റ), ഉമ്മുഹബീബ(റ), ഉമ്മുസലമ(റ), സൗദ-റ) നാല് പേർ ഖുറൈശികളല്ലാത്ത അറബി വനിതകളുമായിരുന്നു. (സൈനബ് ബിൻത് ജഹ്ശ്, മൈമൂന(റ), സൈനബ് ബിൻത് ഖുസൈമ(റ), ജുവൈരിയ്യ-റ). അറബിയല്ലാത്ത ഏക ഭാര്യ സ്വഫിയ്യ ബിൻത് ഹുയയ്യ്(റ) ആയിരുന്നു.നബി(സ്വ)യുടെ 13 ഭാര്യമാരും ഇബ്‌റാഹീം എന്ന കുഞ്ഞ് ജനിച്ച അടിമ മാരിയത്തുൽ ഖിബ്ത്വിയ്യയും സൽസ്വഭാവികളും ഉത്തമ ജീവിതം നയിച്ചവരുമാണ്. സത്യവിശ്വാസികളുടെ മാതാക്കൾ (ഉമ്മഹാത്തുൽ മുഅ്മിനീൻ) എന്ന അപരനാമത്തിൽ അവരെല്ലാം അറിയപ്പെടുന്നു.ഖദീജ(റ)വിന്റെ മരണശേഷം നബി(സ്വ) 12 ഭാര്യമാരെ വിവാഹം ചെയ്തു. ഇവരിൽ രണ്ടു പേരുമായി കൂടിച്ചേരുന്നതിന് മുമ്പുതന്നെ വിവാഹ ബന്ധം വേർപ്പെടേണ്ടിവന്നു. ഖദീജ(റ)ക്കു പുറമെ സൈനബ് ബിൻത് ഖുസൈമ(റ) എന്ന ഭാര്യയും നബി(സ്വ)യുടെ ജീവിത കാലത്തു തന്നെ മരണമടഞ്ഞു. നബി(സ)യുടെ മരണ സമയത്ത് ഒമ്പതു ഭാര്യമാരാണുണ്ടായിരുന്നത്.

പ്രവാചകരുടെ കുടുംബ ജീവിതത്തിന്റെ സ്വകാര്യതകളിലെ സുന്ദരമായ മുഹൂർത്തങ്ങൾ പ്രത്യക്ഷ ജീവിതത്തിൽ നിന്ന് തന്നെ വായിച്ചെടുക്കാവുന്നതാണ്. പ്രഥമ ഭാര്യ ഖദീജ ബീവി(റ)യുമായുള്ള ജീവിതം എല്ലാ അർത്ഥത്തിലും പുഷ്‌ക്കലമായിരുന്നുവല്ലോ. ഇബ്‌റാഹീം(റ) അല്ലാത്ത ആറ് സന്താനങ്ങളും ഖദീജ(റ)യിലാണ് പിറന്നത്. അത് നബി(സ്വ) അവരുടെ മരണാനന്തരവും അനുസ്മരിച്ചിരുന്നു. അവരുടെ കൂട്ടുകാരികൾക്ക് സമ്മാനം കൊടുത്തയച്ചിരുന്നു. ഏറെ ഭാര്യമാർ ജീവിച്ചിരിക്കുമ്പോൾ പോലും മറക്കാനാവാത്ത ഊഷ്മളമായ ദാമ്പത്യമായിരുന്നു ഉണ്ടായിരുന്നതെന്ന് ഇതിൽ നിന്ന് ഗ്രഹിക്കാൻ പ്രയാസമില്ല. ബഹുഭാര്യനായിരുന്ന നബി(സ)ക്ക് ആരുടെയെങ്കിലും ഈർഷ്യതയോ സ്‌നേഹക്കുറവോ നേരിടേണ്ടി വന്നിട്ടില്ല. എല്ലാവരെയും സന്തോഷിപ്പിച്ചുകൊണ്ടുള്ള ഭർതൃജീവിതമാണ് നയിച്ചത്.


നബി(സ) എല്ലാ ദിവസവും മുഴുവൻ ഭാര്യമാരുടെയും വീടുകളിലെത്തുമായിരുന്നു. സ്വുബ്ഹ് നിസ്‌കാര ശേഷം പള്ളിയിൽ സ്വഹാബിമാരൊത്തുള്ള ആവശ്യങ്ങൾ കഴിഞ്ഞാൽ എല്ലാ ഭാര്യമാരുടെയും അടുത്തുചെന്ന് സലാം പറഞ്ഞ് അന്വേഷണങ്ങൾ നടത്തി പ്രാർത്ഥിക്കുമായിരുന്നു. രാത്രികളിൽ എല്ലാവരും ഏതെങ്കിലുമൊരു വീട്ടിൽ സംഗമിച്ച് കുശലങ്ങൾ പറഞ്ഞു ഒന്നിച്ചു ഭക്ഷണം കഴിച്ച് അവരവരുടെ വീടുകളിലേക്ക് മടങ്ങും. അന്ന് താമസിക്കേണ്ട ഭാര്യാവീട്ടിലേക്ക് പ്രവാചകരും(സ) പോകും. ആത്മീയ കാര്യങ്ങൾ പരിഗണിച്ചുകൊണ്ട് തന്നെ പരസ്പര സ്‌നേഹ സമ്പർക്കത്തിന്റെ സന്തോഷ ജീവിത മാതൃകയാണ് റസൂൽ(സ) സമർപ്പിച്ചത്.

"എന്റെയും നബി(സ)യുടെയും ഇടയിൽ ഒരു പാത്രം വെള്ളം വെച്ച് ഞാനും നബിയും ഒരുമിച്ച് കുളിക്കാറുണ്ടായിരുന്നു. നബി(സ) എന്നേക്കാൾ വേഗത്തിൽ വെള്ളം മുക്കി ഒഴിക്കും. മതി, മതി എനിക്കും വേണം എന്ന് ഞാൻ പറയുന്നതുവരെ.."ഒരുമിച്ചുള്ള ഹൃദ്യമായ ജീവിതത്തിൽ മുത്ത് നബി(സ്വ) കുടുംബത്തിന് നൽകേണ്ടതെല്ലാം നൽകി.
മൈമൂന(റ) പറയുന്നു: ‘നബി(സ) ആർത്തവകാരിയായ ഭാര്യയുടെ കൂടെ കിടന്നിരുന്നു. അവർക്കിടയിൽ മുട്ടുകളെ വിട്ടുകടക്കാത്ത ഒരു വസ്ത്രമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല’ (അഹ്മദ്).
ആഇശാബീവി(റ) പറഞ്ഞു: ‘നബി(സ) എന്റേതോ ഞാൻ നബിയുടേതോ കണ്ടിട്ടില്ല.’ ലൈംഗികാവയവങ്ങളിലേക്ക് നോക്കുന്നത് നല്ലതല്ലല്ലോ. നല്ലതിനെതിരായ ഒരു കാര്യവും നബി(സ്വ)യിൽ നിന്നുണ്ടായിട്ടില്ല.ഭാര്യമാരുടെ മടിയിൽ തലവെച്ച് കിടക്കുന്ന തിരുനബി(സ്വ), ഒരുമിച്ചു കുളിക്കുന്ന മുത്ത് റസൂൽ(സ്വ), ലൈംഗിക ബന്ധത്തിൽ മാന്യത പുലർത്തിയിരുന്ന പ്രവാചകർ(സ്വ). പ്രിയ പത്‌നി ഉമ്മുസലമ(റ) തിരുനബി(സ്വ)യുടെ കിടപ്പറയിലെ പ്രത്യേക ശീലത്തെ പറ്റി പറയുന്നു: ‘നബി(സ്വ) ഭാര്യമാരെ സമീപിക്കുന്ന സന്ദർഭത്തിൽ തല മറക്കും, ഒച്ച താഴ്ത്തും, ഇണയോട് പറയും; നീ ശബ്ദം താഴ്ത്തുക, മാന്യത പാലിക്കുക (അൽഖത്വീബ്).ഓട്ടമത്സരവും ഖിബ്ത്വികളുടെ കളി കാണിക്കാൻ ഭാര്യയെ കൊണ്ടുപോയതും നബിജീവിതത്തിൽ കാണാം.

ഒരു കാര്യം ഉറപ്പാണ്. തീർത്താൽ തീരാത്ത പ്രശ്‌നത്തിലേക്കോ ശാശ്വത ശത്രുതയിലേക്കോ നീണ്ട അനൈക്യത്തിലേക്കോ നബി(സ)യും പത്‌നിമാരും എത്തിപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ, കുടുംബ ബന്ധത്തിന്റെ പവിത്രതയും മഹത്ത്വവും ഉദ്‌ഘോഷിക്കാനും ഉത്തമ കുടുംബജീവിതം നയിക്കണമെന്ന് കൽപിക്കാനും കുടുംബത്തോട് മാന്യത പുലർത്തണമെന്നും അങ്ങനെ പുലർത്തുന്നവരിൽ ഒന്നാമൻ താനാനെന്ന് ഉറച്ച സ്വരത്തിൽ പറയാനും നബി(സ)ക്കായത്, അവിടുന്ന് പറയുന്നത് പ്രവർത്തിച്ചിരുന്നു; പ്രവർത്തിക്കുന്നത് പറയുമായിരുന്നു എന്നതുകൊണ്ടാണ്.


ഖദീജ(റ)യും നബി(സ)യും ഇരുപത്തഞ്ച് വർഷം ഒരുമിച്ചു ജീവിച്ചു. പതിനഞ്ച് വർഷം നുബുവ്വത്തിന്റെ മുമ്പും പത്തു വർഷം നുബുവ്വത്തിന്റെ ശേഷവും. ഇക്കാലയളവിൽ നബി(സ) മറ്റാരെയും ഭാര്യയായി സ്വീകരിച്ചില്ല. ദാമ്പത്യത്തിന്റെ മധുര പ്രായത്തിൽ, യുവത്വത്തിന്റെ പ്രസരിപ്പിൽ അമ്പതു വരെ ഏക പത്‌നീവ്രതമനുഷ്ഠിച്ചു നബി തിരുമേനി(സ). ബഹുഭാര്യത്വം കൊണ്ട് സ്ത്രീ ശരീരമായിരുന്നു നബി(സ)യുടെ ലക്ഷ്യമെങ്കിൽ, ഇത് വേണ്ടിയിരുന്നത് ഊർജ്ജസ്വലമായ യുവത്വ വേളയിലായിരുന്നു. മാത്രമല്ല, നാൽപതു കഴിഞ്ഞ വിധവയായ ഖദീജാ ബീവി(റ)യെ തീരെ അവിവാഹിതനായ ഇരുപത്തഞ്ച് പ്രായമുള്ള മുത്ത് നബി(സ) കുടുംബ ജീവിതത്തിലേക്ക് കൈപിടിച്ച്, കൂട്ടിപ്പിടിച്ച് കൊണ്ടുവരുന്നത് സ്ത്രീ ലമ്പടനായതു കൊണ്ടാണോ? 

തിരുനബി(സ)യുടെ കാലത്തെ കുടുംബ പശ്ചാത്തലം ബഹുഭാര്യത്വത്തെയോ വിവാഹ പ്രായത്തെയോ തെറ്റായോ ഗൗരവ പ്രശ്‌നമായോ കണ്ടിരുന്നില്ല. എന്ന് മാത്രമല്ല, അത് അഭിമാനത്തിന്റെയും പക്വതയുടെയും അടയാളമായിരുന്നു. അതേസമയം, മുഹമ്മദ് നബി(സ) ബഹുഭാര്യത്വത്തിന്റെ കാര്യത്തിൽ അന്നത്തെയാളുകൾ കണ്ടിരുന്ന ശാരീരികാസ്വാദനവും സാമ്പത്തിക നേട്ടങ്ങളും എന്ന ലക്ഷ്യം തിരുത്തിയെഴുതി. വിധവകളെയും തടവുകാരികളെയും പ്രായമായവരെയും കുടുംബ വൈജാത്യമുള്ളവരെയും വിവാഹം ചെയ്ത് വിപ്ലവം സൃഷ്ടിച്ചു. പ്രവാചകരുടെ ലക്ഷ്യം സ്ത്രീ ശരീരമല്ല; സ്ത്രീ സംരക്ഷണമാണെന്ന് നബി(സ)യുടെ കുടുംബ ജീവിതത്തെയും ഭാര്യമാരെയും നിഷ്പക്ഷ പഠനത്തിന് വിധേയമാക്കിയ ആർക്കും പറയാനാവും.

കാലവും സ്ഥലവും കുടുംബാന്തരീക്ഷവും മാറുന്നതിനനുസരിച്ച് നല്ല നടപ്പുകൾ ചിലപ്പോൾ അപ്രസക്തമാവും. ചിലപ്പോൾ നല്ലതല്ലാതാവും. മോശമായിത്തീർന്ന തിന്മ വീണ്ടും നന്മയാവും. ബഹുഭാര്യത്വം ഇങ്ങനെയാണ്. കേരളീയാന്തരീക്ഷം ബഹുഭാര്യത്വത്തെ മിക്കപ്പോഴും ‘വൻ ദോഷ’മായി കാണുന്നുണ്ടെങ്കിൽ അതു
പ്രാദേശികമോ കുടുംബപരമോ ആയ ചില അവസ്ഥകളാണ്. വിദേശ രാഷ്ട്രങ്ങൾ പലതും ബഹുഭാര്യത്വത്തെ നല്ല വ്യക്തിത്വത്തിന്റെയും ശക്തിയുടെയും അടയാളമായി പോലും കണക്കാക്കുന്നുണ്ട്. എന്തായാലും ആയിരത്തി നാന്നൂറ് വർഷങ്ങൾക്കു മുമ്പുള്ള സാഹചര്യങ്ങളെ ഇന്നത്തെ അവസ്ഥയോട് തുലനം ചെയ്ത് നിശിതമായി വിമർശിക്കുന്നത് മൂഢത്ത്വമാണ്. കാലം കഴിഞ്ഞ് വീണ്ടും ഇങ്ങനെയൊരു ബഹുഭാര്യത്വ സാഹചര്യത്തിലേക്ക് ലോകം തിരിച്ചുപോയാൽ ഇനിയതു പാടില്ലെന്ന് പറയാനൊട്ട് ഒക്കുകയുമില്ല.


 

No comments