Followers

സമുദായ ശാക്തീകരണം : മഹല്ലിന്റെ സാധ്യതകൾ | ഹാഫിള് അനസ് അബ്ദുല്ല ചെറുതുരുത്തി

 


 വൈകുന്നേരം 4:15 നുള്ള ഇന്റർസിറ്റിയിൽ  നാട്ടിലേക്കുള്ള യാത്രയിലാണ്.സമയം നീങ്ങാൻ ഫോൺ എടുത്ത് നെറ്റ് ഓൺ ചെയ്തു.തുരുതുരാ മെസ്സേജുകൾ.എല്ലാമൊന്ന് കണ്ണോടിച്ച ശേഷം  എഡിറ്റോറിയൽ വായനയിലേക്ക് നീങ്ങി.പൂർണ്ണമായ വായനക്ക് ശേഷം ജനൽ പാളിയിലൂടെ പ്രകൃതിയെ ആസ്വദിച്ചു തുടങ്ങി.പച്ചപ്പുകൾ  എന്തെന്നില്ലാത്ത കുളിർമ മനസ്സിൽ കോരിയിട്ടു.പ്രകൃതിയെ തൊട്ടറിഞ്ഞുള്ള ഒരു യമണ്ടൻ ട്രെയിൻ യാത്ര.!

'അസ്സലാമു അലൈക്കും',പെട്ടെന്നാണ് പതിഞ്ഞ ശബ്‍ദത്തിലുള്ള സലാം കേട്ടത്.ഞാൻ തിരിഞ്ഞു നോക്കി.എക്സിക്യൂട്ടീവ് ലുക്ക് തോന്നിക്കുന്ന ഒരു യുവാവ് സമീപത്ത് നിൽക്കുന്നു.ഞാൻ സലാം മടക്കി.'ഇവിടെ ആളുണ്ടോ?'  വലതുഭാഗത്തേക്ക് ചൂണ്ടിക്കാണിച്ച് അയാൾ ചോദിച്ചു.ഇല്ലെന്ന് ഞാൻ മറുപടി നൽകി.അയാളവിടെ ഇരുന്നു.ഞാൻ വീണ്ടും ജാലകത്തിന്റെ പാളിയിലൂടെ പ്രകൃതിയിലേക്ക് കണ്ണും നട്ടിരുന്നു.കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ  അദ്ദേഹത്തെ ഒന്നുകൂടെ  വീക്ഷിച്ചു.അദ്ദേഹം തന്റെ ലാപ്ടോപ്പിൽ എന്തൊക്കെയോ തിരഞ്ഞു കൊണ്ടിരിക്കുകയാണ്.എന്താണെന്നറിയാനുള്ള ജിജ്ഞാസ കൊണ്ട് പതിയെ ലാപ്പിലേക്ക് ഏന്തി നോക്കി.എന്തോ പഠനർഹമായ കാര്യമാണെന്ന് ബോധ്യമായി.കൂടുതലറിയാനായി അദ്ദേഹത്തോട് തന്നെ ചോദിക്കാമെന്ന് വെച്ചു.സംസാരം ആരംഭിച്ചു.ചോദ്യത്തിനു മാത്രം മറുപടി നൽകുന്നു.കൂടുതൽ സംസാരമില്ല.അല്പസമയങ്ങൾക്ക് ശേഷം,ലാപ്പ് ഷട്ഡൗൺ ചെയ്ത് കയ്യിലുള്ള ബാഗിലേക്ക് തിരികെ വച്ച് അദ്ദേഹം എന്നോട് സജീവമായ സംസാരത്തിൽ ഏർപ്പെടാൻ തുടങ്ങി.സംസാരം കാടുകയറി.പേര്,വീട്,നാട് എല്ലാം കഴിഞ്ഞ് അദ്ദേഹത്തിന്റെ കരിയറിനെക്കുറിച്ച് സംസാരിച്ചു തുടങ്ങി.ഗവണ്മെന്റ് ഉദ്യോഗസ്ഥനാണ്.പേര് അഹമ്മദ്.കുടുംബത്തിലും നാട്ടിലുമുള്ള ഒരുപാട് ഗവൺമെൻറ് ഉദ്യോഗസ്ഥന്മാരാണ് അദ്ദേഹത്തിന് പ്രചോദനമായത്.അങ്ങനെയാണ് അദ്ദേഹം ഒരു ഗവണ്മെന്റ് ഫിസിക്സ് അധ്യാപകനായി മാറിയത്.അദ്ദേഹം തൻറെ  ചെറുപ്പകാലം അയവിറക്കാൻ തുടങ്ങി.തന്റെ ചെറുപ്പകാലത്ത് നാട്ടിൽ ഒരു മാഷ് ഉണ്ടായിരുന്നു.പേര് മുഹമ്മദ്.നാട്ടുകാർ അദ്ദേഹത്തെ ബഹുമാനപുരസരം മുഹമ്മദ് മാഷ് എന്ന് വിളിക്കും.അദ്ദേഹമാണ്  നാട്ടിലെ ആദ്യ ഗവൺമെൻറ് ഉദ്യോഗസ്ഥൻ.അദ്ദേഹത്തിന്റെ ക്ലാസുകളും മോട്ടിവേഷനുമാണ് നാട്ടിലെ ഒരുപാട് വിദ്യാർഥികളെ ഉയർന്ന പഠനങ്ങളിലേക്കും ഉദ്യോഗങ്ങളിലേക്കും എത്തിച്ചത്.താനൊരു ഗവൺമെൻറ് ഉദ്യോഗസ്ഥനായതുപോലെ തന്റെ മഹല്ലിൽ നിന്നും ഒരുപാട് വിദ്യാർഥികൾ ഗവൺമെൻറ് ഉദ്യോഗങ്ങളിൽ ഉണ്ടാവണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചു.അതിനായി  മഹല്ലിൽ തന്നെ  വിദ്യാർത്ഥികൾക്ക് വേണ്ട വിവിധ പദ്ധതികൾ അദ്ദേഹം ആവിഷ്കരിച്ചു നടപ്പാക്കി.കരിയർ ഗൈഡൻസ് ക്ലാസുകൾ നൽകി.വിദ്യാർത്ഥികൾക്ക് പുത്തനുണർവ് നൽകി.മദ്രസക്കും കൂടുതൽ ഉണർവുണ്ടായി.ആത്മീയ വിദ്യാഭ്യാസം ഉസ്താദുമാരിൽ നിന്ന് ലഭിക്കുന്നതോടുകൂടെ ഭൗതിക വിദ്യാഭ്യാസത്തിൻറെ വിവിധ തലങ്ങളെ തൊട്ടറിയുന്ന നനവുള്ള മദ്രസയായി ഞങ്ങളുടെ മദ്രസ പരിലസിച്ചു.വിവിധ തലങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള കരിയർ ഗൈഡൻസ് ലഭിച്ചപ്പോൾ ആത്മീയമായും ഭൗതികമായും ഒരുപോലെ വളർന്ന് നാടിനും വീടിനും ഉപകരിക്കുന്ന നല്ലൊരു തലമുറയായി അവർ മാറി.ഗവണ്മെന്റ് ഉദ്യോഗസ്ഥരും പ്രൊഫഷണലുകളും കൂടിക്കൂടി വന്നു.നാടിന്റെ വലിയൊരു അസറ്റായവർ മാറി.ആ തലമുറയാണ് ഇന്ന് ഞങ്ങളുടെ മഹല്ല് ഭരിക്കുന്നത്.

ഇതെല്ലാം കേട്ട് ആശ്ചര്യത്തോടെ ഞാൻ  അദ്ദേഹത്തോട് ചോദിച്ചു,എന്തെല്ലാം പദ്ധതികളാണ് നിങ്ങളുടെ മഹല്ല് സംഘടിപ്പിച്ചത് ? അദ്ദേഹം തുടർന്നു.കരിയർ ഗൈഡൻസ് ക്ലാസുകൾക്ക് പുറമെ വിവിധ മത്സരപരീക്ഷകളിൽ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ആദ്യമായി പരിഷ്കരണം ആരംഭിച്ചത്.അഞ്ചാം ക്ലാസ് മുതൽ തന്നെ അത് ആരംഭിച്ചു.മുഹമ്മദ്‌ മാഷായിരുന്നു എല്ലാറ്റിനും മുൻകയ്യെടുത്തിരുന്നത്.

മിക്ക മഹല്ലുകളിലും പത്താംതരം കഴിഞ്ഞ വിദ്യാർഥികളെ പരിശോധിച്ചാൽ സയൻസ്, കോമേഴ്സ്,ഹ്യൂമാനിറ്റീസ് എന്നീ മൂന്ന് കോഴ്സല്ലാതെ പഠിക്കുന്ന വിദ്യാർത്ഥികൾ തുലോം തുച്ഛമാണ്.ചില മഹല്ലുകളിൽ ഇല്ല തന്നെ. കരിയറിനെ കുറിച്ചുള്ള അജ്ഞതയാണ് അതിനു കാരണം.ഞങ്ങളുടെ മഹല്ല് ഇതിൽ നിന്ന് വിഭിന്നമായിരുന്നു.മുഹമ്മദ് മാഷിന് കരിയറിനെ കുറിച്ച് കൃത്യമായി അറിവുള്ളത് കൊണ്ട് തന്നെ ഓരോ വിദ്യാർത്ഥിക്കും അവരുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകളെ പരിചയപ്പെടുത്തി കൊടുക്കാനും അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ  പറഞ്ഞു കൊടുക്കാനും പരിശീലിപ്പിക്കാനും അദ്ദേഹത്തിനു സാധിച്ചു.അങ്ങനെ മറ്റു മഹല്ലുകൾക്ക് മാതൃകയാക്കാവുന്ന രൂപത്തിൽ ഞങ്ങളുടെ മഹല്ല് വളർന്നു.

അദ്ദേഹം കൂടുതൽ വാചാലനാവാൻ തുടങ്ങി.ഇന്ന് മിക്ക മഹല്ലുകളുടെ അവസ്ഥ ഇത്തരം വിഷയങ്ങളിൽ വളരെ ഖേദകരമാണ്.പണ്ട് എല്ലാ വിദ്യാഭ്യാസ ചലനങ്ങളും പള്ളികൾ കേന്ദ്രീകരിച്ചായിരുന്നു.മഖ്ദൂമാരുടെ പൊന്നാനി അതിന് മികച്ച ഉദാഹരണമാണ്.എന്നാൽ ആ ചരിത്രത്തിന് ഇന്ന് ക്ഷതമായിട്ടിരിക്കുന്നു.അതിന് പരിഹാരം കാണേണ്ടതുണ്ട്. വിദ്യാർത്ഥികളാണല്ലോ നാളെ  മഹല്ലിന്റെ ചുക്കാൻ പിടിക്കേണ്ടവർ.അവരുടെ വിദ്യാഭ്യാസ പുരോഗതി ആ നാടിന്റെ പുരോഗതിയാണ്.അതിന് ചെറുപ്രായം മുതൽ തന്നെ ഓരോ വിദ്യാർത്ഥിക്കൾക്കും അവരുടെ വിശാലമായ ആകാശത്തേക്ക് പറക്കാനുത്തകുന്ന ചിറകുകൾ വെച്ചുപിടിപ്പിക്കേണ്ടതുണ്ട്. മാതാപിതാക്കളും മഹല്ലിലെ ഉത്തരവാദിത്തപ്പെട്ടവരുമാണ് അതിന് മുൻകയ്യെടുക്കേണ്ടതുണ്ട്.


ഓരോ വിദ്യാർത്ഥിയുടെയും പ്രധാനപ്പെട്ട രണ്ട് ടേണിങ് പോയിന്റുകൾ പത്തിനും പ്ലസ്ടുവിനും ശേഷമുള്ള കാലയളവാണ്.ആ സമയത്ത് വിദ്യാർത്ഥികളുടെ അഭിരിചിയനുസരിച്ച് കരിയർ ഗൈഡൻസ് നൽകാൻ സാധിച്ചാൽ ആ വിദ്യാർത്ഥിയുടെ ജീവിത വിജയത്തിന്റെ പ്രധാന ഘടകമായത് മാറും.നമ്മുടെ മഹല്ലുകളിൽ ഭൗതിക മേഖലകളിൽ (ആത്മീയ മേഖലയിൽ ഉയർന്ന വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് ആ മഹല്ലിലെ ഉസ്താദ് തന്നെ മതിയാവും) ഉയർന്ന പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് നൽകാൻ  പര്യാപ്തമായവരുണ്ടോ ? മഹല്ലിൽ ഇല്ലെങ്കിൽ കഴിവുള്ളവരെ കൊണ്ടുവന്ന്  കരിയർ ക്ലാസുകൾ സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങുന്നവരുണ്ടോ?

മഹല്ല് കമ്മിറ്റികൾ തന്നെ ഇതിന് മുന്നിട്ടിറങ്ങിയാൽ വലിയ മാറ്റങ്ങളുണ്ടാക്കാനാവും.വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട വിദ്യാഭ്യാസ സ്കോളർഷിപ്പുകളെ കുറിച്ച്,മത്സര പരീക്ഷകളെ കുറിച്ച്, ഉയർന്ന പഠനത്തിനുത്തകുന്ന സെൻട്രൽ, ഇൻറർനാഷണൽ യൂണിവേഴ്സിറ്റികളെ കുറിച്ച്, അത്തരം സ്ഥാപനങ്ങളിൽ പഠിച്ചാലുള്ള പ്രാധാന്യത്തെക്കുറിച്ച് ഇതിലൂടെ ബോധവാന്മാരാക്കാൻ കഴിയും.ഗവൺമെൻറ് ഉദ്യോഗങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയും മറ്റു നടപടിക്രമങ്ങളും എങ്ങനെയാണെന്ന് മനസ്സിലാക്കാൻ സാധിക്കും.

അങ്ങനെ അദ്ദേഹം വിവിധങ്ങളായ അഭിപ്രായങ്ങളിലൂടെയും ആശയങ്ങളിലൂടെയും എൻറെ ചിന്തയെ കൊണ്ടുപോയി. അദ്ദേഹത്തിൻറെ വാക് ചാരുതയിൽ സമയം പോയത് തന്നെ അറിഞ്ഞില്ല.എല്ലാം കേട്ട ശേഷം മെല്ലെ ജനൽ പാളിയിലൂടെ നോക്കിയപ്പോൾ ട്രെയിൻ ഷോർണൂർ ജംഗ്ഷനിൽ എത്തിയിട്ടുണ്ടായിരുന്നു. അദ്ദേഹത്തോട് സലാം പറഞ്ഞു പതിയെ ട്രെയിനിൽ നിന്ന് ഇറങ്ങി.പ്രകൃതിയെ ആസ്വദിച്ച സന്തോഷം മനസ്സിൽ നിന്ന് എങ്ങോ മാഞ്ഞു പോയിരുന്നു.മനസ്സിൽ വേവലാതിയുടെ കാർമേഘം  കുമിഞ്ഞുകൂടിയിരിക്കുന്നു. എന്താണ് അതിന്റെ പരിഹാരമെന്ന് ഞാൻ മനസ്സിനോട് ചോദിച്ചു.മനസ്സ് പതിയെ മന്ത്രിച്ചു. "മുസ്ലിം കമ്മ്യൂണിറ്റിക്ക് കൃത്യമായ അവബോധം നൽകുക. മഹല്ല് കമ്മിറ്റികൾ ഉണർന്ന് പ്രവർത്തിക്കുക.

No comments