ജീവിത ഏടിലെ ഒരവിസ്മരണീയ താള് | ഹാഫിള് ഇബ്രാഹീം ബാദുഷ താനാളൂർ
മാർഗ്ഗനിർദ്ദേശങ്ങളും നേതൃത്വവുമായി കൂടെയുണ്ടായിരുന്ന SSF വിവിധ ദഅവ കോളേജുകളിൽ നിന്നുള്ളവർക്ക് സ്ഥലങ്ങൾ നിശ്ചയിച്ചു നൽകിയപ്പോൾ ഞാൻ നിയോഗിക്കപ്പെട്ടത് മുംബൈയിലേക്കായിരുന്നു. പോകുന്നതിന് മുമ്പ് ദഅവത്തിന് വിധേയരാകുന്നവരോട് ഇടപെടേണ്ട രൂപവും അവരുടെ ജീവിത രീതികളുമൊക്കെ മനസ്സിലാക്കിത്തരാൻ SSF ന്റെ കീഴിൽ വാണിയമ്പലം യൂസുഫ് ലത്വീഫി ഉസ്താദിന്റെ നേതൃത്വത്തിൽ നടന്ന ഓൺലൈൻ ക്ലാസ് ഒരു ഊർജ്ജമായി.
അങ്ങനെ,കിട്ടിയ ഊർജ്ജവുമായി പല സ്വപ്നങ്ങളും നെയ്ത് മാർച്ച് 15(റമളാൻ–4) ന് ഏകദേശം സന്ധ്യയോടടുത്ത സമയത്ത് കോഴിക്കോട് നിന്നും ബുഖാരിയിൽ നിന്നുള്ള രണ്ട് പുതുകൂട്ടുകാരോടൊത്ത് തീവണ്ടി കയറി.അപ്പോഴേക്കും നോമ്പ് തുറക്കാനുള്ള സമയമായിരുന്നു.പശിക്ക് പരിഹാരമായി മൂന്ന് പേരും പത്തിരിയും ഇറച്ചിക്കറിയും കരുതിയിരുന്നുവെങ്കിലും ദാഹമകറ്റാൻ ആരുടെയടുത്തും ഒന്നുമുണ്ടായിരുന്നില്ല.അങ്ങനെ വെള്ളം വാങ്ങാൻ ചെറിയ പ്രയാസവും സഹിച്ച് അടുത്ത സ്റ്റോപ്പും കാത്തിരിക്കുന്നതിനിടയിലാണ് മുകളിൽ നിന്നും ആശ്വാസമഴ വർഷിക്കുന്നത്.ഞങ്ങളുടെ മുകളിലെ സീറ്റിൽ ഇരിക്കുന്ന കണ്ണൂർകാരായ കുറച്ച് ചെറുപ്പക്കാർ ഞങ്ങൾക്ക് നോമ്പ് തുറക്കാൻ വെള്ളവും ഭക്ഷണവും നീട്ടി നൽകിയപ്പോൾ മുഖത്ത് കൃതജ്ഞതയുടെ പുഞ്ചിരി വിരിയിച്ച് ഞങ്ങളത് സ്വീകരിച്ചു.
അങ്ങനെ ട്രെയിനിനകത്തെയും പുറത്തെയും വ്യത്യസ്ത കാഴ്ച്ചകൾ കണ്ട് ആസ്വദിച്ചും അത്ഭുതം കൂറിയും ആവേശത്തോടെ യാത്ര തുടർന്നു.ചീറിപ്പായുന്ന തീവണ്ടിക്കകത്ത് നിന്ന് ദഫ്മുട്ടി ഖാജാ പാട്ട് പാടുന്നവരും,സമൂസയും വടാപ്പയും വിൽക്കുന്ന വിൽപ്പനക്കാരും,ട്രെയിനിനകത്ത് നിന്ന് ഞങ്ങൾ നിസ്കരിക്കുന്നത് കണ്ട് മിഴിച്ചുനോക്കുന്ന ഇതര മത വിശ്വാസികളുമെല്ലാം എനിക്ക് നവ്യാനുഭവങ്ങളായിരുന്നു.
അങ്ങനെ നീണ്ട 20,21 മണിക്കൂർ നേരത്തെ യാത്രക്കൊടുവിൽ മാർച്ച് 16 ഉച്ചക്ക് 2:30ന് മുംബൈയിലെ പൻവേലിൽ ഇറങ്ങി.ഞങ്ങൾക്ക് എത്തേണ്ടത് ഗോവണ്ടിയിലേക്കായിരുന്നു. അവിടേക്ക് ഇനി പൻവേനിൽ നിന്ന് സുബാർബൻ എന്ന ട്രെയിൻ കിട്ടും.ഞങ്ങൾ അതിൽ കയറി യാത്ര തുടർന്നു.അംബര ചുംബികളായ കെട്ടിടങ്ങളാൽ നിറഞ്ഞ ഒരു സുന്ദര നഗരം കണ്ണിൽ തെളിയുന്നതിനിടയിലൂടെ ‘ഗോവണ്ടി’ എന്നെഴുതിയ ബോർഡ് ശ്രദ്ധയിൽ പെട്ടു.പതിയെ ബ്രേക്കിട്ട തീവണ്ടി പൂർണ്ണമായും നിശ്ചലമായപ്പോൾ ഞങ്ങൾ മൂവരും ഇറങ്ങി ഒരു ഓട്ടോ പിടിച്ച് ദീനാർ കോളനിയിലേക്ക് പോയി.അവിടെ നിന്നും യാത്രാക്ഷീണം തീർത്ത് ഒന്ന് ഫ്രഷായപ്പോഴേക്കും അസറിനോടടുത്ത് SSF നാഷണൽ സെക്രട്ടറി അബ്ദുറഹ്മാൻ ബുഖാരി വന്ന് ഒരു ചെറിയ ക്ലാസും നടത്തി ഞങ്ങളെ വെവ്വേറെ മസ്ജിദുകളിലേക്ക് മാറ്റി.
ഞാൻ നിയോഗിക്കപ്പെട്ട സ്ഥലം വലിയ കുഴപ്പങ്ങളൊന്നും ഇല്ലാത്തതായിരുന്നു.മുംബൈ-ഗോവണ്ടിയിലെ ലല്ലുബായ് ഏരിയ എന്ന ഒരു അറിയപ്പെട്ട സ്ട്രീറ്റിലെ ‘ഫൈസാനെ അശ്റഫ്’ എന്ന മസ്ജിദിലായിരുന്നു ഞാൻ നിയോഗിക്കപ്പെട്ടത്.അവിടെ ചെന്ന ആദ്യ ദിവസം തന്നെ ഞാനൊരു ഹസ്റത്ത് ആയി.നമ്മുടെ വെള്ള ഖമീസും തലേ കെട്ടും ഒക്കെ കാണുമ്പോൾ തന്നെ അവർക്കൊരു താത്പര്യമാണ്.അവർ വന്ന് കൈ തന്ന് ചില ചോദ്യങ്ങളൊക്കെ ചോദിച്ച് പരിചയം സ്ഥാപിക്കും.
“ആപ്കാ നാം ക്യാഹേ?. ”
“മേരാ നാം ബാദുഷ.”
“ആപ്കാ ഗാവ് കിതറേ?.”
“മേരാ ഗാവ് കേരളാ ഹേ.”
ആ സംഭാഷണ ഓർമ്മകളും അറിയുന്ന ഉറുദു വെച്ച് കാച്ചുമ്പോഴുണ്ടാകുന്ന ആ മധുരോതാര വികാരവും ‘ബാദുഷ ഹസ്റത്ത്’ എന്ന വിളി കേൾക്കുമ്പോളുണ്ടാകുന്ന ആ കുളിരുമൊന്നും ഇപ്പോഴും മാഞ്ഞു പോയിട്ടില്ല.
അവിടുത്തെ ദഅവത്തനുഭവങ്ങൾ എനിക്ക് പുതിയതായിരുന്നു.അഞ്ച് വഖ്ത്ത് നിസ്കാരങ്ങൾക്ക് ശേഷവും എല്ലാവരും കൂടിയിരുന്ന് ഫാതിഹ മുതൽ ചെറിയ സൂറത്തുകളൊക്കെ പാരായണം ചെയ്യും.അക്കൂട്ടത്തിൽ ഒന്നും അറിയാത്ത വലുതും ചെറുതുമായ എത്രയോ ആളുകളുണ്ടായിരുന്നു.അവരും വലിയ താത്പര്യത്തോട് കൂടെ അതിൽ പങ്കാളികളാകുന്നത് എന്നെ ആശ്ചര്യപ്പെടുത്തി.ഖുർആൻ പാരായണത്തിൽ നിന്ന് തുടങ്ങിയ ഞങ്ങൾ പിന്നെ മെല്ലെ മെല്ലെ ഫിഖ്ഹിന്റെ പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളെല്ലാം അവരെ പഠിപ്പിച്ചു.അതിനിടയിൽ, ‘റമളാൻ തജ് വീദുൽ ഖുർആൻ’ എന്ന പേരിൽ ഞാനൊരു വാട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും അതിലേക്ക് ക്ലാസ്സിന് വരുന്നവരെയൊക്കെ ആഡ് ചെയ്യുകയും ചെയ്തു.അതിലൂടെ മർകസ് മാലിക് ദീനാർ വിദ്യാർത്ഥികളുടെ ഖിറാഅത്തുകളും യാസീൻ ഉസ്താദ് ഏമങ്ങാടിന്റെ ക്ലാസ്സുമെല്ലാം അയച്ച് കൊടുത്തപ്പോൾ നല്ല പ്രതികരണങ്ങളും അഭിപ്രായങ്ങളുമാണ് അവരിൽ നിന്നും ലഭിച്ചത്. എല്ലാ നിസ്കാരങ്ങളുടേയും ശേഷം എല്ലാവരും രണ്ടു ലൈനായി നിൽക്കുകയും ഓരോരുത്തരായി വന്ന് എല്ലാവർക്കും കൈ കൊടുക്കുകയും ചെയ്യുന്ന ഒരു പതിവ് അവിടെ ഉണ്ടായിരുന്നു.ജന മനസ്സുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഈ പ്രവൃത്തി എന്നെ വളരെയധികം സ്വാധീനിച്ചു.
ഞാൻ നിൽക്കുന്ന ഏരിയയിൽ മുഴുവനും ഫ്ലാറ്റുകൾ ആയിരുന്നു.എല്ലാവരുടേയും വീടും സ്കൂളുകളും പോലീസ് സ്റ്റേഷനും എന്തിനേറെ പറയുന്നു ഞാൻ നിൽക്കുന്ന മസ്ജിദ് വരെ നില നിൽക്കുന്നത് ഓരോരോ ഫ്ലാറ്റുകളിലാണ്.അവിടെ വിദ്യാഭ്യാസമൊക്കെ വളരേ കുറവാണ്.രാവിലെകളിലെല്ലാം ഞാൻ വെറുതെ പുറത്തിറങ്ങി കുട്ടികളോടെല്ലാം സംസാരിക്കും.ആദ്യമൊക്കെ ഒന്നും തിരിയാതെ നട്ടം തിരിഞ്ഞ എനിക്ക് പതിയെ പതിയെ എന്തൊക്കെയോ മനസ്സിലാകാൻ തുടങ്ങി.ആ സംസാരങ്ങൾക്കിടയിൽ അവരെന്നോട് നിരന്തരം ചോദിച്ചിരുന്ന ഒരു ചോദ്യമാണ്:“കേരളത്തിലെ സ്കൂളുകളിൽ പഠിക്കാൻ ഞങ്ങളെന്താണ് ചെയ്യേണ്ടതെന്ന്?.”ഇതൊക്കെ കേൾക്കുമ്പോഴാണ് നാം എത്ര ഭാഗ്യവാന്മാരാണെന്ന് ചിന്തിച്ചു പോകുന്നത്.
അവിടുത്തെ നോമ്പ്തുറകളെല്ലാം വിപുലമായിരുന്നു.ഹനഫി മദ്ഹബ് ആയതുകൊണ്ടു തന്നെ ബാങ്ക് കൊടുക്കുന്നതിന് മുമ്പ് തന്നെ അവിടെ നോമ്പ് തുറക്കും.നോമ്പ് തുറക്കാനുള്ള സമയമായാൽ വീടുകളിൽ നിന്ന് കൊണ്ട് വരുന്ന വിഭവങ്ങളെല്ലാം ശഹബാസ് ബായിയുടെ നേതൃത്വത്തിൽ കുട്ടികൾ സെറ്റാക്കി വെക്കും.ഞാൻ ഒരു ഹസ്റത്ത് ആയതുകൊണ്ടു തന്നെ ഉസ്താദ്മാരുടെ കൂടെയാണ് ഇരിക്കാറ്.തർബൂസും കേലയും റഘ്ടയും അൻകൂറുമെല്ലാം നിറഞ്ഞ പാത്രങ്ങളാൽ സമ്പന്നമായിരിക്കും ആദ്യ പാർട്ടി.പിന്നീട് തറാവീഹിന് ശേഷം അടുത്ത പാർട്ടിയുമുണ്ടാകും. അത്താഴസമയത്ത് അവരുടെ സ്ഥിര ഭക്ഷണമായ പാലും വടാപ്പയും ഉണ്ടാകും. നമുക്കതത്ര ഇഷ്ടമാകില്ലെങ്കിലും അവർക്കത് വലിയ ഇഷ്ടമാണ്...
അസറിന് ശേഷം അവരെന്നെ മുംബൈ നഗരം കാണിക്കാൻ കൊണ്ട് പോകും.ഒരു ദിവസം ഞാൻ ശഹബാസ് ബായിയുടെ വീട് കാണാൻ പോയി.വലിയ ഫ്ലാറ്റുകളിലെ ധാരാളം വീടുകളുടെ കൂട്ടത്തിലെ ഒരു ചെറിയ വീടായിരുന്നു ശഹബാസ് ബായിയുടേത്. ആ വീട്ടിലെ ലാളിത്യം അല്ലെങ്കിൽ ചെറിയ സൗകര്യം ഒരു നിമിഷം എന്നെയൊന്നമ്പരപ്പെടുത്തി.ചെറിയ നിലം ചായം തേച്ച ഒരു റൂമും ഒരു ചെറിയ ബാത്ത്റൂമും ഇമ്മിണി വലിപ്പത്തിൽ ഒരു അടുക്കളയും മാത്രം.കുറച്ചു ദിവസങ്ങൾ അവിടെ തന്നെ നിന്നു.പിരിയുന്ന ദിവസം അവരെനിക്ക് ധാരാളം സമ്മാനങ്ങളും ഹദ് യകളും തന്നു. പക്ഷേ, അതിനേക്കാളേറെ എന്റെ മനസ്സിനെ സ്പർശിച്ചത് സ്നേഹം തുളുമ്പുന്ന അവരുടെ അവസാന വാക്കുകളായിരുന്നു.
“ബാദുഷ ബായ്, ആപ് ഹമേ യാദ് കർനേ ചായിയേ.. ഹംകോ ബുലാനാ ചായിയേ..”
നിറകണ്ണുകളോടെ അവിടെ നിന്നിറങ്ങുമ്പോൾ മസ്ജിദിലെ മൊല്ലാക്ക ഓടിവന്ന് എനിക്ക് ഒരു സമ്മാനം തന്നു.പിറകോട്ട് നോക്കിയപ്പോൾ നിറകണ്ണുകളുമായി നിൽക്കുന്ന ധാരാളം കുട്ടികളും വൃദ്ധരുമാണ് എന്റെ മിഴികളെ എതിരേറ്റത്.എല്ലാം കണ്ട് സഹിക്കാനാവാതെ മനസ്സില്ലാ മനസ്സോടെ ഞാനവിടെ നിന്ന് പടിയിറങ്ങി...
Post a Comment