അഗ്നിച്ചിറകിലേറിയ ഓർമ്മകൾ
ജൂലൈ 27 മുൻരാഷ്ട്രപതി എപിജെ അബ്ദുൽ കലാം ഓർമ്മദിനം. ഓർമ്മക്കുറിപ്പ്
ഹാഫിള് മിസ്അബ് പിലാക്കൽ
രണ്ടാം ലോക യുദ്ധകാലത്ത് കടലോരത്തെ രാമേശ്വരം എന്ന ക്ഷേത്ര നഗരത്തിൽ ജനിച്ച കലാം, മണൽവാരി കളിക്കുന്ന കൊച്ചു പ്രായത്തിൽ കടൽത്തീരത്തെ മണലിൽ പോയിരിക്കും,. ആ ബാലൻ പക്ഷേ... വെറുതെ മണൽവാരിക്കളിച്ചില്ല, തൻ്റെ കണ്ണുകളെ ചുറ്റിലും പറഞ്ഞയച്ചു. കടലിനു കുറുകെ ആകാശത്ത് പറക്കുന്ന കടൽ കാക്കകൾ ആ കൊച്ചു കുട്ടിയുടെ കണ്ണിലുടക്കി, ചെറിയ മനസ്സിലും...
എങ്ങെനെയാണവ പറക്കുന്നത്, മനുഷ്യന് എന്ത് കൊണ്ട് ഉയരങ്ങളിൽ പറന്നുകൂടാ...കൊച്ചു കലാമിന്റെ ചിന്തകൾ ആകാശത്തേക്ക് പറന്നു.പറക്കണം എന്ന സ്വപ്നം കലാം എന്ന കൊച്ചു കുട്ടിയിൽ ദൃഢമാവുകയായിരുന്നു.
ക്ഷേത്രനഗരിയായ തൻ്റെ നാട് മതസൗഹാർദത്തിന് ഏറെ പ്രസിദ്ധിയാർജിച്ചതായിരുന്നു. തികഞ്ഞ മത ഭക്തനായിരുന്ന കലാമിന്റെ പിതാവ് രാമേശ്വരം പള്ളിയിലെ ഇമാം കൂടിയായിരുന്നു. തന്റെ കുഞ്ഞു വെള്ളത്തിൽ യാത്രക്കാരെ ക്ഷേത്രത്തിലേക്കും മറ്റും എത്തിക്കുന്ന ജോലിയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. സമുദായിക ഐക്യം കാത്തുസൂക്ഷിക്കുന്ന പിതാവിൽ നിന്നാണ് കലാമും ആ ശീലം പഠിക്കുന്നത്. വറുതിയിൽ തൻറെ കുടുംബത്തെ സഹായിക്കുന്നതിന് കലാം പത്ര വിതരണ ജോലിയിൽ ഏർപ്പെട്ടു, രാമേശ്വരത്ത് സ്റ്റോപ്പ് ഇല്ലാത്ത ട്രെയിനുകളിൽ നിന്ന് വലിച്ചെറിയുന്ന പത്രക്കെട്ടുകൾ പെറുക്കിയെടുത്ത് ആളുകളിലേക്ക് എത്തിക്കുക എന്നതായിരുന്നു കലാമിന്റെ ജോലി. അതിന് കലാമിനെ വേദനവും കിട്ടി, അതായിരുന്നു അദ്ദേഹത്തിൻറെ ആദ്യ വേദനം.
പറക്കണം എന്ന തൻ്റെ സ്വപ്നത്തെ അദ്ദേഹം താലോലിച്ചു കൂടെ കൂട്ടി, അതിന് ഈ ചെറിയ പഠനം മതിയാവില്ലെന്ന് കലാം എന്ന കുട്ടിക്ക് തികഞ്ഞ ബോധ്യമുണ്ടായിരുന്നു, ആ കുട്ടിയുടെ ആഗ്രഹങ്ങൾക്ക് കരുത്ത് പകരാൻ മൂത്ത സഹോദരിയുടെ ഭർത്താവ് ജലാലുദ്ദീനും ഉണ്ടായിരുന്നു.
പറക്കുക എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ എയ്റോ സ്പേസ് എൻജിനീയറിങ് പഠിക്കുവാനായി മദ്രാസിലേക്ക് പോയി, അവിടെയുണ്ടായിരുന്ന വിമാനത്തിന്റെ ഭാഗങ്ങൾ കലാം സസൂക്ഷ്മം നിരീക്ഷിക്കുകയും തന്റെ പുസ്തകത്തിലേക്ക് ചിത്രങ്ങൾ പകർത്തി എപ്പോഴും അതിലേക്ക് നോക്കിക്കൊണ്ടിരിക്കുകയും ചെയ്തു. തുടർന്ന് കലാം വിമാനത്തിന്റെ പൈലറ്റ് ആവാനുള്ള ട്രെയിനിയായി ചേർന്നു, പക്ഷേ വ്യാമസേനയുടെ പൈലറ്റ് ആവാനുള്ള പരീക്ഷയിൽ കലാം പരാജയപ്പെട്ടു.
എട്ടുപേര് വേണ്ടിടത്ത് കലാമിന്റെ സ്ഥാനം 9 ആയിരുന്നു. കലാം പതറി, മടുപ്പ് വന്ന ജീവിതവുമായി ഗംഗാസമതലങ്ങളിൽ അലഞ്ഞു, അവിടെവച്ചാണ് കലാമിന്റെ ജീവിതത്തിൽ നിർണായകമായ മാറ്റം സംഭവിക്കുന്നത്, കണ്ടുമുട്ടിയ ഒരു സന്യാസി കലാമിനെ ഉപദേശിച്ചു, ഇനിയും പലതും നേടാനാവും എന്ന് കലാമിനെ ഓർമിപ്പിച്ചു, അവിടെനിന്നാണ് ഇന്ത്യക്ക് ഒരു ചരിത്ര പുരുഷനെ ലഭിക്കുന്നത്, കലാം തിരിച്ചുനടന്നു,
ഇന്ത്യയുടെ ശാസ്ത്ര രംഗത്തേക്ക് ആയിരുന്നു കലാമിന്റെ തിരിച്ചുവരവ്, നിരന്തരമായ പരീക്ഷണങ്ങൾ, സർക്കാരിൻറെ സഹായത്തോടെ പ്രതിരോധ മേഖലയിൽ കലാം നിരന്തരമായി ഇടപെട്ടു, തനിക്ക് സാധ്യമായ കഴിവുകൾ എല്ലാം ഉപയോഗപ്പെടുത്തി ദിവസവും 18 മണിക്കൂർ അധ്വാനിച്ചു, അഗ്നി, പൃഥ്വി, നന്ദി, ഭാരതത്തിനായി പല പദ്ധതികളും പിറന്നു, മിസൈൽമാൻ എന്ന് രാജ്യം കലാമിനെ ആദരവോടെ വാഴ്ത്തി,
വിമാനം പറത്താൻ ഉള്ള തന്റെ ആഗ്രഹം ഒരിക്കൽ നഷ്ടപ്പെട്ടെങ്കിലും വെള്ളത്തിലും കരയിലും ഒരുപോലെ ഉപയോഗിക്കാവുന്ന നന്ദി ഓവർ ക്രാഫ്റ്റ് നിർമ്മാണം പൂർത്തിയായ ശേഷം പ്രതിരോധ മന്ത്രിയായിരുന്ന വി കെ കൃഷ്ണ മേനോനെയും കൊണ്ട് കലാം നന്ദിയിൽ പറന്ന് തിരിച്ചെത്തി (സാമ്പത്തിക ബാധ്യത കാരണം നന്ദി പദ്ധതി പിന്നീട് ഉപേക്ഷിച്ചു)തന്റെ സ്വപ്നങ്ങളെ കലം എപ്പോഴും താലോലിച്ചിരുന്നു, ഒരു ലക്ഷ്യം യാഥാർത്ഥ്യമായാൽ അടുത്ത ലക്ഷ്യത്തിലേക്ക് കലാം തൻറെ മനസ്സിനെ പ്രാപ്തമാക്കും, കഠിനാധ്വാനം അദ്ദേഹത്തിൻറെ ഒരു മുഖമുദ്രയായിരുന്നു, അദ്ദേഹം എപ്പോഴും കുട്ടികളുമായി സംവദിച്ചു കൊണ്ടേയിരുന്നു. അവരെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു, "നിങ്ങൾ ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്നം, നിങ്ങളെ ഉറങ്ങാൻ അനുവദിക്കാത്തതാണ് സ്വപ്നം"എന്ന കലാമിന്റെ വചനം പ്രശസ്തമാണ്.തന്റെ ജോലിയിൽ ഉള്ള കലാമിന്റെ ആത്മാർത്ഥതയെ കുറിച്ച് പറയുന്ന ഒരു സംഭവം വിവരിക്കാം.
1964ൽ കലാം ജോലിയിൽ പ്രവേശിച്ച് ഒരു വർഷമായപ്പോൾ അദ്ദേഹത്തിന്റെ തലവനായിരുന്ന ഡോ: മൂർത്തിക്ക് കലാമിന്റെ പിതാവിന്റെ പേരിൽ ഒരു കത്ത് കിട്ടി. എൻറെ മകൻ നിങ്ങളുടെ കൂടെ ജോലിയിൽ പ്രവേശിച്ചതായി അറിയാമെന്നും എന്നാൽ ഒരു വർഷമായി ഒരു വിവരവും ഇല്ലന്നും അവൻ അവിടെ ജോലിയിലുണ്ടോ ഇല്ലെങ്കിൽ ജീവിച്ചിരിപ്പുണ്ടോ എന്നറിയിക്കണം എന്നുമായിരുന്നു കത്ത്. മൂർത്തി കത്ത് കലാമിന് കൈമാറി, ആ കത്ത് തന്റെ കൈയിൽ കിട്ടിയപ്പോഴാണ്, ഒരുവർഷമായി താൻ വീടുമായി ബന്ധപ്പെട്ടിട്ട് എന്ന് കലാം ഓർത്തത്, തന്റെ ജോലിയെക്കുറിച്ച് മാത്രം ചിന്തിച്ചത് കാരണം വിവാഹം കഴിക്കാൻ പോലും മറക്കുകയായിരുന്നു കലാം.
തൻറെ രാജ്യത്തിൻറെ വളർച്ചയെ കലം എപ്പോഴും താലോലിച്ചു കൊണ്ടുനടന്നു. നാസയിൽ പരിശീലനത്തിന് വേണ്ടി എത്തിയ എ.പി.ജെ യെ അവിടെയുള്ള ഒരു ചിത്രം വല്ലാതെ വിസ്മയിപ്പിച്ചു,
ടിപ്പുസുൽത്താൻ ബ്രിട്ടീഷുകാർക്കെതിരെ പീരങ്കി ഉപയോഗിച്ച് യുദ്ധം ചെയ്യുന്നതായിരുന്നു ആ ചിത്രം. നൂറ്റാണ്ട് മുമ്പേയുള്ള തൻ്റെ രാജ്യത്തിൻ്റെ ശാസ്ത്രമുന്നേറ്റത്തെ കലാം ആ ചിത്രത്തിൽ കണ്ടു. 2002 ജൂലൈ 25ന് കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായി. ഭരണ-പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ.
രാഷ്ട്രപതി ഭവനിലും അദ്ദേഹം തൻറെ ഉന്മേഷവും തിരുവോസ്സാഹവും തുടർന്ന് വന്നു. ഒരു രൂപയായിരുന്നു അദ്ദേഹത്തിൻറെ ശമ്പളം. എല്ലാ ചിലവുകളും സർക്കാർ വഹിക്കുമ്പോൾ തനിക്ക് എന്തിന് വേറെ ശമ്പളം എന്നായിരുന്നു അദ്ദേഹത്തിൻ്റെ ചോദ്യം.
ഒടുവിൽ ഇന്ത്യ 2020 എന്ന തൻറെ സ്വപ്ന പദ്ധതി ഈ രാജ്യത്തിന് സമർപ്പിച്ച് ലക്ഷോപലക്ഷം വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യബോധമുള്ള ഇന്ത്യക്കാരാക്കാൻ പ്രയത്നിച്ച് 2015 ജൂലൈ 27 ന് ഷില്ലോങിൽ വിദ്യാർത്ഥികളുമായി സംവദിച്ചു കൊണ്ടിരിക്കേ കലാം എന്ന അഗ്നി എന്നന്നേക്കുമായി രാഷ്ട്രത്തോട് വിട ചൊല്ലി.
അറിവന്യേഷകനായി ജനിച്ച് അറിവ് തേടി ജീവിച്ച് അറിവ് പകർന്നൊരു വിട!സലാം കലാം!.
Post a Comment