പരിഭാഷകൾ പ്രാമാണികമല്ല | HAFIZ SABITH ALI PUTHUPPADI
വിശുദ്ധ ഖുർആൻ മാനവ സമൂഹത്തിന് മാർഗദർശനമാണ്. മനുഷ്യനോട് കാര്യങ്ങൾ പറയാനും അഭിസംബോധനം ചെയ്യാനും ഭാഷ എന്ന മാധ്യമം ആവശ്യമാണ്. അല്ലാഹു സുബ്ഹാനഹു വ തആല വിശുദ്ധ ഖുർആൻ ഇറക്കിയത് അറബി ഭാഷയിലാണ്, ഈ കാര്യം ഖുർആൻ തന്നെ 10 സ്ഥലങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. അറബി ഭാഷയിൽ ഇറങ്ങിയ ഈ ഗ്രന്ഥം ചിലയാളുകൾ ഭാഷാന്തരപ്പെടുത്തി, അഥവാ പരിഭാഷകൾ തയ്യാറാക്കി. എന്നാൽ ഖുർആനിന്റെ അർത്ഥ വ്യാപ്തിയെ പരിമിതിപ്പെടുത്താനും അറബി ഭാഷയുടെ സാമാന്യ സ്വഭാവവും ഖുർആനിന്റെ പ്രത്യേക ശൈലി തുടച്ചു മാറ്റാനും ഈ പരിഭാഷകൾ കാരണമായിത്തീർന്നു. ചില പരിഭാഷകളിൽ പരിഭാഷകന്റെ സ്വന്തം വീക്ഷണം കൂട്ടിച്ചേർക്കുന്ന അവസ്ഥ വരെ കാണപ്പെടുന്നു.മിക്ക ഖുർആൻ പരിഭാഷകളിലും പതിനേഴാം നൂറ്റാണ്ടിന് ശേഷമാണ് വ്യാപകമായത്. വിവിധ രീതികളിൽ ഇലാഹി വചനം പരിഭാഷപ്പെടുത്തി ഇസ്ലാമിനെയും മുസ്ലിമിനെയും തെറ്റിദ്ധരിപ്പിക്കാനും ഹേതുവായി. ചിലർ പരിഭാഷ മാത്രം നൽകി കേവലം ഒരു സാഹിത്യ ഗ്രന്ഥമായി അവതരിപ്പിച്ചു, വിശുദ്ധമായ കലാമിന്റെ മൂല്യ ശോഷണവും അർത്ഥവ്യാപ്തിയും നഷ്ടപ്പെടാൻ ഇത് കാരണമായി.റോബോർട്ട് എന്ന ക്രിസ്ത്യാനിയാണ് ഒന്നാമതായി ലത്തീൻ ഭാഷയിൽ ഖുർആൻ വിവർത്തനം ചെയ്തത് (1543) ഈ പരിഭാഷ പ്രസിദ്ധീകരിക്കപ്പെട്ടതിന് ശേഷം അലക്സാണ്ടർ എന്ന മറ്റൊരു ക്രിസ്ത്യാനി ആണ് ആദ്യമായിഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത്.
1905 ആണ് മുസ്‌ലിംകളിൽ നിന്ന് ഡോക്ടർ അബ്ദുൽ ഹക്കീംഖാൻ വിശുദ്ധ ഖുർആൻ ഭാഷാന്തരം ചെയ്യുന്നത്, പിന്നീടങ്ങോട്ട് പല ഭാഷകളിലേക്കും പരിഭാഷ വ്യാപിച്ചു കണ്ണൂരിലെ 21 കാരൻ മായിൻ കുട്ടി പത്തൊമ്പതാം നൂറ്റാണ്ടിൽ മലയാള പരിഭാഷ ഇറക്കിയെങ്കിലും മുസ്ലിം പണ്ഡിതന്മാരുടെ എതിർപ്പ് കാരണമായി വെളിച്ചം കാണാതെ പോയി.ഖുർആനിന്റെ വിശദീകരണം പോലും മുസ്ലിം അല്ലാത്തവർക്ക് നൽകൽ നിഷിദ്ധമാണെന്ന് തുഹ്‌ഫ (230/4) പ്രസ്താവിച്ചിട്ടുണ്ട്.കാര്യത്തിന്റെ ഗൗരവം എത്രത്തോളമാണെന്ന് മനസ്സിലാക്കാൻ ഇത് തന്നെ ധാരാളമാണല്ലോ...
വിശുദ്ധ ഖുർആനിന്റെ തഫ്സീർ വ്യാഖ്യാനം ചെയ്യാൻ പോലും 15 വിജ്ഞാന ശാഖകളിൽ അറിവും അഗാധ പാണ്ഡിത്യവും അനിവാര്യമായിരിക്കെ ഇങ്ങനെയൊരു പരിഭാഷ പ്രക്രിയ എത്ര അപകടകര മാണെന്ന് മനസ്സിലാക്കാം. 77450 വിജ്ഞാന ശാഖകൾ ഖുർആൻ പ്രതിപാദിക്കുന്നു എന്ന് ഇമാം ബാബില്ലാനി പറഞ്ഞതായി രേഖപ്പെടുതുമ്പോൾ കേവല സൂക്ത-വാക്യ പരിഭാഷകൾക്കപ്പുറം ദൈവിക വചനത്തിന്റെ അർത്ഥ വ്യാപ്തിയും ആശയവൈപുല്യവും എത്രത്തോളമുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു.
പരിഭാഷകളെ കുറിച്ച് നിരവധി പഠനം ഇതിനകം നടന്നു കഴിഞ്ഞു. ഡോക്ടർ മുഹമ്മദ് ഹമീദുള്ളയുടെ സേവനങ്ങൾ ഈ രംഗത്ത് സ്മരണീയമാണ്. 40 വർഷത്തോളം ഖുർആനുമായി ബന്ധപ്പെട്ട ഗവേഷണ പഠനം നടത്തിയ പണ്ഡിതനാണ് Translation of the quran in every language എന്ന പേരിൽ ഒരു പുസ്തകം തന്നെ അദ്ദേഹം പുറത്തിറക്കി. 1945 ലാണ് ഇത് പ്രസിദ്ധീകരിച്ചത്, ഇതിൽ 63 ഭാഷയിലുള്ള പരിഭാഷകളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. അനർഹരും ഇസ്ലാമിക വിജ്ഞാനീയങ്ങളിലും അറബ് ഭാഷയിലും അവഗാഹം ഇല്ലാത്തവരും ഈ രംഗത്തേക്ക് കടന്നുവരുന്നത് നിരുത്സാഹപ്പെടുത്തേണ്ടതും ജാഗ്രത പുലർത്തേണ്ടതുമാണ്. പരിഭാഷകൾ കാവ്യരൂപത്തിലും ഇന്ന് പുറത്തിറങ്ങുന്നത് വേദനാജനകമാണ്.പരിഭാഷ വാദികൾക്ക് മുൻപിൽ من قال في القرآن بغير علم فلييتبوأ مقعده من النار (തുർമുദി)എന്ന തിരുവചനം ഒരോർമപ്പെടുത്തലാവട്ടെ.
Post a Comment